Article POLITICS

പാര്‍ട്ടി സമരവും ജനകീയ സമരവും

Image

ഒരാഴ്‌ച്ച നീളുന്ന ദേശീയ പ്രക്ഷോഭത്തിന്‌ സി.പി.എം തിങ്കളാഴ്‌ച്ച തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായാണ്‌ സമരം. പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹിക നീതി ഉറപ്പാക്കുക, ചില്ലറമേഖലയില്‍ വിദേശനിക്ഷേപം തടയുക തുടങ്ങിയ ഗൗരവതരമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. സി.പി.എം സംഘടനാശേഷിക്കു സാധ്യമാകുംവിധം വിജയകരമായ സമരസംരംഭംതന്നെയാണ്‌ അരങ്ങേറുന്നത്‌.

ജനാധിപത്യ സംവിധാനത്തിനകത്ത്‌ ഭരണകൂടത്തിനനുകൂലവും പ്രതികൂലവുമായ നിലപാടുകളെടുക്കുകയാണ്‌ ഭരണ – പ്രതിപക്ഷ കക്ഷികളുടെ ചുമതല. അതിന്റെ വ്യവസ്ഥാപിതമായ രീതികള്‍ക്കകത്തു സി.പി.എം സമരം പ്രസക്തവും ശക്തവുമാണ്‌. തങ്ങള്‍ ഭരണത്തിലെത്തുമ്പോള്‍ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ പരിമിതികള്‍ക്കകത്തു പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്‌ദാനമാണ്‌ അവര്‍ നല്‍കുന്നത്‌. പ്രതിപക്ഷം എന്ന നിലയില്‍ സമരസജ്ജമായി തങ്ങളെത്തന്നെ ഉണര്‍ത്തിനിര്‍ത്താനുള്ള ശ്രമം എന്നതിനപ്പുറം പാര്‍ട്ടിക്കു പുറത്തുള്ള ബഹുജന പിന്തുണയാര്‍ജ്ജിക്കാന്‍ ഈ സമരങ്ങള്‍ക്കു കഴിയുന്നുണ്ടോ?

ബഹുജനങ്ങള്‍ക്കകത്തെ സംഘര്‍ഷങ്ങളും സമരങ്ങളും ഒരു വഴിക്കും പാര്‍ട്ടിസമരം മറ്റൊരു വഴിക്കും പോകുന്നതെന്തുകൊണ്ടാണ്‌? ഇവ കൂട്ടി യോജിപ്പിക്കാനുള്ള രസതന്ത്രമറിയുന്നത്‌ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കായിരുന്നല്ലോ. ഇപ്പോള്‍തന്നെ, അരിപ്പയിലെ ഭൂസമരം വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രശ്‌നമല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ വിരുദ്ധവും സ്വകാര്യവല്‍ക്കരണ വിരുദ്ധവുമായ ജനകീയ സമരങ്ങളില്‍ അവര്‍ക്കു നിലപാടുകളില്ല. ഭൂമിക്കുവേണ്ടിയും വയല്‍നികത്തലിനെതിരെയും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സമരങ്ങളിലും ഐക്യപ്പെടാന്‍ അവര്‍ ഒരുക്കമല്ല.

പാര്‍ട്ടി കമ്മറ്റികള്‍ തീരുമാനിക്കുന്ന സമരങ്ങളാണ്‌ ജനകീയ സമരങ്ങളെന്ന മൗഢ്യമാണ്‌ അവര്‍ വിളമ്പുന്നത്‌. ജനകീയ സമരങ്ങളില്‍ ഐക്യപ്പെട്ടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമല്ലാതെ വിപുലമായ സമരൈക്യം രൂപപ്പെടുത്താനാവില്ല. വിപ്ലവത്തിലെ സഖ്യ ശക്തികളെയാണ്‌ മുഖ്യധാരാ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മുഖ്യശത്രുക്കളായി കാണുന്നതെന്നു സാരം. അതിന്റെ ഫലമായാണ്‌ ബഹുജനസമരങ്ങളായി വളരേണ്ട സമരങ്ങള്‍പോലും പാര്‍ട്ടിജോലികളായോ സി.പി.എം ഉത്സവങ്ങളായോ ചുരുങ്ങുന്നത്‌. നിയോലിബറലിസത്തിനെതിരായ എല്ലാ ശക്തികളെയും ഒന്നിപ്പിക്കണമെങ്കില്‍, ഇടതു അതിന്റെ താന്‍പ്രമാണിത്തം അവസാനിപ്പിക്കണമെന്നു മാത്താ ഹാര്‍നേക്കര്‍ പറയാനിടയായ സാഹചര്യം ഇതാണ്‌.

മാത്ത വിശദീകരിക്കുന്നു: ഒരു വശത്തു ജനകീയ പ്രസ്ഥാനങ്ങളും പുതിയ സാമൂഹ്യ പ്രവര്‍ത്തകരും. മറുവശത്തു ഇടതു രാഷ്‌ട്രീയ പാര്‍ട്ടിയും. ഇവ തമ്മിലുള്ള ബന്ധത്തെ വഷളാക്കുന്നത്‌ പാര്‍ട്ടിയുടെ താന്‍പ്രമാണിത്തമാണ്‌. ആജ്ഞാപിച്ചുകൊണ്ട്‌ ജനങ്ങളെ നയിക്കുന്ന ശീലമാണ്‌ അവര്‍ക്കുള്ളത്‌.

സമൂഹത്തില്‍ രൂപപ്പെടുകയും രൂക്ഷമാകുകയും ചെയ്യുന്ന വര്‍ഗസമരത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ ആവിഷ്‌ക്കാരങ്ങള്‍ കണ്ടെത്താനും ഇടപെടാനുമുള്ള സന്നദ്ധതയും പ്രതിബദ്ധതയുമാണ്‌ കമ്യൂണിസ്റ്റുകാര്‍ക്കുണ്ടാവേണ്ടത്‌. അതിനു ശ്രമിക്കാതെ ചട്ടപ്പടി സമരങ്ങളില്‍ അണികളുടെ സമരോത്സാഹത്തെ കെട്ടിനിര്‍ത്തുന്നവര്‍ ബൂര്‍ഷ്വാ പ്രതിപക്ഷത്തിന്റെ ധര്‍മ്മമനുഷ്‌ഠിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതു നിര്‍വ്വഹിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിതന്നെ വേണമെന്നില്ല. ഇത്തരം സമരങ്ങള്‍ ഭരണകൂടത്തിന്‌ അമിതപ്രാധാന്യം നല്‍കുകയാനെന്നും മാത്താ ഹാര്‍നേക്കര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അവര്‍ എഴുതുന്നു: തീവ്രവാദികളും പരിഷ്‌ക്കരണവാദികളും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. അധികാരം കയ്യാളി ഭരമകൂടത്തെ ഇല്ലാതാക്കുക മാത്രമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം. പരിഷ്‌ക്കരണവാദികളാകട്ടെ, അധികാരം കയ്യാളാനും ഭരിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ജനങ്ങളെയും അവരുടെ സമരങ്ങളെയും രണ്ടുകൂട്ടരും അവഗണിക്കുന്നു.

ജനകീയ സമരങ്ങളെ തള്ളിപ്പറയാന്‍ അവ എന്‍.ജി.ഒ സമരങ്ങളാണെന്നു ശരിയായും തെറ്റായും വ്യാഖ്യാനിക്കുകയാണ്‌ ഇടതു പാര്‍ട്ടികളുടെ പൊതുരീതി. സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ മണ്ണൊരുക്കാന്‍ നിയുക്തമായ സേനാവിഭാഗമാണ്‌ സാമ്രാജ്യത്വ പിന്തുണയുള്ള സന്നദ്ധസംഘടനകള്‍. ഇവയെ ജനകീയകൂട്ടായ്‌മകളില്‍നിന്നു വേര്‍തിരിച്ചു കാണാനാവണം. മുഖ്യധാരാ പാര്‍ട്ടികള്‍ക്കുപുറത്തുള്ള സമരസംഘടനകളെല്ലാം സാമ്രാജ്യത്വ സംരംഭങ്ങളാണെന്ന വ്യാഖ്യാനം മൂലധനശക്തികളെയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെയുമാണ്‌ സഹായിക്കുക. ചൂഷിത സമൂഹങ്ങള്‍ക്കകത്ത്‌ ഉയര്‍ന്നുവരുന്ന ഏതൊരു സമരത്തെയും ശക്തിപ്പെടുത്തേണ്ടവര്‍ തൊടുന്യായങ്ങള്‍ കണ്ടെത്തുന്നത്‌ പുതിയ മുതലാളിത്തത്തെ സഹായിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്‌?

സമൂഹത്തിലെ പ്രശ്‌നനിലങ്ങളില്‍നിന്നു ഊര്‍ജ്ജം സംഭരിക്കുന്ന പുതിയ സമരോത്സുക ജനകീയ പ്രസ്ഥാനത്തിനു വേണ്ടിയാണ്‌ നാം യത്‌നിക്കേണ്ടത്‌. അതേസമയം ഇടതുപക്ഷ രാഷ്‌ട്രീയത്തിനകത്താണ്‌ മുതലാളിത്ത വിരുദ്ധ സമരത്തിന്റെ ദാര്‍ശനികദീപ്‌തിയും അനുഭവസമ്പത്തുമുള്ളത്‌. തീര്‍ച്ചയായും അവയുടെ ഗുണവശങ്ങളെ സ്വാംശീകരിക്കാനും പുതിയ സാഹചര്യങ്ങള്‍ക്കുതകുന്ന കൗശലങ്ങള്‍ മെനഞ്ഞെടുക്കാനും അതീവജാഗ്രതയുണ്ടാവണം.

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )