മലയാളകവിതയില്‍ എന്തെങ്കിലും പൊടുന്നനെ സംഭവിച്ചുവോ? ഒറ്റ രാത്രികൊണ്ടാകെ ചുവന്നുപോയെന്നാണ് ദേവേശന്‍ പേരൂര്‍ പറയുന്നത്. പഴയ ആഢ്യസിദ്ധാന്തങ്ങളെയും പുതിയ ചന്തസിദ്ധാന്തങ്ങളെയും നിരാകരിച്ചുകൊണ്ട് ചരിത്രപരതയിലൂന്നുന്ന ഒരു ലാവണ്യപക്ഷം കവിതയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് പി.എന്‍.ഗോപീകൃഷ്ണനും എഴുതിയിരിക്കുന്നു. വിമര്ശകന് കാവ്യാത്മകമായും കവി സൈദ്ധാന്തികമായും വിശദീകരിക്കുന്നത് ഒരേ കാര്യമാണ്. ചരിത്രനിരപേക്ഷമായ രചനയുടെ അതീതവിതാനങ്ങളില്നിന്ന് ദൈനംദിന ജീവിതത്തിന്റെ നിസ്സാരതകളിലേക്ക് എന്നപോലെ താല്‍ക്കാലിക വിനിമയ മൂല്യത്തിനപ്പുറം വാക്കിനെന്തുള്ബലമെന്ന നെറ്റിചുളിക്കലുകളില്നിന്നും വാക്കിലിരമ്പുന്ന ജീവിതങ്ങളിലേക്കും കവിത കളം മാറിയോ എന്നതു പ്രധാനപ്പെട്ട കാര്യംതന്നെ.
ഒറ്റനിമിഷംമതി നമ്മെ സ്തംഭിപ്പിക്കുന്ന ഏതൊരാഘാതത്തിനും. തൊട്ടടുത്ത നിമിഷം നമ്മുടെ ചിന്തയും വ്യവഹാരപഥവും മാറുകയായി. അങ്ങനെയൊരു പഥവിഛേദം നമ്മിലും നമ്മുടെ കവിതയിലും സംഭവിച്ചുവോ? അതോ നമ്മുടെ അമര്‍ഷങ്ങള്‍ വീണ്ടുംവീണ്ടും കൊള്ളയടിക്കപ്പെടുകയാണോ? വന്‍കിട പ്രസാധക ശൃംഘലകള്‍ക്ക് സങ്കടവും അമര്‍ഷവും അര്‍ത്ഥാന്തരം ചെയ്യാന്‍ വളരെയെളുപ്പമാണ്. കറുത്ത കവിതകളെയെല്ലാം വെളുപ്പാക്കുന്ന മായാജാലത്തെ കവിതയിലെ വിപ്ലവമെന്ന് കരുതിക്കൂടാ.
അന്ധകാലത്തിന്നിരുള്മുഖഛായയെ/സ്വന്തമുള്ക്കാഴ്ചയാല് വെണ്തിങ്കളാക്കുന്ന കവിപ്പിറവിയെയാണ് നമുക്കാഘോഷിക്കേണ്ടത്. അമ്പത്തിയൊന്നു വെട്ടില്‍ നിസ്തേജമാക്കാനായിട്ടില്ല മലയാളിയുടെ അമ്പത്തിയൊന്നക്ഷരങ്ങളെയമെന്ന് പറയാനുള്ള തിടുക്കത്തിലായിരുന്നു കവികള്‍. അതുകൊണ്ടാണ് മുമ്പൊരിക്കലും ഒറ്റസംഭവംകൊണ്ട് ഇത്രയേറെ കവിതകള്‍ പിറന്നിട്ടില്ലെന്ന് ഗോപീകൃഷ്ണന് പറയുന്നത്. മനുഷ്യരാവുകയെന്നു പറയുകയാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് ഈ കവികളെല്ലാം ഓര്‍മ്മപ്പെടുത്തുന്നു. ഒറ്റ ശബ്ദത്തിലെ ഓര്‍മ്മപ്പെടുത്തല്‍ ചരിത്രത്തിലെ ഇരമ്പലായിത്തീരുന്നുണ്ട്. ഇനി പക്ഷെ ഇവരെല്ലാം എന്താണെഴുതുക എന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. സ്വസ്ഥപഥങ്ങളിലെ സ്വാഭാവിക സഞ്ചാരങ്ങളായി രചനകള്‍ വഴിപ്പെടുമോ?
”വാക്കുകളേ/ഞാനുള്ളു ചുട്ടു വിളിക്കുമ്പോള്‍/വരിപാലിച്ച്/ഗുരുലഘു മുദ്രകള്‍ ചാര്‍ത്തി/ഗണംതിരിഞ്ഞ്/കനത്ത പാദങ്ങളാല്‍/രം നരം നരനരം എന്നു/നിരന്നു വരുന്നതെന്തിനായ്?”(വരവ്)
എന്നു വീണ്ടും വീണ്ടും ചോദിക്കാന്‍ കവികള്‍ തയ്യാറാവുമോ? വാക്കന്വയങ്ങളുടെ മഹാവിസ്തൃതികള് രൂപപ്പെടുംവിധം പതിവുചിട്ടകള്‍ പുതുക്കപ്പെടുമോ? പൂക്കള്‍ കടിച്ചു തുപ്പുന്ന /വെറും സഞ്ചാരിതന്‍ കുതുകം ഉപേക്ഷിക്കാന്‍ അവര്‍ക്കാവുമോ? ചില്ലിലും വ്യഞ്ജനത്തിലും/ഒരു നാടിന്റെ ഉയിര് തുടിച്ചുണരും എന്ന വാക്ക് പാലിക്കപ്പെടണം. അതത്ര എളുപ്പമാവില്ല. കാരണം, കാഴ്ചയിലല്ല,ദര്‍ശനത്തിലാണ് കാലുഷ്യം. മുന്നേറ്റങ്ങളെയാകെ ജ്വലിപ്പിച്ചുനിര്‍ത്തിയ മാനവികതയുടെയും സമത്വചിന്തയുടെയും മഹാദര്ശനങ്ങളായിരുന്നു കലയിലും സാഹിത്യത്തിലും കനലെരിയിച്ചത്. ദര്‍ശനങ്ങളില്‍നിന്നു വെട്ടിമാറ്റപ്പെട്ട പ്രയോഗങ്ങളുടെ പ്രേതരൂപങ്ങളായി പ്രസ്ഥാനങ്ങള്‍ മാറി. ലക്ഷ്യമറ്റ ജീവിതത്തിന്റെ നേര്ക്കാഴ്ച്ചകളായോ സാധൂകരണമായോ പലമട്ടായാണ് രചനകളുണ്ടായത്. ഒരു രാത്രിയുടെ ആഘാതം ഒരു ജീവല്ദര്ശനത്തിലേക്ക് കവികളെ വിളിച്ചുണര്ത്തിയോ എന്നാണറിയാനുള്ളത്. ശീതനിദ്രയില്നിന്നും ജനങ്ങളെയും പ്രസ്ഥാനങ്ങളെയും വിളിച്ചുണര്‍ത്തുന്ന വാക്കാണ് നാം തേടുന്നത്.
ഉള്ളില്‍ പതുങ്ങിയ അര്‍ത്ഥങ്ങളില്‍നിന്ന് അഴകും ആകാരവും നേടി ഭാഷയുടെ ആകാശങ്ങളിലേക്ക് സധൈര്യം വളരുന്ന വാക്കുകളെവിടെ എന്നന്വേഷിച്ചുകൊണ്ടാണ് ഒ.പി.സുരേഷ് അവസാനം എന്ന തന്റെ കവിതയാരംഭിക്കുന്നത്. വാക്കുകള്ക്കെന്താണു പറ്റുന്നത്? പ്രശ്നം വാക്കുകളുടേതാണോ? ഉള്ളില്‍ അര്‍ത്ഥങ്ങള്‍ പതുങ്ങി നില്ക്കുമ്പോള് മാത്രമാണോ അഴകും ആകാരവുമുള്ള വാക്കുകള്‍ പിറക്കുന്നത്? കൊടുങ്കാറ്റുകള്‍ കൂടുകൂട്ടുന്ന – കടലുകള്‍ ആര്‍ത്തിരമ്പുന്ന – കലഹങ്ങള്‍ ചിതറിക്കുന്ന ക്ഷുഭിത പദങ്ങളെ നാം എന്നേക്കുമായി കയ്യൊഴിച്ചുവോ? അര്‍ത്ഥങ്ങള്‍ പതുങ്ങിനില്പ്പാണെന്ന ലാവണ്യനീതി അംഗീകരിച്ചാല്‍പ്പോലും സധൈര്യം വളരണം വാക്കുകള്‍ എന്ന തീര്‍പ്പ് കവിയുടെ മാനിഫെസ്റ്റോ വിളംബരം ചെയ്യുന്നുവെന്നത് കാണാതിരുന്നുകൂടാ. വാക്കുകള്‍ മുളപൊട്ടാത്തതാണോ പൊടിഞ്ഞുണര്ന്ന വാക്കുകളുടെ മുളകള്‍ കവി നിഷ്കരുണം നുള്ളിയെടുത്ത് നിരപരാധി ചമയുകയാണോ? സധൈര്യം വളരണം വാക്കുകള്‍ എന്ന നിലപാട് അയാളെത്തന്നെ കുറ്റവിചാരണ ചെയ്യുകയാവുമോ?
ഇപ്പോള്‍ നമ്മിലെ നെരൂദ ചോദിക്കുന്നത് എന്തുകൊണ്ടാണ് തന്റെ കവിത ഇലകളെക്കുറിച്ചും കിനാവുകളെക്കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടേയിരിക്കുന്നത് എന്നാണ്. ഈ ചോദ്യത്തിനും തെരുവിലെ രക്തത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന കവികള്‍ നമുക്കുണ്ടെന്ന് ബോധ്യപ്പെടാന്‍ ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം നിമിത്തമായി. ആ മിന്നല്‍ദ്യുതിയില്‍ സുരേഷ് വാക്കുപോയ വഴിയേ സഞ്ചരിക്കുന്നു. പേര് പ്രതിഷേധം എന്നായതിനാല്മാത്രം നെഞ്ചില്‍ കുത്തേറ്റു പിടയുകയാണ് ചത്തിട്ടും ചാവാതെ ഒരുശിരന്‍ വാക്ക്. ആ വാക്കും സമാന വാക്കുകളും പൊട്ടിത്തെറിച്ച ജീവിതത്തിന്റെ പ്രശ്നമുഖങ്ങളെ അഭിസംബോധനചെയ്യാന്‍ ഒടുവില്‍ കവി നിര്‍ബന്ധിക്കപ്പെടുന്നു.
നിറഗര്‍ഭിണിയായ ഒരു വാക്കിനെ /ഭര്‍ത്താവാണത്രെ/ഒറ്റച്ചവിട്ടിനു തീര്‍ത്തു,
കണ്ണുപൊത്തിയ കുഞ്ഞുവാക്കുകളെ/ശ്വാസംമുട്ടി മരിച്ച നിലയില്‍/പിന്നീട് കണ്ടെത്തി
കവി എന്ന ക(ഭ)ര്തൃത്വം തന്നെത്തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഓരോവാക്കും എങ്ങനെയാണൊടുങ്ങുന്നതെന്ന് അയാള്‍ കണ്ടെത്തുന്നു. വര്‍ദ്ധിച്ചുവരുന്ന തിന്മകളെ ഭയന്നോടുകയോ വെറും സാക്ഷിമാത്രമാണ് താനെന്നു വിലപിക്കുകയോചെയ്യുന്ന പഴയ സൗന്ദര്യമാത്ര പക്ഷങ്ങളോട് അയാള്‍ കണക്കുതീര്‍ക്കുകയാണ്. എഴുതാന്‍ പാഴ് വാക്കുകള്മാത്രമായിപ്പോകുന്ന അനുഭവവിപര്യയമാണ് ശുദ്ധവാദികള്ക്കു മുന്നിലുള്ളത്.
ജനപിന്തുണയേറിയ വാക്കുകളെ/ഒന്നൊന്നായി പിരിച്ചുവിട്ട്/അധികൃതര്‍ ഉത്തരവിറക്കി.
തലകുമ്പിടാത്ത വാക്കുകളെ / അതിനുമുമ്പേ പുറത്താക്കി.
അവശേഷിച്ചവയെ/ സിംഹാസനങ്ങളില്‍/ മെരുക്കിയിരുത്തി.
ആര്‍ഭാടജീവിതം നയിച്ച് / അലങ്കോലമായ വാക്കുകള്‍ / അജീര്‍ണം പിടിച്ച് ചത്തു.
അഴിമതിയില്‍ മുങ്ങി മരിച്ചു / ആദര്‍ശവാദികളായ / അനേകം വാക്കുകള്‍.
സമീപകാല രാഷ്ട്രീയാനുഭവങ്ങളുടെ തീവ്രധ്വനികളോടെ വാക്ക് എന്ന പദം കവിതയുടെ കേന്ദ്രരൂപകമായിത്തീരുന്നു. പല പല നാമപദങ്ങള്കൊണ്ട് വാര്‍ത്തയോ വര്‍ത്തമാനമോ ആയിത്തീരാവുന്ന സന്ദര്‍ഭം വാക്കുകൊണ്ട് പൂരിപ്പിക്കമ്പോള്‍ കവിതയുടെ കരുത്തും സൗന്ദര്യവും കൈവരിക്കുന്നു. ജീവല്‍ സന്ദര്‍ഭങ്ങളില്‍ അര്ത്ഥഭേദങ്ങളോടെ തുടിച്ചുനിന്ന വാക്കുകളെ പുറത്താക്കുകയോ മെരുക്കിയെടുക്കുകയോ ചെയ്യുമ്പോള്‍ കാവ്യഭാഷ വാക്കുകളുടെ ശ്മശാനമായിത്തീരുന്നു. പിന്നെ ജീവനുള്ള ഒരു വാക്ക് തേടിയാകുന്നു കവിയുടെ അന്വേഷണം.
വാക്കിന്റെ ജീവനിരിക്കുന്നത് എവിടെയെന്നുതന്നെയാണ് നാം അന്വേഷിക്കുന്നത്. ചന്ദ്രശേഖരന്‍വധത്തില്‍ പ്രതിഷേധിക്കുന്ന ഒരു വാക്കുകൊണ്ട് തൃപ്തിപ്പെടാനാവില്ല. എങ്കിലും അതുപോലും പ്രയാസമാകുംവിധം ധ്യാനനിമഗ്നരായിരുന്നു നമ്മുടെ പല കവികളും. രാഷ്ട്രീയമാണ് കൊലയ്ക്കു പിന്നിലെങ്കില്‍, ആ രാഷ്ട്രീയത്തിന്റെ അനുവാദംവേണം പ്രതികരിക്കാനെന്ന ദാസ്യമാണ് ചിലരെങ്കിലും പ്രകടിപ്പിക്കുന്നത്.
അധര്‍മ്മം തലപൊന്തിച്ചീടുകിലെങ്ങായാലു-
മതിന്നേര്ക്കലറും നാം, നിര്‍ത്തുകീ രക്തം ചിന്തല്‍
നിര്ത്തുകീയപവിത്ര രാഷ്ട്രീയക്കളി,യിദ്ദുര്-
മ്മര്ദ്ദന, മിക്രൗര്യ,മീയുന്മാദദുരാവേശം
എന്നെഴുതാന്‍ ഇടശ്ശേരിക്കു കാവ്യതത്വങ്ങളൊന്നും തടസ്സമായില്ല. എങ്ങെങ്ങു മര്‍ദ്ദനം നടന്നാലും പ്രഹരമേല്‍ക്കുന്നത് തന്റെ പുറത്താണെന്ന് എന്‍.വിയും വേദനിച്ചിട്ടുണ്ട്. കവിതയുടെയും ജീവിതത്തിന്റെയും ക്രമങ്ങളെ പൊളിച്ചെഴുതാനുള്ള വിചാരധീരതയ്ക്ക് എന്നേക്കുമുള്ള ആഹ്വാനമാണവ.
പ്രതിമാസ കവിത
2 ആഗസ്ത് 2012
ഇഷ്ടമായി..അഭിവാദ്യങ്ങള്‍..
LikeLike
nannayittund mashe
LikeLike