Article POLITICS

വി എസ്‌ ഏറ്റെടുത്തിരിക്കുന്ന ചരിത്രദൗത്യം

         അന്തിമ ലക്ഷ്യം അതെന്തായാലും കൊള്ളാം; എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. ചലനാത്മകമായ പ്രസ്ഥാനമാണ് സര്‍വ്വസ്വവും. എന്നത് ജര്‍മ്മനിയിലെ റിവിഷനിസ്റ്റ് ആചാര്യന്‍  എഡ്വേര്‍ഡ് ബേണ്‍സ്റ്റൈന്‍ (1850 – 1932)ഉയര്‍ത്തിയ മുദ്രാവാക്യമാണ്.  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളില്‍ ജര്‍മ്മന്‍ പാര്‍ട്ടിയെ അവസരവാദം കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ ജര്‍മ്മനിയിലെ പാര്‍ട്ടിയിലുണ്ടായ ദുഷ്പ്രവണതകളും അതിനെതിരെയുണ്ടായ ഉജ്വലമായ പോരാട്ടങ്ങളും ലോക കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.  എം.എസ്.ദേവദാസ് തന്റെ വിഖ്യാതമായ കൃതിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘മുതലാളിത്തത്തെ ഒരു തൊഴിലാളിവര്‍ഗ വിപ്ലവത്തിലൂടെ മാറ്റിമറിക്കേണ്ട ആവശ്യമില്ലെന്നും അത് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെയും തൊഴിലാളികള്‍ക്ക് മുതലാളിത്തത്തിനു കീഴില്‍ത്തന്നെ കിട്ടുന്ന ചില്ലറ നേട്ടങ്ങളിലൂടെയും പടിപടിയായി സ്വയം സോഷ്യലിസമായി വരുന്നുണ്ടെന്നും , അതുകൊണ്ട് മുതലാളിത്തത്തിന്റെ പുതിയ പ്രവണതകള്‍ കണക്കിലെടുത്ത് മാര്‍ക്‌സിസത്തിന്റെ വിപ്ലവകരമായ സിദ്ധാന്തവും അടവുകളുമെല്ലാം പൊളിച്ചെഴുതി നവീകരിക്കേണ്ടതുണ്ടെന്നും മറ്റുമുള്ള വാദഗതിയായിരുന്നു റിവിഷനിസത്തിന്റെ അന്തസ്സത്ത. രണ്ടാം ഇന്റര്‍നാഷണലിന്റെ തുടക്കംമുതല്‍ക്കേ വളര്‍ന്നുവരുന്നതായി നാം കണ്ട വലതുപക്ഷ അവസരവാദത്തിന്റെ താത്വിക സാക്ഷാത്ക്കാരമായിരുന്നു റിവിഷനിസം. അതിന്റെ ആദ്യത്തെ ഏറ്റവും മികച്ച ആചാര്യനുമായിരുന്നു ബേണ്‍സ്റ്റൈന്‍.(ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം – പുറം 289).

ഇന്ത്യയിലെ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി.ഐ.എമ്മിന്റെ മുന്നേറ്റം ഈ വഴിയിലൂടെയാണ്. സോഷ്യലിസം വിദൂരലക്ഷ്യമാണെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുതലാളിത്തത്തിന്റെ പുതിയ പ്രവണതകള്‍ കണക്കിലെടുത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം രൂപപ്പെടുത്താനുള്ള ഭഗീരഥയത്‌നത്തിലാണത്രെ പാര്‍ട്ടി! പഴയ സോഷ്യലിസ്റ്റു പരീക്ഷണങ്ങളുടെയെല്ലാം പരാജയം ചൂണ്ടിക്കാട്ടിയാണ് പുതിയ കോപ്രായങ്ങളെ സാധൂകരിക്കുന്നത്. ഒന്നരപ്പതിറ്റാണ്ടിലേറെയായി  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ പാര്‍ട്ടി പരിപാടിവരെ പരിഷ്‌ക്കരിക്കാനോ പൊളിച്ചെഴുതാനോ ഉള്ള പി.രാജീവന്‍മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവരുടെ ശ്രമങ്ങള്‍ പാര്‍ട്ടിയെ എവിടെയാണെത്തിച്ചിരിക്കുന്നതെന്നു നോക്കുന്നതു കൗതുകകരമായിരിക്കും.

ശീതയുദ്ധത്തിനും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും ശേഷം ലോകമെമ്പാടുമുള്ള നിരവധി പാര്‍ട്ടികള്‍ പരിപാടിയും പതാകയും ഉപേക്ഷിച്ചപ്പോള്‍ ചരിത്രപരമായ ഭൗതികവാദത്തെയും വര്‍ഗസമരസിദ്ധാന്തത്തെയും മുറുകെപ്പിടിച്ച പാര്‍ട്ടിയാണ് സി.പി.എം.  ഒറ്റയ്ക്കുനിന്ന് അന്നാരംഭിച്ച പോരാട്ടത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളും പ്രേരണകളും തിരിച്ചറിയാന്‍ ശേഷിയില്ലാതെപോയത്  ആ പാര്‍ട്ടിയിലെതന്നെ ചിലര്‍ക്കായിരുന്നു.  അവരാണ്, സോഷ്യലിസ്റ്റന്വേഷണങ്ങളെല്ലാം പാളിപ്പോയി ഇനി പുതിയ വഴിതേടണം എന്നെല്ലാം നിലവിളിച്ചത്. പാര്‍ട്ടിതന്നെ തുടങ്ങിവെച്ച സാര്‍വ്വദേശീയ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കിടയിലെ ആശയസംവാദങ്ങളും കൂട്ടായ്മകളും സോഷ്യലിസം മാത്രമാണ് ബദലെന്ന് ആവര്‍ത്തിച്ചുറപ്പിച്ചതും ഇക്കൂട്ടര്‍ കേട്ടില്ല. രാജ്യത്തു പുത്തന്‍ സാമ്പത്തികനയങ്ങള്‍ക്കു പകരമായി സര്‍ക്കാറിനു സമര്‍പ്പിച്ച സാമ്പത്തിക നയരേഖകളും തുടര്‍ന്നുള്ള സമരപ്രഖ്യാപനങ്ങളും പാര്‍ട്ടിക്കു പുത്തനുണര്‍വ്വു നല്‍കിയിരുന്നു. എന്നാല്‍ ഈ വഴിയില്‍നിന്നു പിന്തിരിപ്പിക്കുന്ന പ്രതിലോമ പ്രവണതകള്‍ക്ക് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ അവസരം ലഭിക്കുന്നതാണ് പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം കാണുന്നത്. ആ കോണ്‍ഗ്രസ് പ്രമേയങ്ങളുടെ അന്തസ്സത്ത തിരിച്ചറിഞ്ഞു പ്രയോഗത്തിന്റെ ഭാഗമാക്കുന്നതില്‍ പാര്‍ട്ടി വീഴ്ച്ച വരുത്തി. സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ തകര്‍ത്ത സാമ്രാജ്യത്വ കൗശലങ്ങളുടെ പുതിയ പതിപ്പുകള്‍ക്ക് കേരളവും ബംഗാളും ചുവന്ന പരവതാനി വിരിച്ചു. പതിനാലാം പാര്‍ട്ടികോണ്‍ഗ്രസ്സ് അംഗീകരിച്ച ലോകതൊഴിലാളിവര്‍ഗത്തിനുതന്നെ അഭിമാനകരമായ നിലപാടുകളും തീരുമാനങ്ങളും കുപ്പത്തൊട്ടിയിലുപേക്ഷിച്ച് സാമ്രാജ്യത്വ സാമ്പത്തിക ശക്തികളുടെയും രാജ്യത്തെ കുത്തകകളുടെയും നാട്ടുമുതലാളിമാരുടേയും കാര്യസ്ഥസംഘമായി പാര്‍ട്ടി മാറി.

അതേസമയം ലോകത്തെ വിവിധ രാജ്യങ്ങളിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ പഴയ തെറ്റുകള്‍ തിരുത്തി സോഷ്യലിസ്റ്റു ബദലിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിനിരക്കാനാരംഭിച്ചു. ബര്‍ലിന്‍ മതില്‍ തകര്‍ന്ന് രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ കിഴക്കന്‍ ജര്‍മ്മനിയിലെ ജനങ്ങളില്‍ അമ്പത്തിരണ്ടു ശതമാനംപേരും ആഗോളവര്‍ക്കരണം അടിച്ചേല്‍പ്പിച്ച തുറന്ന വിപണികളെ വെറുത്തുതുടങ്ങിയതായി ഒരു സര്‍വ്വേ(ദി ഗാര്‍ഡിയന്‍) വെളിപ്പെടുത്തുന്നു.അവര്‍ ഈ വിപണിവ്യവസ്ഥ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നു വ്യക്തമാക്കുന്നു. നാല്‍പ്പത്തിമൂന്നു ശതമാനം പേരും പഴയ സോഷ്യലിസ്റ്റു വ്യവസ്ഥ തിരികെവേണമെന്ന പക്ഷക്കാരാണ്. ജൂലായ് മാസത്തിന്റെ തുടക്കത്തില്‍ ലണ്ടനില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാര്‍ക്‌സിസം 2012 പരിപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. യുവജനങ്ങളുടെ പങ്കാളിത്തം രാഷ്ട്രീയപ്രാധാന്യമര്‍ഹിക്കുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും വളര്‍ന്നുപന്തലിക്കുന്ന സമരങ്ങളും സമസ്തമേഖലകളിലും മാര്‍ക്‌സിസത്തിനു കൈവരുന്ന പുതിയ സ്വീകാര്യതയും സോഷ്യലിസമാണ് ബദല്‍ എന്ന മുദ്രാവാക്യത്തെ ഒരിക്കല്‍കൂടി കരുത്തുറ്റതാക്കിയിരിക്കുന്നു.

ടെറി ഈഗിള്‍ടന്റെയും എറിക് ഹോബ്‌സ് ബോമിന്റെയും പുസ്തകങ്ങള്‍ക്കു പിറകെ കഴിഞ്ഞ ദശകത്തില്‍ മാര്‍ക്‌സിസ്റ്റ് രചനകളുടെയും വിശകലനങ്ങളുടെയും കുത്തിയൊഴുക്കുണ്ടായി. ക്ലാസിക്കുകളുടെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ വന്നുതുടങ്ങി. 2008ലെ സാമ്പത്തികപ്രതിസന്ധികൂടിയായപ്പോള്‍ മൂലധനത്തിന്റെയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും പ്രസിദ്ധീകരണവും വില്‍പ്പനയും വര്‍ദ്ധിച്ചു.1992ല്‍ ഫുക്കുയാമയെഴുതിയ ചരിത്രത്തിന്റെ അന്ത്യം എന്ന കൃതി പ്രവചിച്ചപോലെ മാര്‍ക്‌സിസം കാലാഹരണപ്പെടുകയോ മുതലാളിത്തം എതിരില്ലാതെ വിജയിക്കുകയോ ചെയ്തില്ല. മുതലാളിത്തം കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. എല്ലാ വിഭാഗം ജനങ്ങളിലും ആഗോളവല്‍ക്കരണനയങ്ങളോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചിരിക്കുന്നു. വികസ്വര രാജ്യങ്ങളിലെന്നപോലെ വികസിത രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ വളര്‍ന്നു വരികയാണ്.

ഈ സന്ദര്‍ഭത്തിലാണ്  സി.പി.എം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസമെങ്ങനെയെന്നറിയുന്നില്ലെന്ന നാട്യത്തില്‍ ആഗോളവല്‍ക്കരണ നയ സമീപനങ്ങളുടെ നടത്തിപ്പുകാരാകുന്നത്. ബി.ടി.ആറും ബസവപുന്നയ്യയും ഇ.എം.എസ്സുമൊക്കെ അരങ്ങൊഴിഞ്ഞതോടെ ഇവരുടെ പിന്തുടര്‍ച്ചക്കാരെന്ന ഭാവത്തില്‍ കടന്നുകയറിയവര്‍ മാര്‍ക്‌സിസത്തിന്റെ അമേരിക്കന്‍ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണത്തിന് ക്യൂനിന്നത്. അതിന്റെ ഫലം ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരു ജനതയാകെ ബലിനല്‍കപ്പെട്ടു എന്നതാണ്. പഴയ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയ സാംസ്‌ക്കാരിക മേല്‍ക്കൈയുടെയും ഭാഗമായി കൈവന്നിരുന്ന സാമൂഹിക സുരക്ഷാവലയങ്ങളാകെ തകര്‍ന്നു തരിപ്പണമാകാനും എല്ലാവിധ വിഭാഗീയതകളും ആയുധമേന്താനും അതു കാരണമായി. പാര്‍ട്ടിക്കകത്തും അതിന്റെ സ്വയംസമര്‍പ്പിത അച്ചടക്കം തകരുകയും മൂലധനാവേശത്തിന്റെ ഭിന്ന ധാരകളില്‍ചേര്‍ന്ന് അന്യോന്യം കൊലവിളികളാരംഭിക്കുകയും ചെയ്തു.

എന്തു ലക്ഷ്യവുമാകട്ടെ,പാര്‍ട്ടിമതി എന്ന പ്രായോഗിക ചിന്തയിലാണ് സി.പി.എം എത്തിപ്പെട്ടത്. ഈ പരിണതികള്‍ക്കെതിരെ പൊരുതാന്‍ സി.പി.എമ്മിന്റെ ആദ്യകാലനായകരില്‍ ചിലരുണ്ടായി എന്നത് ഭാഗ്യം. തൊണ്ണൂറുകളുടെ മധ്യത്തില്‍,വിടവാങ്ങുന്നതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ഇ.എം.എസ് സമയം ചെലവഴിച്ചത് ഈ വ്യതിയാനങ്ങള്‍ക്കെതിരെ പാര്‍ട്ടിയെ ഉണര്‍ത്തിനിര്‍ത്താനാണ്. അമ്പതുകളില്‍ താനും പഴയ സഖാക്കളും വിവര്‍ത്തനംചെയ്തും വ്യാഖ്യാനിച്ചും മലയാളികള്‍ക്കു പരിചിതമാക്കിയ മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകള്‍ ഒരിക്കല്‍കൂടി വായിക്കാനും അവ മലയാളികളെ കേള്‍പ്പിക്കാനും ഇ.എം.എസ് സമയം കണ്ടെത്തി. നാലാംലോകവാദം പോലെയുള്ള പ്രച്ഛന്നമുതലാളിത്ത സിദ്ധാന്തങ്ങളെ അദ്ദേഹം തുറന്നു കാട്ടി. ഇ.ബാലാനന്ദനും തന്റെ അന്ത്യകാലത്ത് ഈ സമരംതന്നെയാണ് ഏറ്റെടുത്തത്.  ഈ പോരാട്ടങ്ങളുടെ സത്തയും വീര്യവും ഏറ്റെടുക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട പ്രസ്ഥാനം പുതുതായി വരിച്ച മുതലാളിത്ത ദാസ്യംകൊണ്ട് അതിനുള്ള ത്രാണി നഷ്ടമാക്കി.

എന്നാല്‍ ഇതേവഴിയില്‍ കൂടുതല്‍ ശക്തിയോടെ മാര്‍ക്‌സിസത്തിന്റെ സര്‍ഗ്ഗശേഷി ഉയര്‍ത്തിപ്പിടിക്കാനും പോരാട്ടങ്ങളുയര്‍ത്താനും വി.എസ് അച്യുതാനന്ദന്‍ ജീവിതം നീക്കിവെച്ചിരിക്കുന്നു. കുറേകൂടി സങ്കീര്‍ണമായ ഒരു കാലത്താണ് അദ്ദേഹത്തിന് ഒറ്റയ്ക്കു പൊരുതി നില്‍ക്കേണ്ടി വരുന്നത്. കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്കും അവരുടെ ദല്ലാളന്മാരായി വലതുപക്ഷ അജണ്ട നടപ്പാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പൊരുതിനില്‍ക്കുമ്പോള്‍തന്നെ സ്വന്തം പ്രസ്ഥാനത്തെ വിഴുങ്ങിത്തീര്‍ക്കുന്ന റിവിഷനിസത്തിനെതിരെയും ആഞ്ഞടിക്കുന്ന ഒറ്റയാള്‍ പട്ടാളമായി അദ്ദേഹം മാറിയിരിക്കുന്നു. 1993 – 94 കാലത്ത് നൃപന്‍ചക്രവര്‍ത്തി സമാനമായ വിമര്‍ശനമാണ് ബംഗാള്‍ പാര്‍ട്ടിയെപ്പറ്റി ഉന്നയിച്ചത്. ബംഗാളിലെ പാര്‍ട്ടി സി.പി.എമ്മിന്റെ പാര്‍ട്ടിപരിപാടി ഉപേക്ഷിച്ചിരിക്കുന്നു, യാതൊരു തത്വദീക്ഷയുമില്ലാതെ വിദേശമൂലധനത്തെ സംസ്ഥാനത്തേക്കു ക്ഷണിച്ചു വരുത്തിയിരിക്കുന്നു, ബംഗാളിലെ പാര്‍ട്ടിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും മുതലാളിത്ത താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്, വര്‍ഗസമരത്തിലല്ല,വര്‍ഗസഹകരണത്തിലായിരിക്കുന്നു അവര്‍ക്കു വിശ്വാസം, പാര്‍ട്ടി കൊലപാതകരാഷ്ട്രീയവും അഴിച്ചുവിടുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളായിരുന്നു നൃപന്‍ചക്രവര്‍ത്തിയുടേത്. ബംഗാളിലെ പാര്‍ട്ടിയില്‍നിന്നും ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.ഇതിനെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയെന്നു വിളിക്കാന്‍തന്നെ എനിക്കറപ്പു തോന്നുന്നു എന്ന വിലാപം പശ്ചിമബംഗാളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഒരു നേതാവിന്റേതാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നാരോപിച്ചാണ് പാര്‍ട്ടി നൃപനെ പുറത്താക്കിയത്. എന്നാല്‍ ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോഴേക്കും നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും വ്രണങ്ങളിലൂടെ പാര്‍ട്ടിയുടെ ചീഞ്ഞളിഞ്ഞ മുഖം പുറംലോകം കണ്ടു. തൊഴിലാളിവര്‍ഗത്തില്‍നിന്നും അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങളിലുംനിന്ന് പാര്‍ട്ടി അകലുമെന്ന താക്കീത് ബംഗാളിന്റെ യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്തു. ആഗോളവല്‍ക്കരണകാലത്തെ അതിക്രമങ്ങളോടു ചെറുത്തുനിന്ന് ഇടതുപക്ഷത്ത് ഒരു തിരുത്തല്‍ശക്തിയാവാന്‍ നൃപന്‍ചക്രവര്‍ത്തി ക്കു ജീവിതമുണ്ടായില്ല.

എങ്കിലും പാര്‍ട്ടിയുടെ ആരംഭകാലതലമുറയില്‍ യൗവ്വനതീക്ഷ്ണമായ വാര്‍ദ്ധക്യം ബാക്കിനിന്നു. ബാസവപുന്നയ്യയും ബി.ടി.ആറും ഇ.എം.എസ്സും നൃപന്‍ചക്രവര്‍ത്തിയും ബാലാനന്ദനും മണ്‍മറഞ്ഞപ്പോള്‍ ആ ശൂന്യതയില്‍ ഏകാകിയായ ഒരു വടവൃക്ഷമായി വി.എസ്.ചരിത്രദൗത്യം തുടരുന്നു.  ആ വൃക്ഷത്തില്‍ മഴുവെറിഞ്ഞു കളിക്കുകയാണ് പാര്‍ട്ടിയിലെ പ്രായമേറിയിട്ടും ബുദ്ധിയുറക്കാത്ത കുട്ടികള്‍. കാറ്റു വീശുന്ന കാലത്ത് ആ വൃക്ഷശിഖരങ്ങളില്‍ കെട്ടിപ്പുണര്‍ന്നാണ് അതിജീവനം. എന്നിട്ടും കാറ്റു മാറുമ്പോള്‍ അതു വെട്ടിയിടാനാണ് ഉത്സാഹം.

ജൂലായ് 21, 22 തീയതികളില്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മറ്റി യോഗത്തില്‍ അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം  ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. മുതലാളിത്ത വികാസഘട്ടത്തില്‍ പാര്‍ട്ടിയെ ബാധിക്കുന്ന വലതുപക്ഷ അവസരവാദത്തിന്റെ അനുഭവമാണ് രണ്ടാം ഇന്റര്‍നാഷണലിന്റെ കാലത്തു ജര്‍മ്മനിയിലും റഷ്യയിലും കണ്ടത്. റോസാ ലുക്‌സം ബര്‍ഗിന്റെയും ലെനിന്റെയും  പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സമരങ്ങള്‍ തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പിനും വളര്‍യ്ക്കുമിടയാക്കി. ആഗോളവല്‍ക്കരണകാലത്തു റിവിഷനിസത്തിനെതിരെ ഇത്ര ദീര്‍ഘവും സമര്‍പ്പിതവുമായ ഒരു സമരം മറ്റെങ്ങും നടന്നതായറിയില്ല. വി.എസ് ചരിത്രം കുറിക്കുകയാണ്.

‘എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴുംക്രിമിനലുകളുടേയും അഴിമതിക്കാരുടേയും കയ്യേറ്റക്കാരുടേയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധി ചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിത നിലപാടിനു കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാക്കുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റ ന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്നു തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ , അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തിരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പംനിന്ന് സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന്‍ എനിക്കു സാദ്ധ്യമല്ല.

നിലപാടുകളിലെ തീര്‍ച്ചയും മൂര്‍ച്ചയും ആവേശകരമാണ്. ഇതേ ആവേശമാണ് റോസാ ലുക്‌സംബര്‍ഗിന്റെ സ്തുത്ഗാര്‍ട് പ്രസംഗത്തിലുള്ളത്. അതിപ്രകാരമാണ്: പാര്‍ട്ടിയിലെ ചില സഖാക്കള്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അന്തിമലക്ഷ്യങ്ങള്‍ക്കുവേണ്ടിയല്ല നിലകൊള്ളുന്നതെന്ന് നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ട്. ആ വസ്തുത അസന്ദിഗ്ദ്ധമായി തുറന്നു പറയേണ്ടത് ഒരാവശ്യമാണ്.  ആ ആവശ്യം എപ്പോഴെങ്കിലും അനിവാര്യമായിട്ടുണ്ടെങ്കില്‍ അതിപ്പോഴാണ്. ……അന്തിമലക്ഷ്യം ഒന്നുമല്ല, ചലനാത്മകമായ പാര്‍ട്ടിയാണ് സര്‍വ്വസ്വവുമെന്ന തത്വജ്ഞാനികളുടെ പഴകി ജീര്‍ണിച്ച നിലപാട് തൊഴിലാളിവര്‍ഗത്തിന് സ്വീകാര്യമല്ല. അന്തിമലക്ഷ്യവുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ലെന്നുവന്നാല്‍, അത് എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. അന്തിമലക്ഷ്യമാണ് എനിക്കു സര്‍വ്വസ്വവും.

സംഘടനാകമ്മറ്റികളിലെ ഭൂരിപക്ഷംകൊണ്ട് പ്രത്യയശാസ്ത്ര വ്യതിയാനം സാധൂകരിക്കപ്പെടുന്നത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ ചൈതന്യപൂര്‍ണമായ ഭൂതകാലത്തോട് ആശയവാദം നടത്തുന്ന കൊലവിളിയാണ്. ഇടഞ്ഞുനിന്നവരെയെല്ലാം തുടച്ചുമാറ്റി കോര്‍ത്തെടുത്ത കണ്ണികളിലൂടെ  മൂലധനരാഷ്ട്രീയത്തിന്റെ അതിജീവനപഥമൊരുക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാവില്ല. പാര്‍ട്ടി അംഗത്വവും വിപ്ലവവാചാടോപവും അവരെ സഖാക്കളാക്കുകയില്ല. ഇടതുപക്ഷം തകര്‍ന്നുപോയാല്‍ രാജ്യത്തിന്റെ സ്ഥിതിയെന്താകും! അതുകൊണ്ട് മനമില്ലാ മനസ്സോടെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നുവെന്ന് വിശദീകരിക്കുന്നവരും പാര്‍ട്ടിയെ രക്ഷിക്കുകയല്ല പാര്‍ട്ടിഘാതകര്‍ക്കും പുതിയ മുതലാളിത്തത്തിനും കൂട്ടു നില്‍ക്കുകയാണ്. പ്രത്യശാസ്ത്ര ഭദ്രത നഷ്ടമായ പാര്‍ട്ടിഘടന വലതുപക്ഷത്തേക്കാള്‍ വേഗം ഇടതുപക്ഷരാഷ്ട്രീയത്തെ വിഴുങ്ങും. അതിനു കാര്‍മികത്വം വഹിക്കാനാവണം പ്രകാശ് കാരാട്ടിന്റെ നിയോഗം.

24 ജൂലായ് 2012

6 അഭിപ്രായങ്ങള്‍

 1. വിഭാഗീയ പ്രവർത്തനം നടത്തി സമര പാരമ്പര്യമുള്ള സഖാക്കളെ ഒന്നൊഴിയാതെ വെട്ടി നിരത്തുന്നതും പാർട്ടി വിരുദ്ധരെ ഉപയോഗിച്ച പാർട്ടി സെക്രട്ടറിക്കെതിരെ പ്രവർത്തനം നടത്തുന്നതും ഒക്കെ പ്രത്യയ ശാസ്ത്ര പൂർണ്ണത എന്ന് വിളിക്കാം…പല്ലു വേദന വന്നാൽ ലണ്ടനിൽ പോവുകയും ഇവിടുത്തെ മെഡിക്കൽ കോളേജിൽ ജീവനിൽ കൊതിയുള്ളവർ പോകുമോ എന്ന് പറയുന്നതും പ്രത്യയ ശാസ്ത്ര പൂർണ്ണത…75,000 രൂ അംഗത്വ ഫീസുള്ള ഗോൾഫ് ക്ലബിൽ സ്വന്തം മകൻ അംഗമായതിനെ പറ്റി ചോദിച്ചാൽ “ പണമുള്ളവർ അംഗമാകും, അവിടെ പോകും രണ്ടെണ്ണം ആടിയ്ക്കും” എന്ന് ആംഗ്യ വിക്ഷേപങ്ങളോടെ പറയുന്നത് പ്രത്യയ ശാസ്ത്ര പൂർണ്ണത…നാല്പതു ലക്ഷം മുടക്കി സ്വന്തം ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതിനെ പറ്റി മൌനം പാലിക്കുകയും , ഓരോ ക്യാബിനറ്റ് മീറ്റിംഗിനും ശേഷം സ്വന്തം മന്ത്രിസഭയിലെ ഓരോ അംഗത്തെയായി കുത്തിപ്പറയുകയും ചെയ്ത് സർക്കാർ നേട്ടങ്ങളെപ്പോലും പത്രത്താളുകളിൽ നിന്ന് നീക്കി നിർത്തുമ്പോൾ ഈ പ്രത്യയശാസ്ത്ര സമരം പൂർണ്ണമാകുന്നു !

  Like

 2. ഇതും സത്യം …………………………………………………………………………………………………………………………………………………………………..” വിഭാഗീയ പ്രവർത്തനം നടത്തി സമര പാരമ്പര്യമുള്ള സഖാക്കളെ ഒന്നൊഴിയാതെ വെട്ടി നിരത്തുന്നതും പാർട്ടി വിരുദ്ധരെ ഉപയോഗിച്ച പാർട്ടി സെക്രട്ടറിക്കെതിരെ പ്രവർത്തനം നടത്തുന്നതും ഒക്കെ പ്രത്യയ ശാസ്ത്ര പൂർണ്ണത എന്ന് വിളിക്കാം…പല്ലു വേദന വന്നാൽ ലണ്ടനിൽ പോവുകയും ഇവിടുത്തെ മെഡിക്കൽ കോളേജിൽ ജീവനിൽ കൊതിയുള്ളവർ പോകുമോ എന്ന് പറയുന്നതും പ്രത്യയ ശാസ്ത്ര പൂർണ്ണത…75,000 രൂ അംഗത്വ ഫീസുള്ള ഗോൾഫ് ക്ലബിൽ സ്വന്തം മകൻ അംഗമായതിനെ പറ്റി ചോദിച്ചാൽ “ പണമുള്ളവർ അംഗമാകും, അവിടെ പോകും രണ്ടെണ്ണം ആടിയ്ക്കും” എന്ന് ആംഗ്യ വിക്ഷേപങ്ങളോടെ പറയുന്നത് പ്രത്യയ ശാസ്ത്ര പൂർണ്ണത…നാല്പതു ലക്ഷം മുടക്കി സ്വന്തം ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതിനെ പറ്റി മൌനം പാലിക്കുകയും , ഓരോ ക്യാബിനറ്റ് മീറ്റിംഗിനും ശേഷം സ്വന്തം മന്ത്രിസഭയിലെ ഓരോ അംഗത്തെയായി കുത്തിപ്പറയുകയും ചെയ്ത് സർക്കാർ നേട്ടങ്ങളെപ്പോലും പത്രത്താളുകളിൽ നിന്ന് നീക്കി നിർത്തുമ്പോൾ ഈ പ്രത്യയശാസ്ത്ര സമരം പൂർണ്ണമാകുന്നു ! “

  Like

 3. vs ഇല്ലയിരുന്നെന്ഘില്‍ പാര്‍ട്ടി എന്നോ തകര്‍ന്നു പോയേനെ,വിജയന്‍ മാഷ് പര്ന്ജതുഒര്മയില്ലെ നേതാക്കള്‍ ഉണ്ടാവും പക്ഷെ പിന്നില്‍ ജനഘല്‍ ഉണ്ടാകില്ല, ജന മനസില്‍ vs എന്നുമുണ്ടാവും

