Article POLITICS

വികസന യജ്ഞത്തിന്റെ കാവല്‍ഭൂതങ്ങള്‍

Image

കേരളത്തിന്റെ വികസനകാര്യത്തില്‍ ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ ഇടതുപക്ഷവുമായി കൈകോര്‍ത്തുപോകാന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും തയ്യാറാണെന്നാണ്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല കേരളയാത്രക്കിടയില്‍ കൊച്ചിയില്‍ പത്രക്കാരോടുപറഞ്ഞിരിക്കുന്നത്‌. ഈ വിഷയത്തില്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറാണെങ്കില്‍ നേരിട്ടു ചര്‍ച്ച നടത്താന്‍ താന്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം അറിയിച്ചു( മംഗളം ദിനപത്രം . 6മെയ്‌ 2013). സംസ്ഥാനം ഭരിക്കുന്ന പ്രധാന കക്ഷിയുടെ നേതാവെന്ന നിലയില്‍ ഇതദ്ദേഹം പറയേണ്ടതുതന്നെയാണ്‌. ഇ.എം.എസ്‌ മുതലുള്ള ഇടതുപക്ഷ നേതാക്കളും ഇതുപോലുള്ള പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ട്‌..തൊണ്ണൂറുകളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക്‌ സി.പി.എം തന്നെ മുന്‍കയ്യെടുക്കുന്നതും നാം കണ്ടതാണ്‌.

വ്യത്യസ്‌ത നിലപാടുകളും സമീപനങ്ങളുമുള്ള മുന്നണികള്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും നടപ്പാക്കാനാവാതെ പോകുന്നത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആലോചനാപൂര്‍വ്വമല്ലാത്ത നിലപാടുകളുടെയും പിടിവാശികളുടെയും ഫലമായാണെന്ന പൊതു ധാരണ നിലനില്‍ക്കുന്നു. ആ നിലയ്‌ക്കു ചില കാര്യങ്ങളെങ്കിലും ചര്‍ച്ച ചെയ്യുന്നതു നല്ലതുതന്നെ. എന്നാല്‍ ചെന്നിത്തല പോകുന്നത്‌ ആ വഴിക്കല്ല.

വികസനസംബന്ധിയായ തര്‍ക്കങ്ങള്‍, മിക്കപ്പോഴും കേവലമായ പിടിവാശികളുടെ പ്രശ്‌നമല്ലെന്നും വ്യത്യസ്‌ത വികസനാസൂത്രണങ്ങളുടെ സ്വാഭാവിക സംഘര്‍ഷമാണെന്നും ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭ പാസ്സാക്കിയ കാര്‍ഷിക പരിഷ്‌കരണ ബില്ലിനുണ്ടായ പരിണതികള്‍ നാം ഓര്‍ക്കുന്നു.ഒരു വ്യാഴവട്ടക്കാലം നീണ്ട അഴിച്ചുപണികളും പുതുക്കിപ്പണിയലുകളും പിന്നിട്ടപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന പരിമിതമായ കീഴാളാഭിമുഖ്യംപോലും നാമമാത്രമായി. കൃഷിഭൂമി കര്‍ഷകന്‌ എന്ന മോഹിപ്പിക്കുന്ന മുദ്രാവാക്യം ഏട്ടില്‍തന്നെ കിടന്നു. ഇന്നും അതു സാക്ഷാത്‌ക്കരിക്കപ്പെട്ടിട്ടില്ല. നേരത്തേ പക്ഷെ അതോര്‍മ്മിപ്പിക്കാനും ദരിദ്ര ഭൂരഹിത കര്‍ഷകരെ സമരരംഗത്തിറക്കാനും ഇടതുപക്ഷമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ ദരിദ്ര-ഭൂരഹിത കര്‍ഷകരെ കര്‍ഷകത്തൊഴിലാളികളായി നിലനിര്‍ത്താനും ഇടത്തട്ടുകാരുടെ മോഹഭ്രമങ്ങളെ സംരക്ഷിക്കാനുമാണ്‌ അവര്‍ക്കുത്സാഹം.

ചര്‍ച്ച ചെയ്‌തു പരിഹരിക്കാവുന്നതേയുള്ളു കേരളത്തിന്റെ വികസനപ്രശ്‌നങ്ങളെന്നു ചെന്നിത്തലയ്‌ക്കു പറയാന്‍ധൈര്യം കിട്ടിയിരിക്കുന്നു. രണ്ടു വികസന നിലപാടുകള്‍തമ്മിലുള്ള ആഴത്തിലുള്ള വിടവുകള്‍ മറച്ചുവെക്കാന്‍ കഴിയുമെന്നായിരിക്കുന്നു. നേരത്തേ ഇ.എം.എസ്സും കൂട്ടരും വികസനത്തിനു യോജിക്കണമെന്നു പറഞ്ഞപ്പോള്‍ ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ടുതന്നെ ദരിദ്രനാരായണന്‍മാരുടെ പക്ഷത്തുനിന്നുള്ള വികസനമായിരിക്കണമെന്നു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഏതു പക്ഷത്തിനു ഗുണകരമായ വികസനം എന്ന ചോദ്യത്തിനു ഇടതു വലതു രാഷ്‌ട്രീയ മുന്നണികള്‍ക്കു ഒരൊറ്റ ഉത്തരമേയുള്ളു. വികസനം മൂലധനപക്ഷത്തിനു ഗുണകരമാവണം എന്നതാണത്‌. അതിനാല്‍ ചര്‍ച്ചയും സമവായവും എളുപ്പമായിട്ടുണ്ട്‌. ചെന്നിത്തലയില്‍നിന്നു പിണറായിയിലേക്ക്‌ ഒരു നേര്‍പ്പാതയുണ്ട്‌. മംഗളം ദിനപത്രത്തില്‍ രമേശ്‌തന്നെ അതു വിശദീകരിക്കുന്നു.

മുമ്പും പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്‌..ഇന്നുവരെ അതാരോടും തുറന്നു പറഞ്ഞിട്ടില്ല..ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടായിരുന്നു അത്‌. വി.എസ്‌ സര്‍ക്കാര്‍ ദേശീയപാത മുപ്പതു മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌.എന്നാല്‍ കേരളത്തിന്റെ ആവശ്യം മനസ്സിലാക്കി ഒരു ചടങ്ങിനിടയില്‍ ഇക്കാര്യം ഞാന്‍ വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. നാല്‍പത്തഞ്ചു മീറ്റര്‍ വേണ്ടതിന്റെ ആവശ്യകത പറഞ്ഞു. വിജയനും കാര്യം മനസ്സിലായി. പിന്നീട്‌ ഭരണ – പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ച വന്നപ്പോള്‍ ഞാന്‍ ഉമ്മന്‍ചാണ്ടിയെയും വിജയന്‍ സി.പി.എമ്മിനെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവില്‍ നാല്‍പത്തഞ്ചു മീറ്റര്‍ വീതിയില്‍ ദേശീയപാതാ വികസനത്തിനു അംഗീകാരവുമായി.

2010 മെയ്‌ 5ന്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും വിവിധ കക്ഷിനേതാക്കളും ദല്‍ഹിയില്‍ ചെന്ന്‌ പ്രധാനമന്ത്രിക്കു നേരിട്ടു സമര്‍പ്പിച്ച കേരളത്തിന്റെ പൊതുനിവേദനത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും തീരുമാനമെടുക്കുംമുമ്പ്‌ ആ നിവേദനം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നാണ്‌ ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വിദഗ്‌ദ്ധ സമിതികളും ജനപ്രതിനിധികളും ആലോചിച്ചെടുത്ത തീരുമാനത്തെ രമേശനും വിജയനും ചേര്‍ന്നാല്‍ അട്ടിമറിക്കാനാവുമെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഭരണസംവിധാനങ്ങള്‍ക്കു പുറത്തു ഏതു സംവിധാനത്തിന്റെയും താല്‍പ്പര്യത്തിന്റെയും ഭാഗമായാണ്‌ രമേശനും വിജയനും പ്രവര്‍ത്തിച്ചത്‌? അതറിയണമെങ്കില്‍ നിവേദനത്തില്‍ എന്തായിരുന്നുവെന്നറിയണം.

ദേശീയപാതാ വികസനത്തിനുള്ള സ്ഥലനിര്‍ണയം നടത്തിയത്‌ അശാസ്‌ത്രീയമായാണ്‌. ചിലരെ തെരഞ്ഞെടുത്തു സംരക്ഷിക്കും വിധമാണ്‌ അതു നിര്‍വ്വഹിച്ചിട്ടുള്ളത്‌. ചില പ്രദേശങ്ങളില്‍ റോഡിന്റെ ഒരു ഭാഗത്തുമാത്രമാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. ഇരുവശങ്ങളിലും തുല്യ അളവു പാലിച്ചിട്ടില്ല.പുനരധിവാസത്തിനോ നഷ്‌ടപരിഹാരം നല്‍കുന്നതിനോ ആവശ്യമായ ഒരു പാക്കേജും ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. ടോള്‍ പിരിക്കുന്ന ബി.ഒ.ടി സംവിധാനം കേരളത്തില്‍ നടപ്പാക്കാനാവില്ല. കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തു 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുക പ്രയാസകരമാണ്‌. അതു മുപ്പതുമീറ്ററായി നിജപ്പെടുത്തണം.ആരാധനാലയങ്ങളും ചരിത്ര സ്‌മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. കണ്‍സള്‍ട ന്റുമാര്‍ തോന്നിയപോലെ സ്ഥലനിര്‍ണയം നടത്തുകയും ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുകയും ചെയ്‌തതോടെ പരാതികളും പ്രതിഷേധവും വര്‍ധിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഇരകളും ആക്ഷന്‍ കൗണ്‍സിലുകളും നിവേദനങ്ങളും പരാതികളുമായി രംഗത്തു വന്നിരിക്കുന്നു. ബി ഒ ടി പദ്ധതിക്കു പകരം കേന്ദ്രസര്‍ക്കാര്‍ നേരിട്ട്‌ നിക്ഷേപം നടത്തി ജനങ്ങള്‍ക്കു ചുങ്കമില്ലാ പാത നല്‍കണം. തുടങ്ങിയ കാര്യങ്ങളാണ്‌ ആ നിവേദനത്തിലുണ്ടായിരുന്നത്‌.2010 മെയ്‌20നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന്റെയും 21നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെയും തീരുമാനപ്രകാരമാണ്‌ പ്രധാനമന്ത്രിയെ കാണുന്നതെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.

ജനങ്ങളുടെ പരാതികള്‍, പ്രതിഷേധങ്ങള്‍, ജനപ്രതിനിധികളുടെ ബോധ്യങ്ങള്‍, സര്‍വ്വകക്ഷിയോഗതീരുമാനം, മന്ത്രിസഭാതീരുമാനം എന്നിവയെല്ലാം തട്ടിനീക്കി കേരളത്തിന്റെ ആവശ്യത്തിനുതകുന്നത്‌ നാല്‍പത്തഞ്ചു മീറ്ററാണെനന്നു രമേശനുണ്ടായ വെളിപാടിന്റെ അടിസ്ഥാനമെന്താണ്‌? ബി.ഒ.ടി മുതലാളിമാര്‍ക്കു എളുപ്പം മനസ്സിലാകുന്ന കാര്യം വിജയനു വളരെ വേഗം ബോധ്യമായതെങ്ങനെയാണ്‌? ബി.ഒ.ടി മുതലാളിമാരുടെ താല്‍പ്പര്യവും രമേശ വിജയന്മാരുടെ പുതുബോധ്യവും സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ മണിക്കൂറുകള്‍ക്കകം കീഴ്‌മേല്‍ മറിച്ചിട്ടുവെന്നത്‌ അത്ഭുതകരമാണ്‌. ഇതാണ്‌ നാം പുകഴ്‌ത്തിപ്പാടുന്ന ജനാധിപത്യം. ഇതാണ്‌ ഇടതുപക്ഷ വലതുപക്ഷ വികസന സങ്കല്‍പ്പങ്ങള്‍ മേളിക്കുന്ന നവകേരള മോഡല്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭത്തിന്‌ ചെങ്കൊടി വീശി അഭിവാദ്യം നേരുമ്പോള്‍ ജനങ്ങളുടെ മാറില്‍ ചവിട്ടിയാണ്‌ വിജയജാഥ കടന്നുപോകുന്നത്‌.

രമേശന്‌ ഇനിയും പറയാനുണ്ടാകും മുമ്പു പറഞ്ഞിട്ടില്ലാത്ത കാര്യസാധ്യങ്ങളുടെ കഥ. വിജയനും എഴുതാമല്ലോ ഒത്തുതീര്‍പ്പുകഥകള്‍. ലക്ഷക്കണക്കിനു ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്ന ആയിരങ്ങളെ തൊഴില്‍ രഹിതരും ഭൂരഹിതരുമാക്കുന്ന വികസനയജ്ഞത്തിന്റെ കാവല്‍ഭൂതങ്ങളേ, നിങ്ങള്‍ക്കു നല്ല നമസ്‌ക്കാരം.

15 മെയ്‌ 2013

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )