സി.പി.എമ്മിലെ വിഭാഗീയത ആശയപരമല്ല, അധികാരങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയുള്ളതാണെന്ന് കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് പ്രസ്താവിച്ചിരുന്നു. ഏറെനാള്‍ കഴിയും മുമ്പുതന്നെ അതു സമര്‍ത്ഥിക്കുന്ന സംഭവവികാസമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂരിലുണ്ടായിരിക്കുന്നത്. ഏരിയാസെക്രട്ടറിയായിരുന്ന പി.എ.ഗോകുല്‍ദാസിനെതിരെ ജില്ലാ നേതൃത്വം കൈക്കൊണ്ട നടപടിക്കെതിരെ ഏരിയാകമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവിധ ലോക്കല്‍-ബ്രാഞ്ച്കമ്മറ്റികളും ആയിരക്കണക്കിന് അനുഭാവികളുമാണ് രംഗത്തെത്തിയത്. കരയുന്ന കുട്ടികള്‍ക്ക് പാല്കൊടുക്കാമെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പറയുന്നത്. ചേരാനിരിക്കുന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷമേ ഇതു സംബന്ധിച്ചു വ്യക്തതയുണ്ടാവൂ. അതുവരെ ഗോകുല്‍ദാസ് പക്ഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാല്മോഹികള് പാല്കിട്ടിയാല് തിരിച്ചുപോയേക്കും. മുണ്ടൂര്‍ കണ്‍വെന്‍ഷനില്‍ അണിചേര്‍ന്ന നാലായിരത്തോളം പേരും കരഞ്ഞത് പാലിനായിരുന്നുവോയെന്നും അവരെന്തു നിലപാടെടുക്കുംഎന്നുമാണ് അറിയാനുള്ളത്.
സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുമായി എന്തെങ്കിലും വിയോജിപ്പുകള്‍ കണ്‍വെന്‍ഷനില്‍ ഉയര്‍ന്നിട്ടില്ല. പാലക്കാട്ടെ ചില നേതാക്കന്മാരോടാണ് എതിര്‍പ്പ്. ഗോകുല്ദാസിനെതിരായ നടപടിയാണ് അവര്‍ക്ക് ഹിക്കാനാവാത്തത്. ജനാധിപത്യ കേന്ദ്രീകരണ തത്വമനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ ജില്ലാനേതൃത്വത്തെ വേര്‍പെടുത്തിക്കാണുന്നത് കമ്യൂണിസ്റ്റ് കാഴ്ച്ചയല്ല. എതിര്‍പ്പ് ജനാധിപത്യ കേന്ദ്രീകരണ തത്വത്തോടോ അതിന്റെ നടത്തിപ്പു രീതിയോടോ ആണ്. ജില്ലാഘടകത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പാര്‍ട്ടിക്കകത്ത് ഒരു സംവിധാനവുമില്ലെന്നു വരുമോ? പിന്നെ പുറത്തു കാണിച്ച ചൊല്‍ക്കാഴ്ച്ചയുടെ അര്‍ത്ഥമെന്താണ്?
പുതിയൊരു കീഴ് വഴക്കമാണ് സി.പി.എമ്മില്‍ രൂപപ്പെടുന്നത്. കൂട്ടായ വിലപേശലാണത്. പുറത്തായവര്‍ പുറത്തുതന്നെ എന്നാരും അലറിവിളിക്കുന്നില്ല. പ്രത്യയശാസ്ത്രവും പ്രതിജ്ഞാബദ്ധതയും നഷ്ടമാക്കിയ പാര്‍ട്ടിയിലെ വ്യത്യസ്ത ചേരികളിലെ നേതാക്കളെല്ലാം സമീപകാലത്തു ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. നാലാളറിയുന്ന നേതാവ് പാര്‍ട്ടി വിട്ടാല്‍ നാല്‍പ്പതോ നാനൂറോ നാലായിരമോ പേര്കൂടെയിറങ്ങുമെന്നതാണ് അവസ്ഥ. നേതൃവ്യൂഹത്തിനു പുറത്തുള്ള ഇക്കൂട്ടര്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരോ അനുഭാവികളോ വോട്ടര്‍മാരോ ആണ്. അവര്‍ക്കു പദവികളായിരിക്കില്ല പ്രശ്നം. ഒപ്പം നില്ക്കാനാവാത്ത വിധം പാര്‍ട്ടി ജീര്‍ണ്ണിച്ചിരിക്കുന്നു എന്നതാവാം. മട്ടന്നൂര്‍ വരെയുള്ള മിക്ക തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് നിലയിലുണ്ടായ മാറ്റം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒരിക്കലും സ്വീകാര്യരായിരുന്നിട്ടില്ലാത്തവരെപ്പോലും തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് സമീപകാലത്തായി രൂപപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ അണികളിലും അനുഭാവികളിലുമുണ്ടായ ഈ വിശ്വാസത്തകര്ച്ചയും രാഷ്ട്രീയ പ്രതിസന്ധിയും പാര്‍ട്ടി ഉദ്യോഗസ്ഥരെ തൊട്ടുതീണ്ടിയിട്ടില്ല. എന്നുമാത്രമല്ല, പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ഇക്കൂട്ടരെ മുന്‍നിര്‍ത്തിയുള്ള വിലപേശലാവാം എന്നും വന്നിരിക്കുന്നു.
പുറത്തുപോയി ഒരു ഒഞ്ചിയമോ തളിക്കുളമോ ഷൊര്‍ണൂരോ സൃഷ്ടിക്കുമെന്ന് ആര്‍ക്കും പാര്‍ട്ടിയെ ഭീഷണിപ്പെടുത്താവുന്ന അവസ്ഥയായിട്ടുണ്ട്. പിറകില്‍ അണിനിരക്കുന്ന ആയിരങ്ങളെ കാണിച്ചാണ് വിലപേശല്‍. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഉള്‍പ്പെടെയുള്ള നിരവധി ത്യാഗങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും സ്ഥലനാമങ്ങളെ കസേരകളിക്കും വീതംവെപ്പിനും മൂലധനമാക്കി മാറ്റുകയാണോ? ചന്ദ്രശേഖരന്റെ ചോരകൊണ്ട് ചോറുറപ്പിക്കാമെന്ന പാര്‍ട്ടിയിലെ വിമതക്കളി കൊലപാതകരാഷ്ട്രീയത്തെക്കാള് നിന്ദ്യമാണ്.
മുണ്ടൂരിലെ ജനപങ്കാളിത്തം മറ്റുചിലതുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്ട്ടിപരിപാടിയുടെയോ നടത്തിപ്പിന്റെയോ കൂടെയല്ല. അവിടെ പാര്‍ട്ടി ചില നേതാക്കന്മാര് മാത്രമായിരിക്കുന്നു. ലഭിക്കുന്ന ആദ്യ അവസരത്തില്‍തന്നെ അണികളും അനുഭാവികളും പാര്‍ട്ടിക്കെതിരായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഒറ്റപ്പെടുകയോ പ്രതികാരത്തിനിരയാവുകയോ ചെയ്യില്ലെന്ന സാഹചര്യമേ അവര്‍ക്കുവേണ്ടൂ. അതുകൊണ്ടാണ് അംഗീകാരമുള്ള ചില നേതാക്കളുടെ കൂടെ നില്ക്കാന് അവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഇതു മനസ്സിലാക്കാനുള്ള ശേഷി ഗോകുല്ദാസിനില്ലാതെവരില്ല. സംസ്ഥാനത്തിന്റെ ഏതുകോണിലും സി.പി.എം നേരിടുന്ന പ്രതിസന്ധിയാണിത്. വിട്ടുപോകുന്ന നേതാക്കളോടു വിലപേശിക്കൊണ്ടല്ല, വിട്ടുപോകുന്ന അടിസ്ഥാന വര്‍ഗത്തോടു സഹകരിക്കുംവിധം തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ് ഉത്തരവാദിത്തബോധമുള്ള പാര്‍ട്ടികള്‍ ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടത്. നയവ്യതിയാനങ്ങള് തിരുത്താതെ ഇനിയും ഏറെദൂരം പോകാനാവില്ലെന്നാണ് മുണ്ടൂര്‍ പാര്‍ട്ടിയെ പഠിപ്പിക്കുന്നത്. ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിറകില്‍ ജനങ്ങളുണ്ടാവില്ല എന്ന എം.എന്‍.വിജയന്റെ വാക്കുകള്‍ ഇപ്പോഴെങ്കിലും പാര്‍ട്ടിക്കു തിരുത്താനുള്ള പ്രേരണയാകട്ടെ.
15 സെപ്തംബര്‍ 2012