Article POLITICS

അനുസരിച്ചു കൊണ്ടേയിരിക്കാന്‍ ശീലിച്ചവര്‍

                       സി പി എം ഇന്നു നേരിടുന്നതുപോലെ ഒരു പ്രതിസന്ധി മറ്റേതെങ്കിലും പാര്‍ട്ടി എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോയെന്നു സംശയമാണ്. ജനകീയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട സംഘടനാസംവിധാനമാകെ പാര്‍ട്ടിനേതാക്കളെ സംരക്ഷിക്കാന്‍ വേണ്ടിമാത്രം ഉപയോഗപ്പെടുത്തേണ്ടി വരുന്നു. അഴിമതിക്കേസിലും കൊലക്കേസിലുമെല്ലാം പാര്‍ട്ടിനേതാക്കള്‍ തുടര്‍ച്ചയായി പ്രതിക്കൂട്ടില്‍ കയറിക്കൊണ്ടിരിക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇതുപക്ഷെ അണികള്‍ക്കുപോലും തൃപ്തികരമായി തോന്നുന്നില്ല. ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്നാണ് കൊലയാളിപ്പാര്‍ട്ടിയുടെ തേറ്റകളും ദംഷ്ട്രകളും പുറംലോകം കണ്ടത്. നിര്‍ഭയമായ അന്വേഷണത്തിന്റെ ആദ്യനാളുകളില്‍തന്നെ ആ പാര്‍ട്ടി കൂടുതല്‍ നഗ്നമാക്കപ്പെട്ടു. പറയുന്ന വാക്കും ചെയ്യുന്ന ചേഷ്ടയും അവരെത്തന്നെ തിരിഞ്ഞുകൊത്തി. പക്ഷെ ആരുണ്ട് പിടിച്ചുകെട്ടാന്‍ എന്നു ജനങ്ങള്‍ നിലവിളിച്ചു.  രണ്ടോ മൂന്നോ പേരുടെ മാത്രം ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനു നിര്‍വ്വഹിക്കേണ്ടിവരുന്നത് നിലനില്‍പ്പുപോലും അപകടത്തിലാകാവുന്ന ഒരു ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ്. വരുംവരായ്കകളെ വകവെക്കാതെ തികഞ്ഞ നീതിബോധത്തിന്റെ പിന്‍ബലത്തില്‍ കേസന്വേഷണം നടത്തുക അത്രയെളുപ്പമല്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ,മാറിവരാവുന്ന സര്‍ക്കാരിനു നേതൃത്വംകൊടുക്കാനിടയുള്ള ഒരു പാര്‍ട്ടിയെ അതു നിയമത്തിനുമുന്നില്‍ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ താണുവണങ്ങുന്നില്ലെന്നത് നീതിബോധമുള്ള മനുഷ്യര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നു. സമീപഭൂതകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത അനുഭവമാണിത്. ഇനി സര്‍ക്കാരോ ഉദ്യോഗസ്ഥരോ വഴിമാറി ചവിട്ടാനിടയായാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരോടുള്ളതിനെക്കാള്‍  കനത്ത പകയും വിദ്വേഷവും ജനങ്ങളില്‍നിന്ന് ഏറ്റുവാങ്ങാനേ അതിടയാക്കൂ. ഒത്തുതീര്‍പ്പാക്കിയാല്‍ കൊലയാളി രാഷ്ട്രീയം കേരളത്തെ വിഴുങ്ങും.

വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മൂലധനശക്തികള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നാശംതന്നെയാണ് ലക്ഷ്യം. മുതലാളിത്തത്തെയും അതിന്റെ വര്‍ഗനിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരസ്വരൂപങ്ങളെയും ഇല്ലാതാക്കാന്‍ ഇടതുപക്ഷവും യത്‌നിക്കുന്നു. പക്ഷെ ഏട്ടിലെ പുലിയല്ല നാട്ടിലെ ഇടതുപക്ഷം. മുതലാളിത്തത്തിന്റെ എല്ലാ നടപ്പുദോഷങ്ങളെയും അതേറ്റുവാങ്ങിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക പുനര്‍ക്രമീകരണത്തിന് അത് സാമ്രാജ്യത്വത്തിന് വിടുപണിചെയ്യുന്നു. മൂലധനശക്തികളുടെ മുലപ്പാല്‍കുടിച്ച് മടിയില്‍ കൈകാലിട്ടടിച്ച് ആനന്ദിച്ചും കരഞ്ഞും കിടപ്പാണ്. തൊഴിലാളിവര്‍ഗത്തിന്റെ വിമോചനായുധമായ പാര്‍ട്ടിയെ ജഡപ്രായമാക്കി ശത്രുവിനു മുന്നില്‍ കിടത്തിയിരിക്കുന്നു. നേതൃത്വം ജീവനൂറ്റിയ  ഇടതുപക്ഷപാര്‍ട്ടിയെയാണ് നമ്മുടെ നാട്ടിലെ വലതുപക്ഷത്തിന് തോല്‍പ്പിക്കാനുള്ളത്. പാര്‍ട്ടിയുടെ ശരീരത്തില്‍  അരിച്ചുനടക്കുന്ന കൃമികളോട് ആരാണ് യുദ്ധത്തിനു നില്‍ക്കുന്നത്. മാര്‍ക്‌സ് സര്‍പ്പങ്ങളെയാണ് വിതച്ചത്.പക്ഷെ പെറ്റുപെരുകിയത് പുഴുക്കളാണല്ലോയെന്ന് റിവിഷനിസ്റ്റുകളെ നോക്കി എംഗല്‍സ്‌പോലും വിലപിച്ചിട്ടുണ്ട്. ജീവന്റെ തുടിപ്പുകള്‍ വീണ്ടെടുത്ത് ഈ കൃമികീടങ്ങളില്‍നിന്ന്  പാര്‍ട്ടിയെ രക്ഷപ്പെടുത്തി ശരിയായ ഇടതുപക്ഷപാര്‍ട്ടിയാക്കി മാറ്റാനാവുമോയെന്ന് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ തരിമ്പെങ്കിലും കെടാതിരിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി ശ്രമിച്ചുനോക്കട്ടെ.

വലതുപക്ഷപ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ആ പാര്‍ട്ടിയെ ഭയപ്പെടുന്നില്ല. പൊലീസ് സ്റ്റേഷനിലും കോടതിയിലുമല്ലാതെ ജനകീയ സമരങ്ങളിലൊന്നും സി പി എം നേതാക്കളെ കാണുന്നില്ല. സാമ്രാജ്യത്വ ആണവക്കരാറിനെ എതിര്‍ത്തവര്‍ ആ കരാറിന്റെ മുഖ്യ ആസൂത്രകനും നടത്തിപ്പുകാരനുമായ ഒരു നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്കു പിന്തുണച്ചുകൊണ്ട് തങ്ങളുടെ വിനീതവിധേയത്വം വിളംബരം ചെയ്തിരിക്കുന്നു. ഇടതുപക്ഷൈക്യം തകര്‍ത്തും മമതയെ പാഠം പഠിപ്പിക്കണമെന്നത് എത്ര മഹത്തായ രാഷ്ട്രീയ ലക്ഷ്യമാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ എസ് എഫ് ഐ ഘടകം അല്‍പ്പം വൈകിയാണെങ്കിലും കാര്യങ്ങളുടെ പോക്ക് ശരിയായ പാതയിലല്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. ഉദ്ബുദ്ധമായ കാമ്പസില്‍ ആഗോളവല്‍ക്കരണകാലത്തെ സി പി എം വ്യതിയാനങ്ങളെല്ലാം, നന്ദിഗ്രാം സിംഗൂര്‍ മുതല്‍ ടി.പി.ചന്ദ്രശേഖരന്‍വധംവരെയുള്ള മുറിവുകളോടെ ആഴത്തില്‍ പതിഞ്ഞതാണ്. എത്രയെത്ര വിശദീകരിച്ചിട്ടും നഗ്നതമറയ്ക്കാനാവാതെ എരിപൊരികൊണ്ട ക്ഷുഭിത യൗവ്വനങ്ങളാണവര്‍. ഇനി മുന്നോട്ടുപോകണമെങ്കില്‍ തെറ്റുകള്‍ ഏറ്റുപറയണമെന്ന നീതിബോധം അവര്‍ക്കുണ്ടായി. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നില്‍പ്പിന് ഇടതുപക്ഷപേരിലുള്ള രാഷ്ട്രീയ പ്രസ്ഥാനം പോരാ ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ സിരകളിലുണ്ടായിരിക്കണമെന്ന് ഏറെക്കാലം അകത്തു വീര്‍പ്പുമുട്ടി പറഞ്ഞുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ ചങ്കുപൊട്ടുമാറ് വിളിച്ചു പറയുകയാണ്.

ആസന്നമൃതിയില്‍ ആത്മശാന്തി നേരാനല്ല,തൊഴിലാളിവര്‍ഗ രാഷ്ട്രീയം സിരകളിലുള്ളവര്‍ അതു പ്രദാനംചെയ്യാനാണ് ഉത്സാഹിക്കേണ്ടത്. ബന്ധുക്കളും അനുയായികളുമായി ഏറെപ്പേരുള്ള ഒരുരോഗിക്ക് രക്തദാനത്തിന് ആളെക്കിട്ടാതെ വരില്ല. ആ രക്തഗ്രൂപ്പിലുള്ളവര്‍  ആ പാര്‍ട്ടിയിലുണ്ടെങ്കില്‍ അങ്ങനെയെങ്കിലും ഒന്നു സഹകരിക്കണം. ദൗര്‍ഭാഗ്യവശാല്‍ സിരകളില്‍ ഇടതുപക്ഷ രാഷ്ട്രീയമുള്ളവര്‍തന്നെ ദുര്‍ല്ലഭമായിരിക്കുന്നു. അത്തരക്കാരൊക്കെ പുറത്തുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇപ്പോഴും അവശേഷിച്ച ചിലരാണ് ജെ എന്‍ യുവിലൊക്കെ ക്ഷോഭിച്ചു പുറത്തിറങ്ങുന്നത്. കേരളത്തില്‍ അങ്ങനെയൊരു ക്ഷോഭം കാണുന്നില്ലല്ലോ എന്നു ചിലരൊക്കെ ആശങ്കപ്പെടുന്നുണ്ട്. വിശ്വാസങ്ങള്‍ക്കെതിരെ കലഹിച്ചവരും നിഷേധികളെ തിരിച്ചറിഞ്ഞവരും ചെഗുവേരയെ നെഞ്ചിലണിയുന്നവരും ഫ്രാന്‍സ് മുതല്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ വരെയുള്ള പ്രതിഷേധത്തിന്റെ രാഷ്ട്രീയ ധ്വനികളറിഞ്ഞവരുമൊക്കെ ഇവിടെയുണ്ടായിരുന്നല്ലോ. ആ വംശാവലിയില്‍ ശരിയായ വാക്കുച്ചരിച്ചതിന് പുറത്താക്കപ്പെടാന്‍ ഒരാള്‍പോലുമില്ലാതായല്ലോ. പണംതട്ടിപ്പ്, സദാചാരവിരുദ്ധപ്രവര്‍ത്തനം,അഴിമതി എന്നിങ്ങനെയോരോന്നുചെയ്ത് പിടിച്ചുനില്‍ക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തവിധം പൊതുജനശ്രദ്ധയില്‍പ്പെടുമ്പോള്‍ മാത്രം പുറത്തുപോകുന്നവരായിരിക്കുന്നു ഏറെയും. പുറത്തിറങ്ങിയാല്‍ത്തന്നെ അവര്‍ ഓരത്തു ചുറ്റിപ്പറ്റിനില്‍ക്കും. അകത്തും പുറത്തുമായാണ് പരസ്പര സഹായ സംഘം നിലനില്‍ക്കുന്നത്. അതിന് ഇടതെന്നോ വലതെന്നോ ഇല്ല. മറ്റുചിലരാകട്ടെ,ഇതൊന്നും കാണാനും കേള്‍ക്കാനുമുള്ള കരുത്തില്ലാതെ അംഗത്വം പുതുക്കാതെ നിശബ്ദമായി പിന്മാറുന്നു.

മുമ്പൊക്കെ ഇ എം എസ് സിദ്ധാന്തവും കൃഷ്ണപിള്ളയും എ കെ ജിയുമൊക്കെ പ്രവര്‍ത്തനവുമായ കാലമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.  ഇപ്പോള്‍ വി എസ് അച്യുതാനന്ദന്‍ പ്രവര്‍ത്തനവും പിണറായി വിജയന്‍ സിദ്ധാന്തവുമാണ്. അല്ലെങ്കില്‍ അതു തിരിച്ചാണോ ആവോ. പ്രയോഗത്തെ സാധൂകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സിദ്ധാന്തം വേണമല്ലോ. പ്രതിസന്ധിഘട്ടമായതിനാല്‍ ‘കൈരളി’വഴി പാര്‍ട്ടിസെക്രട്ടറി ദിനംപ്രതി അതു നിര്‍വ്വഹിക്കുന്നുണ്ട്. ദില്ലിയില്‍ കാരാട്ടിന്റെ അപ്രകാരം അപ്രകാരം എന്ന വിളിയും മുഴങ്ങി. ജീവന്‍പോയാലും അച്ചടക്കദീക്ഷ വെടിയില്ലെന്ന വാശിയിലാണ് രവീന്ദ്രനാഥെന്ന് എല്ലാവര്‍ക്കുമറിയാം.മുക്രയിട്ടിരുന്ന കുട്ടിക്കുറുമ്പന്മാര്‍ക്കെന്തു പറ്റി?

ഇപ്പറഞ്ഞതത്രയും ശീതയുദ്ധം,വിമോചനസമരം എന്നിവയൊക്കെ നേരിട്ടിട്ടും ശീതം മാറാത്ത ഒരു പാര്‍ട്ടിയുടെ കഥ. എന്നാല്‍ വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളോടു സഹകരിച്ചും അല്ലാതെയും കാലക്ഷേപം കഴിക്കുന്ന നവോത്ഥാനാനന്തര തലമുറകളെവിടെ? സ്വതന്ത്രചിന്തയുടെ മഹനീയാദര്‍ശങ്ങളും നവലോക സ്വപ്‌നങ്ങളും എവിടെപ്പോയി? യുക്തിചിന്തയ്ക്കു വശപ്പെട്ട് കലഹിച്ചുകൊണ്ടേയിരുന്ന യുവാക്കളും കലാപകാരികളായ എഴുത്തുകാരും വെറുമൊരു ഭൂതപ്പെരുമയായി മാറിയോ? നിഷ്ഠൂരമായ കയ്യേറ്റങ്ങളും കൊലപാതകങ്ങളും കൊടും ക്രൂരകൃത്യങ്ങളും കണ്ടുകൊണ്ടേയിരിക്കാന്‍ വായിച്ചുകൊണ്ടേയിരിക്കാന്‍ പ്രത്യേക സിദ്ധിയുണ്ടായിരിക്കുന്നു മലയാളിക്ക്. സാമൂഹിക സുരക്ഷിതത്വത്തിന്റെ വലയങ്ങളൊന്നൊന്നായി എടുത്തുമാറ്റപ്പെടുമ്പോഴും മന്ദബുദ്ധിയെപ്പോലെ ചിരിച്ചും ആനന്ദിച്ചും കഴിയാനുള്ള ശിക്ഷണം നല്‍കിയത് സമരപാരമ്പര്യമുള്ള മഹാ പ്രസ്ഥാനങ്ങളാണ്. പൊതുവായുണ്ടായിരുന്നതെല്ലാം സ്വകാര്യമായതും ചിലരുടെ മാത്രം അവകാശമായതും നമ്മുടെ കണ്‍മുന്നിലാണ്. നമ്മെ ഒന്നിപ്പിച്ചുചേര്‍ത്ത മഹാ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ നമ്മെ പലതായി ചിതറിത്തെറിപ്പിച്ചിരിക്കുന്നു. ആദ്യത്തെ ഒറ്റവെട്ടുകൊണ്ട് നാം ഉണര്‍ന്നില്ലെങ്കിലും അമ്പത്തൊന്നാമത്തെ വെട്ടുകൊണ്ടെങ്കിലും ഞെട്ടിത്തെറിച്ചുവെങ്കില്‍ അതുമതി.  എത്രനേരമുറങ്ങിയെന്ന് നാം ഉറങ്ങിയപ്പോള്‍ ആരൊക്കെ എന്തൊക്കെ പിടിച്ചുപറിച്ചുവെന്ന് ഓര്‍ക്കാന്‍ ഇതാണ് പറ്റിയ സമയം.

വിചാരധീരത കൈവിട്ട ജനതയ്ക്ക് ക്ഷോഭിക്കാനോ കലഹിക്കാനോ ആവില്ല. ആവലാതികളില്ലാതെ അനുസരിച്ചുകൊണ്ടേയിരിക്കാന്‍ ശീലിക്കപ്പെടുന്നവര്‍ അടിമത്തത്തിന്റെ ആനന്ദമാണനുഭവിക്കുന്നത്. കുനിച്ചുകൊടുക്കുന്ന ശിരസ്സില്‍ ആരോ പാദംകൊണ്ട് അനുഗ്രഹിക്കുന്നുവെന്നാണ് അവര്‍ ഊറ്റംകൊള്ളുന്നത്. പാദപൂജയുടെയും പാദുകപൂജയുടെയും മൂര്‍ച്ഛയില്‍ ഞെരങ്ങുന്ന രാത്രിയിലെപ്പോഴോ ആണ് അമ്പത്തിയൊന്നാമത്തെ വെട്ട് അവരില്‍ സ്‌തോഭമുണര്‍ത്തിയത്. ചവിട്ടുന്ന ദൈവങ്ങളുടെ ആക്രോശങ്ങള്‍ക്കും ചുടലനൃത്തങ്ങള്‍ക്കുമിടയില്‍ മലയാളിക്ക് അവന്റെ/അവളുടെ നിലവിളിയുടെ ശബ്ദം തിരിച്ചറിയാനായി. ഇതു നഷ്ടമായ യുക്തിബോധവും വിചാരധീരതയും മലയാളിക്കു തിരിച്ചു നല്‍കുമോ?

അടിമപ്പെടുത്തിയ പ്രസ്ഥാനങ്ങളുടെ നുകത്തിനു കീഴില്‍നിന്ന് തലയുയര്‍ത്തി നോക്കിയാല്‍മതി ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും രക്തസാക്ഷിത്വങ്ങളും കാണാനാകും. മര്‍ദ്ദിതരെയുണര്‍ത്തിയ മുന്നേറ്റങ്ങളുടെ ശിഥിലമെങ്കിലും ദുര്‍ബ്ബലമല്ലാത്ത കണ്ണികളും കാണാം. മണ്ണിനുവേണ്ടിയുള്ള സമരമായോ കയ്യേറ്റങ്ങള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കുമെതിരെയുള്ള ജാഗ്രതയായോ നൂറു നൂറു മുഖങ്ങളില്‍ അതു ശക്തിപ്പെടുന്നുണ്ട്. നിലച്ചുപോയ മനുഷ്യസ്‌നേഹത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും വര്‍ഗാവബോധത്തിന്റെയും ധാരകളെ ചൈതന്യവത്താക്കാനാണ് നാം ശ്രമിക്കേണ്ടത്. എനിക്കെന്തു കാര്യം? എന്ന കുറ്റകരമായ ഉദാസീനത പങ്കുവെക്കുന്ന കൂട്ടായ്മകളായാണ് സംഘടനാസംവിധാനങ്ങള്‍ മാറിയത്. അവയുടെ വ്യാവഹാരിക ചിട്ടകള്‍ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. വിമോചന പ്രസ്ഥാനങ്ങള്‍തന്നെ ഫാസിസ്റ്റ് രൂപമാര്‍ന്ന് ചുറ്റിവരിയുമ്പോള്‍ ഭൂതകാലത്തെ പെരുമകള്‍ പാടി അതിജീവിക്കാനാവില്ല.

 

 

 

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )