Article POLITICS

പുതിയ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ഭൂമിക

മൂക്കറ്റം ജീര്‍ണതയില്‍ മുങ്ങിനില്‍ക്കുകയാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം. ജീവിതം അസഹനീയമാക്കുന്ന നയസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറുകളും ജനങ്ങളുടെ അമര്‍ഷങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുഖംനല്‍കാതെ അടുത്ത അവസരത്തിനു കാത്തിരിക്കുന്ന പ്രതിപക്ഷവുമാണ് നമ്മുടെ യാഥാര്‍ത്ഥ്യം. രണ്ടു മുന്നണികളില്‍ ഏതുമുന്നണിയാണ് കൂടുതല്‍ ജനവിരുദ്ധമെന്നു മാത്രമാണ് തര്‍ക്കം. 


മുപ്പതുകളില്‍ ആഗോള
തലത്തിലുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍മുതലാളിത്തം കണ്ടെത്തിയ സമര്‍ത്ഥമായ മാര്‍ഗമായിരുന്നു മിശ്രസമ്പദ്‌വ്യവസ്ഥ. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടാരംഭിച്ച സ്വാതന്ത്ര്യാനന്തര വളര്‍ച്ച ഇന്ദിരാഗാന്ധിയുടെ കാലത്തു സോഷ്യലിസം ഭരണഘടനാബാധ്യതയാക്കുന്നതുവരെ എത്തിച്ചേര്‍ന്നു.

സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍തന്നെ നെഹ്‌റുവിനുശേഷം ഇന്ത്യഭരിക്കുക കമ്യൂണിസ്റ്റുകാരാണെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. കമ്യൂണിസ്റ്റു മുദ്രാവാക്യങ്ങളുടെ നടത്തിപ്പുകാരായി ചമഞ്ഞുകൊണ്ട് ആ പ്രതിസന്ധിയെ മറികടക്കാനാണ് ഇന്ത്യന്‍ മുതലാളിത്തവും അതിന്റെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്സും കിണഞ്ഞു ശ്രമിച്ചത്. ഇതിനു ആദ്യം അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും പിന്നീട് വിഭക്തകമ്യൂണിസ്റ്റുകളുടെയും പിന്തുണ അവര്‍ നേടിയെടുത്തു. എഴുപതുകളില്‍ സാമ്പത്തികരംഗത്ത് ഉദാരതാവാദത്തിന്റെ കടന്നു കയറ്റമുണ്ടായപ്പോള്‍ അതിന്റെ വക്താക്കളാകാനും വിപണികയ്യേറ്റങ്ങള്‍ക്ക് അടിയന്തരാവസ്ഥകൊണ്ട് മറയിടാനും അവര്‍ക്കു കഴിഞ്ഞു. തൊണ്ണൂറുകളില്‍ നവ ഉദാരവത്ക്കരണത്തിന്റെ പുനര്‍ക്രമീകരണങ്ങള്‍ക്ക് നരസിംഹറാവുവും മന്‍മോഹന്‍ സിംഗുമാണ് അടിത്തറയൊരുക്കിയത്. ബാബറിമസ്ജിദ് തകര്‍ക്കപ്പെടുകയും രാജ്യമാകെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പടരുകയും ചെയ്തപ്പോള്‍ അടിത്തട്ടില്‍ സാമ്പത്തികവ്യവഹാരക്രമങ്ങളാകെ പുനസ്സംവിധാനം ചെയ്യാനുള്ള തിരക്കിലായിരുന്നു ഭരണകൂടം. സ്വാതന്ത്ര്യത്തിന്റെ ആറരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇപ്പോഴും ദാരിദ്ര്യമാണ് പ്രശ്‌നമെന്ന് പ്രധാനമന്ത്രി വിലപിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുന്നില്ലെന്ന് കുറ്റസമ്മതം നടത്തുന്നു. വരള്‍ച്ചപോലുള്ള കാലാവസ്ഥാദോഷങ്ങളാണ് പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതെന്ന് കണ്ണുപൊട്ടന്‍ കളിക്കുന്നു. അതേ ദിവസങ്ങളിലാണ് തൊഴില്‍ സേവനരംഗങ്ങളില്‍ അനുഭവിച്ചുപോന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഏകപക്ഷീയമായി എടുത്തുമാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

എല്ലാമേഖലകളും സ്വകാര്യ മൂലധന ശക്തികള്‍ക്കു തീറെഴുതുന്ന എമര്‍ജിംഗ് കേരളമേളക്കുള്ള തയ്യാറെടുപ്പുകള്‍ പൊടിപൊടിക്കുന്നു. യു.ഡി എഫിലെ ഘടകകക്ഷികളും മിടുക്കന്മാരാണ്. പൊതു വിദ്യാഭ്യാസവും വ്യവസായവും മൂലധനശക്തികള്‍ക്കു പങ്കുവെക്കുന്ന ലീഗും പൊതുഭൂമി കയ്യേറ്റക്കാര്‍ക്കു വീതിക്കുന്ന കേരളകോണ്‍ഗ്രസ്സും പട്ടാപ്പകലില്‍ ജനങ്ങളെ കയ്യേറ്റം ചെയ്യുകയാണ്.


പുതിയ മുതലാളിത്തത്തിന്റെ ഭീകരാക്രമങ്ങളെ ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ ചെറുത്തുനില്‍ക്കുന്നത് ഏകീകൃത സംഘടനാശേഷി കൈവന്നിട്ടില്ലാത്ത ജനങ്ങളാണ്. നഗരങ്ങളുടെ മാലിന്യവും രോഗവും അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വിളപ്പില്‍ശാലയിലും സഞ്ചാരപഥങ്ങളാകെ ചുങ്കപ്പാതകളാക്കുന്നതിനെതിരെ പാലിയേക്കരയിലും ഭൂമാഫിയാ വിളയാട്ടങ്ങള്‍ക്കെതിരെ മൂന്നാറിലും നെല്ലിയാമ്പതിയിലും കിനാലൂരിലും ജനങ്ങള്‍ സമരരംഗത്താണ്. മെത്രാന്‍ കായല്‍ സംരക്ഷിക്കാന്‍, കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അതിരപ്പള്ളിയും അട്ടപ്പാടിയും സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മുതല്‍ കാതിക്കുടം മലിനീകരണത്തിന്റെ ഇരകള്‍വരെ സംഘടിതരാണ്. പ്ലാച്ചിമടയും ചെങ്ങറയും മൂലമ്പള്ളിയും ഇരിണാവും ചീമേനിയും ഞെളിയന്‍പറമ്പും പെരിയാറും ചാലിയാറുമെല്ലാം സമരനാമങ്ങളായി മാറിക്കഴിഞ്ഞു. അസംഘടിതമേഖലയില്‍ നഴ്‌സുമാര്‍ മുതല്‍ സെയില്‍സ്‌ഗേള്‍സ് വരെ പ്രക്ഷോഭരംഗത്താണ്. വികസനത്തിന്റെ പേരിലുള്ള ചെറുതും വലുതുമായ കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലുകളും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതിയമുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന വിപത്തുകള്‍ക്കെതിരെ പലയിടങ്ങളില്‍ പലമുഖങ്ങളില്‍ ജനകീയസമരങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. മുതലാളിത്തത്തിനു ബദല്‍ രൂപപ്പെടുത്താനും ജനങ്ങളെ സംരക്ഷിക്കാനും മുന്‍കാലങ്ങളില്‍ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നടത്തിയ പ്രസ്ഥാനങ്ങളെയൊന്നും ഇപ്പോള്‍ കാണുന്നേയില്ല. അക്കൂട്ടരെല്ലാം ഭരണം കിട്ടുന്ന മുറയ്ക്ക് ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള കൗശലങ്ങള്‍ മാത്രമാണന്വേഷിക്കുന്നത്. അതിനിടയില്‍ ചട്ടപ്പടി സമരങ്ങള്‍ക്കും ചിലപ്പോഴൊക്കെ സമയംകണ്ടെത്തി കൂടുതല്‍ പരിഹാസ്യരാകുന്നുമുണ്ട്.


മുകളില്‍ പറഞ്ഞ സമരങ്ങള്‍ പുതിയ കാലത്തെ വര്‍ഗസമരങ്ങളാണ്. വാണിജ്യമൂലധനത്തിന്റെ ചൂഷണശേഷിയോടാണ് യുദ്ധം. ദയാരഹിതമായ മുതലാളിത്ത ചൂഷണത്തിന്റെ ഭീകരമുഖമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ യുദ്ധമായി മാറിയത്. ഭോപ്പാലിലെ വിഷവാതകയുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണം. രണ്ടിടത്തും ആസൂത്രകര്‍ രക്ഷപ്പെടുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാറുകളും നിഷ്പക്ഷത നടിക്കാനുള്ള മെയ് വഴക്കം ശീലിച്ചിരിക്കുന്നു. വിഷം വിതയ്ക്കുന്നതാരാണ്? രോഗങ്ങള്‍ വിതയ്ക്കുന്നതാരാണ്? ആരുടെ താല്‍പ്പര്യങ്ങളാണ് ഇതിലൂടെ വിജയിക്കുന്നത് എന്നെല്ലാമുള്ള ചോദ്യങ്ങള്‍ തീര്‍ച്ചയായും പുതിയ മുതലാളിത്തത്തെയും അതിന്റെ നടത്തിപ്പുകാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതാണ്. പ്ലാച്ചിമടയിലും ഏലൂരിലും കാതിക്കുടത്തും വിളപ്പില്‍ശാലയിലും ഞെളിയന്‍പറമ്പിലും കരിമുകളിലും ജനങ്ങളും ഈ ശത്രുപക്ഷവുമായാണ് ഏറ്റുമുട്ടിയത്. ജീവിക്കാനുള്ള അവകാശത്തെക്കാള്‍ ലാഭംകൊയ്യാനുള്ള അവകാശമാണ് പ്രധാനമെന്ന വികസന സങ്കല്‍പ്പം ജനശത്രുക്കളുടേതാണ്. ദൗര്‍ഭാഗ്യവശാല്‍ പുതിയ ജനപക്ഷ വികസനനയം കരുപ്പിടിപ്പിക്കാനല്ല,മൂലധനതാല്‍പ്പര്യങ്ങള്‍ക്കു കീഴടങ്ങാനാണ് ഇടതും വലതുമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുന്നത്. നേരത്തേ രൂപപ്പെടുത്തിയ കാര്‍ഷിക – ഭൂ പരിഷ്‌ക്കരണ നിയമം സംരക്ഷിക്കാനും കാലോചിതമായി പുതുക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍തന്നെ നിയമം നിര്‍വ്വീര്യമാക്കാനാണ് ശ്രമിക്കുന്നത്. നീര്‍ത്തടങ്ങള്‍ മണ്ണിട്ടുനികത്താനും കാര്‍ഷികോത്പ്പാദന മേഖലയില്‍ അരാജകത്വം സൃഷ്ടിക്കാനും റിയല്‍എസ്റ്റേറ്റ് മാഫിയകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് അധിക്കൃതര്‍ ഒത്താശചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഭൂരഹിത കര്‍ഷകരും ഇടത്തരം കര്‍ഷകരും നടത്തുന്ന സമരങ്ങളും പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച ജാഗ്രത പുലര്‍ത്തുന്നവര്‍ നടത്തുന്ന സമരങ്ങളും വര്‍ദ്ധിച്ചു വരികയാണ്. കാലാവധി കഴിഞ്ഞ പാട്ട ഭൂമിയും കയ്യേറിയ വനഭൂമിയും സര്‍ക്കാറിലേക്കു തിരിച്ചു പിടിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടവര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ പാടുപെടുന്നു. ജനതാല്‍പ്പര്യവും മൂലധന താല്‍പ്പര്യവും തമ്മിലുള്ള സമരം പ്രത്യക്ഷവും രൂക്ഷവുമാകുകയാണ്. ചെങ്ങറയിലും മൂന്നാറിലും നെല്ലിയാമ്പതിയിലും ഈ സംഘര്‍ഷത്തിന്റെ സ്‌ഫോടനമാണ് നാമറിഞ്ഞത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ദരിദ്രരെ ഇല്ലാതാക്കിക്കൊണ്ട് നിര്‍വ്വഹിക്കുന്നപോലെ ജനങ്ങളെ ആട്ടിയോടിച്ചും കൊള്ളയടിച്ചും നിര്‍ലജ്ജം നിര്‍വ്വഹിക്കുന്ന ജനവിരുദ്ധ വികസനത്തിന്റെ ഉദാഹരണങ്ങളായി മൂലമ്പള്ളിയും കിനാലൂരും ദേശീയപാതയുടെ ബി.ഒ.ടിവല്‍ക്കരണവും അടയാളപ്പെടുന്നു. അവിടെയും ചെറുത്തുനില്‍പ്പ് മൂലധനഭീകരതയ്‌ക്കെതിരായാണ്. പുതിയ കാലത്തെ വര്‍ഗസമരങ്ങളായി ഇവയെ കാണാനാവാത്ത രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാകുന്നതെങ്ങനെയാണ്?


ഇനി കേരളത്തിനു മുന്നോട്ടുപോകാന്‍ പുതിയ സമരങ്ങളില്‍നിന്നു പാഠം പഠിക്കണം. പുതിയ പ്രശ്‌നങ്ങളും അവയ്ക്കു നിദാനമായ സാഹചര്യങ്ങളും ഗൗരവത്തിലെടുക്കണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന പുതിയ ജനകീയ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ട്. മുതലാളിത്ത വികസനപാതയുടെ മനുഷ്യവിരുദ്ധതയ്‌ക്കെതിരായ ഒരു മുന്നേറ്റമാകയാല്‍ സോഷ്യലിസ്റ്റുബദല്‍ സംബന്ധിച്ച ഒരു ദര്‍ശനം മുന്നോട്ടുവെക്കാനാവണം. കേരളത്തിലെ ഭൂമി അതിന്റെ സവിശേഷതകള്‍ക്കനുസരിച്ചു തരം തിരിക്കാനും ഉപയോഗവും വിനിമയവും സംബന്ധിച്ച പുതിയ ചട്ടങ്ങളുണ്ടാക്കാനും പ്രാപ്തമായ രണ്ടാം ഭൂ പരിഷ്‌കാര നടപടികള്‍ക്കായുള്ള യോജിച്ച സമരത്തിന്റെ അനിവാര്യതയില്‍ ഊന്നണം. വിദ്യാഭ്യാസത്തെയും വ്യവസായത്തേയും ആരോഗ്യത്തേയും കുടിവെള്ള ഗതാഗതമേഖലകളേയും ധന വ്യാപാര താല്‍പ്പര്യങ്ങളില്‍നിന്നും അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ വിധേയത്വത്തില്‍നിന്നും വിമോചിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഏറ്റെടുക്കാനാവണം. അസംഘടിതമേഖലയിലും മിനിമം വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കണം. മുതലാളിത്തത്തിന്റെ കേവലഉപകരണങ്ങളോ ഇരകളോ അല്ല മനുഷ്യരെന്ന് ബോധ്യപ്പെടുത്താനും ഏതൊരു മനുഷ്യന്റെയും അസ്തിത്വവും ജീവിക്കാനുള്ള അവകാശവും ഉപ്പാക്കാനും പര്യാപ്തമായ സൈദ്ധാന്തികവും പ്രായോഗികവുമായി കെട്ടുറപ്പാര്‍ന്ന ഒരു മുന്നേറ്റമാണ് നമുക്കിന്നാവശ്യം.


കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയിലാണ് നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുകളില്‍ പറഞ്ഞ ഉത്തരവാദിത്തങ്ങള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍പോലും ജനകീയ സമരങ്ങളില്‍നിന്നും മുഖം തിരിച്ചുകൊണ്ട് തങ്ങളുടെ വര്‍ഗപക്ഷപാതം പ്രകടമാക്കി. ഇടതുപക്ഷ മേലങ്കിയിട്ട മൂലധനദല്ലാളന്മാരായി അവര്‍ മാറി. ഭരണ നവീകരണ പ്രക്രിയയും സാമ്പത്തിക പുനസ്സംവിധാന അജണ്ടയും നമ്മുടെ സമസ്ത മേഖലകളെയും വിഴുങ്ങിയത് ഇക്കൂട്ടരുടെ കാര്‍മ്മികത്വത്തില്‍കൂടിയാണ്.

ഫെഡറല്‍ സംവിധാനത്തില്‍ എന്തുചെയ്യാനാകുമെന്ന് കൈമലര്‍ത്തുകയാണവര്‍. അമ്പത്തിയേഴിലും അറുപത്തിയേഴിലും പല പുരോഗമന നിയമനിര്‍മ്മാണം നടത്തുമ്പോഴും ഫെഡറല്‍ സംവിധാനംതന്നെയായിരുന്നു എന്നതവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ഭരണത്തോടൊപ്പം സമരമെന്ന വിപ്ലവവഴിയും കൈവിട്ടു.

തൊഴിലാളി വര്‍ഗത്തോടും കീഴാളരോടുമുള്ള പ്രതിബദ്ധതയാണ് എല്ലാ സമീപനങ്ങളുടെയും അടിസ്ഥാനമായിരിക്കേണ്ടത് എന്ന കാഴ്ച പഴങ്കഥയായി. ചാരിനില്‍ക്കുന്നത് മൂലധനസ്തംഭങ്ങളിലാണ്. അവരുടെ വര്‍ഗപാഠങ്ങളാണ് ഇപ്പോള്‍ ഉരുവിട്ടു പഠിക്കുന്നത്. മൂലധനത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സദാചാരങ്ങളും ഹൃദിസ്ഥമാക്കിയ നേതൃത്വം എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളേയും ബഹുദൂരം പിറകിലാക്കിയിരിക്കുന്നു. അഴിമതിയില്‍ തുടങ്ങി കൊലപാതകങ്ങളില്‍വരെ അഭിരമിക്കാനാവുന്ന മാനസികാവസ്ഥയിലേക്കാണ് അവര്‍ ചെന്നു വീണിരിക്കുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടിയുണ്ടാക്കാനുള്ള ഗൂഢാലോചന നടത്തിയെന്നേ കാണ്‍പൂര്‍ മീററ്റ് കേസുകളിലെല്ലാം കുറ്റാരോപണമുള്ളു. ഇപ്പോഴത്തെ ഗൂഢാലോചനകള്‍ വ്യത്യസ്തങ്ങളാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ ഇല്ലാതാക്കുംവിധം അതിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍നിന്നകന്ന് കൊലയും കൊള്ളിവെപ്പും നടത്താനുള്ള ഗൂഢാലോചനകളാണ് പിടിക്കപ്പെടുന്നത്. കൊലപാതകങ്ങളില്‍ ഞങ്ങള്‍ക്കു പങ്കില്ലെന്ന് നേരത്തേ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെയും ഞങ്ങളെ പിടിക്കുകയാണെങ്കില്‍ അതു കള്ളക്കേസാണെന്ന കൗതുകകരമായ യുക്തിയും അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നു. ഇതംഗീകരിക്കാന്‍ പ്രയാസപ്പെടുന്ന ഇടതുപക്ഷത്തെ സഹോദരപ്പാര്‍ട്ടിയെ നിങ്ങളും കൊലയാളിപ്പാര്‍ട്ടിയാണെന്ന് മുദ്രവെക്കുന്നു. അറപ്പുളവാക്കുന്ന അരാഷ്ട്രീയ പ്രയോഗങ്ങളുടെയും അധോലോകസംഘങ്ങളുടെ അതിജീവനയുക്തികളുടെയും പുനരുത്പ്പാദകരും പ്രയോക്താക്കളുമായി ആ പാര്‍ട്ടി മാറിയിരിക്കുന്നു.


നയസമീപനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ വലതു വ്യതിയാനം, സി.പി.എമ്മിനുണ്ടായ വിശ്വാസത്തകര്‍ച്ച, ജനവിരുദ്ധ നടപടികളുടെ സ്ഥിരം നടത്തിപ്പുകാരായതിനാല്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളില്‍നിന്നുണ്ടായ അകല്‍ച്ച എന്നിവയെല്ലാം പുതിയൊരു പ്രസ്ഥാനത്തിന്റെ അനിവാര്യത വിളിച്ചോതുന്നു. ഇവരൊന്നടങ്കം പിന്തുടര്‍ന്ന മൂലധനനയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതും അതേസമയം വ്യത്യസ്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ ഇതേ പ്രസഥാനങ്ങള്‍തന്നെ ഉയര്‍ത്തിപ്പിടിച്ച ജനകീയമുദ്രാവാക്യങ്ങളെ പിന്തുടരുന്നതും പുതിയ സാഹചര്യത്തില്‍ അവയെ വികസിപ്പിക്കുന്നതുമായ ഒരു പ്രസ്ഥാനമായിരിക്കണമത്.


വിപ്ലവപരിപാടിയില്‍നിന്നകലുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ കീഴില്‍ അണിനിരക്കുന്ന ഇടത്തരക്കാരെക്കണ്ടാണ് അഹങ്കരിക്കുന്നത്. പരിപാടിയില്ലാത്ത ജനക്കൂട്ടവും ജനപിന്തുണയില്ലാത്ത പരിപാടിയുമായി കമ്യൂണിസ്റ്റ് വിഭാഗങ്ങള്‍ ചേരിതിരിയുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ സമരനേതൃത്വമായിത്തീരാന്‍ വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കാവുന്നില്ല. ഉയര്‍ന്നു വരുന്ന ജനകീയസമരങ്ങളുടെ നേതൃത്വങ്ങളാകട്ടെ, മുതലാളിത്ത ആഗോളവല്‍ക്കരണത്തെ അതിശക്തമായി നേരിടുന്നുണ്ടെങ്കിലും സോഷ്യലിസ്റ്റുബദലിന്റെ വിപ്ലവദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നില്ല. മറ്റേതെങ്കിലുമൊരു ബദല്‍ രൂപപ്പെടുത്തിയിട്ടുമില്ല. പല ബദലുകളുണ്ട് എന്ന അവ്യക്തനിലപാടേ അവര്‍ക്ക് കൈക്കൊള്ളാനാവുന്നുള്ളു. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒരേ ശത്രുവിനെ നേരിടുമ്പോഴും സംഘടിച്ചു ശക്തരായി നേരിടുക എന്ന തന്ത്രത്തിലേക്ക് അവര്‍ വളരുന്നില്ല. ശിഥിലമാക്കി നിലനിര്‍ത്തുക എന്ന നിയോലിബറല്‍ കൗശലംതന്നെ വിജയിക്കുന്നു. സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും കാലോചിത ബദലുകള്‍ രൂപപ്പെടുത്തിക്കൊണ്ടേ ഒരു പൊതുമുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാനാവൂ.


കുറേക്കൂടി യുക്തിഭദ്രവും ശക്തവുമായ ബദല്‍ എന്ന സ്വീകാര്യത ഒരിക്കല്‍ക്കൂടി മാര്‍ക്‌സിസത്തെ തേടിയെത്തുന്ന ആഗോള സാഹചര്യമാണ് രൂപ്പെട്ടിരിക്കുന്നത്. 1999ലെ സിയാറ്റിന്‍ പ്രക്ഷോഭത്തിനും 2008ലെ സാമ്പത്തിക പ്രതിസന്ധിക്കും ശേഷം മാര്‍ക്‌സിന്റെ സാമ്പത്തിക വിശകലനങ്ങളിലേക്കും സോഷ്യലിസ്റ്റ് വിപ്ലവ മാനിഫെസ്റ്റോയിലേക്കും ലോകശ്രദ്ധ പതിഞ്ഞിരിക്കുന്നു. ലോകമെങ്ങുമുള്ള തൊഴിലാളി-കീഴാള പോരാട്ടങ്ങള്‍ക്കു പുതിയ വീര്യം കൈവന്നിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും തൊഴില്‍ സുരക്ഷക്കും വേതന വര്‍ദ്ധനവിനും തൊഴിലാളികള്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സമരങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. അമേരിക്കയിലും വികസിത യൂറോപ്യന്‍ രാജ്യങ്ങളിലും സമരങ്ങളുടെ പുതിയ ചരിത്രമാണ് പിറക്കുന്നത്. ആഗോളവല്‍ക്കരണം അടിച്ചേല്‍പ്പിച്ച ഭരണനവീകരണവും അതിന്റെ ഭാഗമായി രൂപപ്പെട്ട സാമ്പത്തിക പുനര്‍ക്രമീകരണവുമാണ് എല്ലായിടത്തെ ജനങ്ങളെയും പ്രക്ഷോഭങ്ങളിലേക്കു നയിക്കുന്നത്. അവിടങ്ങളിലെല്ലാം മാര്‍ക്‌സിസം പുതിയ ചൈതന്യമാര്‍ജ്ജിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്.


മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായ ജീര്‍ണത മാര്‍ക്‌സിസത്തിന്റെ തന്നെ ജീര്‍ണതയാണെന്നു സമര്‍ത്ഥിക്കാനാണ് മാധ്യമങ്ങളും ചില ബുദ്ധിജീവികളും ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് പരീക്ഷണഘട്ടത്തില്‍ ചിലയിടങ്ങളിലെ ഭരണനേതൃത്വങ്ങള്‍ക്ക് സവിശേഷ സന്ദര്‍ഭത്തില്‍ സ്വീകരിക്കേണ്ടിവന്ന നടപടികളും പാര്‍ട്ടിയുടെ സൈനികസ്വഭാവമാര്‍ന്ന സംഘടനാസ്വരൂപവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ നിരാകരണവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കടന്നു കയറ്റവും മാര്‍ക്‌സിസത്തിന്റെ സഹജമായ വൈകല്യമായി അവര്‍ വിലയിരുത്തുന്നു. മാര്‍ക്‌സിസേതരമായ വിമോചനമാര്‍ഗങ്ങള്‍ തേടേണ്ടതിനെക്കുറിച്ച് അവര്‍ വചാലരാകുന്നു. 1789ല്‍ ഫ്രഞ്ചുവിപ്ലവത്തെത്തുടര്‍ന്ന് , നാവില്ലാത്തവരുടെ ശബ്ദമുയര്‍ന്നിരിക്കുന്നു ഇതാ പുതിയ ചരിത്രോദയം എന്ന പ്രഖ്യാപനമുയരുകയും 1848ല്‍ അതിനൊരു മാനിഫെസ്റ്റോ തയ്യാറാവുകയും ചെയ്തു. പുതിയ ചരിത്രോദയ പ്രഖ്യാപനത്തിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിടുമ്പോള്‍ 1989ല്‍ സോവിയറ്റ് തകര്‍ച്ചയോടെ ചരിത്രത്തിന് അന്ത്യമായി എന്ന ആര്‍പ്പുവിളികളും മുഴങ്ങി. ഹണ്ടിംര്ടന്‍ – ഫുക്കുയാമമാരുടെ ഈ സ്വകാര്യോന്മാദങ്ങള്‍ക്ക് ലോകധൈഷണികതയും തൊഴിലാളി കീഴാള മുന്നേറ്റങ്ങളും കനത്ത തിരിച്ചടി നല്‍കുമ്പോഴാണ് നമ്മുടെ വലതുപക്ഷ ധൈഷണിക ദാസ്യങ്ങള്‍ കഥയറിയാതെ കൂവിവിളിക്കുന്നത്. പണമോഹികമ്യൂണിസ്റ്റുകളും പൂര്‍വ്വ തീവ്ര കമ്യൂണിസ്റ്റുകളുമെല്ലാം വലതു പാളയത്തില്‍ അവിഹിത ഐക്യം സ്ഥാപിച്ചിരിക്കുന്നു. വലതുനയങ്ങള്‍കൊണ്ട് മേദസ്സുകൂടുകയും പഴയ വീര്യത്തിന്റെ പലിശകൊണ്ട് ചുവപ്പു പൂശുകയും ചെയ്യുന്ന വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവര്‍ക്കുള്ള അന്തരീക്ഷമൊരുക്കുകയും ചെയ്തിരിക്കുന്നു.


സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് ബദല്‍ രൂപപ്പെടുക പ്രധാനമാണെങ്കില്‍, സോഷ്യലിസ്റ്റ് വിപ്ലവ പരിപാടി സംബന്ധിച്ചും വിപ്ലവത്തിന്റെ ഉപകരണം എന്ന നിലയ്ക്ക് പാര്‍ട്ടിയുടെ ഘടന സംബന്ധിച്ചും നമ്മുടെ കാലത്തെ വര്‍ഗസമരം സംബന്ധിച്ചും മുന്‍വിധികള്‍ക്കു കീഴടങ്ങാതെ വിശദവും സൂക്ഷ്മവുമായ അന്വേഷണങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. മാര്‍ക്‌സിസം ഇപ്പോഴും പ്രസക്തമാണ് എന്നു കരുതുന്നവരുടെ ചുമതലയാണത്. എന്നാല്‍,സോഷ്യലിസ്റ്റ് പാത എപ്പോഴേ തകര്‍ന്നിരിക്കുന്നു എന്നു വിധിയെഴുതുന്നവര്‍ , മറ്റൊരു ബദല്‍ മുന്നോട്ടുവെക്കണം. അല്ലാത്തപക്ഷം അക്കൂട്ടര്‍ ആഗോളവല്‍ക്കരണ പക്ഷപാതികളാണെന്നു വന്നുകൂടും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണമാണോ മാര്‍ക്‌സിസമാണോ മുഖ്യ ശത്രുവെന്ന് തീരുമാനിച്ചേ മതിയാകൂ. ഇതു പക്ഷെ, മാര്‍ക്‌സിസ്റ്റ് എന്നെഴുതിയ ഉടുപ്പിട്ടു വരുന്ന വലതുപക്ഷ/റിവിഷനിസ്റ്റ് പാര്‍ട്ടികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതാവുകയുമരുത്.


16 ആഗസ്ത് 2012

 

 

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )