Article POLITICS

മതനിരപേക്ഷ ഇന്ത്യയുടെ വിശ്വരൂപം

മതങ്ങളുടെ സൗഹൃദപരമായ അന്തരീക്ഷത്തെയാണ്‌ നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക പേരും മതേതരത്വം എന്ന്‌ വിളിക്കുന്നത്‌. സെക്കുലര്‍ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ വ്യത്യസ്‌ത ജാതി-മത-സമുദായങ്ങളുടെ പ്രതിനിധികളെ ഒന്നിച്ച്‌ അണിനിരത്തുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്‌. ഇത്‌ ഒരസംബന്ധ നാടകമാണ്‌. സെക്കുലറിസം എന്നത്‌ ഒരു രാഷ്‌ട്രീയ പദമാണ്‌. രാഷ്‌ട്രീയ വ്യവഹാരത്തിലെ സവിശേഷമായ ഒരര്‍ത്ഥമാണ്‌ അതിനുള്ളത്‌. മത പൗരോഹിത്യാധികാര സംവിധാനങ്ങളുടെ നിഷേധവും അവ്വിധം രൂപപ്പെട്ട ഭൂതകാല അനുഭവങ്ങളി ല്‍നിന്നുള്ള പ്രകടമായ വിഛേദവുമാണത്‌. പുതിയ ദേശരാഷ്‌ട്ര രൂപീകരണത്തിന്റെ അന്തസ്സത്ത ഈ മൂല്യവ്യവസ്ഥയാണ്‌. ജനാധിപത്യത്തിന്റെ വികസിത രൂപം കൂടിയാണിത്‌.

എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറത്ത്‌ ഒരു ദേശരാഷ്‌ട്രം മനുഷ്യനെ അഭിസംബോധന ചെയ്യുന്നത്‌ സെക്കുലറിസം നല്‍കുന്ന പ്രകാശത്തിലാണ്‌. ദേശരാഷ്‌ട്രത്തിലെ നിരവധി വൈവിദ്ധ്യങ്ങളെ ഒന്നു ചേര്‍ത്തു നിര്‍ത്തുന്ന പദം കൂടിയാണത്‌. വ്യത്യസ്‌ത ജാതിയും മതവും ഭാഷയും വര്‍ണ്ണവും വര്‍ഗ്ഗവും ഉള്‍പ്പെടുന്ന നിരവധി ചേരുവകള്‍ ഒരു രാജ്യത്ത്‌ ഉണ്ടാകാം. എന്നാല്‍ ഇതിനൊക്കെ അതീതമായി തെളിയുന്ന പുതിയ മനുഷ്യബോധ്യമാണ്‌ സെക്കുലറിസത്തില്‍ അടങ്ങിയിട്ടുള്ളത്‌.

കൊളോണിയന്‍ ആധുനികതയുടെ ഉപലബ്‌ധി എന്ന നിലയ്‌ക്കല്ല, എത്രയോ ശതകങ്ങളായി അടിസ്ഥാന ജനസാമാന്യത്തിനകത്തു വളര്‍ന്നു തിടംവെച്ച സമരോന്മുഖ സമബോധത്തിന്റെ സ്വാഭാവിക വികാസം എന്ന നിലയ്‌ക്കാണ്‌ സെക്കുലറിസത്തെ തിരിച്ചറിയേണ്ടത്‌. ആധുനികത നല്‍കിയ യുക്തിബോധം സെക്കുലര്‍ സങ്കല്‍പ്പങ്ങളെ ഒരു ജ്ഞാനമേഖലയുടെ അച്ചടക്കത്തിലേക്കു നയിച്ചിട്ടുണ്ടെന്നതു വിസ്‌മരിക്കേണ്ടതുമില്ല. നമ്മുടെ നവോത്ഥാന പ്രക്രിയയുമായി ബന്ധപ്പെട്ടും ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും തൊഴിലാളി-കീഴാള മുന്നേറ്റങ്ങളുടെ ഭാഗമായും പിന്നീടുണ്ടായ ഒരു വികാസ ക്രമമുണ്ട്‌. ഈ പശ്ചാത്തലത്തിലേ സെക്കുലറിസത്തെക്കുറിച്ചുള്ള ചിന്തകള്‍ സാധ്യമാകൂ.

സ്വതന്ത്ര ദേശരാഷ്‌ട്രത്തിന്റെ പിറവിയായിരുന്നു ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന ലക്ഷ്യം. തൊഴിലാളി-കീഴാള പ്രസ്ഥാനങ്ങള്‍ക്കും ഇത്തരം ഒരു ലക്ഷ്യമുണ്ടായിരുന്നു. യൂറോ – കേന്ദ്രീകൃതമായ സാമ്രാജ്യത്വാധികാര വ്യവസ്ഥ ഇന്ത്യ എന്ന ദേശരാഷ്‌ട്രം യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ ശിഥിലീകരണ ശക്തികളെ കെട്ടഴിച്ചുവിട്ടു. ഫ്യൂഡല്‍ പാരമ്പര്യത്തിലെ ജീര്‍ണ ചേരുവകളെ കണ്ടെടുത്ത്‌ നമ്മുടെ നവലോക സ്വപ്‌നങ്ങള്‍ക്കു മുന്നില്‍ സ്ഥാപിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുന്നതിനു സഹായകമായ വര്‍ണകോയ്‌മാ വിചാരങ്ങള്‍ നമ്മുടെ മതാധികാര ഘടനയുടെ ശേഷിപ്പുകളായിരുന്നല്ലോ. വര്‍ഗ്ഗീയ, സാമുദായിക ചേരിതിരിവുകള്‍ അതിവേഗം വളര്‍ന്നു

വളരെ സ്വാഭാവികമെന്നവിധം ഈ പ്രതിലോമ വ്യവഹാരത്തിനകത്താണ്‌ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പോലും വളര്‍ന്നു വന്നത്‌. ആദ്യകാല നേതാക്കന്മാരില്‍ ഭൂരിപക്ഷവും സവര്‍ണദേശീയതയാണ്‌ സ്വപ്‌നം കണ്ടത്‌. പ്രയോഗങ്ങളുടെ രീതിശാസ്‌ത്രമാകട്ടെ അതിനനുയോജ്യവുമായിരുന്നു. പൂജയും പ്രാര്‍ത്ഥനയുമൊക്കെ അനുഷ്‌ഠാനമുദ്രകളോടെ സമരവേദികളിലേക്കു പുനരാനയിക്കപ്പെട്ടു. വരേണ്യ ചിട്ടകള്‍ക്കു പുറത്ത്‌ ഭൂരിപക്ഷ ഭാരതം എങ്ങനെയാണ്‌ ജീവിക്കുകയും അതിജീവിക്കുകയും ചെയ്‌തത്‌ എന്നു വിസ്‌മരിക്കപ്പെട്ടു. ഭൂരിപക്ഷ സമുദായങ്ങളിലെ ന്യൂനപക്ഷം നേതൃത്വം കയ്യാളിയപ്പോള്‍ ജനകോടികളുടെ സമരോന്മുഖ ജീവിത ചര്യകള്‍ക്കുമേല്‍ ജീര്‍ണ ചാതുര്‍വര്‍ണ്യത്തിന്റെ പഴഞ്ചന്‍ വ്യവഹാരങ്ങള്‍ തിരിച്ചെത്തി. മഹാത്മാഗാന്ധി, നെഹ്രു, രാജേന്ദ്രപ്രസാദ്‌, സുഭാഷ്‌ ചന്ദ്രബോസ്‌ തുടങ്ങിയവരൊക്കെ വര്‍ഗ്ഗീയ ധ്രുവീകരണത്തെ എതിര്‍ത്ത്‌ രാഷ്‌ട്രത്തെ സെക്കുലറായി നിലനിര്‍ത്താന്‍ പരിമിതികള്‍ക്കകത്തു പോരാടിയിട്ടുണ്ട്‌. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിലെ തന്നെ ഒട്ടേറെ നേതാക്കന്‍മാര്‍ വരേണ്യ പാരമ്പര്യത്തെ പിന്‍പറ്റാന്‍ ശ്രമിക്കുക വഴി ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ തടവുകാരായി തീരുകയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയിട്ടും കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ബാലഗംഗാധര തിലകന്‍ പ്രാര്‍ത്ഥനകളെയും പൂജകളെയും മറ്റ്‌ വരേണ്യാനുസാരികളെയും പിന്‍പറ്റാനാണു ശ്രമിച്ചത്‌.
മഹാത്മാഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്റായപ്പോഴാണ്‌ വരേണ്യാധികാരം സ്‌തംഭിച്ചുപോയത്‌. ഇന്ത്യയില്‍ ഹിന്ദു മഹാസഭ രൂപപ്പെട്ടത്‌ ഇതിന്റെ പ്രതികരണമായാണ്‌്‌. ദേശീയ പ്രസ്ഥാനത്തിന്റെ മുകളില്‍ ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന ആധിപത്യം നഷ്‌ടപ്പെടുന്നതായി മഹാരാഷ്‌ട്രയിലെ ചിത്‌പാവന്‍ വിഭാഗത്തിന്‌ തോന്നിയിരുന്നു. രാജാക്കന്മാരുടെ ദിവാന്‍പദവികളിലും മറ്റുമിരുന്ന്‌ വലിയ പാരമ്പര്യമുള്ള ബ്രാഹ്മണ സമുദായത്തിന്‌ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുകളിലുള്ള ഇടം നഷ്‌ടപ്പെടുമോ എന്നായിരുന്നു ഭയം. എന്നാല്‍ ഹിന്ദു മഹാസഭ ഉണ്ടായതിനു ശേഷവും അതില്‍ അംഗങ്ങളായിരുന്ന പലരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു എന്നതും ശ്രദ്ധേയമാണ്‌. ബ്രാഹ്മണ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തന ശൈലി അവര്‍ പിന്‍തുടര്‍ന്നിരുന്നു. ഇത്‌ ദേശീയ പ്രസ്ഥാനത്തിലെ ഇതര വിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്ക്‌ വഴി തുറന്നു. പല ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കിടയിലും സ്‌പര്‍ദ്ധ ഉണ്ടാക്കാന്‍ പോലും ഇത്‌ കാരണമായി. കൊളോണിയല്‍ ആധിപത്യം ഇത്തരം ചിന്തകള്‍ വളര്‍ത്തിയെടുക്കുകയും ചെയ്‌തു. പാകിസ്ഥാന്‍ ഒരു മത രാഷ്‌ട്രമായി വേര്‍പെട്ടപ്പോഴും ഇന്ത്യ ഒരു സെക്കുലര്‍ രാഷ്‌ട്രമായിരിക്കണമെന്ന ചിന്ത നമ്മുടെ നേതാക്കന്മാര്‍ക്കുണ്ടായിരുന്നു. ഈയൊരു ചിന്തനവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും ദേശീയ പ്രസ്ഥാനങ്ങളിലൂടെയും വികസിപ്പിച്ചെടുത്തതായിരുന്നു.

എന്നാല്‍ ഈ ബോധപരിണാമത്തിന്റെ പ്രാങ്‌ അനുഭവങ്ങള്‍, സിന്ധു നദീതട സംസ്‌കൃതിയില്‍ നാം കണ്ടെത്തിയിട്ടുണ്ട്‌. ഹാരപ്പ-മോഹന്‍ജദാരോ സ്ഥലങ്ങളിപ്പോള്‍ പാകിസ്ഥാനിലാണ്‌. ആ പ്രദേശങ്ങളില്‍ നിന്നും ആ പാരമ്പര്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കണ്ണികളായി നിന്നുകൊണ്ടാണ്‌ നാം സെക്കുലറിസവും ജനാധിപത്യവും സ്വാംശീകരിച്ചത്‌. എന്നാല്‍ അതേ പാരമ്പര്യത്തിന്റെ ഉടമകളായിരിക്കുന്ന ആ പ്രദേശം ഉള്‍ക്കൊള്ളുന്ന പാകിസ്ഥാനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഒരു സെക്കുലര്‍ രാഷ്‌ട്രം എന്ന സങ്കല്‍പമല്ല ഉയര്‍ന്നു വന്നത്‌. മതരാഷ്‌ട്രം എന്ന മുറവിളിയാണ്‌ കേട്ടത്‌. കൊളോണിയല്‍ ഭരണം ഇന്ത്യയില്‍ വിതച്ചു പോയ സമീപനങ്ങളുടെ ദുരന്തപൂര്‍ണ്ണമായ വിളവെടുപ്പായിരുന്നു അത്‌.

പാകിസ്ഥാനില്‍ ഹിന്ദുക്കളും ഇതര സമുദായങ്ങളും ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവിടെ ഉണ്ടായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളെ ഒക്കെ മറികടന്നാണ്‌ ഒരു ഇസ്ലാമിക രാഷ്‌ട്രം പാകിസ്ഥാനില്‍ ഉണ്ടാക്കിയത്‌. ഒരേ പൈതൃകം പിന്‍പറ്റിയിരുന്നവര്‍ രണ്ടു രാഷ്‌ട്രമായി രൂപപ്പെടുന്നത്‌ ഒരേ ദിവസം തന്നെയാണ്‌. ഒന്ന്‌ സെക്കുലര്‍ രാഷ്‌ട്രവും മറ്റൊന്ന്‌ മത രാഷ്‌ട്രവുമായി എന്നത്‌ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്‌. ഈയൊരു ദുരന്തം പിന്നീടുള്ള നാളുകളിലെല്ലാം പാകിസ്ഥാനെ വേട്ടയാടുന്നുണ്ട്‌. നമ്മുടെ സെക്കുലറിസത്തിലെ കലര്‍പ്പുകളും വരേണ്യധിക്കാരങ്ങളും സൃഷ്‌ടിച്ച സംഘര്‍ഷങ്ങള്‍ക്കു നാമും പിഴയൊടുക്കേണ്ടിവന്നു.

തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും പാഠശാലകള്‍ ഒരുക്കുന്നതില്‍ ഒരു ഉപകരണമായി പാകിസ്ഥാന്‍ മാറുകയുണ്ടായി. യു എസ്‌ കേന്ദ്രിത സാമ്രാജ്യത്വാധിനിവേശ കൗശലങ്ങള്‍ക്കെല്ലാം സാധൂകരണം തീര്‍ക്കുകയെന്ന വിധിവൈപരീത്യവും അവരെ വേട്ടയാടി. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ ഇന്ത്യയാകട്ടെ, മത നിരപേക്ഷതയുടെ വരേണ്യ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും പരീക്ഷിക്കുന്ന ഭരണകൂട വ്യവഹാരങ്ങള്‍ പിന്തുടരുമ്പോള്‍തന്നെ സോഷ്യലിസ്റ്റ്‌ ലക്ഷ്യവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. സെക്കുലറിസത്തെ വിപുലവും സൂക്ഷ്‌മവുമായി വികസിപ്പിക്കുന്ന ജീവിതവ്യവസ്ഥയാണ്‌ സോഷ്യലിസം. എന്നാല്‍, ആ ലക്ഷ്യം എഴുതിച്ചേര്‍ത്തവര്‍ ജനാധിപത്യത്തെയും സെക്കുലറിസത്തെയും മതാത്മകബോധത്തില്‍നിന്നു സ്വതന്ത്രമായ ഒരു കാഴ്‌ച്ചപ്പാടോടെ കാണാന്‍ തയ്യാറായിരുന്നില്ല. അധഃസ്ഥിത-കീഴാള ജനതയുടെ അതിജീവനസമരങ്ങളുടെ സമാന്തരാനുഭവം രാജ്യത്തു ശക്തിപ്പെട്ടു വരികയാണ്‌. ഈ ഉണര്‍വ്വ്‌ പല ദാര്‍ശനികമായ പുതുക്കിപ്പണിയലുകള്‍ക്കും ഇടവരുത്താതിരിക്കില്ല.

ദേശീയ പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ തന്നെയാണ്‌ സോഷ്യലിസം ഭരണഘടനയില്‍ എഴുതി ചേര്‍ത്തത്‌. ഈ പദം ഭരണഘടനയില്‍ എഴുതി ചേര്‍ക്കാനുണ്ടായ സാഹചര്യം, മാറുന്ന ലോകക്രമവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അമേരിക്കന്‍ കേന്ദ്രീകൃതമായ മുതലാളിത്ത സാമ്പത്തിക ആധിപത്യത്തിനു കീഴടങ്ങാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നു എന്നതാണ്‌ ഒരു കാരണം. സോഷ്യലിസത്തോട്‌ കൂറു പുലര്‍ത്തുന്ന സോവിയറ്റ്‌ യൂണിയനോട്‌ ആഭിമുഖ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രവണത ഈ നീക്കത്തിനു പിന്നിലുണ്ട്‌. ഇത്‌ രണ്ടുമല്ലാതെ സ്വതന്ത്രമായ ഒരു വഴി രൂപപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ഇന്ത്യ ആലോചിച്ചു പോന്നത്‌. ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വത്തിലേക്ക്‌ ഇന്ത്യ ഉയര്‍ന്നു വന്നത്‌ ഇക്കാരണത്താലാണ്‌. ഇങ്ങനെ നിലപാട്‌ സ്വീകരിക്കുമ്പോഴും ഒരു സോഷ്യലിസ്റ്റ്‌ ആസൂത്രണത്തെക്കുറിച്ചായിരുന്നു ഇന്ത്യ ആലോചിച്ചത്‌. ഈ ആസൂത്രണ പ്രക്രിയയുടെ ഭാഗമായാണ്‌ ഇന്ത്യയുടെ ഭാവി ജനാധിപത്യത്തിന്റേത്‌ മാത്രമല്ല, സോഷ്യലിസത്തിന്റേത്‌ കൂടിയാണെന്ന്‌ പ്രഖ്യാപിക്കാനും ഭരണഘടനയില്‍ അത്‌ ഉറപ്പു വരുത്തുവാനും ഇന്ദിരാഗാന്ധിയെ പോലുള്ള ഒരു ഭരണാധികാരിക്കു കഴിഞ്ഞത്‌.

നിര്‍ണ്ണായകമായ പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ബാങ്ക്‌ ദേശസാല്‍കരണമുള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി വച്ചതും സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ ചുവടുപിടിച്ചാണ്‌. നെഹ്രുവിന്റെ കാലത്തെ പഞ്ചവത്സര പദ്ധതിയുടെ കാഴ്‌ചപ്പാടും സോഷ്യലിസത്തിലധിഷ്‌ഠിതമായിരുന്നു. സോവിയറ്റ്‌ മാതൃകയിലുള്ള ആസൂത്രണ പ്രക്രിയ ആരംഭിച്ചതു തന്നെ നെഹ്രുവാണ്‌. അമേരിക്കന്‍ നയങ്ങള്‍ നടപ്പാക്കുന്ന പ്രത്യേക ഫൗണ്ടേഷനുകളുടെ ഓഫീസ്‌ 1950-കളില്‍ ഇന്ത്യയില്‍ തുറന്നു. ഇന്ത്യന്‍ ഗ്രാമീണ വികസനത്തിലേക്ക്‌ കടന്നു കയറാന്‍ അമേരിക്ക ശ്രമങ്ങളാരംഭിക്കുന്നതും ഈ കാലത്താണ്‌. അപ്പോള്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം നെഹ്രുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെറുത്തുനില്‍പ്പുകള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. യൂറോ കേന്ദ്രീകൃതമായിരുന്ന ഒരു മുതലാളിത്തത്തിന്റെ അധീശത്വത്തില്‍ നിന്ന്‌ അമേരിക്കന്‍ കേന്ദ്രീകൃതമായ മുതലാളിത്തത്തിലേക്കുള്ള വഴിമാറല്‍ ഘട്ടത്തിലൂടെ ഇന്ത്യ കടന്നു പോയിരുന്നു. സാമ്പത്തിക ക്രമത്തില്‍ മാത്രമല്ല ഇത്തരം ഇടപെടലുകളും മാറ്റങ്ങളും ഉണ്ടായത്‌. ആശയപരമായും ഇടപെടല്‍ രൂക്ഷമായി.

സോഷ്യലിസത്തിന്റെ കടന്നു വരവും, അമേരിക്കന്‍ മുതലാളിത്തത്തിന്റെ കടന്നു വരവും ഇന്ത്യയെ സ്വാഭാവികമായും കലുഷമാക്കി. സോഷ്യലിസ്റ്റ്‌ ആശയങ്ങളെ പിന്‍തുടരാനായിരുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിച്ചത്‌. വിദേശനയത്തിന്റെ പേരില്‍ സോവിയറ്റ്‌ യൂണിയനെ പിന്‍തുണയ്‌ക്കുമ്പോള്‍ പോലും രാജ്യത്തെ മുതലാളിത്ത വികാസത്തിന്റെ പേരില്‍ അമേരിക്കയെ പിന്‍തുടരാനായിരുന്നു കോണ്‍ഗ്രസിന്‌ താത്‌പര്യം. കോണ്‍ഗ്രസുകാര്‍ ബാഹ്യമായി സോഷ്യലിസം എന്നു പറയുമ്പോഴും അകത്ത്‌ പുതിയ മുതലാളിത്തത്തെ പൂവിട്ട്‌ പൂജിക്കുകയായിരുന്നു. ഈയൊരു വൈരുദ്ധ്യം അവരുടെ മനോഘടനയിലും ഉണ്ടായിരുന്നു. എല്ലാ ഫ്യൂഡല്‍ മൂല്യത്തെയും സ്വാംശീകരിക്കാനും അതേപടി ഏറ്റെടുക്കാനുമാണ്‌ ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്‌. പഴയ വിശ്വാസങ്ങള്‍, ആചാരക്രമങ്ങള്‍, അതിന്റെ മതാത്മകത തുടങ്ങിയവ അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കാലവുമായി എങ്ങനെ സഖ്യം ചെയ്യാം എന്നതാണ്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌. മുതലാളിത്ത വികാസത്തിലൂടെ, പുതിയ രാഷ്‌ട്രീയയുക്തിയുടെ മുമ്പാകെ പതറിപ്പോകുമായിരുന്ന മത ബോധത്തെ ജീവന്‍ കൊടുത്ത്‌ നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു. ബ്രാഹ്മണ കേന്ദ്രീകൃതമായ ഒരു ഹിന്ദു സങ്കല്‍പത്തെ സംഘപരിവാരങ്ങളെന്ന പോലെ ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യാനന്തര ദേശീയ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചു പോന്നു. ഇതര മതവിഭാഗങ്ങളോട്‌, പ്രത്യേകിച്ച്‌ മനുഷ്യരായി പരിഗണിച്ചിട്ടില്ലാത്ത ആദിവാസി കീഴാള ജനവിഭാഗങ്ങളോട്‌ എടുക്കുന്ന നിലപാടുകളില്‍ വലിയ മാറ്റം സമീപകാലം വരെ ഉണ്ടായില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ സാമാന്യേന ശക്തിയുള്ള സ്ഥലങ്ങളില്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ വ്യത്യസ്‌തതയുണ്ടായത്‌. മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെറുത്തു നില്‍പ്പ്‌ നടത്തുന്നയിടത്തല്ലാതെ പ്രാന്തീയ ജനവിഭാഗങ്ങള്‍ക്ക്‌ ഉയര്‍ന്നു വരാന്‍ കഴിഞ്ഞിട്ടില്ല. ഇതിനര്‍ത്ഥം ഇടതുപക്ഷ പ്രസ്ഥാനം എല്ലായിടത്തും വേണ്ടത്ര പ്രവര്‍ത്തിച്ചു എന്നല്ല. പശ്ചിമബംഗാളിലും മറ്റും പ്രാന്തവത്‌കരിച്ചവരുടെ സ്ഥിതി ഗുരുതരം തന്നെയാണ്‌ ഇപ്പോഴും. എന്നാല്‍ അറുപത്‌ ശതമാനം ഗോത്രവര്‍ഗ്ഗക്കാരുള്ള ത്രിപുരയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു സാധിച്ചു.

കോണ്‍ഗ്രസ്‌ പിന്‍തുടര്‍ന്ന സെക്കുലര്‍ സങ്കല്‍പ്പത്തിനകത്ത്‌ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ മുഖം എപ്പോഴും മുഴച്ചു നിന്നിട്ടുണ്ട്‌. ഇത്‌ പ്രത്യക്ഷമോ പരോക്ഷമോ ആയ ഏറ്റുമുട്ടലുകള്‍ക്ക്‌ മണ്ണ്‌ ഒരുക്കിക്കൊടുത്തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ സെക്കുലര്‍ സങ്കല്‍പ്പത്തിന്റെ മൂല്യത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പൊതു മണ്ഡലമാണ്‌ രാജ്യത്തെ വര്‍ഗ്ഗീയതയ്‌ക്കും, ഭീകരവാദത്തിനും തുടങ്ങി ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. പുരോഗമന രാഷ്‌ട്രീയ വ്യവഹാരമാണ്‌ ജനാധിപത്യത്തിന്റെ കാതല്‍. ജനാധിപത്യ രാഷ്‌ട്രത്തിനകത്ത്‌ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌ രാഷ്‌ട്രീയ സമൂഹമാണ്‌. അവിടെ ഒരു മതത്തിനും ഇടമില്ല. സെക്കുലര്‍ സങ്കല്‍പ്പമനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ മതം ഇടപെട്ടു കൂടാ. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ രാഷ്‌ട്രീയം ഇടപെടരുതെന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നുമില്ല. രാഷ്‌ട്രത്തിന്റെ ഭദ്രതയ്‌ക്ക്‌ കളങ്കം വരുത്തുന്നത്‌ പള്ളിയായാലും അമ്പലമായാലും അവിടുത്തെ ആരാധനകള്‍ നിര്‍ത്തിവയ്‌ക്കാനും അടച്ചിടാനും ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ തീരുമാനം എടുക്കാവുന്നതേയുള്ളു. അത്‌ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. വിശ്വാസത്തിന്റെ നടത്തിപ്പ്‌ ആത്മീയമായ അതിന്റെ എല്ലാ വിശുദ്ധിയും കളഞ്ഞ്‌ പരസ്‌പരം ഏറ്റുമുട്ടുന്ന ജനവിരുദ്ധമായ നിലപാടുകളിലേക്ക്‌ വഴുതിപ്പോകുമ്പോള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ ഇടപെടാനുള്ള ഇടമുണ്ട്‌. ഏത്‌ മതസമുദായത്തിന്റെയും വര്‍ഗ്ഗീയതയെ കടിഞ്ഞാണിടാന്‍ ഭരണകൂടത്തിന്‌ കഴിയും; കഴിയണം. എന്നാല്‍ രാഷ്‌ട്രീയ പൊതുമണ്ഡലത്തിലെ കളങ്കങ്ങള്‍ കൂടുതലായി സാമുദായിക വിഭാഗങ്ങള്‍ക്കും അവയുടെ സംഘടനകള്‍ക്കും പ്രാധാന്യം നല്‍കുകയും അവര്‍ക്ക്‌ ഇടപെടാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. താല്‍ക്കാലികമായ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി, സഹോദര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ തോല്‍പ്പിക്കാന്‍ വേണ്ടി കൂട്ടുപിടിക്കുന്നത്‌ അപകടകാരികളായ സാമുദായിക സംഘടനകളെയാണ്‌. ഓരോ ജാതി-മത-സാമുദായിക സംഘടനക്കും അതിന്റേതായ ദാര്‍ശനിക കാഴ്‌ചപ്പാടുകളുണ്ട്‌. അത്‌ നടപ്പാക്കാന്‍ വേണ്ട അവരുടെ രീതിശാസ്‌ത്രമുണ്ട്‌. അതിന്റെ വിശുദ്ധമോ മഹനീയമോ ആയ പാരമ്പര്യവും വര്‍ത്തമാന കാലത്തെ നടത്തിപ്പുമുണ്ട്‌. അത്‌ അംഗീകരിക്കാന്‍ രാഷ്‌ട്രീയ സമുദായത്തിന്‌ കഴിയുകയും വേണം.

രാഷ്ട്രീയ സമൂഹം എങ്ങനെയാണ്‌ ഒരു സ്റ്റേറ്റിനെ മുന്നോട്ട്‌ കൊണ്ടുപോകേണ്ടത്‌ എന്നതിനെ സംബന്ധിച്ച്‌ ആദരപൂര്‍ണ്ണമായ സമീപനം മതസമുദായ വിഭാഗങ്ങളിലും ഉണ്ടാകണം. അന്യോന്യം ആദരവ്‌ പുലര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ ഇല്ലാതാവുകയും അന്യോന്യം ഭരിക്കുന്നവരാണെന്ന ബോദ്ധ്യത്തിലേക്കവര്‍ തലകുത്തി വീഴുകയും ചെയ്‌തു. ഇതു മൂലമാണ്‌ ഓരോ നിലപാടെടുക്കുമ്പോഴും അതിന്റെ രാഷ്‌ട്രീയം മതാത്മക രാഷ്‌ട്രീയമായിരിക്കണമെന്ന ശാഠ്യം ചിലര്‍ക്കുണ്ടാകുന്നത്‌. സ്ഥാനാര്‍ത്ഥികളുടെ മതവും ജാതിയും അന്വേഷിച്ചു പോകാന്‍ ഇടയാക്കിയത്‌ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ നിലവിലുള്ള സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൂടിയാണ്‌. നേതൃസ്ഥാനങ്ങളിലേക്ക്‌ ആളുകളെ നിശ്ചയിക്കുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളിലുമൊക്കെ രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രാന്തീയമായ വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പരിഗണിക്കാതെ പോയിട്ടുണ്ട്‌. സമുദായത്തിന്റെയും ജാതിയുടെയും പേരില്‍ തങ്ങള്‍ നിരാകരിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നൊരു ധാരണ അവരുടെ ഇടയില്‍ തന്നെ ഉണ്ടായി. മറ്റെല്ലാ കഴിവുകളും യോഗ്യതകളും ഉണ്ടായിട്ടും എതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചതുകൊണ്ടും, ചില വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നതു കൊണ്ടും മാത്രം രാഷ്‌ട്രത്തിന്റെ പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നിയമനിര്‍മ്മാണ സഭകളിലും തങ്ങള്‍ അസ്‌പൃശ്യരാകുന്നു എന്നൊരു തോന്നല്‍ ഒരാള്‍ക്കുണ്ടാകുന്നു എന്നത്‌ അപകടകരമാണ്‌. എന്നാല്‍ ഇത്തരം തോന്നലുകള്‍ ഉണ്ടാക്കുക എന്നതാണ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം കഴിഞ്ഞ ദശകങ്ങളില്‍ ചെയ്‌തു പോന്നത്‌. വിപ്ലവപ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളില്‍ പോലും ഒരു കീഴാളസാന്നിദ്ധ്യം ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. കീഴാളരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നെന്നു പറയുന്ന ഒരു പ്രസ്ഥാനത്തില്‍ പോലും ഇത്രയും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രാന്തീയ സമൂഹത്തില്‍ നിന്നും ഒരാള്‍ നേതൃത്വത്തിലില്ലെന്നു പറയുന്നതില്‍ വലിയൊരപകടം ഒളിഞ്ഞിരിപ്പുണ്ട്‌. ആ അപകടം ചൂണ്ടിക്കാണിക്കുന്നത്‌ ഒരു സമുദായത്തിന്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലാണെന്ന്‌ കരുതിക്കൂടാ. രാഷ്ട്രീയത്തിന്റെ നടത്തിപ്പില്‍ അവഗണിക്കപ്പെടുന്നവരുടെ കണക്കു ചോദിക്കലാണത്‌.

മതനിരപേക്ഷതയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ പോലും, മതനിരപേക്ഷതയുടെ ബാനര്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പോലും എല്ലാ ജാതിയുടെയും മതത്തിന്റെയും ആളുകളുടെ ചിത്രങ്ങള്‍ വയ്‌ക്കണമെന്ന അവസ്ഥ രൂപപ്പെടുന്നത്‌ ഈ സാഹചര്യത്തിലാണ്‌. വ്യാജമായ സന്തുലനാവസ്ഥ സൃഷ്‌ടിക്കാനുള്ള ശ്രമം സെക്കുലറിസ്റ്റുകള്‍ക്ക്‌ പോലും ചെയ്യേണ്ടി വരികയാണ്‌. നമ്മുടെ പല നവോത്ഥാന നായകരെയും നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ പറയേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌
്‌.
ശ്രീ നാരായണ ഗുരു, ഡോ. പല്‍പ്പു, അയ്യങ്കാളി, വേലുക്കുട്ടി അരയന്‍, പൊയ്‌കയില്‍ അപ്പച്ചന്‍, വെളിയംകോട്‌ ഉമര്‍ഖാസി, മക്തിതങ്ങള്‍ തുടങ്ങിയവരെ നാം എത്രമാത്രം തിരിച്ചറിഞ്ഞു എന്നത്‌ ചര്‍ച്ച ചെയ്യേണ്ട പ്രധാന കാര്യമാണ്‌. പ്രാന്തീയ സമൂഹത്തിലെ നവോത്ഥാന നായകന്മാരുടെ ചെറുതും വലുതുമായ ചെറുത്തു നില്‍പ്പുകളും ഉയര്‍ത്തെഴുന്നേല്‍പ്പുകളും വേണ്ടത്ര അറിയാനുള്ള ശ്രമം നമ്മുടെ പാഠപുസ്‌തകങ്ങള്‍ പോലും നടത്തിയിട്ടില്ല. മുഖ്യധാരയുടെ കൂടെ ഒട്ടി നില്‍ക്കാനുള്ള ശ്രമമാണ്‌ നടന്നിട്ടുള്ളത്‌. ഇത്തരം പേരുകള്‍ ചികഞ്ഞ്‌ കണ്ടുപിടിക്കാനും അവരെ ഉയര്‍ത്തിക്കൊണ്ടു വരാനും അവര്‍ നമ്മുടെ നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ പറയാനും നമുക്ക്‌ കഴിയണം. എന്നാല്‍ അത്‌ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടിയാകുമ്പോള്‍ അതില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. ഈ നവോത്ഥാന നായകരെയെല്ലാം, ഇന്ത്യന്‍ സെക്കുലര്‍ കാഴ്‌ചപ്പാടിന്റെയും നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങളുടെയും ഒക്കെ അന്തസത്തയില്‍ ലയിച്ചു ചേര്‍ന്ന വിശാലമാനവികതയുടെ പ്രതിനിധാനങ്ങളായി നമുക്ക്‌ തിരിച്ചറിയാന്‍ കഴിയണം.

1903-ല്‍ കുമാരനാശാന്‍ സെക്രട്ടറിയായി ചുമതലയേറ്റ്‌ ആരംഭിച്ച എസ്‌.എന്‍.ഡി.പി. ഈഴവരുടെ സംഘടനയാണെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ ഇന്ന്‌ വെള്ളാപ്പള്ളിക്ക്‌ കഴിയുന്നുണ്ട്‌. ഈഴവ സമുദായത്തിനു വേണ്ടിയാണ്‌ എസ്‌.എന്‍.ഡി.പി. ഉണ്ടായതെന്നാണ്‌ ഇന്നത്തെ ധാരണ. യഥാര്‍ത്ഥത്തില്‍ `ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന’ ഒരു കാലത്തേക്കുറിച്ചുള്ള സങ്കല്‍പം അരുവിപ്പുറത്തു നിന്നും ആരംഭിക്കുന്നുണ്ടെങ്കിലും ശ്രീ നാരായണ ഗുരു ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത്‌ ലംഘിക്കപ്പെടുന്നുണ്ട്‌. 1916-ല്‍ തന്നെ അദ്ദേഹം എസ്‌.എന്‍.ഡി.പി. വിട്ടുകൊണ്ട്‌ കത്തെഴുതി: “നേരത്തെ തന്നെ മാനസികമായി ഞാനത്‌ വിട്ടിട്ടുണ്ടെങ്കിലും ശരീരം കൊണ്ടും വാക്കു കൊണ്ടും ഞാനിത്‌ വിടുകയാണ്‌” എന്നാണ്‌ കത്തിന്റെ പ്രധാന സൂചന.. `മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നു പറഞ്ഞ്‌ പുതിയ നവലോക മാനവികതയുടെ വക്താവായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ശ്രീ നാരായണ ഗുരുവിന്‌, താന്‍ തന്നെ സ്ഥാപിച്ച ഒരു സംഘടനയ്‌ക്കകത്ത്‌ ജാത്യാഭിമാനം വര്‍ദ്ധിച്ചു വരുന്നതില്‍ ദുഃഖിക്കേണ്ടി വരുന്നു. ഈ ദുഃഖഭാരം പേറിയാണ്‌ അദ്ദേഹം സംഘടന വിട്ടുപോകുന്നത്‌.

സംഘടനാ ദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളുകള്‍ പലപ്പോഴും സംഘടനയുടെ നേതൃത്വത്തിലേക്ക്‌ ഉയര്‍ന്നു വരുന്നു എന്നത്‌ രാഷ്‌ട്രീയ പ്രസ്ഥാനമാണെങ്കിലും മതപ്രസ്ഥാനമാണെങ്കിലും ദൗര്‍ഭാഗ്യകരമാണ്‌. ദര്‍ശനത്തെ ബലികൊടുത്തു കൊണ്ട്‌ ഒരു സ്ഥാപനത്തെ വളര്‍ത്തുന്ന ആളുകളായി അവര്‍ മാറുന്നു. മുഖ്യധാരയുടെ പൊതു അംഗീകാരത്തെക്കുറിച്ചുള്ള ഭയമില്ലാതെ നട്ടെല്ലുയര്‍ത്തി വിമര്‍ശിക്കാന്‍ കഴിയുന്ന ഒരു മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ നേതൃത്വം നേരെത്തെ ഉണ്ടായിരുന്നു. സ്വതന്ത്ര ചിന്തകരും സാമുദായിക നേതാക്കളും ഉണ്ടായിരുന്നു. ഡോ. പല്‍പ്പു, സി. കേശവന്‍ തുടങ്ങിയ നേതാക്കള്‍ ശക്തമായ എതിര്‍പ്പുകള്‍ അഴിച്ചു വിട്ടവരാണ്‌. സമൂഹത്തിലെ ദുര്‍നടപ്പുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സാമുദായിക പ്രസ്ഥാനത്തിലെയും രാഷ്‌ട്രീയ പ്രസ്ഥാനത്തിലെയും ആളുകള്‍ ഒരുമിച്ച്‌ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയ നാടാണിത്‌. ഈ നാട്ടില്‍ തന്നെയാണ്‌ രാഷ്‌ട്രീയക്കാര്‍ എന്തു ചെയ്യണമെന്ന്‌ സാമുദായിക നേതാക്കള്‍ തിട്ടൂരമിറക്കുന്നത്‌.

കേരളത്തില്‍ ഭരണം നടത്തേണ്ടത്‌ ആരാണ്‌, ആരൊക്കെ മന്ത്രിയാകണം എന്നൊക്കെ തീരുമാനിക്കുന്നത്‌ സാമുദായിക നേതാക്കളായി മാറുന്നു. ഏത്‌ സമുദായത്തില്‍ പിറന്ന ഒരാള്‍ക്കും രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നു കൊണ്ട്‌ പറയാവുന്ന കാര്യങ്ങളാണ്‌ സമുദായങ്ങളുടെ പേരില്‍ പറഞ്ഞുകേള്‍ക്കുന്നത്‌. ഇത്തരം ഇടപെടലുകള്‍ ഒരു സെക്കുലര്‍ രാഷ്‌ട്രത്തിന്റെ സാമാന്യമര്യാദകള്‍ക്ക്‌ ചേരുന്നതല്ല. ഇത്തരം മര്യാദാലംഘനത്തിന്‌ കാരണം, കഴിഞ്ഞ ആറ്‌ ദശകമായി സെക്കുലറിസം നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടവും അതിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ച വഴികളുടെ ദൗര്‍ബ്ബല്യമാണ്‌. “മുറ്റത്തെ പാഴ്‌മരം കണ്ട്‌ അതിനെ പഴിക്കുന്നവര്‍ അറിയേണ്ടത്‌ മണ്ണ്‌ മോശമാണ്‌”എന്നാണ്‌. ഈ മണ്ണ്‌ മോശമാക്കിത്തീര്‍ത്തത്‌ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങളും അവരുടെ താല്‍ക്കാലികമായ രാഷ്‌ട്രീയ ലാഭതാല്‍പര്യങ്ങളും ഒക്കെയാണ്‌. അവര്‍ നമ്മുടെ രാജ്യത്തെ എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു എന്നത്‌ ഏതൊരാള്‍ക്കും മനസ്സിലാകും.

നമ്മുടെ സംസ്‌കാരത്തിന്റെ എല്ലാ മേഖലകളെയും മാറിയ യുക്തിബോധം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നേരത്തെ കാര്യകാരണങ്ങളെ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ ഒരു നിലപാട്‌ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ മതാത്മക യുക്തികളിലേക്ക്‌ മടങ്ങി പോകുകയാണ്‌. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ഭാഗമല്ല ഈ യുക്തി. പൊതു മണ്ഡലത്തില്‍ താല്‍ക്കാലികമായ യുക്തികള്‍ ഉണ്ടായി വരികയാണ്‌. “എന്താണ്‌” എന്ന്‌ ചോദിച്ചാല്‍ “അതങ്ങനെയാണ്‌” എന്നാണ്‌ ഉത്തരം. “ദൈവം അങ്ങനെയാണ്‌ ആഗ്രഹിക്കുന്നത്‌” എന്നാണ്‌ മറുപടി. ഉത്തരം മുട്ടിയാലും ദൈവം മറുപടി തരും. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണ്‌ പറയുന്നത്‌. ചോദ്യരഹിതമായ ഒരു സമൂഹത്തിന്റെ യുക്തിയാണിത്‌. സത്യത്തില്‍ ഇവിടെ നിന്നുമാണ്‌ ചോദ്യങ്ങള്‍ ആരംഭിക്കുന്നത്‌. കര്‍ത്തൃത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലാണ്‌ ശാസ്‌ത്രയുക്തികള്‍ ആരംഭിക്കുന്നത്‌. ശാസ്‌ത്രീയ യുക്തികളെ മാറ്റിമറിക്കുന്ന പുതിയ മൂലധന യുക്തികള്‍ ആധുനിക കാലത്ത്‌ താല്‍ക്കാലികമായ ലാഭത്തിനു വേണ്ടി ചിറകു വിരിച്ചു നില്‍ക്കുകയാണ്‌. താല്‍ക്കാലികമായ ജീവിതത്തിന്റെ ചില സദാചാരങ്ങള്‍ അത്‌ സൃഷ്‌ടിക്കുന്നുണ്ട്‌. താല്‍ക്കാലികമായ വിശ്വാസ പ്രമാണങ്ങളും ആചാര ക്രമങ്ങളും ഉപരിതല സ്‌പര്‍ശിയായ ചില വികാരവേഗങ്ങളും ഒക്കെ അത്‌ സൃഷ്‌ടിക്കും. ഇത്‌ സംസ്‌കാരത്തിന്റെ വലിയ തോതിലുള്ള വ്യവസായമായി മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകള്‍ നമുക്കിടയില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്‌. ലോകത്തിന്‌ ഉപഭോഗത്തിനുള്ളതാണ്‌ സര്‍വ്വവും എന്ന യുക്തിയാണ്‌ അതുണ്ടാക്കുന്നത്‌. ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന ഒരു ലോകം സൃഷ്‌ടിക്കുകയാണത്‌. വാങ്ങിയും ഉപേക്ഷിച്ചും കൊണ്ടിരിക്കുന്ന ഒരു ലോകം മൂലധനത്തിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തരം നീക്കങ്ങളെ ഉല്ലംഘിക്കും വിധം ഒരു ദര്‍ശനമോ മുന്നേറ്റമോ ഉണ്ടാകുന്നില്ല എന്നത്‌ പുതിയ കാലത്തിന്റെ ദുരന്തമാണ്‌. പുതിയ ദര്‍ശനത്തിനു വേണ്ടി അന്വേഷിക്കേണ്ട കാലത്താണ്‌ പഴയ നൂറ്റാണ്ടിന്റെ മതാത്മക ചിന്തകളെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുന്നത്‌.

സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സിലര്‍മാരെ മതം വിഭജിച്ചെടുക്കുന്നു. ഏതു വകുപ്പ്‌ കിട്ടിയാലും സ്വന്തം മതത്തില്‍ പെട്ടവരെ മാത്രം അതിന്റെ തലപ്പത്തെത്തിക്കുന്നു. ഇത്തരം പ്രവണതകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്‌. മതമാണ്‌ ഇന്ന്‌ പലതിന്റെയും യോഗ്യത. ഇത്‌ വിഭാഗീയതയും സംഘര്‍ഷങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ സാഹചര്യമാണ്‌.

ഈ കാലത്തും ഇരകളാക്കപ്പെടുന്നത്‌ പ്രാന്തവത്‌കരിക്കപ്പെട്ടവരും കീഴാളരും മാത്രമാണ്‌. ദളിതര്‍ക്കും ആദിവാസിക്കും മാനേജ്‌മെന്റ്‌ സ്‌കൂള്‍ ഇല്ല. അവര്‍ക്ക്‌ സംവരണമുണ്ടെങ്കിലും സമുദായങ്ങള്‍ പങ്കിട്ടെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണമില്ല. കീഴാള സമുദായങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ പോലും സഹിഷ്‌ണുതയോടു കൂടിയ സമീപനം സ്വീകരിക്കാന്‍ കഴിയാത്ത സമുദായിക പ്രസ്ഥാനങ്ങള്‍ അവനവന്റെ സമുദായത്തിന്റെ മാത്രം പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ വിലപേശല്‍ നടത്താനാണ്‌ ശ്രമിക്കുന്നത്‌. സ്വന്തം ജാതിപ്പേര്‌ മുറിച്ചു കളയുമ്പോഴും, മിശ്രഭോജനത്തിന്‌ മുതിരുമ്പോഴും മന്നത്ത്‌ പത്മനാഭന്‍ ഒരു വലിയ മൂല്യബോധത്തെയാണ്‌ നട്ടുവളര്‍ത്താന്‍ ശ്രമിച്ചത്‌. എന്നാല്‍ ആ മൂല്യബോധം പിന്‍പറ്റേണ്ട ഇളമുറക്കാര്‍ അതില്‍ എത്ര ശതമാനം നീതി പുലര്‍ത്തുന്നുണ്ട്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌.

രാഷ്ട്രീയവും സാമൂഹികവുമായ ഒരു നവലോകത്തെ സംബന്ധിച്ച അടിസ്ഥാന സങ്കല്‍പം തന്നെ കൈമോശം വന്ന ഒരു ജനതയ്‌ക്ക്‌ ശിഥിലവും താല്‍ക്കാലികവുമായ താല്‍പര്യങ്ങളില്‍ അഭിരമിക്കേണ്ടി വരുന്നുണ്ട്‌. അതിജീവനത്തിന്റെ യഥാര്‍ത്ഥ പ്രേരണ അവര്‍ക്ക്‌അജ്ഞാതമാണ്‌. എന്തിനു വേണ്ടി ജീവിക്കുന്നു എന്ന ചോദ്യത്തിന്‌ മുന്‍പൊക്കെ ഉത്തരമുണ്ടായിരുന്നു. മനുഷ്യരുടെ വിമോചനം, സോഷ്യലിസം, ദേശീയത, മോക്ഷം ഇവയൊക്കെ ഉത്തരങ്ങളായിരുന്നു. ഒരു ജീവിതരീതിയുടെ നിര്‍ബന്ധമായി ഈ ഉത്തരങ്ങള്‍ അവര്‍ കാത്തുസൂക്ഷിക്കാറുമുണ്ടായിരുന്നു. മോക്ഷപ്രാപ്‌തിക്കു വേണ്ടി ജീവിക്കുന്ന ഒരു മതവിശ്വാസി അനുഷ്‌ഠിക്കേണ്ടതും, അനുഷ്‌ഠിക്കരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ നിബന്ധനകളുണ്ടായിരുന്നു. ലക്ഷ്യമുള്ള മനുഷ്യര്‍ക്ക്‌ നിഷ്‌ഠകളുണ്ട്‌. ലക്ഷ്യം നഷ്‌ടപ്പെടുന്ന ഘട്ടം വരുമ്പോള്‍ നിഷ്‌ഠകളില്‍ നിന്നും മനുഷ്യന്‍ വേറിട്ടു പോകും. ഈ വേറിടല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായിത്തീരുകയും ഓരോന്നിലും താല്‍ക്കാലികമായ യുക്തികളുണ്ടാക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും. പരിഹാരം പുരോഗമനപരവും മതനിരപേക്ഷവുമായ ഒരു ലോകവീക്ഷണവും അതിന്റെ ധീരമായ പ്രയോഗവും മാത്രമാണ്‌.

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )