Article POLITICS

ഇടതുപക്ഷ രാഷ്‌ട്രീയം പ്രതിസന്ധിയില്‍

സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ജനങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹവും ദുരന്തപൂര്‍ണവുമായിത്തീരുകയാണ്‌. മണ്ണില്‍നിന്നും തൊഴിലില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. സാമൂഹിക സുരക്ഷയുടെയും സ്വാശ്രയത്വത്തിന്റെയും ധാര്‍മികതയുടെയും അദൃശ്യവലയങ്ങള്‍ പിഞ്ഞിപ്പോയിരിക്കുന്നു. ദയാരഹിതമായ കോര്‍പ്പറേറ്റു മത്സരങ്ങളുടെ ദല്ലാളന്മാരായി ഭരണകൂടങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. ഭരണനേതൃത്വങ്ങള്‍ അഴിമതികളിലും ധാര്‍മികച്യുതികളിലും മുങ്ങി നിറംകെടുക മാത്രമല്ല, ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹത്തായ മൂല്യങ്ങളാകെ മൂലധനമൂര്‍ത്തികള്‍ക്കുമുന്നില്‍ പണയപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഇടതുപക്ഷരാഷ്‌ട്രീയത്തെയാണ്‌ ജനങ്ങള്‍ പ്രതീക്ഷയോടെ ശ്രദ്ധിക്കുന്നത്‌. അവിടത്തെ സ്ഥിതിയാകട്ടെ, അതീവ ഗുരുതരവുമാണ്‌. പ്രധാനമായും നാലായി മുറിഞ്ഞു കിടപ്പാണ്‌ നമ്മുടെ ഇടതുപക്ഷം. ഭരണ – സമര നയങ്ങളുള്ള മുഖ്യധാരാ ഇടതുപക്ഷം, ഭരണരംഗത്തേക്ക്‌ എത്തിനോക്കിയിട്ടില്ലാത്ത സമരതീവ്ര ഇടതുപക്ഷം, മേല്‍പറഞ്ഞ രണ്ടിന്റെയും സൈദ്ധാന്തികവും പ്രായോഗികവുമായ വ്യതിയാനങ്ങള്‍ക്കും പിശകുകള്‍ക്കുമെതിരെ പൊരുതിപ്പിരിഞ്ഞ ചിതറിക്കിടക്കുന്ന ഇടതുപക്ഷം, വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കകത്തെ മാനസിക ഇടതുപക്ഷം എന്നിവയാണവ.
ഭരണവും സമരവുമെന്ന ദ്വിമുഖ കൗശലം, നിയമനിര്‍മാണസഭകളിലും ഭരണത്തിന്റെ വ്യത്യസ്‌ത തുറകളിലും വര്‍ഗസമരത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുവെക്കാനും ചൂഷിത ജനവിഭാഗങ്ങളുടെ സമരശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താനും സഹായകമാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്‌. ആദ്യഘട്ടത്തില്‍ ആ നിലപാടിന്റെ വിജയം രാജ്യത്തെയാകെ ജനങ്ങളെയും വലതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും വിസ്‌മയിപ്പിച്ചിരുന്നു. പതുക്കെപ്പതുക്കെ ഭരണം സമരത്തെ വിഴുങ്ങി. ഭരണനയങ്ങള്‍ക്കനുകൂലമായി സമരനിലപാടുകള്‍ പൊളിച്ചെഴുതാമെന്നായി. ഏറെക്കുറെ കുറ്റമറ്റ പരിപാടിയും ശ്രദ്ധേയമായ പ്രായോഗിക സമര – സംഘടനാ സംവിധാനങ്ങളുമുണ്ടായിരുന്ന സി.പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍, മാറിയ ചെരിപ്പിനനുസരിച്ചു കാലു മുറിക്കാനാരംഭിച്ചു. 2000 ഒക്‌ടോബറിലെ പരിപാടി ഭേദഗതി അപ്രകാരത്തിലുണ്ടായതാണ്‌.
നവഉദാരവത്‌ക്കരണ നയങ്ങളുടെ ശക്തരായ വിമര്‍ശകരാകുമെന്ന്‌ ജനങ്ങള്‍ പ്രതീക്ഷിച്ച മുഖ്യധാരാ ഇടതുപക്ഷം അതിന്റെ നടത്തിപ്പുകാരായി വേഷം മാറി. കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവോ കമ്യൂണിസ്റ്റുകാരനോ ആയിട്ടില്ലാത്ത ഹ്യൂഗോ ഷാവേസുപോലും സാമ്രാജ്യത്വ സാമ്പത്തികാതിക്രമങ്ങള്‍ക്കെതിരെ പുലര്‍ത്തിയ ജാഗ്രതയും പ്രതിരോധവും ഇക്കൂട്ടരില്‍നിന്നുണ്ടായില്ല. (ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ തീര്‍ച്ചയായും കണക്കിലെടുക്കണം) സ്ഥിരലക്ഷ്യം കൈവരിക്കാനുള്ള സമരശേഷി താല്‍ക്കാലിക ഭരണത്തിനുവേണ്ടി കൈവിട്ടുകൂടാ എന്നെങ്കിലും അവര്‍ ചിന്തിച്ചില്ല. കൂറ്റന്‍ കോര്‍പ്പറേറ്റുകള്‍ ദേശീയപാതകള്‍ കയ്യേറി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ മുഖ്യമന്ത്രിക്കുപോലും ബിഒടി പൂര്‍ണമായും ശരിയല്ലെന്നു പറയേണ്ടി വന്നിരിക്കുന്നു. എന്നാല്‍ മുഖ്യധാരാ ഇടതുപക്ഷത്തിനു സ്വകാര്യവല്‍ക്കരണ അജണ്ട തള്ളിക്കളയാനാവുന്നില്ല. മൂലധനതാല്‍പ്പര്യങ്ങളുടെയും സാമ്പ്രദായിക സമരാനുഷ്‌ഠാനങ്ങളുടെയും വരേണ്യമൂല്യവ്യവസ്ഥകളുടെയും നടത്തിപ്പുകാരോ പുനരുത്‌പ്പാദകരോ ആയി വലിയ ഇടതുപക്ഷം ചുരുങ്ങുകയാണ്‌. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ചൂഷകശക്തികളുടെ നീരാളിക്കൈകള്‍ നീണ്ടെത്തുമ്പോള്‍ സര്‍ക്ക#ാര്‍ വിരുദ്ധ വികാരത്തിനു തീപ്പിടിക്കുന്നുണ്ട്‌. വിലക്കയറ്റം മുതല്‍ പങ്കാളിത്ത പെന്‍ഷന്‍വരെയുള്ള വിഷയങ്ങളില്‍ ഘടനാപരമായ സാമ്രാജ്യത്വ പരിഷ്‌ക്കാരങ്ങളാണ്‌ ഒളിഞ്ഞും തെളിഞ്ഞും ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത്‌. ആ പരിഷ്‌ക്കാരങ്ങളുടെ നടത്തിപ്പുകാരാവുകയല്ല,ഫലപ്രദമായ ബദല്‍ അവതരിപ്പിക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യത്തിലും ജനപിന്തുണ നേടാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല.
ഭരണത്തിന്റെ ഭാഗമായിട്ടില്ലാത്ത സി.പി.ഐ.എം.എല്‍ പോലെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളാകട്ടെ, വളരാന്‍ ഭയന്നു നില്‍ക്കുന്നു. പത്തുപേര്‍ ചേര്‍ന്നാല്‍ കനത്ത ആശയസംവാദമായി. പിളര്‍പ്പായി. പ്രത്യയശാസ്‌ത്ര വിശുദ്ധിയുടെ പ്രശ്‌നമായതിനാല്‍ കഠിനസമരങ്ങളില്‍പ്പോലും ആരെയും തൊടാതെ നോക്കണം. ഒറ്റയ്‌ക്കൊറ്റയ്‌ക്കു മുന്നേറണം. വേണ്ടവര്‍ക്കക്കെല്ലാം പിറകില്‍ കയറാം. വലിയ ഇടതുപക്ഷം പ്രത്യയശാസ്‌ത്രത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്‌തും ബഹുജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തീവ്ര ഇടതുപക്ഷം ബഹുജനങ്ങളിലല്ല കാര്യം പ്രത്യയശാസ്‌ത്രത്തിലാണെന്നു ശഠിക്കുന്നു. പരിമിതമായ സംഘടനാശേഷിവച്ചും ജനകീയ പ്രശ്‌നങ്ങളില്‍ അവര്‍ ധീരമായി ഇടപെടുന്നുമുണ്ട്‌.
പ്രത്യയശാസ്‌ത്രം വേണം ജനകീയ പ്രയോഗവും വേണം എന്ന നിലപാടിലായിരുന്നു സി.പി.എം വിട്ടവര്‍ സംഘടിച്ചുതുടങ്ങിയത്‌. പല കാലങ്ങളില്‍ എം.എല്‍ വിട്ടുപോന്ന പലര്‍ക്കും ഇതേ അഭിപ്രായമുണ്ടായിരുന്നു. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വെളിച്ചത്തില്‍ ഒരു വിശാലജനാധിപത്യ പ്രസ്ഥാനം എന്ന അജണ്ട മുന്നോട്ടുവച്ചുകൊണ്ടാണ്‌ അധിനിവേശ പ്രതിരോധ സമിതിയും ഇടതുപക്ഷ ഏകോപനസമിതിയും സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. ജനകീയസമരങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കത്തെ തിരിച്ചറിഞ്ഞുള്ള ഇടപെടല്‍രീതി വികസിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ മുന്‍പറഞ്ഞ രണ്ടുകൂട്ടരുടെ അനുഭവങ്ങളുടെയും ആചാരങ്ങളുടെയും നിഴലില്‍നിന്നു മുക്തി നേടാന്‍ നേതൃത്വത്തിലെ പലര്‍ക്കും കഴിഞ്ഞില്ല. സി.പി.എമ്മിന്റെ ഛായയില്‍ മറ്റൊരു പാര്‍ട്ടി എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി. അതു പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയാവില്ലല്ലോ. സമാന സാഹചര്യത്തില്‍ വി.ബി.ചെറിയാന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട പാര്‍ട്ടിയോടും പരിപാടിയോടും എങ്ങനെ വിയോജിക്കുന്നു എന്നു വ്യക്തമാക്കുകയെങ്കിലും വേണം. മറ്റു സംസ്ഥാനങ്ങളില്‍ സി.പി.എം വിട്ടവരും വേറൊരു പാര്‍ട്ടി വേണം എന്ന ചിന്തയിലാണ്‌. സി.പി.എം വിരോധംകൊണ്ടുമാത്രം ഒരഖിലേന്ത്യാ പാര്‍ട്ടി രൂപീകരിക്കാനാവില്ല. സി.പി.എം മൂല്യങ്ങളില്‍ നില്‍ക്കുന്നവര്‍ക്കു വേറെയൊരു പാര്‍ട്ടിയുടെ കാര്യവുമില്ല. സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന ഇതരസംഘങ്ങളുമായി (ഉദാ. തളിക്കുളം സി.പി.എം) ഒരു പൊതുനിലപാടില്‍ ഐക്യപ്പെടാന്‍പോലും അവര്‍ക്കാവുന്നില്ല. പുതിയ സാഹചര്യവും പുതിയ നയവും പൊതുചര്‍ച്ചക്കുവച്ചുകൊണ്ടേ ആര്‍.എം.പിക്കും മുന്നോട്ടു പോകാനാകൂ.
നാലാമത്തെ വിഭാഗം ദേശീയ പ്രസ്ഥാനത്തിന്റെ കാലംതൊട്ടേ വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവധാരയായുണ്ടായിരുന്ന ഒരു ഇടതുപക്ഷമാണ്‌. വലതു രാഷ്‌ട്രീയവും മുതലാളിത്ത സമ്പദ്‌ഘടനയും അകപ്പെടുന്ന പ്രതിസന്ധികളില്‍ ഒരു രാസത്വരകത്തിന്റെ സഹായമാണ്‌ അതു നിര്‍വ്വഹിച്ചുപോന്നത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വീണ്ടും അത്തരമൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍, ഇടതുപക്ഷാനുഭാവത്തിന്റെ കുപ്പായമണിയാന്‍ ചില നേതാക്കളൊക്കെ ശ്രമിക്കുന്നുണ്ട്‌..നെഹ്‌റുവിയന്‍ നയങ്ങള്‍ കടലിലെഞ്ഞവരാണ്‌ ഇടതുപക്ഷ ധാരയുടെ വക്താക്കളായി ചമയുന്നത്‌. നേതൃഗണത്തിലല്ല അവര്‍ക്കു പിറകിലെ ദുരിതംപേറുന്ന ജനസഹസ്രങ്ങളിലാണ്‌ ആ ധാരയുടെ ശേഷിപ്പുള്ളത്‌. അക്കൂട്ടരാണ്‌ ദ്വിദിന അഖിലേന്ത്യാ പണിമുടക്കു വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്‌.
ചുരുക്കത്തില്‍, ആഗോളവല്‍ക്കരണകാലത്തെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭിന്നാനുഭവങ്ങള്‍ ഓരോ പ്രസ്ഥാനത്തിനകത്തും പുറത്തും ഗൗരവതരമായ തുടരന്വേഷണത്തിന്റെ ഊര്‍ജ്ജമായിത്തീരേണ്ടതുണ്ട്‌. വിപുലമായ സമരൈക്യവും സൂക്ഷ്‌മവും സൗഹാര്‍ദപൂര്‍ണവുമായ സംവാദവുമെന്ന നിലപാടിലേക്കു വികസിക്കണം. കീഴാള ചൂഷിത ജനവിഭാഗങ്ങളെ പരിഗണിക്കുന്ന ജനകീയ ജനാധിപത്യത്തിന്റെ സംസ്ഥാപനമായിരിക്കുമല്ലോ പ്രാഥമിക ലക്ഷ്യം. സാമ്പത്തിക-സൈനിക-സാംസ്‌ക്കാരിക സാമ്രാജ്യത്വത്തെയും അതിന്റെ ദല്ലാളന്മാരെയുമാണ്‌ നേരിടാനുള്ളത്‌.

4 ഏപ്രില്‍ 2013

6 അഭിപ്രായങ്ങള്‍

 1. പൊതു എന്ന വാക്ക് നഷ്ടപെടുന്ന കാലത്ത് …. പൊതു ജനങ്ങൾ ഇല്ലാതാകുന്ന കാലത്ത് പ്രത്യയശാസ്‌ത്ര വിശുദ്ധി നിലനിർത്തുക എളുപ്പമല്ലല്ലോ , അപ്പോൾ നമുക്ക് അടിസ്ഥാന സംഘടനകളുടെ , സ്വ്രശ്രയ സംഘങ്ങളുടെ രൂപീകരണം ആവശ്യമല്ലേ ? ആർത്തി പൂണ്ട് വാങ്ങികുട്ടുന്ന ജനങ്ങളെ കുത്തകകളെ മനസിലാക്കുന്നതിനോടൊപ്പം സ്വ്രശ്രയ സംഘങ്ങളുടെ സാധ്യത ബോധാവല്ക്കരിക്കെണ്ടേ ?കമ്മ്യൂണിസ്റ്റുകാർ മിതത്വ ജീവിതത്തിന് ഭാഗമാവണ്ടേ ? പൊതു വാഹങ്ങൾ തുടങ്ങി എല്ലാം പൊതു ഉപയോഗിക്കേണ്ടെ ? സാമൂഹിക സമത്വത്തിന്റെ ഭാഗമായല്ലേ പ്രത്യയശാസ്‌ത്ര വിശുദ്ധി നിലനിർത്തുക സാധ്യമാവുകായുള്ളൂ ?

  Like

 2. 1. “സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍” എന്നു പറഞ്ഞാണ് തുടങ്ങുന്നത്. ഉദാരവല്‍ക്കരണം തുടങ്ങുന്നത് ഇന്ത്യയില്‍ 1992 ലാണ്. അപ്പോള്‍ രണ്ടു ദശകമല്ലേ ആയുള്ളൂ?

  2. “ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഇടതുപക്ഷരാഷ്‌ട്രീയത്തെയാണ്‌ ജനങ്ങള്‍ പ്രതീക്ഷയോടെ ശ്രദ്ധിക്കുന്നത്‌. അവിടത്തെ സ്ഥിതിയാകട്ടെ, അതീവ ഗുരുതരവുമാണ്‌.” ഇത് അംഗീകരിക്കുന്നു. എന്നാല്‍ ഈ ഇടതുപക്ഷ രാഷ്ട്രീയ പ്രതിസന്ധിയെ ഗൗരവമായി സമീപിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. വെറുമൊരു ഉദാഹരണത്തിന്, ഒരു കാര്യം പറയാം. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ തിരിച്ചടിയെ ഈ ലേഖനത്തില്‍ ഒന്നു പരാമര്‍ശിക്കുക പോലും ചെയ്യുന്നില്ല.

  3. നാലു ഇടതുപക്ഷ വിഭാഗം എന്നെല്ലാം പറയുന്നത് തങ്ങളുടെ സൗകര്യത്തിനനുസരിച്ചാണ്. ഇങ്ങനെയാണ് വിഭജനം നടത്തിയിരിക്കുന്നത്: “ഭരണ – സമര നയങ്ങളുള്ള മുഖ്യധാരാ ഇടതുപക്ഷം, ഭരണരംഗത്തേക്ക്‌ എത്തിനോക്കിയിട്ടില്ലാത്ത സമരതീവ്ര ഇടതുപക്ഷം, മേല്‍പറഞ്ഞ രണ്ടിന്റെയും സൈദ്ധാന്തികവും പ്രായോഗികവുമായ വ്യതിയാനങ്ങള്‍ക്കും പിശകുകള്‍ക്കുമെതിരെ പൊരുതിപ്പിരിഞ്ഞ ചിതറിക്കിടക്കുന്ന ഇടതുപക്ഷം, വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കകത്തെ മാനസിക ഇടതുപക്ഷം എന്നിവയാണവ.” ഇന്ത്യന്‍ പാര്‍ലമെന്റിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന ഈ വിഭജനം വലതുപക്ഷത്തിന്റേതാണ്.

  കൂടുതല്‍ ചരിത്രപരവും വസ്തുനിഷ്ഠവുമായ വിഭജനത്തിലേക്ക് കടക്കേണ്ടതുണ്ട് . ചിലത് സൂചിപ്പിക്കുന്നു :
  1. രണ്ടാം ഇന്റര്‍നാഷണലിന്റെ പാരമ്പര്യത്തിലുള്ളവ (വിവിധ സോഷ്യലിസ്റ്റു വിഭാഗങ്ങള്‍),
  2. ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷ ധാര (ഫോര്‍വേഡ് ബ്ലോക്ക് , ആര്‍എസ് പി, സുസി പോലുള്ളവ)
  3. നാലാം ഇന്റര്‍നാഷണല്‍ (ട്രോട്സ്കിയിസ്റ്റ് )ധാര
  ഇവയ്ക്കെല്ലാമെതിരെ ഇന്ത്യയിലെ ഇടതുപക്ഷത്തെ കോമിന്റെണ്‍ ധാരയില്‍ പ്രാധാനമായും ഉറപ്പിക്കാനായി എന്നതാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളുടെ എടുത്തു പറയാവുന്ന നേട്ടം. ഈ ധാരയില്‍ പ്രധാനമായും മൂന്നു വിഭാഗമുണ്ട്:
  1. റഷ്യന്‍ അനുകൂല റിവഷനിസ്റ്റു പക്ഷം (സിപിഐ)
  2. ഇതിനു വിരുദ്ധമായ മധ്യസ്ഥ പക്ഷം (സിപിഎം)
  3. ചൈനീസ് അനുകൂല എം എല്‍ പക്ഷം (സിപിഐഎംഎല്‍)
  ഇതില്‍ എം എല്‍ വിഭാഗം ശിഥിലമായി. Regrouping ല്‍ മൂന്നു വിഭാഗത്തെ പ്രധാനമായി പരിഗണിക്കാം.
  1. മവോയിസ്റ്റ് ധാര
  2. ബീഹാറിലെ ലിബറേഷന്‍ ധാര
  3. കേരളത്തിലെ റെഡ് സ്റ്റാര്‍/റെഡ് ഫ്ളാഗ് ധാര.

  ഇതില്‍ ആസാദ്, സിപിഎം പക്ഷത്തുനിന്നും പുറത്തുപോയി അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.
  അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്: “ഏറെക്കുറെ കുറ്റമറ്റ പരിപാടിയും ശ്രദ്ധേയമായ പ്രായോഗിക സമര – സംഘടനാ സംവിധാനങ്ങളുമുണ്ടായിരുന്ന സി.പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍, മാറിയ ചെരിപ്പിനനുസരിച്ചു കാലു മുറിക്കാനാരംഭിച്ചു. 2000 ഒക്‌ടോബറിലെ പരിപാടി ഭേദഗതി അപ്രകാരത്തിലുണ്ടായതാണ്‌.” എന്നുവെച്ചാല്‍ സിപിഎം ധാരയിലെങ്കിലും ആ പാര്‍ട്ടിയില്‍ നിന്ന് പുറത്താണ്. ഈ അവസ്ഥയില്‍ മുമ്പിലുള്ള മാര്‍ഗ്ഗങ്ങളാണ് പരിശോധിക്കുന്നത്. പിന്നീട് നോക്കുന്നത് , സി.പി.ഐ.എം.എല്‍ എന്ന് പ്രസ്ഥാനത്തിന്റെ സാധ്യതയാണ്. പക്ഷെ ആളില്ല. മറിച്ച് കടുത്ത പ്രത്യയശാസ്ത്ര സമരത്തിന്റെ ഭാരവുമുണ്ട്. പിന്നെ അധിനിവേശ പ്രതിരോധ സമിതി, ഇടതുപക്ഷ ഏകോപനസമിതി, വി.ബി.ചെറിയാന്റെ ഗ്രൂപ്പ്, തളിക്കുളം സി.പി.എം, ആര്‍ എം പി തുടങ്ങിയ സിപിഎം വിട്ട ഗ്രൂപ്പുകളുടെ രാഷ്ട്രീയ പ്രതിസന്ധിയാണ് പരിശോധിക്കുന്നത്. ഇതാണ് മൊത്തം ഇടതുപക്ഷ രാഷ്ട്രീയ പ്രതിസന്ധിയായി അവതരിപ്പിക്കുന്നതും.

  ആസാദിനെ പ്പോലുള്ളവര്‍ ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയും വ്യാപ്തിയും കൂടുതല്‍ വിശാലാടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. അതേക്കുറിച്ച് പിന്നീട് ഒരവസരത്തില്‍ പ്രതികരിക്കാം.
  – ടി ജയരാജന്‍

  Like

 3. ആസാദിന്റെ രാഷ്ട്രീയഭൂമിക എന്നു പറയുന്നത്, സിപി‌എം വിമര്‍ശനമാണ്. എന്നാല്‍ സിപി‌എമ്മില്‍ നിന്ന് എത്രത്തോളം വിഭിന്നമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് ചോദിച്ചാല്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് കാണാനാവും. സിപി‌എം വിട്ടവരില്‍ എംവി രാഘവന്‍, കെ ആര്‍ ഗൌരി എന്നിവര്‍ മടക്കത്തിന്റെ സൂചനകള്‍ നല്‍കുന്നു. ഈയടുത്ത് വിട്ടവരില്‍ ഷൊര്‍ണ്ണൂരിലെ എം ആര്‍ മുരളിയും തിരിച്ചു പോകുന്നതായി സൂചനകള്‍ തന്നു. വി ബി ചെറിയാനെയും പാര്‍ട്ടി തിരിച്ചെടുക്കുമായിരുന്നു. എന്തിനധികം, ടിപി വധത്തിനു ശേഷം, സിപി‌എം നേതാക്കളുടെ വെളിപ്പെടുത്തല്‍, ആര്‍‌എം‌പിയെ തിരികെ കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ്. ഇതിനാധാരമായ ഒരു നിലപാടായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്, ഒരേ പാര്‍ട്ടി പരിപാടിയില്‍ രണ്ടു പാര്‍ട്ടികളായി നിലനില്‍ക്കുന്നതില്‍ ഔചിത്യമില്ല എന്നതായിരുന്നു. ഈ നിലപാട് ശരിതന്നെയുമാണ്. നമുക്ക് പരിശോധിക്കുവാനുള്ളത്, ആസാദിന്റെ സിപി‌എം വിമര്‍ശനത്തിന് കാതലുണ്ടോ എന്ന കാര്യമാണ്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മൊത്തം പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിന് അതിനു കെല്‍പ്പുണ്ടോ എന്നതുമാണ്.

  എന്താണ് ആസാദിന്റെ പ്രധാന സിപി‌എം വിമര്‍ശനനങള്‍?

  പ്രധാനപ്പെട്ട വിമര്‍ശനം 2000 ഒക്ടോബറില്‍ തിരുവനന്തപുരത്തുവെച്ചു നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്തത് സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാരില്‍ മുഖ്യകക്ഷിയല്ലെങ്കിലും പങ്കെടുക്കാം, വിദേശമൂലധനം അനുവദിക്കാം, വിപ്ലവം നടന്നാലും വിദേശമൂലധനം കണ്ടുകെട്ടില്ല, വിവിധ തരത്തിലുള്ള സ്വത്തുടമസ്ഥതകള്‍ തുടരും, വിപ്ലവാനന്തരം ബഹുകക്ഷിസംവിധാനം തുടരും, തുടങ്ങിയ രീതിയിലുള്ള ഭേദഗതികളാണ് ഉണ്ടായത്. ഈ ഭേദഗതികള്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1992ല്‍ ചെന്നൈയിലെ പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് 2000ലെ ഭരണഘടനാഭേദഗതി ഉണ്ടായത്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയെ വിശകലനം ചെയ്യുന്ന 1992 ലെ രേഖയെക്കുറിച്ച് ആസാദിന് വിമര്‍ശനമുണ്ടോ? ഇതുവരെ പ്രകടിപ്പിച്ചുകണ്ടിട്ടില്ല. അതായത്, 2000ലെ ഭേദഗതിക്ക് നിദാനമായ കാര്യങ്ങളെ ക്കുറിച്ചും അതിന് പാര്‍ട്ടി നല്‍കിയ വിശദീകരണങ്ങളെക്കുറിച്ചും കാര്യമായ വ്യത്യസ്താഭിപ്രായങ്ങള്‍ 2000 നു ശേഷം പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ചിട്ടില്ലെന്ന് സിപി‌എം ചൂണ്ടിക്കാട്ടുന്നു. ഇത് ആസാദിനെപ്പോലുള്ളവരെ വിലയിരുത്തുമ്പോള്‍ ഗൌരവത്തിലെടുക്കേണ്ട കാര്യമാണ്.

  രണ്ടാമത്തെ വിമര്‍ശനമേഖല ഇത്തരത്തിലാണ് : “നവഉദാരവത്‌ക്കരണ നയങ്ങളുടെ ശക്തരായ വിമര്‍ശകരാകുമെന്ന്‌ ജനങ്ങള്‍ പ്രതീക്ഷിച്ച മുഖ്യധാരാ ഇടതുപക്ഷം അതിന്റെ നടത്തിപ്പുകാരായി വേഷം മാറി. … മുഖ്യധാരാ ഇടതുപക്ഷത്തിനു സ്വകാര്യവല്‍ക്കരണ അജണ്ട തള്ളിക്കളയാനാവുന്നില്ല. മൂലധനതാല്‍പ്പര്യങ്ങളുടെയും സാമ്പ്രദായിക സമരാനുഷ്‌ഠാനങ്ങളുടെയും വരേണ്യമൂല്യവ്യവസ്ഥകളുടെയും നടത്തിപ്പുകാരോ പുനരുത്‌പ്പാദകരോ ആയി വലിയ ഇടതുപക്ഷം ചുരുങ്ങുകയാണ്‌.“ ഈ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ വെക്കണമെന്നാണ് ആസാദിന്റെ ആവശ്യം.

  ആസാദോ ഒപ്പമുള്ളവരോ മുന്നോട്ടുവെക്കുന്ന ബദല്‍ എന്താണ്? അങ്ങനെ എന്തെങ്കിലും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ടോ? അതും സിപി‌എം മുന്നോട്ടുവെക്കുന്നതില്‍ നിന്ന് വിഭിന്നമായി? അങ്ങനെയൊന്നുമില്ല.

  ഇടതുപക്ഷരാഷ്ട്രീയം ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭൂമികയിലേക്ക് ആസാദ് കടക്കുന്നില്ല എന്നതാണ് സത്യം. മറിച്ച് ആ പ്രതിസന്ധിയുടെ ഭൂമികയിലാണ് ആസാദും ആസാദിന്റെ സിപി‌എം വിമര്‍ശനവും സിപി‌എമ്മും. അതുപോലെ, ഈ പ്രതിസന്ധിയുടെ സൃഷ്ടിയാണ് ആസാദും സിപി‌എമ്മും തമ്മിലുള്ള അകള്‍ച്ച.

  ഇവിടെ വിഷയീഭവിക്കുന്ന പൊതു ഇടതുപക്ഷരാഷ്ട്രീയപ്രതിസന്ധികളില്‍ ചിലത് ഏതെല്ലാമാണെന്ന് നോക്കാം.

  ഒന്ന്, ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ ഒന്നൊഴിയാതെ പരാജയപ്പെട്ടു എന്നതാണ്. പ്രയുക്ത സോഷ്യലിസത്തിന്റെ പരാജയകാരണങ്ങള്‍ എന്തെല്ലാമാണ്?

  1992ലെ സിപി‌എം രേഖ പറയുന്നത്, സോഷ്യലിസം നടപ്പാക്കുന്ന പദ്ധതി ചരിത്രത്തില്‍ മുന്നനുഭവങ്ങളില്ലാത്തതും “uncharted” ആണെന്നുമാണ്. അതില്‍ റഷ്യയിലെയും യൂറോപ്പിലെയും പാര്‍ട്ടികള്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തി. മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഒരു വിലയിരുത്തലാണിത്. ഒരു വശത്ത് നമ്മള്‍ കാണേണ്ടത്, ഈ “ഗുരുതരമായ വീഴ്ചകള്‍” തിരുത്തുന്നതിനുള്ള യാന്ത്രികമായ നടപടികള്‍ പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കി എന്നതാണ്. ‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ഇല്ല’ തുടങ്ങിയ തെറ്റായ രോഗനിര്‍ണ്ണയങ്ങള്‍ നടത്തി ( ബോള്‍ഷെവിക് സംഘടനാസംവിധാനം ശ്വാശതമാണെന്ന അഭിപ്രായം എനിക്കില്ല കേട്ടോ) യാന്ത്രികമായി പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പും തുടര്‍ന്ന് ബൂര്‍ഷ്വാ പാര്‍ട്ടികളുടേതുപോലുള്ള ഗ്രൂപ്പും ആരംഭിച്ചു. ഇതു സൃഷ്ടിച്ച നാടകമാണല്ലോ ദിനേന നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള ബൂര്‍ഷ്വാസങ്കല്പങ്ങളാണ് 2000 ലെ പാര്‍ട്ടി ഭേദഗതികളില്‍ പ്രതിഫലിപ്പിക്കുന്നത്. പദ്ധതീകൃതമാണ് സോഷ്യലിസം നടപ്പാക്കുന്നത് എന്നു പറയുന്ന തരത്തിലുള്ള അജ്ഞതയും മാര്‍ക്സിസ്റ്റ് വിരുദ്ധതയും 1992ലെ രേഖയിലുണ്ട്.
  മറുവശത്ത് നമ്മള്‍ കാണേണ്ട കാര്യം സിപി‌എമ്മിനെ 1992ലെ രേഖയിലെത്തിച്ചത് അതിന്റെ നിയോ റിവിഷനിസമായിരുന്നു എന്ന വസ്തുതയാണ്. കുരങ്ങന്‍ മനുഷ്യനാവുകയെന്നതല്ലാതെ, മനുഷ്യന്‍ കുരങ്ങനാവില്ലെന്നും സോഷ്യലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് തിരിച്ചുപോക്കില്ലെന്നും ഇഎം‌എസിനെക്കൊണ്ട് പറയിച്ചതും പെരിസ്ട്രോയിക്ക-ഗ്ലാസ്നോസ്ത് എന്നിവയെ പിന്തുണപ്പിക്കുന്നതും ഈ നിയോ റിവിഷനിസമായിരുന്നു. പ്രത്യേകിച്ച് ക്രൂഷ്ചേവ് മുതലാരംഭിച്ച റിവഷനിസ്റ്റ് മുതലാളിത്തവല്‍ക്കരണനടപടികളെ വിമര്‍ശിക്കാന്‍ സിപി‌എം തയ്യാറായിരുന്നില്ല.

  പ്രയുക്ത സോഷ്യലിസത്തിന്റെ പരാജയകാരണങ്ങളെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇന്നു വന്നുകൊണ്ടിരിക്കുന്നു. നേഷന്‍ സ്റ്റേറ്റ് വ്യവസ്ഥ എന്നത് ഒരു മുതലാളിത്ത ഉല്പന്നമാണെന്നും അതിനുള്ളിലെ പണവിനിമയ വ്യവസ്ഥ സോഷ്യലിസ്റ്റ് രാജ്യത്തിനുള്ളിലും മുതലാളിത്തത്തെയാണ് പുനരുല്‍പ്പാദിപ്പിക്കുകയെന്നുമുള്ള നിരീക്ഷണങ്ങള്‍ പുതുതായി ഉണ്ട്.

  കൂടുതല്‍ തുറന്നതും സ്വതന്ത്രവും അടിമുടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതും സാമ്യൂഹ്യ സുരക്ഷിതത്വം ഉറപ്പിക്കപ്പെട്ടതും സുഭിക്ഷയുള്ളതുമായ സമൂഹഘടനയാണ് നാം സോഷ്യലിസത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രയുക്തസോഷ്യലിസം ഇതിന്റെ എതിര്‍ദിശയിലാണ് നീങ്ങിയത്. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുക എന്നത് 21ആം നൂ‍റ്റാണ്ടിലെ സോഷ്യലിസ്റ്റ് ബദലിന് ഏറ്റവും അനിവാര്യമാണ് .

  ആസാദോ സിപി‌എമ്മോ ഈ വഴിയിലല്ല എന്നുള്ളത് നൂറുതരം ഉറപ്പാണല്ലോ.

  രണ്ടാമത്തെ വിഷയം നോക്കാം: ആഗോളവല്‍ക്കരണത്തെ ശരിയായി വിലയിരുത്താന്‍ ഇടതുപക്ഷത്തിന്‍ കഴിയുന്നുണ്ടൊ എന്നുള്ളതാണ്.

  ഇല്ല എന്നതാണ് അതിന്റെ മുന്നിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി. നമ്മുടെ വിമര്‍ശനങ്ങളിലിപ്പോഴും നാം പറയുന്നത്, നിയോ ലിബറല്‍ പോളിസികള്‍ എന്നാണ്. അതായത് ഒരു കൂട്ടം നയങ്ങള്‍ എന്നര്‍ത്ഥത്തില്‍. അതും നമ്മള്‍ സമരം ചെയ്ത് മന്മോഹനെകൊണ്ട് തിരുത്തിക്കാവുന്ന നയങ്ങള്‍.

  കാള്‍ കൌട്സ്കി, സാ‍മ്രാജ്യത്ത്വത്തെ വിളിച്ചത്, മുതലാളിത്തത്തിന്റെ നയങ്ങളായിട്ടാണ്. ലെനിനാണ് അന്നത്തെ ഫൈനാന്‍സ് മൂലധനത്തിന്റെ ചലനങ്ങളെ പഠിച്ച ശേഷം അത് മുതലാളിത്തത്തിന്റെ ഉയര്‍ന്നഘട്ടമാണെന്നു വിലയിരുത്തിയത്. ആഗോളവല്‍ക്കരണത്തെ സാമ്രാജ്യത്വത്തിന്റെ ഒരു വളര്‍ച്ചാഘട്ടം ആയിട്ടുതന്നെ വിലയിരുത്തണം. എന്നാല്‍ കോഴിക്കോട്ട് നടന്ന സിപി‌എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ്, ലെനിന്‍ മുന്നോട്ടുവെച്ച ഫ്രെയിം വര്‍ക്കിനകത്താണ് ഇന്നത്തെ സാമ്രാജ്യത്വ വികാസങ്ങളെല്ലാം നടക്കുന്നതെന്ന് പറഞ്ഞ് ആഗോളവല്‍ക്കരണകാലത്തെ ശരിയായി മനസ്സിലാക്കുന്നതിനോട് മുഖം തിരിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.

  മൂന്നാമത്തെ വിഷയം, ആഗോളവല്‍ക്കരണത്തിനു ഇടതുപക്ഷം എന്തു ബദലാണ് മുന്നോട്ടുവെക്കുന്നതെന്നാണ്?
  പഴയ സംരക്ഷിത ക്ഷേമ ദേശരാഷ്ട്രം തന്നെയാണ് സിപി‌എമ്മിന്റെ കൈയിലുള്ളത്. ആഗോളവല്‍കൃതലോകം ഇത് അപ്രായോഗികമാക്കിയിട്ടുണ്ട് എന്നു മാത്രം വിമര്‍ശനമായി പറയാം. ആസാദിന്റെ കൈയിലും അതു തന്നെയല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ?

  സ. ആസാദ്, ഇങ്ങനെ, ഇടതു രാഷ്ട്രീയത്തിന്റെ ഇന്നത്തെ പൊതു സമസ്യകളോട് സംവദിക്കാന്‍ താങ്കള്‍ക്കോ, താങ്കളുടെ സിപി‌എം വിരുദ്ധ രാഷ്ട്രീയത്തിനോ, കഴിയുന്നുണ്ടോ? ഇല്ല. ഇനി സിപി‌എമ്മിനു കഴിയുമോ? പ്രതീക്ഷ ഒട്ടും വേണ്ട.

  താങ്കള്‍ക്ക് സിപി‌എമ്മില്‍ ചേരുകയാണ് ഏറ്റവും ഉചിതമായി വഴി. അതിനു ഉടനെ ശ്രമിക്കുക.

  Like

 4. സി.പി.എമ്മിൽ. നിന്നും പുറത്ത് വന്നവര അവരുടെ രാഷ്ട്രീയം തന്നെ കൊണ്ടാടുന്നു എന്നതാണ് പരിതാപകരമായ സത്യം. ഒടുവില ഒരു “മാന്യമായ” വ്യവസ്ഥയിലൂടെ ഒത്തു തീര്പ്പിലൂടെ അവർ സി.പി.എമ്മിൽ തന്നെ എത്തി ചേർന്നാൽ അല്ഭുധപ്പെടെണ്ട. ദേശീയവും അന്തർദേശീയവും ആയ കാഴ്ച്ചപ്പടില്ലാതെ ഒരിഞ്ചു മുന്നോട്ടു പോകാൻ ഇനി ഇടതുപക്ഷത്തിനാവുകയില്ല. ഇടതു പക്ഷമെന്ന ലേബൽ മാത്രമേ അവര്ക്കിന്നുള്ളൂ. മുതലാളിത മാതൃകയിലുള്ള വികസന പാത അവർ സാംശീകരിച്ചു കഴിഞ്ഞു. ചില ഒത്തു തീ പ്പുകളിലൂടെ അവർ കാലയാപനം ചെയ്യും. ഒരു തരം ലേപന ചികിത്സ !!!

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )