അധ്വാനമാണ് ജീവിതത്തിന്റെ ഉറവിടമെന്നിരിക്കെ, അധ്വാനിക്കുന്ന മനുഷ്യനെ അധ്വാനോപകരണങ്ങള്‍ സ്വന്തം കുത്തകയാക്കി വെക്കുന്നവന് അടിമപ്പെടുത്തുന്ന സമ്പ്രദായമാണ് അടിമത്തത്തിന്റെ സകല രൂപങ്ങളുടെയും അടിത്തട്ടിലുള്ളത് . അതാണ് സാമൂഹികമായ എല്ലാ ദുരിതത്തിന്റെയും മാനസികമായ അധപ്പതനത്തിന്റെയും രാഷ്ട്രീയ പരാധീനതയുടെയും അടിയിലുള്ളത്. അതിനാല്‍,തൊഴിലാളി വര്‍ഗത്തിന്റെ മോചനമെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒന്നാം കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഭരണ ചട്ടങ്ങള്‍ക്കുള്ള ആമുഖത്തിലാണ് മാര്‍ക്സ് ഈ നിരീക്ഷണം അവതരിപ്പിക്കുന്നത്. 1848ല്‍ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ അവതരിപ്പിച്ച ആശയത്തിന്റെ കുറെക്കൂടി ലളിതമായ ആവിഷ്ക്കാരമായിരുന്നു അത്.
മാനിഫെസ്റ്റോയും ഒന്നാം ഇന്റര്‍നാഷണലിന്റെ ഔദ്യോഗികരേഖകളും ലോകമെങ്ങുമുള്ള തൊഴിലാളി വര്‍ഗത്തിനും കീഴാള സമൂഹങ്ങള്‍ക്കും വലിയ ആവേശമാണ് നല്‍കിയത്. എന്നാല്‍ , ഈ രണ്ടു രേഖകളുടെ കാലഘട്ടങ്ങള്ക്കിടയില്തന്നെ വലിയ മാറ്റമാണ് യൂറോപ്പിലുണ്ടായത്. വ്യവസായ വാണിജ്യ രംഗങ്ങളില്‍ വലിയമുന്നേറ്റമുണ്ടായി. ഇത് കൂലിവേലക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നേട്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും മാറ്റങ്ങളുടെ മായാജാലം അനുഭവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മാനിഫെസ്റ്റോയില്‍ പറഞ്ഞതുപോലെ നേരിട്ടു പറഞ്ഞതുകൊണ്ടുമാത്രം ബോധ്യപ്പെടാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്ന് മാര്‍ക്സിനുതന്നെ സമ്മതിക്കേണ്ടിവന്നു. അദ്ദേഹം കൂടുതല്‍ വിശദീകരിച്ചു. സ്വതന്ത്രവ്യാപാരത്തിന്റെ സുവര്‍ണയുഗത്തില്‍ വ്യവസായങ്ങളുടെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നെങ്കിലും അതേ കാലയളവില്‍ യൂറോപ്പിലാകെ തൊഴിലാളികളുടെ ദുരിതങ്ങളും മേല്ക്കുമേല് വര്‍ദ്ധിച്ചു.യന്ത്രങ്ങളുടെ പരിഷ്കരണംകൊണ്ടോ ഉത്പ്പാദനരംഗത്തു ശാസ്ത്രം പുരോഗമിച്ചതുകൊണ്ടോ , യാത്രാമാര്‍ഗം മെച്ചപ്പെട്ടതുകൊണ്ടോ ,പുതിയ കോളനികളുണ്ടായതുകൊണ്ടോ.കുറെ ആളുകള്‍ നാടു വിട്ടു പോയതുകൊണ്ടോ, പുതിയ വിപണികള്‍ തുറന്നു കിട്ടിയതുകൊണ്ടോ , സ്വതന്ത്രമായ വ്യാപാരംകൊണ്ടോ ഇനി ഇപ്പറഞ്ഞതെല്ലാംകൊണ്ടോ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ദുരിതങ്ങള്‍ തീരുകയില്ല. മറിച്ച്, സമൂഹത്തിലെ വൈപരീത്യങ്ങളുടെ ആഴം വര്‍ദ്ധിക്കുകയും സാമൂഹ്യവൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ചിക്കുകയും ചെയ്യും.
യൂറോപ്പിലെയും അമേരിക്കന്‍ നാടുകളിലെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അനുഭവ പുരോഗതിയും മാര്‍ക്സ് വിലയിരുത്തി. വ്യത്യസ്ത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ പരസ്പരം ഉണ്ടായിരിക്കേണ്ടതും തങ്ങളുടെ വിമോചന സമരങ്ങളില്‍ ദൃഢമായി പരസ്പരം ഒത്തു നില്‍ക്കാനും പിന്തുണ നല്‍കാനും അവരില്‍ പ്രേരണ ചെലുത്തുന്നതുമായ ആ സൗഭ്രാത്ര ബന്ധത്തിനു വില കല്പ്പിക്കാതിരുന്നാല് തങ്ങള്‍ വേറെ വേറെ നിന്നു നടത്തുന്ന യത്നങ്ങളുടെ കൂട്ടായ പരാജയത്തിലൂടെ അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഭൂതകാലത്തിലെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ 1890ലെ ജര്‍മ്മന്‍ പതിപ്പിനുള്ള മുഖവുരയില്‍ എംഗല്‍സ് ഇങ്ങനെ എഴുതി.നാല്പത്തിരണ്ടു വര്‍ഷം മുമ്പ് , തൊഴിലാളി വര്‍ഗം സ്വന്തമായ ആവശ്യങ്ങളുമായി ആദ്യം മുന്നോട്ടുവന്ന ആ പാരീസ് വിപ്ലവം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ,ഞങ്ങള്‍ സര്‍വ്വ രാജ്യ തൊഴിലാളികളേ , ഏകോപിക്കുവിന്‍ എന്നു ലോകസമക്ഷം പ്രഖ്യാപിച്ചപ്പോള്‍ കുറച്ചുപേരേ അതു ഏറ്റു പറയാനുണ്ടായിരുന്നുള്ളു. എന്നാല്‍, 1864 സെപ്തംബര്‍ 28ന് മിക്ക പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളിലെയും തൊഴിലാളികളും മഹനീയ സ്മരണകളുണര്‍ത്തുന്ന ആ സര്‍വ്വ രാജ്യ തൊഴിലാളി സംഘടനയില്‍ ഏകോപിച്ചുനിന്നു. ശരിയാണ്, ആ സംഘടന ഒമ്പതുകൊല്ലമേ ജീവിച്ചിരുന്നുള്ളു. എന്നാല്‍ ,അതു സൃഷ്ടിച്ച ലോകതൊഴിലാളികളുടെ ശാശ്വതൈക്യം ഇന്നും ജീവിക്കുന്നു.അഭൂതപൂര്‍വ്വമായ വീറോടും ഓജസ്സോടും കൂടി ജീവിക്കുന്നു. ഇക്കാലം അതിന് ഏറ്റവും നല്ല സാക്ഷ്യം വഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ,ഇന്നു ഞാന്‍ ഈ വരികള്‍ കുറിച്ചുകൊണ്ടിരിക്കുമ്പോള് യൂറോപ്പിലെയും അമേരിക്കയിലെയും തൊഴിലാളിവര്‍ഗം തങ്ങളുടെ സമരശക്തികളെക്കുറിച്ചു പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമരശക്തികള്‍ ഇന്നാദ്യമായി ഒരേയൊരടിയന്തിരാവശ്യത്തിനുവേണ്ടി ഒരേയൊരുകൊടിക്കീഴില്നിന്നു പൊരുതുന്ന ഒരേയൊരു സൈനികവ്യൂഹമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.എട്ടു മണിക്കൂര്‍ ജോലി നിയമനിര്‍മ്മ#ാണംവഴി നടപ്പാക്കണമെന്നതാണ് അവരുടെ അടിയന്തിരാവശ്യം. 1866ല്‍ കൂടിയ ഇന്റര്‍നാഷണലിന്റെ ജനീവാ കോണ്‍ഗ്രസ്സും 1889ലെ പാരീസ് തൊഴിലാളി കോണ്‍ഗ്രസ്സും ഈ ആവശ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികള്‍ ഇന്നു ഏകോപിച്ചിരിക്കുന്നുവെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക് മുതലാളികളുടെയും ഭൂവുടമകളുടെയും കണ്തുറപ്പിക്കുവാന് തൊഴിലാളികളുടെ ഈ സമരസന്നാഹം പര്യാപ്തമാണ്. സ്വന്തം കണ്ണുകൊണ്ടുതന്നെ ഈ കാഴ്ച കാണുവാന്‍ മാര്ക്സുകൂടി എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍…
എംഗല്‍സ് സൂചിപ്പിക്കുന്ന ഐക്യപ്പെടലിന്റെയും പ്രക്ഷോഭത്തിന്റെയും വീറുറ്റ പാരമ്പര്യമാണ് മെയ്ദിനം നല്‍കുന്നത്. സമരകേന്ദ്രം ചിക്കാഗോയായിരുന്നെങ്കിലും ലോകമെങ്ങും തൊഴിലാളികള്‍ സമരത്തില്‍ പങ്കാളികളായി. തൊഴിലാളി സമരൈക്യത്തിന്റെ ആദ്യ വിജയമായിരുന്നു എട്ടു മണിക്കൂര്‍ ജോലി എന്ന നിര്‍ദ്ദേശത്തിനു ലഭിച്ച അംഗീകാരം.
പുതിയ മുതലാളിത്തത്തിന്റെ അക്രാമകവും ഹിംസാത്മകവുമായ കടന്നുകയറ്റങ്ങളാണു നടക്കുന്നതെങ്കിലും സ്വതന്ത്ര വ്യാപാരങ്ങളുടെ ഇന്ദ്രജാലപ്രഭയില് കണ്ണു മഞ്ഞളിക്കാത്തവര് ഇല്ലെന്നു വന്നിരിക്കുന്നു. മൂലധനവും അദ്ധ്വാനോപകരണങ്ങളും വികേന്ദ്രീകരിക്കപ്പെട്ടിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ക്കാന്‍ മടിക്കുന്നു. ഇപ്പോള്‍ ആ പഴയ തൊഴിലാളി വര്ഗമൊന്നുമില്ല എന്ന തീര്‍പ്പുകൊണ്ട് പുതിയ മുതലാളിത്തത്തിന്റെ ചങ്ങാത്തമുറപ്പിക്കാനാവുന്നു. വര്‍ഗസമരമാണ് ചരിത്രത്തിന്റെ ചാലക ശക്തിയെന്ന മാര്‍ക്സിന്റെ പ്രസിദ്ധ വചനം പോലും പലരും മറന്നിട്ടുണ്ട്. സാമ്പത്തിക സാമൂഹിക പ്രതിസന്ധി പരിശോധിച്ചുകൊണ്ട് ജയിംസ്പെട്രാസ് സമകാലിക മുതലാളിത്തത്തെയും വര്‍ഗസമരത്തെയും സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചത് ഈയിടെയാണ്. അധികാരം വര്ഗവേര്തിരിവുകളില് വരുത്തുന്ന മാറ്റവും വര്‍ഗസമരത്തിന്റെ പ്രകടനഭേദങ്ങളും അദ്ദേഹം തുറന്നുകാട്ടുന്നു. ഇത്തരത്തിലുള്ള അന്വേഷണങ്ങളിലാണ് ലോകത്തെങ്ങുമുള്ള മാര്‍ക്സിസ്റ്റുകള്‍. എന്നാല്‍ ചില പാര്‍ട്ടികള്‍ വര്‍ഗവീക്ഷണം കയ്യൊഴിഞ്ഞും താല്ക്കാലികാശ്വാസമെത്തിക്കാനാവും എന്നാണ് പഠിപ്പിക്കുന്നത്.
തൊഴിലാളിവര്‍ഗത്തിന്റെ വിമോചനോപകരണമാണ് പാര്‍ട്ടി എന്നതു മാറി പാര്‍ട്ടിയുടെ അതിജീവനോപകരണമാണ് ട്രേഡ് യൂണിയന് എന്നു വന്നിരിക്കുന്നു. കമ്യൂണിസത്തിന്റെ വിദ്യാലയങ്ങള്‍ എന്നാണ് ലെനിന് സോവിയറ്റ് യൂണിയനിലെ ട്രേഡ് യൂണിയനുകളെ വിശേഷിപ്പിച്ചിരുന്നത്. ഇവിടെയാകട്ടെ, തൊഴിലാളിവര്‍ഗം പാര്ട്ടിതീരുമാനത്തിനു കാതോര്‍ത്തു കൈകെട്ടിയിരിക്കുകയാണ്. വര്‍ഗ ബഹുജനസംഘടനകള്‍ ഒരു രാഷ്ട്രീയ കക്ഷിയോടും വിധേയത്വമില്ലാതെ സ്വയംഭരണാധികാരത്തോടെയും ജനാധിപത്യപരമായും പ്രവര്ത്തിക്കേണ്ടതാവശ്യമാണെന്ന് 1978ല്‍ ചേര്‍ന്ന സി.പി.എമ്മിന്റെ സാല്‍ക്കിയ പ്ലീനം ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ട്ടി തീര്‍ച്ചയായും പൊരുതുന്ന ജനങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ ഈ നേതൃത്വം നല്കല് യാന്ത്രികമായല്ല,ചലനാത്മകമായാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷി – തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവപാര്ട്ടിയായാല്പോലും – അവയെ തങ്ങളുടെ പാര്‍ട്ടിക്കു കീഴ്പ്പെടുത്തുന്നത് അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യത്തെ വഞ്ചിക്കലായിരിക്കും. ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ കൂട്ടായ വിലപേശല്‍ എന്ന ലേഖനത്തില്‍ ഇ.എം.എസ്സുതന്നെയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ഒരുപടികൂടി കടന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു. മാര്‍ക്സിസം ലെനിനിസത്തിന്റെ അഭിപ്രായത്തില്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ പ്രത്യേക ഘടകങ്ങളാണ് ഫ്രാക്ഷനുകള്. ടപാരുതുന്ന സംഘടനകളുടെ സജീവ പ്രവര്‍ത്തകരെ അവയിലൂടെ തെരഞ്ഞെടുത്ത് പരിശീലനം നല്കി പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കുന്നു.ഫ്രാക്ഷന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഈ ചുമതല അധപതിച്ച് പാര്‍ട്ടികള്‍ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ഫ്രാക്ഷനുകള്ക്കു നിര്ദ്ദദേശങ്ങള് നല്കുന്ന രീതിയായി മാറി. ബഹുജനസംഘടനകളുടെ സജീവ പ്രവര്‍ത്തകരെ വിദ്യാഭ്യാസം ചെയ്യിച്ചു പ്രബുദ്ധരാക്കുന്നതിനു പകരം നിയന്ത്രിക്കാനാണ് ഈ രീതി ഉപയോഗപ്പെടുത്തുന്നത്.
ഇതില്‍ക്കൂടുതല്‍ ഒരു വിമര്‍ശനം ആര്ക്കുന്നയിക്കാനാവും? ഈ വ്യതിയാനം തിരുത്താതെ അതെങ്ങനെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയാകും? തൊഴിലാളികള്‍ ഭിന്നിച്ചു നില്ക്കുന്നതിനു പരിഹാരം കാണാനാണ് മാര്‍ക്സും എംഗല്‍സും ശ്രമിച്ചത്. അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നിച്ചണിനിരന്നാലുള്ള ശക്തിയെപ്പറ്റിയാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ വലതുപക്ഷ താല്‍പ്പര്യമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം ഇവരെ ഭിന്നിപ്പിച്ചു നിര്‍ത്തിയേ പറ്റൂ. അഥവാ, അഭിനവ ഫ്രാക്ഷന് രീതി മൂലധനതാല്പ്പര്യത്തിലും പാര്‍ലമെന്ററി അവസരവാദത്തിലുമാണ് വേരുറപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഫലമായി വിപുലവും ആഴത്തിലുള്ളതുമായ ഒരു വര്‍ഗ സാഹോദര്യം പങ്കുവെക്കാനും സമരൈക്യം പ്രകടിപ്പിക്കാനും തൊഴിലാളി സംഘടനകള്ക്കാവുന്നില്ല. അസംഘടിത മേഖലകളിലേക്കു കടന്നു ചെല്ലാനും മിനിമം വേതനമെങ്കിലും ഉറപ്പാക്കാനുതകുന്ന സമരമുഖങ്ങള്‍ തുറക്കാനും അവര്‍ക്കു താല്‍പ്പര്യമില്ല. ജീവിത്തിന്റെ വ്യത്യസ്ത തുറകളില്‍ നടക്കുന്ന വര്‍ഗസമരത്തിന്റെ അനുഭവങ്ങളുള്ക്കൊള്ളാനും പുതിയ സമരൈക്യം വികസിപ്പിക്കാനും അവര്‍ സന്നദ്ധവുമല്ല. സി.ഐ.ടി.യു വിന്റെ മെയ്ദിന മാനിഫെസ്റ്റോ ഇങ്ങനെ പറയുന്നു. നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഐക്യം വികസിപ്പിക്കാന്‍,ഇനിയും ശക്തിപ്പെടുത്താന്‍ ജനകീയ അവകാശങ്ങള്‍ക്കും ജീവസന്ധാരണത്തിനും വേണ്ടി നടത്തുന്ന സമരങ്ങളെ ഇനിയും ദൃഢീകരിക്കാന്‍ സി.ഐ.ടി.യു അഭ്യര്‍ത്ഥിക്കുന്നു. മതി ഇത്രയെങ്കിലും ചെയ്യാനാവണം. അതിനു വര്‍ഗസംഘടനയുടെ അസ്തിത്വവും അവകാശവും നിലനിര്‍ത്തല്‍ പരമപ്രധാനമാണ്.
1 മെയ് 2013