വെള്ളത്തിലുള്ള അവകാശം മുഴുവന്‍ ജീവജാലങ്ങളുടേതുമാണ്. പ്രാണവായുവും പ്രാണജലവും നിഷേധിക്കപ്പെട്ടുകൂടാ. പ്രകൃതിയില്‍ ബോധത്തോടെ ഇടപെടാനാവുന്ന മനുഷ്യന് ജലോപയോഗം സംബന്ധിച്ച കാഴ്ച്ചപ്പാടു വേണം. പുരോഗമിച്ച ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റെയും നിറപ്പകി്്ട്ടില്‍ പുളകം കൊള്ളുമ്പോള്‍ ഈ ബാധ്യത മറന്നുപോകുന്നു. ജനാധിപത്യ ഗവണ്മെന്റുകളുടെ പ്രാഥമിക ബാധ്യതയാണ് കുടിവെള്ളമെത്തിക്കല്‍. എന്നാല്‍ അങ്ങനെയൊരു ചുമതലയില്ലെന്ന വിധം നിസ്സംഗമാണ് ഗവണ്മെന്റുകള്.
വരള്‍ച്ചയും കുടിവെള്ളക്ഷാമവും ജീവിതം ദുസ്സഹമാക്കുകയാണ്. മണ്ണിലെ ജലശേഖരം കുറഞ്ഞുവരികയാണെന്നും കാലാവസ്ഥാ വ്യതിയാനം എല്ലാം താളംതെറ്റിച്ചുവെന്നും നാം ഖേദിക്കുന്നു. ഓരോ വര്‍ഷവും വേനല്ച്ചുട് വര്‍ദ്ധിക്കുകയാണ്. ഉച്ചവെയിലേറ്റു തൊഴിലെടുക്കുന്നത് അപകടകരമാണെന്നു സര്‍ക്കാറിന്റെ മുന്നറിയിപ്പു വന്നുകഴിഞ്ഞു. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും പടിഞ്ഞാറന്‍ കടല്ക്കരയില് കാലുവെച്ചുമുള്ള ആ പഴയ പള്ളിയുറക്കത്തിന്റെ പ്രൗഢിയെല്ലാം നഷ്ടമായിരിക്കുന്നു. പര്‍വ്വതവും സമുദ്രവുമുണ്ട്. അവയ്ക്കിടയിലെ കുന്നുകളിടിക്കാനും നീര്ക്കക്കെട്ടുകള് നികത്താനുമുള്ള അത്യുത്സാഹത്തിലാണ് മൂലധനശക്തികള്‍. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുറവിളികള്‍ക്കു കാതുകൊടുക്കുന്നില്ലെന്നു മാത്രമല്ല,അതുസംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ക്കു മുഖംകൊടുക്കാന്‍പോലും ഭരണകൂടം തയ്യാറാവുന്നില്ല. വികസനത്തെക്കുറിച്ചു വാതോരാതെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന ഭരണാധിപന്മാര് ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വ്വഹണമാണ് വികസനമെന്നത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നൂറ്റിപ്പത്തുകോടി ജനങ്ങള്‍ വെള്ളം കിട്ടാത്തവരും ഇരുനൂറ്റമ്പതു കോടി ജനങ്ങള്‍ സാനിറ്റേഷന്‍ ഇല്ലാത്തവരുമാണെന്ന ലോകാരോഗ്യസംഘ നയുടെ വിലയിരുത്തല്‍ മുഖവിലക്കെടുക്കാന്പോലും ഭരണാധികാരികള്‍ തയ്യാറല്ല. ആ കണക്കു മുന്നില്വച്ച്്് വെള്ളാവകാശം കോര്‍പ്പറേറ്റു ഭീമന്മാര്ക്കു വീതം വെക്കുകയായയിരുന്നു് അവര്‍. ഇതിനു വലിയ സഹായമാണ് ലോകബാങ്കും അനുബന്ധ സ്ഥാപനങ്ങളും ചെയ്തുകൊടുത്തത്്. ഇവരുമായുണ്ടാക്കിയ കരാര്‍ പുത്തന്‍ സാമ്പത്തിക നയ നടത്തിപ്പുമായി ബന്ധപ്പെട്ിരിക്കുന്നു. നാം ചെന്നു വീണ ഘടനാപരമായ പരിഷ്ക്കാരങ്ങളെന്ന കെണി ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്രയിക്കാമായിരുന്ന പൊതുടാപ്പെന്ന സൗകര്യം ഇല്ലാതാക്കി. വെള്ളം വിലയ്്ക്കു വാങ്ങേണ്ട ചരക്കായി മാറി.
കേരളത്തിനുള്ള രണ്ടനുഗ്രഹങ്ങളാണ് സൗരോര്‍ജ്ജവും കടല്‍വെള്ളവും. എന്നാല്‍ അത്്്്്്്്്്് ഊര്‍ജ്ജപ്രതിസന്ധിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകുന്നതെങ്ങനെയെന്നു കണ്ടെത്താനും കുറഞ്ഞചെലവില്‍ പ്രോസസിംഗ്്് നടത്താനും നമുക്കായില്ല. അഥവാ അത്തരം ശ്രമങ്ങള്‍ തടയാന്‍ ഊര്‍ജ്ജ-ജല കോര്‍പറേറ്റുകളും സാമ്രാജ്യത്വവും ഉണര്‍ന്നിരിക്കുകയാണ്. നമ്മുടെ ബജറ്റില്‍ അങ്ങനെയൊരാവശ്യത്തിനു പണം നീക്കിവെക്കാനോ നമ്മുടെ ഗവേഷണങ്ങള്‍ ആ ദിശയില്‍ നീക്കാനോ ശ്രമമുണ്ടായില്ല. നമ്മുടെ ഗവര്‍മെണ്ടുകള്‍ മറ്റാരുടേതോ ആയി മാറുകയാണ്. വെള്ളം നല്‍കാത്ത ഗവണ്മെന്റ് വിമാനത്താവളമുണ്ടാക്കിയിട്ടെന്താണ്.
കുടിവെള്ളമെത്തിക്കല്‍ പ്രാഥമിക ചുമതലയായി ഗവണ്മെന്റ് ഏറ്റെടുക്കണം. അതു അടിയന്തിരപ്രാധാന്യത്തോടെ നിര്‍വ്വഹിക്കണം. സൗജന്യമായി നല്‍കുകയും വേണം. അതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമമാരംഭിക്കണം. മുന്നുപാധിയെന്ന നിലയ്ക്കു തടസ്സംനില്ക്കുന്ന ജനവിരുദ്ധ കരാറുകളില്‍നിന്നു ഗവണ്മെന്റുകള് പിന്മാറണം. മറ്റെല്ലാ വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ പ്രാധാന്യം ഇതിനുണ്ടെന്നു തിരിച്ചറിയണം.
പുതിയ കരാറുകളുടെ ഭാഗമായി ഫെസിലിറ്റേറ്റര്‍/ സഹായി റോള്‍ മാത്രം കൈകാര്യം ചെയ്യുന്ന ത്രിതല പഞ്ചായത്ത് – സംസ്ഥാന ഭരണസംവിധാനങ്ങള്‍ തെറ്റു തിരുത്തണം. ദരിദ്രജനവിഭാഗങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം പൊതുടാപ്പുകള്‍ പുനസ്ഥാപിക്കണം. അതിനു ഗവണ്മെന്റിനെ നിര്‍ബന്ധിക്കുംവിധം ജനരോഷമിരമ്പണം. മഴകാത്തും വിധിയെപ്പഴിച്ചുമുള്ള ഈ കുത്തിയിരിപ്പവസാനിപ്പിക്കാം. കുടിവെള്ളം പ്രാഥമികാവകാശമാണ്. അതു നല്കല് ഗവണ്മെന്റിന്റെ അടിയന്തിര ചുമതലയുമാണ്.