എസ്.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിലുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ വിവാദങ്ങളുയര്‍ന്നു വന്നിരിക്കുന്നു. ബംഗ്ലാദേശിലെ പത്മാപാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരില്‍ ലോകബാങ്കിനുപോലും ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്പ്പെടുത്തേണ്ടിവന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു ലോകമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ മിക്ക രാജ്യങ്ങളിലും ഇവര്‍ ആരോപണവിധേയരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
പത്മ പദ്ധതി ലഭിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ ആറു പ്രമുഖര്‍ക്കാണ് കമ്പനി പണം നല്‍കിയത്. ദി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ അന്വേഷണമാണ് അഴിമതി സ്ഥിരീകരിച്ചത്. ആഫ്രിക്കയിലെ ചില ഇടപാടുകളിലും അഴിമതി നടന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ലോകബാങ്കുപദ്ധതികളില്നിന്ന് പത്തു വര്‍ഷത്തേക്കു വിലക്കു ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലിബിയ, ടുണീഷ്യ, കമ്പോഡിയ, അല്‍ജീരിയ, അംഗോള, ഇന്ത്യ,സ്വിറ്റ്സര്‍ലാന്റ് തുടങ്ങി പല രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റങ്ങളെ കുറെകൂടി ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. പിണറായി വിജയന് കുറ്റവാളിയാണോ അല്ലേ എന്നതിനപ്പുറത്തു മാധ്യമ ജന ശ്രദ്ധ പതിയേണ്ടത് ഇത്തരം കോര്‍പ്പറേറ്റുകളെ നിരന്തരം തുറന്നുകാണിക്കുന്നതിലാണ്. വലതുപക്ഷ മൂലധന താല്‍പ്പര്യങ്ങള്‍ക്കു കീഴ്പ്പെടുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റുവിരുദ്ധ ജാഗ്രതയിലും പോരാട്ടങ്ങളിലുമാണ് തുറന്നുകാട്ടപ്പെടേണ്ടത്. തിരിച്ചല്ല. കേരളത്തിലെ ലാവലിന്‍ അഴിമതി അന്വേഷണ ഘട്ടങ്ങളില്‍ സി.പി.എം കാണിച്ച പരിഭ്രമംതന്നെ ശ്രദ്ധേയമായിരുന്നു. നേതാവ് അന്വേഷണത്തില്‍നിന്ന് ഊരാന്‍ കാണിച്ച തത്രപ്പാടുകള്‍ ലാവലിനെതിരായ ശരിയായ അന്വേഷണത്തിനും കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ട ജനരോഷത്തിനും തടസ്സമായി.
22 ഏപ്രില്‍ 2013