  Like

 4. സംഘടനാകമ്മറ്റികളിലെ ഭൂരിപക്ഷം നഷ്ടപെട്ടപോള്‍, പ്രത്യയശാസ്ത്ര വ്യതിയാനം എന്ന് പറഞ്ഞു പാര്‍ട്ടിയെ തള്ളിപറഞ്ഞത് ശരിയാണോ?? ഇടതുപക്ഷ മുന്നണി പരാജയപെട്ട്പോള്‍ ഒരു വിജയിയെ പോലെ ഔറി ചിരിച്ചത് കമ്മ്യൂണിസ്റ്റ്‌ ആദര്‍ശം മുറ്കെ പിടിച്ചത് കൊണ്ടാന്നോ?? ഏറ്റെടുത്ത സമരങ്ങള്‍ പാതിവഴിക്ക് ഉപേക്ഷിച്ചത് എന്തിനാണ് ?? മുഖ്യമന്ത്രി സ്ഥാനര്തിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ്കളെ നേരിടാത്ത പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തി പാര്‍ലമെന്ററി വ്യാമോഹം സാഫല്യം നേടാന്‍ ആഗ്രഹിച്ചത് കമ്മ്യൂണിസ്റ്റ്‌നു ചേര്‍ന്നതന്ണോ?? തിരഞ്ഞെടുക്കപെട്ട പാര്‍ട്ടി സെക്രട്ടറിയെറ്റിനെ അവഹേളികുനത് കമ്മ്യൂണിസ്റ്റ്‌ സംഘടയില്‍ കേട്ട് കേള്‍വി ഉള്ളതാന്നോ??

  ഇപ്പോഴത്തെ സെക്രട്ടറിയും മറ്റു സഖാകളും ഒരു പതിറ്റാണ്ട് മുന്‍പ്‌ അദ്ധേഹത്തിന്റെ വിശ്വസ്തരായിരുന്നിലെ? അവര്‍ക്കും കമ്മ്യൂണിസ്റ്റ്‌ വീര്യം കുറഞ്ഞു പോയത് എന്ന് മുതല്‍ക്കേ ആണ് ?? മുഖ്യമന്ത്രി എന്നാ നിലയില്‍ എന്ത് നേട്ടമാണ് ഉണ്ടാകിയത് ?? സഹമന്ത്രി മാരുടെ നല്ല പ്രവര്‍ത്തനം കൊണ്ട് നില്ലനിന്നു പോയ ഒരു മന്ത്രി സഭ അല്ലായിരുന്നോ വി. എസ് മന്ത്രി സഭ.
  വി. എസ്നു മുന്‍പ് ഉള്ള കമ്മ്യൂണിസ്റ്റ്‌ ആയിരുന്നിലെ ഡാങ്ക്കേ അദ്ദേഹത്തിന് തെറ്റ് പറ്റിയിലെ ?? മുതിര്‍ന്ന നേതാവയത് കൊണ്ട് തെറ്റ് പറ്റിലെന്ന് ഒന്നുമില്ലലോ ??

  Like

 5. പാര്‍ട്ടി തകരുന്നത് കാണാന്‍ നോയ്മ്പ്‌ നോറ്റവര്‍ ബാല്‍ക്കണിയില്‍ നോക്കിയിരുപ്പുണ്ട് ….എനിക്ക് മറ്റൊന്നും പറയാനില്ല….സംഭവിക്കാനുള്ളത് സംഭവിക്കും,,,പാര്‍ട്ടിയുണ്ടാകും ,പിറകെ ജനങ്ങളും ഉണ്ടാകും,,,അല്ലെങ്കില്‍ ഇല്ലാതിരിക്കും,,,എല്ലാം നമുക്ക് ഭാവി ചരിത്രത്തിന്‌ വിട്ടുകൊടുക്കാം……

  Like

 6. ആസാദ്‌ ഏറ്റെടുത്ത ചരിത്ര ദൌത്യം ഇവിടം വരെ ആയി ? സി പി എമിനെ മൂക്കിൽ കേറ്റി കളയാം എന്ന് കണക്കു കൂട്ടി ചാനൽ അന്തി ചർച്ചകളിൽ കണ്ട ക്ഷോഭം നടത്തി മതിയായോ ? കഷ്ട്ടം !

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )