Article POLITICS

ദേശീയപാതാവികസനത്തിന്റെ അകക്കാഴ്‌ച്ചകള്‍

Image

ദേശീയപാതകള്‍ ടോള്‍പിരിക്കാതെ മുപ്പതു മീറ്ററില്‍ വികസിപ്പിക്കണമെന്നാണ്‌ 2010ല്‍ സംസ്ഥാന ഗവണ്‍മെന്റ്‌ എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പിന്തുണയോടെ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചത്‌. എന്നാല്‍ രണ്ടേ രണ്ടാളുകളുടെ ഗൂഢാലോചന അതെങ്ങനെ അട്ടിമറിച്ചുവെന്ന്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലതന്നെ വെളിപ്പെടുത്തിയിരിക്കുന്നു(മംഗളം ദിനപത്രം മെയ്‌ 6).യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റ്‌ സംവിധാനത്തിനു പുറത്തുനിന്നുള്ള ഈ ഇടപെടലിന്റെ സ്വകാര്യ താല്‍പ്പര്യം അന്വേഷണവിധേയമാക്കേണ്ടതാണ്‌. ജനാധിപത്യ സംവിധാനത്തിന്റെ സത്തയാണ്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇങ്ങനെയാണെങ്കില്‍ എന്തിനാണ്‌ ഒരു ഗവണ്‍മെന്റ്‌?

ഇപ്പോഴിതാ, ദേശീയപാതക്കു നാല്‍പ്പത്തഞ്ചു മീറ്ററിന്റെ നിര്‍ബന്ധമൊന്നുമില്ലെന്നും റോഡു വികസിപ്പിക്കാന്‍ ദേശീയപാതാ അതോറിറ്റിതന്നെ വേണമെന്നില്ലെന്നും സംസ്ഥാന ഗവണ്‍മെന്റെുതന്നെ വ്യക്തമാക്കിയിരിക്കുന്നു. അഞ്ചു ദേശീയപാതകള്‍ ടോളില്ലാതെ നവീകരിക്കുമെന്നാണ്‌ മന്ത്രി പറയുന്നത്‌. അപ്പോള്‍ ഒന്നു രണ്ടു ദേശീയപാതകളുടെ കാര്യത്തിലുള്ള പിടിവാശി എന്തിനാണ്‌? സംസ്ഥാനത്തു റോഡുഗതാഗതം തിരക്കുള്ളതായിട്ടും രണ്ടുവരിപ്പാതയേ വേണ്ടൂ എന്നു തീരുമാനിച്ചത്‌ ആരെ തൃപ്‌തിപ്പെടുത്താനാണ്‌? പലയിടത്തും നാലുവരിപ്പാതക്കു വേണ്ടതിലധികം സ്ഥലം ഇപ്പോള്‍തനന്നെ ഏറ്റെടുത്തിട്ടുണ്ടല്ലോ. പലവിധം നികുതികളായി പിരിച്ചെടുത്ത റോഡ്‌ ഫണ്ടു മാത്രം മതിയാകും നിലവിലുള്ള പാതകള്‍ വികസിപ്പിക്കാന്‍. ഒറ്റവരിപ്പാതപോലെയുള്ള എന്‍ എച്ച്‌.213 കോഴിക്കോട്‌-പാലക്കാട്‌ റോഡിനു മുപ്പതുമീറ്റര്‍ പോലും സ്ഥലം ഏറ്റെടുത്തിട്ടില്ല. അവിടെ, ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടണമെന്നാണ്‌ മുസ്ലീംലീഗില്‍പെട്ട മന്ത്രി പറയുന്നത്‌.

അപ്പോള്‍ കാര്യം വ്യക്തമാണ്‌. നാല്‍പത്തഞ്ചു മീറ്റര്‍്‌ വീതിയില്ലാതെയും ദേശീയപാതകള്‍ നവീകരിക്കാം. ടോള്‍ പിരിക്കണമെന്നും ചട്ടമില്ല. 2010ല്‍ വി.എസ്‌ ഗവണ്‍മെന്റ്‌ എടുത്ത മുപ്പതു മീറ്ററില്‍ ടോളില്ലാത്ത നാലുവരിപ്പാതയെന്ന നിലപാടായിരുന്നു കേരളത്തിനു ഏറ്റവും യോജിച്ചതെന്നു വ്യക്തമാകുന്നു. അതില്‍നിന്നും പിറകോട്ടാണ്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പോയിരിക്കുന്നത്‌. ദേശീയപാതകള്‍ നാലു വരിയില്‍ വികസിപ്പിക്കാനായിരുന്നു നേരത്തേയുള്ള ധാരണ. മലപ്പുറത്തെ ചിലരുടെയൊക്കെ ഭൂമി തൊടുമെന്നായപ്പോള്‍ വികസനവാശിയുടെ വീര്യം കുറഞ്ഞിരിക്കുന്നു. മലപ്പുറം ജില്ലയിലെതന്നെ താരതമ്യേന ദരിദ്രര്‍ പാര്‍ക്കുന്ന തീര ദേശത്തുകൂടിയുള്ള എന്‍.എച്ച്‌ 17നു നാല്‍പത്തഞ്ചു മീറ്റര്‍ വേണമെന്ന കാര്യത്തില്‍ അവര്‍ വിട്ടുവീഴ്‌ച്ചക്കു തയ്യാറുമല്ല. മുപ്പതു മീറ്ററില്‍ നാലുവരിപ്പാത അന്താരാഷ്‌ട്ര നിലവാരത്തില്‍തന്നെ നിര്‍മ്മിക്കാനാവുമെന്ന ജനങ്ങളുടെയും ദേശീയപാതാ സംരക്ഷണ സമിതിയുടെയും വാദമുഖങ്ങള്‍ കേള്‍ക്കാന്‍പോലും ഗവണ്‍മെന്റിനു മനസ്സില്ല. ഒരേ സ്റ്റാറ്റസിലുള്ള രണ്ടു ദേശീയപാതകള്‍ക്കു രണ്ടു നടപടിക്രമം. ഒരേ പ്രദാശത്തെ ജനതയെ വിഭജിക്കുന്ന രണ്ടു നീതി.

2010മെയ്‌ 5 നു അന്നത്തെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തിന്റെ ഉള്ളടക്കം കേരളത്തിന്റെ പൊതു ശബ്‌ദമായിരുന്നു. അതില്‍ ബി.ഒ.ടി താല്‍പ്പര്യം തിരുകിക്കയറ്റി ജനങ്ങളെ വഞ്ചിച്ചത്‌ രമേശും പിണറായിയുമാണ്‌. അവര്‍ രണ്ടു വലിയ മുന്നണികളുടെ നേതാക്കളായതുകൊണ്ട്‌ അവരുടെ അബദ്ധചിന്ത സര്‍ക്കാര്‍ ഉത്തരവായി. ബി.ഒ.ടി മുതലാളിമാരുമായി അവരുണ്ടാക്കിയ ധാരണക്കു ജീവിതം ബലികൊടുക്കേണ്ടി വരുന്നത്‌ ദേശീയപാതക്കിരുപുറത്തായി ജീവിക്കുന്ന പതിനായിരക്കണക്കിനു സാധാരണക്കാരാണ്‌. പാവങ്ങളുടെ ഭൂമി അളന്നു കല്ലു നാട്ടുന്നത്‌ വലിയ പൊലീസ്‌ ഭീകരത സൃഷ്‌ടിച്ചുകൊണ്ടാണ്‌. മതിലകം,പെരിഞ്ഞനം,നാട്ടിക, തളിക്കുളം,വാടാനപ്പള്ളി,തൃത്തല്ലുര്‍ തുടങ്ങി തൃശൂര്‍ ജില്ലയിലെ തീരദേശത്തു ഒരാഴ്‌ച്ചയായി പൊലീസ്‌ വാഴ്‌ച്ചയാണ്‌. തളിക്കുളത്തെ ജനമുന്നണി നേതാക്കളെയും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളെയും വീട്ടിലോ വഴിയിലോ വച്ച്‌ അറസ്റ്റു ചെയ്യുകയായിരുന്നു. ദേശീയപാതാ കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതി സംസ്ഥാനസെക്രട്ടറി ടി.എല്‍.സന്തോഷ്‌ പലതവണ അറസ്റ്റിലായി.

ഭൂമി പിടിച്ചെടുക്കാനുള്ള ഈ സൈനികോത്സാഹത്തിനും റൂട്ട്‌മാര്‍ച്ചിനുംമുമ്പ്‌ പുറത്താക്കപ്പെടുന്നവര്‍ക്കു ലഭിക്കുന്ന നഷ്‌ടപരിഹാരം എന്തായിരിക്കും എന്നറിയിക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനില്ലേ? ഏറെക്കുറെ സ്വീകാര്യമായ ഒരു പാക്കേജുപോലുമില്ലാതെ ആരുടെ ഭൂമിയിലും കയറി അവകാശം സ്ഥാപിക്കരുതെന്നു പറയാനുള്ള ബാധ്യത ബഹുജന-യുവജന-രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊക്കെയില്ലേ? ഇത്രയേറെ പ്രസ്ഥാനങ്ങളുണ്ടായിട്ടും ഒരു ജനത ഇങ്ങനെ അരക്ഷിതരും നിരാശ്രയരുമായതെങ്ങനെയാണ്‌? അവരുടെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും അവഗണിക്കപ്പെടുന്നു. രാജ്യത്തെ വികസനത്തിന്‌ അനേകായിരം കോടികള്‍ കോഴയൊഴുകുന്ന നാട്ടില്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ മാത്രം പണമില്ലാതായതെന്തേ? കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കയ്യേറാന്‍ ഏതു തന്ത്രപ്രധാന മേഖലയും തുറന്നുകിട്ടുന്ന നാട്ടില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെയും കുടിലില്ലാത്തവരെയും പാര്‍പ്പിക്കാന്‍ രണ്ടോ മൂന്നോ സെന്റു ഭൂമി ഗവണ്‍മെന്റിനു കണ്ടെത്താന്‍ കഴിയാത്തതെന്തേ? ഈ പ്രാഥമിക പ്രശ്‌നത്തിനുത്തരം കാണാതെ ദേശീയ പാതക്കോ അതിവേഗറെയില്‍പാതക്കോ വാതകക്കുഴല്‍ പാതക്കക്കോ ഭൂമി അടയാളപ്പെടുത്താനിറങ്ങിയാല്‍ സംഘര്‍ഷമുണ്ടാവുക സ്വാഭാവികമാണ്‌. ഈ സംഘര്‍ഷം ഗവണ്‍മെന്റ്‌ ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന യുദ്ധംതന്നെയാണ്‌. ഗവണ്‍മെന്റോളമോ അതിലധികമോ കുറ്റവാളികളാണ്‌ മൗനം ഭജിക്കുന്ന പ്രസ്ഥാനങ്ങളത്രയും.

ഒരു ഭാഗത്തു ഈ കയ്യേറ്റവും യുദ്ധവും നടത്തുന്ന സര്‍ക്കാര്‍തന്നെയാണ്‌ മറുഭാഗത്തു സാമുദായിക രാഷ്‌ട്രീയ നേതാക്കള്‍ക്കും വ്യവസായികള്‍ക്കും പ്രമാണിമാര്‍ക്കുംവേണ്ടി മറ്റു ദേശീയ പാതകളുടെ കാര്യത്തില്‍ വ്യത്യസ്‌ത നിലപാടു സ്വീകരിച്ചിരിക്കുന്നത്‌. ദേശീയപാത നാലുവരിയെങ്കിലുമായി വികസിപ്പിക്കാന്‍ പതിനാലു മീറ്റര്‍ വീതി മതിയെന്നിരിക്കെ നിലവിലുള്ള പാതക്കിരുവശവും ഏറ്റെടുത്ത ഭൂമികൊണ്ട്‌ ഇത്‌ എളുപ്പം സാധിക്കാവുന്നതേയുള്ളു. മുപ്പതു മീറ്ററില്‍ ചുങ്കമില്ലാത്ത ആറുവരിപ്പാതയെന്ന സമരസമിതിയുടെ നിലപാടുതന്നെയാണ്‌ കൂടുതല്‍ പുരോഗമനപരമെന്നു വ്യക്തമാകുന്നു.

2 അഭിപ്രായങ്ങള്‍

  1. സത്യത്തില്‍ ജനപക്ഷത്ത്‌ നിന്നുകൊണ്ട് ഇത്തരം അന്യായങ്ങളെ തുറന്നു കാട്ടിക്കൊണ്ട് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുഗയും അങ്ങനെ ജനമനസ്സുകളില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യാതെ ഉള്ള ഊര്‍ജം പോലും നഷ്ടപ്പെടുത്തി പാര്‍ട്ടി തീര്‍ത്തും ജടാവസ്ഥയില്‍ തന്നെ അതിന്റെ identity നിലനിര്‍ത്തി ക്കൊണ്ട് എത്രകാലം മുന്നോട്ടുപോകും ? സാമാന്യ ജനവിഭാഗതോട് ആര്‍ക്കെങ്കിലും പ്രതിപത്തി തോന്നേണ്ടേ?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )