Article POLITICS

ഭൂമി ഏറ്റെടുക്കല്‍ നിയമവും സി.പി.എമ്മും


ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ പുതിയ നിയമനിര്‍മ്മാണ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ലാന്റ്‌ അക്യുസിഷന്‍ , റിഹാബിലിറ്റേഷന്‍ ആന്റ്‌ റീ സെറ്റില്‍മെന്റ്‌ ബില്‍ പാസ്സാക്കുമ്പോള്‍ റയില്‍വേ, ദേശീയപാത തുടങ്ങിയ മേഖലകളെ ബില്ലിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കരുതെന്ന്‌ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പൊതു വികസന ആവശ്യാര്‍ത്ഥം ഭൂമി ഏറ്റെടുക്കുമ്പോള്‍ മുന്നുപാധിയായി പുനരധിവാസവും നഷ്‌ടപ്പെടുന്ന ജീവിതാസ്‌പദങ്ങളുടെ സമീപഭാവിയില്‍ക്കൂടി ലഭിക്കാനിടയുള്ള ഗുണഫലത്തിനു സമാനമായ പ്രതിഫലവും ഉറപ്പാക്കേണ്ടതുണ്ട്‌. രാഷ്‌ട്രത്തിനു വേണ്ടിയുള്ള ത്യാഗത്തിനു രാഷ്‌ട്രം പരമാവധി പ്രതിഫലം നല്‍കണം.

പലപ്പോഴും വികസനാവശ്യത്തിനു ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സമ്പന്നരുടെ ഭൂമി സംരക്ഷിക്കപ്പെടുന്നു. സാധാരണക്കാര്‍ക്കു കനത്ത നഷ്‌ടങ്ങളുണ്ടാകുംവിധമാണ്‌ ഭൂമി ഏറ്റെടുക്കല്‍ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതുതന്നെ. ഭൂമി ഏറ്റെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം പുനരധിവാസം നല്‍കുന്നതില്‍ കാണാറില്ല. മാത്രമല്ല, വിവിധാവശ്യങ്ങള്‍ക്കു ഭൂമി ഏറ്റെടുത്തു വളച്ചുകെട്ടി പ്രത്യേകാവകാശങ്ങളുള്ള മേഖലകളാക്കുമ്പോള്‍ ആ പ്രദേശത്തെ ആവാസവ്യവസ്ഥക്കും പാരിസ്ഥിതിക ഘടനയ്‌ക്കും വരുത്തുന്ന ആഘാതങ്ങളും ഗൗരവപൂര്‍വ്വം പരിഗണിക്കാറില്ല. നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷപോലും ഉറപ്പാക്കാനാവുന്നില്ല. മൂലധനാര്‍ത്തിയും അതിന്റെ ഹിംസാത്മക കടന്നുകയറ്റവും നിയന്ത്രിക്കപ്പെടുന്നില്ല.

ഈ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണം കുറെകൂടി ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കപ്പെടണം. വേട്ടയാടപ്പെടുന്ന ജനസമൂഹത്തിന്റെ ആവശ്യങ്ങളില്‍ ചിലതാണ്‌ ഇടതുപക്ഷം ഉന്നയിച്ചിരിക്കുന്നത്‌. അതോടൊപ്പം രാജ്യത്തിന്റെ പലഭാഗത്തും ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന സമരങ്ങളുടെ പ്രതിനിധികളുമായിക്കൂടി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. വികസനാവശ്യങ്ങളുടെ പേരില്‍ കൈമറിയുന്ന കോടിക്കണക്കിനു രൂപയുടെ ചെറിയൊരു ശതമാനം മതിയാകും മുറിവുണക്കാന്‍. ഇടനില അഴിമതി തുടച്ചുമാറ്റാനുള്ള ഇച്ഛാശക്തികൂടി രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കണം.

പുതിയ ബില്ലില്‍ സ്വാഗതാര്‍ഹമായ നിര്‍ദ്ദേശങ്ങളാണ്‌ സി.പി.എം മുന്നോട്ടുവെച്ചിട്ടുള്ളത്‌. അത്‌ ആത്മാര്‍ത്ഥതയുള്ളതാണോ? ആയിരുന്നെങ്കില്‍ , ദേശീയപാത,റെയില്‍വേ,ഗ്യാസ്‌ ലൈന്‍ ആവശ്യങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇതേ മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ നേതൃത്വം സി.പി.എമ്മിനാവുമായിരുന്നു. ദില്ലിയില്‍ ഈ ആവശ്യമുയര്‍ത്തി എന്ന ഖ്യാതി മതിയാകുമോ പാര്‍ട്ടിക്ക്‌? അല്ലെങ്കില്‍, പ്രായോഗിക സമരത്തില്‍ പങ്കാളിയാകാത്തതിന്റെ യുക്തിയെന്താണ്‌? സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ആ പാര്‍ട്ടിതനന്നെയാണ്‌ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭമായ ദേശീയപാതാ ബി.ഒ.ടി വല്‍ക്കരണത്തിനു കൂട്ടുനില്‍ക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌.

ചുരുക്കത്തില്‍, സര്‍ക്കാറും വലതുപക്ഷ പാര്‍ട്ടികളും നയംതിരുത്താനും ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നയസമീപനങ്ങള്‍ക്കു യോജിച്ചവിധം പ്രായോഗിക സമരങ്ങളേറ്റെടുക്കാനും തയ്യാറാവണം. അല്ലാത്തപക്ഷം അതൊരു ഒത്തുകളിയായേ ജനങ്ങള്‍ക്കു തോന്നുകയുള്ളു.

26 ഏപ്രില്‍ 2013Image

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )