Article POLITICS

പി കൃഷ്‌ണപിള്ള മുതല്‍ പിണറായി വിജയന്‍ വരെ

പുതിയ നൂറ്റാണ്ടിന്റെ ജനകീയ പ്രസ്ഥാനം ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന ചിന്ത ഇന്നു ശക്തമാണ്‌. വിമോചന പ്രസ്ഥാനങ്ങളത്രയും ശീതനിദ്രയിലായിരിക്കുന്നു. ആരുണ്ട്‌ രക്ഷിക്കാന്‍ എന്ന ചോദ്യത്തിനു മുന്നില്‍ പഴയ നൂറ്റാണ്ടില്‍ പിറന്ന മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഉത്തരമില്ല. സ്ഥിരവ്യവഹാരത്തിന്റെ സ്ഥാപനശീലങ്ങള്‍ക്കപ്പുറം ജനകീയമായ അന്വേഷണങ്ങളുടെ ജൈവരേഖകള്‍ തെളിയുന്നില്ല.


മുന്‍ ശതകങ്ങളുടെ ആരംഭകാലമെല്ലാം പുതിയ മുന്നേറ്റങ്ങളുടെയും സംഘടനാ രൂപവത്‌ക്കരണങ്ങളുടെയും ഘട്ടമായിരുന്നു. മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നവലോകമാണ്‌ സൃഷ്‌ടിക്കേണ്ടിയിരുന്നത്‌. പല പ്രസ്ഥാനങ്ങള്‍ പലവഴിക്കു മുന്നേറിയത്‌ ഈ ലക്ഷ്യ സാക്ഷാത്‌ക്കാരത്തിനായിരുന്നു. ചരിത്രധര്‍മ്മം നിര്‍വ്വഹിച്ച പ്രസ്ഥാനങ്ങളത്രയും വെറും സ്ഥാപനങ്ങളായി നിറംകെടുക മാത്രമല്ല, വ്യവസ്ഥാപുനരുത്‌പ്പാദനത്തിന്റെ പ്രതിലോമ വ്യവഹാരങ്ങളിലേര്‍പ്പെടുകയുംചെയ്‌തു. ഈ നൂറ്റാണ്ട്‌ പിറക്കുമ്പോള്‍ ഇടതു വലതു പ്രസ്ഥാനങ്ങളെല്ലാം പഴയ നവലോക ലക്ഷ്യവും അതിലേക്കു വഴിതെളിച്ച ദര്‍ശനങ്ങളും മുന്നേറാന്‍ സ്വീകരിച്ച സമരമാര്‍ഗങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തിന്‌ ഇടതുപൊതുബോധത്തിന്റെ തീവ്രപ്രതിബദ്ധത സമ്മാനിച്ച ജനകീയ വിപ്ലവപ്രസ്ഥാനത്തിനുണ്ടായ പരിണതികളാണ്‌ അത്യന്തം വിസ്‌മയകരവും ഖേദകരവുമായിട്ടുള്ളത്‌.


എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളും ഇതര മര്‍ദ്ദിത വിഭാഗങ്ങളും സംഘടിക്കണമെന്ന ലെനിന്റെ ആഹ്വാനത്തിന്‌ മലയാളശബ്‌ദമായത്‌ പി കൃഷ്‌ണപിള്ളയായിരുന്നു. സംസ്ഥാനത്തെമ്പാടുമുള്ള തൊഴിലാളികളെയും കര്‍ഷകരെയും അദ്ദേഹം സംഘടിതരും സമരസജ്ജരുമാക്കി. കോണ്‍ഗ്രസ്‌ ശരീരത്തിലൂടെ സോഷ്യലിസ്റ്റാശയങ്ങളുടെ രക്തസംക്രമണം സാദ്ധ്യമാക്കിക്കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അദ്ദേഹം കെട്ടിപ്പടുത്തത്‌. കേരളത്തില്‍ പാര്‍ട്ടി ഘടകമുണ്ടാക്കാന്‍ അന്നത്തെ സെക്രട്ടറി സച്ചിദാനന്ദ വിഷ്‌ണു ഘാട്ടെ പി കൃഷ്‌ണപിള്ളയെത്തേടിയെത്തിയത്‌ ഓടുനിര്‍മാണത്തൊഴിലാളികളുടെ കേന്ദ്രമായ ചെറുവണ്ണൂരിലായിരുന്നു. അവിടെ യൂണിയനാപ്പീസില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ആദ്യയോഗം 1937 ജൂലായ്‌ മാസത്തില്‍ ചേര്‍ന്നു. പി കൃഷ്‌ണപിള്ള (സെക്രട്ടറി), എന്‍ സി ശേഖര്‍, ഇ എം എസ്‌, കെ ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നതായിരുന്നു ആ ഘടകം. മുപ്പതുകളുടെ തുടക്കത്തില്‍തന്നെ കമ്യൂണിസ്റ്റ്‌ ലീഗ്‌ സ്ഥാപിച്ചുകൊണ്ട്‌ വിപ്ലവപാതയില്‍ തന്റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്‍.സി.ശേഖര്‍. ഇ എം എസ്‌ സമുദായ പരിഷ്‌ക്കരണ പ്രസ്ഥാനത്തിലൂടെയും കോണ്‍ഗ്രസ്സിലൂടെയും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ ജോയിന്റ്‌ സെക്രട്ടറിയായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. ബനാറസിലെ പഠനകാലത്തു കമ്യൂണിസ്റ്റ്‌ നേതാക്കളുമായി ബന്ധപ്പെടാനിടയായ കെ.ദാമോദരന്‍,്‌ പൊന്നാനിയിലും മലബാറിലെ ഇതര ഭാഗങ്ങളിലും തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കാനാരംഭിച്ചിരുന്നു. നാലുപേരേയുള്ളുവെങ്കിലും നാലു മുന്നേറ്റങ്ങളുടെ സാന്നിദ്ധ്യമായിരുന്നു പാര്‍ട്ടിയുടെ ആദ്യ ഘടകത്തില്‍.


ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള നിയമലംഘന പ്രക്ഷോഭങ്ങള്‍ക്കും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്കും മൂന്നാം ഇന്റര്‍നാഷണലിന്റെ ഒന്നും രണ്ടും കോണ്‍ഗ്രസ്സുകളുടെ രാഷ്‌ട്രീയപ്രമേയങ്ങളുടെകൂടി അടിസ്ഥാനത്തിലുള്ള വിശദീകരണമാണ്‌ കേരളത്തില്‍ നല്‍കിയത്‌. തുടര്‍ന്ന്‌ ഫാസിസ്റ്റ്‌ വിരുദ്ധ ഐക്യമുന്നണി സംബന്ധിച്ച ദിമിത്രോവിന്റെ തീസിസുകളും കേരളത്തിലെ ഇടതു രാഷ്‌ട്രീയത്തെ സ്വാധീനിച്ചു. മുന്നേറ്റങ്ങളും തിരിച്ചടികളും ഓര്‍ക്കാപ്പുറത്തെ കടന്നാക്രമണങ്ങളും നിരോധനങ്ങളും നിറഞ്ഞ ഒരു പതിറ്റാണ്ടിന്റെ രാഷ്‌ട്രീയ നേതൃത്വം കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കി. 1948ല്‍ കൃഷ്‌ണപിള്ള തന്റെ ഹ്രസ്വമെങ്കിലും അനുഭവ ദീര്‍ഘമായ ജീവിതം പിന്നിടുമ്പോള്‍ കേരളത്തിന്റെ രാഷ്‌ട്രീയ പൊതുമണ്‌ഡലം സമരോത്സുകവും പുരോഗമനപരവുമായിത്തീര്‍ന്നിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേറിട്ടു കിടന്നിരുന്ന ഒരു നാടിനെ കേരളമാക്കി മാറ്റിയ രാസപ്രവര്‍ത്തനത്തിന്റെ മുഖ്യ കാര്‍മ്മികന്‍കൂടിയായിരുന്നു അദ്ദേഹം.


ശീതയുദ്ധത്തിനും ഗ്രാമീണമേഖലയില്‍ സാമ്രാജ്യത്വ ഏജന്‍സികളാരംഭിച്ച കടന്നുകയറ്റത്തിനും എതിരായ ജാഗ്രത അമ്പതുകളില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി. കാര്‍ഷിക – ഭൂപരിഷ്‌കരണ നിയമനിര്‍മാണത്തിനും അതിന്റെ ഗുണഫലങ്ങള്‍ക്കും വേണ്ടിയുള്ള സമരം തുടര്‍ച്ചയായി നിര്‍വ്വഹിക്കേണ്ടിവന്നു. പാര്‍ലമെന്ററി രംഗവും (ഭരണവും) സമരമാര്‍ഗവും സമന്വയിപ്പിക്കുന്ന പ്രായോഗികാനുഭവങ്ങളിലേക്കു പാര്‍ട്ടി ഇച്ഛാശക്തിയോടെയാണ്‌ നീങ്ങിയത്‌. എങ്കിലും ഇതിന്റെ ദോഷഫലങ്ങള്‍ക്കെതിരായ (റിവിഷനിസത്തിനും സെക്‌ടേറിയനിസത്തിനും എതിരായ) സമരം ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു.


സര്‍ക്കാരിതര ഏജന്‍സികളെ വിന്യസിച്ചുള്ള സൂക്ഷ്‌മതല വികസന കാഴ്‌ച്ചപ്പാടിലൂടെ പുതിയ അധിനിവേശത്തിന്റെ സ്വര്‍ണവലകളാണ്‌ സാമ്രാജ്യത്വ ധനകാര്യ ഏജന്‍സികള്‍ വിരിച്ചത്‌. അതു വലിഞ്ഞുമുറുകുന്നതും പുതിയ സാമ്പത്തികനയം വിപണികളെ കീഴ്‌പ്പെടുത്തുന്നതും ഇടതുപക്ഷത്തിനു തിരിച്ചറിയാനായി. അമ്പതുകളുടെ തുടക്കത്തില്‍തന്നെ കൊളോണിയല്‍ രാഷ്‌ട്രീയത്തിന്റെ ഈ പുതിയ പ്രവണതകള്‍ക്കെതിരായ സമരവും പാര്‍ട്ടിയുടെ ബാധ്യതയായി. സോഷ്യലിസ്റ്റു രാജ്യങ്ങളുടെ സാന്നിദ്ധ്യം വലിയ അളവിലാണ്‌ പാര്‍ട്ടിക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌. സോഷ്യലിസ്റ്റ്‌ പരീക്ഷണങ്ങളുടെ തകര്‍ച്ചയോടെ യു.എസ്‌ കേന്ദ്രിതമായ ഏകലോകക്രമം ശക്തിപ്പെടുകയും വികസ്വര രാജ്യങ്ങളെ സാമ്രാജ്യത്വാനുകൂലമായി പുനര്‍ക്രമീകരിക്കാനാരംഭിക്കുകയും ചെയ്‌തു. ആഗോളവല്‍ക്കരണം ഒരനിവാര്യതയായി ആദ്യഘട്ടത്തില്‍ ബദല്‍ സാമ്പത്തികനയവും പദ്ധതികളും അവതരിപ്പിച്ച മുഖ്യധാരാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുതന്നെ തോന്നിത്തുടങ്ങി.. സി പി എമ്മിന്റെ പതിമൂന്നും പതിനാലും പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ അംഗീകരിച്ച പ്രമേയത്തിന്റെ സത്ത കാത്തുസൂക്ഷിക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞില്ല. തുടര്‍ന്നുള്ളകാലം വലതുപക്ഷ ജീര്‍ണതകളിലേക്കു അതിവേഗം തലകുത്തിവീഴുന്ന പാര്‍ട്ടിയെയാണ്‌ കാണുന്നത്‌. അപ്പോഴേക്കും അതിനു പറ്റിയ ഒരു നേതൃത്വവും ആ പാര്‍ട്ടിക്കു കൈവന്നിരുന്നു.


എഴുപത്തഞ്ചു തികയുകയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‌. സാധാരണ നിലയില്‍ അതത്ര വലിയ കാലയളവല്ല. ഒട്ടും ചെറുതുമല്ല. ചുരുങ്ങിയ കാലംകൊണ്ട്‌ വലിയ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചു പിന്‍വാങ്ങുന്ന പ്രസ്ഥാനങ്ങളുണ്ട്‌. ദീര്‍ഘകാലം നിരന്തരം പോരാടുകയും സ്വയം നവീകരിക്കുകയും ലക്ഷ്യോന്മുഖമായി സ്വയംസജ്ജമാകുകയും വിപ്ലവച്ചുമതല നിറവേറ്റുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്‌. ദൗത്യം ഭാഗികമായി നിര്‍വ്വഹിച്ചതിനുശേഷമോ തീരെ നിര്‍വ്വഹിക്കാതെയോ മൃതപ്രായമായി നിലനില്‍ക്കുന്ന പ്രസ്ഥാനങ്ങളുമുണ്ട്‌. കമ്യൂണിസ്റ്റു ലക്ഷ്യം സാക്ഷാത്‌ക്കരിക്കേണ്ട പ്രസ്ഥാനങ്ങള്‍ രണ്ടാമത്തെ വിഭാഗത്തിലാണല്ലോ ഉള്‍പ്പെടേണ്ടത്‌. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം മുന്‍നൂറ്റാണ്ടിന്റെ അവസാനകാലമായപ്പോഴേക്കും മൂന്നാമത്തെ ഗണത്തിലേക്കു ചേര്‍ന്നു നില്‍ക്കാനാരംഭിച്ചു.


ഏഴരപ്പതിറ്റാണ്ട്‌ ഒരു പ്രസ്ഥാനത്തിനും വലിയ കാലയളവല്ല. ഒരു പുരുഷായുസ്സ്‌, വളര്‍ന്നുയര്‍ന്ന്‌ തലമുറകളിലേക്കു പടര്‍ന്ന്‌ പലതും അവശേഷിപ്പിച്ച്‌ കടന്നുപോകാനുള്ള കാലമാണ്‌. ചരിത്രം നിര്‍മിക്കേണ്ട പ്രസ്ഥാനങ്ങള്‍ക്കാകട്ടെ ദീപ്‌തമായ ഒരു ദര്‍ശനംകൊണ്ട്‌ തലമുറകളെത്തന്നെ കോര്‍ത്തിണക്കേണ്ടിവരും. ദര്‍ശനങ്ങള്‍ കയ്യൊഴിയുകയും ലക്ഷ്യം നഷ്‌ടപ്പെടുകയും ചെയ്യുമ്പോള്‍ സംഘടനകള്‍ കേവലം അധികാരസ്വരൂപങ്ങളായിത്തീരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. അതു സാക്ഷാത്‌ക്കരിച്ചതോടെ സംഘടന പിരിഞ്ഞുപോയില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ പ്രസ്ഥാനം അതിന്മേലുള്ള അധികാരംകൊണ്ടേ തൃപ്‌തമായുള്ളു. സ്ഥായിയായ അധികാരം എന്നതിനപ്പുറം ഒരു ആവടിലക്ഷ്യവും ആ പാര്‍ട്ടിയ്‌ക്കു മനക്ലേശമുണ്ടാക്കുന്നില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥിതി വ്യത്യസ്‌തമാണ്‌. പേരിലും പതാകയിലും അത്‌ ഉന്നതമായ മൂല്യമാണ്‌ അടയാളപ്പെടുത്തിയത്‌. കൊളോണിയല്‍ അധികാരത്തെ തുരത്തുന്നതോടെ തീരുന്ന പോരാട്ടമല്ല, സമസ്‌ത ചൂഷകാധികാരങ്ങളുടെയും വ്യവഹാരരൂപങ്ങളെ ഇല്ലായ്‌മചെയ്യാനുള്ള പ്രസ്ഥാനത്തിന്‌ നിര്‍വ്വഹിക്കാനുള്ളത്‌. സോഷ്യലിസ്റ്റ്‌ വിപ്ലവം ഒരു ദീര്‍ഘകാല പ്രക്രിയയാണെന്ന ബോധ്യം പഴയ നേതാക്കള്‍ക്കുണ്ടായിരുന്നു. ഇടത്താവളങ്ങളില്‍ ബോധംകെട്ട്‌ ഉറങ്ങിപ്പോകരുതെന്ന്‌ എ കെ ജി ഇടയ്‌ക്കിടയ്‌ക്ക്‌ ഓര്‍മ്മിപ്പിച്ചിരുന്നതാണ്‌. പിന്നീടെപ്പോഴോ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ശീതളഛായയ്‌ക്കപ്പുറം ഒരു സമരവേനലും താങ്ങാനാവാത്തവിധം ആ പാര്‍ട്ടി മാറിപ്പോയി. . പാര്‍ട്ടിയുടെ രണോത്സുക യൗവ്വനത്തിന്റെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ ഉപജീവനത്തിനുള്ള സ്ഥിരനിക്ഷേപമാണെന്നുവന്നു. സന്തതിപരമ്പരകള്‍ക്കു വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ നല്‍കി അവരുടെ യൗവ്വനംകവര്‍ന്നെടുക്കുന്ന അഭിനവ യയാതിവൃന്ദമായിരിക്കുന്നുപാര്‍ട്ടിയുടെ നേതൃവ്യൂഹം. വരും തലമുറകളുടെകൂടി വിപ്ലവത്തിനുള്ള ഉപകരണമാണ്‌ സംഘടനയെന്നതു വിസ്‌മരിക്കപ്പെട്ടു. സ്വതന്ത്രമായ അധികാരസ്വരൂപമെന്ന നിലയില്‍ സംഘടനയ്‌ക്ക്‌ മറ്റൊരസ്‌തിത്വം കൈവന്നു. മഹത്തായ ലക്ഷ്യനിര്‍വ്വഹണത്തിനല്ലെങ്കില്‍ സംഘടനതന്നെയെന്തിനാണെന്ന റോസാ ലുക്‌സംബര്‍ഗിന്റെ പഴയ ചോദ്യം ആവര്‍ത്തിച്ചുയരുന്നത്‌ ആരും ശ്രദ്ധിച്ചില്ല.


കടുത്ത പ്രതികൂലാവസ്ഥകളോടു കഠിനമായി ഏറ്റുമുട്ടി രൂപപ്പെടുകയും വളരുകയും ചെയ്‌ത ചരിത്രമാണ്‌ ഇന്ത്യന്‍ പാര്‍ട്ടിയുടേത്‌. പിറന്നു വീണതുതന്നെ ഭരണകൂടഭീകരതയിലേക്കാണ്‌. പെഷവാര്‍(1922)-കാണ്‍പൂര്‍(1924) – മീറത്ത്‌(1929) ഗൂഢാലോചനക്കേസുകളിലായി ഭൂരിപക്ഷം നേതാക്കളെയും പിടികൂടി പാര്‍ട്ടിയുടെ വളര്‍ച്ച തടയാനാവുമെന്നായിരുന്നുബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കരുതിയത്‌. സോവിയറ്റ്‌ വിപ്ലവവും മൂന്നാം ഇന്റര്‍നാഷണലിന്റെ രൂപീകരണവും നല്‍കിയ ആവേശത്തിലാണ്‌ 1920 ഒക്‌ടോബര്‍ 17ന്‌ മുഹമ്മദ്‌ ഷഫീഖ്‌ സെക്രട്ടറിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി താഷ്‌ക്കന്റില്‍ പിറവിയെടുത്തത്‌. ഇന്ത്യയില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ പൂര്‍ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യവും സോഷ്യലിസ്റ്റ്‌ ആശയവും പ്രചരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. നിയമവിധേയമായും അല്ലാതെയും നടത്തിയ മുന്നേറ്റങ്ങളുടെ ഈ ഘട്ടത്തിലാണ്‌ വിവിധ സംസ്ഥാനഘടകങ്ങള്‍ രൂപപ്പെട്ടത്‌. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെയും ഫാസിസ്റ്റ്‌ വിരുദ്ധ ഐക്യമുന്നണിയുടേയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും അഗ്നിപഥത്തിലൂടെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കടന്നുകയറി.


പി കൃഷ്‌ണപിള്ളയില്‍നിന്നു പിണറായി വിജയനിലേക്ക്‌ എത്തുമ്പോള്‍,ഏതിനൊക്കെ എതിരായാണോ പാര്‍ട്ടി ആദ്യകാലത്തു പൊരുതിയത്‌ അതിന്റെയൊക്കെ നടത്തിപ്പുകാരായി പാര്‍ട്ടി മാറിയിരിക്കുന്നു. കൃഷ്‌ണപിള്ള കാത്തുസൂക്ഷിച്ച മൂല്യങ്ങളെല്ലാം നിഷ്‌ക്കരുണം ഉപേക്ഷിക്കപ്പെടുന്നു. വിപ്ലവത്തിന്റെ ആയുധമായ പാര്‍ട്ടിയെ മൂര്‍ച്ചകൂട്ടിയെടുക്കാനല്ല വെറും സ്ഥാപനമോ അധികാരസ്വരൂപമോ ആക്കി നിലനിര്‍ത്താനാണ്‌ ശ്രമം. ഏഴരപ്പതിറ്റാണ്ടിന്റെ ഇങ്ങേയറ്റത്ത്‌ , പഴയ രാഷ്‌ട്രീയനിക്ഷേപത്തിന്റെ പലിശകൊണ്ട്‌ ധൂര്‍ത്തുജീവിതം നയിക്കുന്ന നേതൃരൂപങ്ങള്‍ പെരുകുകയാണ്‌. കേരളത്തിലെ നാലംഗ ഘടകം നാലു ലക്ഷത്തോളം അംഗങ്ങളുള്ള കൂറ്റന്‍ സ്ഥാപനമായതോടെ ഏറ്റവും ആസ്‌തിയും ആള്‍ബലവുമുള്ള മൂലധന ശക്തിയുടെ സ്വഭാവവും പെരുമാറ്റവും പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു.


ഒരു വിപ്ലവ പ്രസ്ഥാനത്തിനുവന്ന അപചയമാണോ അതിന്റെ അസ്‌തമനംതന്നെയാണോ നാം കാണുന്നത്‌? ഒരു പുരുഷായുസ്സിനകത്തെ ഉദയാസ്‌തമനങ്ങളായി പാര്‍ട്ടിയുടെ ചരിത്രം പരിമിതപ്പെട്ടുവോ? മാനേജരുടെ പാര്‍ട്ടിയായി തരംതാഴുമ്പോള്‍ പാര്‍ട്ടിയുണ്ടാകും പാര്‍ട്ടിക്കു പിറകില്‍ ആളുകളുണ്ടാവില്ല എന്ന വിജയന്‍മാസ്റ്ററുടെ പ്രവാചക സ്വരം യാഥാര്‍ത്ഥ്യമാവുകയാണ്‌. വലതുവീഴ്‌ച്ചയുടെ ജീര്‍ണക്ഷതങ്ങള്‍ അഴിമതികളായി ,സദാചാരവിരുദ്ധ പ്രവൃത്തികളായി, അധോലോക-മാഫിയാ കൂട്ടുകെട്ടുകളായി, ഭ്രാതൃഹത്യാ രാഷ്‌ട്രീയമായി സി പി എമ്മിന്റെ ഉടലില്‍ തെളിഞ്ഞുകാണുന്നു. എത്ര ആണയിട്ടു പറഞ്ഞിട്ടും ഒരു നുണപോലും വാസ്‌തവമായിത്തീരുന്നില്ല. എത്രമേല്‍ അട്ടഹസിച്ചിട്ടും പിന്നീട്‌ സൗമ്യമായി നിലവിളിച്ചിട്ടും ഒരാളും ഒന്നും വിശ്വാസത്തിലെടുക്കുന്നില്ല. ലോകത്തില്‍,പേരും പതാകയും മാറ്റിയ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുപോലും ഇത്തരമൊരു ഗതികേട്‌ വന്നുചേര്‍ന്നിട്ടില്ല.


തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ഇത്തരമൊരപചയത്തിനെതിരായ പോരാട്ടം ആരംഭിച്ചിരുന്നു. ആദ്യഘടകത്തില്‍ അംഗമായിരുന്ന ഇ എം എസ്സുതന്നെയാണ്‌ അതു തുടങ്ങിവച്ചത്‌. നാലാംലോകവാദത്തിനെതിരായ പ്രചാരണത്തോടൊപ്പം മാര്‍ക്‌സിസ്റ്റു ക്ലാസിക്കുകളെ പരിചയപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തി. നാല്‍പ്പതുകളിലും അമ്പതുകളിലും ചെയ്‌ത ജോലിതന്നെയാണ്‌ ഇ.എം.എസ്‌ പുതിയ ലോകരാഷ്‌ട്രീയ സന്ദര്‍ഭത്തില്‍ വീണ്ടും ഏറ്റെടുത്തത്‌. പരിപാടി വിപ്ലവകരമായി പുനസംവിധാനം ചെയ്യാനും വര്‍ഗ ബഹുജനസംഘടനകളെ സാല്‍കിയാപ്ലീനം നിര്‍ദ്ദേശിച്ചതുപോലെ സ്വതന്ത്രമായി സംഘടിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം എഴുതി. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കാതെ വിപ്ലവമുന്നേറ്റത്തെ വലതുപാളയത്തിലും സംഘടനയെ ഫാസിസ്റ്റ്‌ അധികാരഘടനയിലും കെട്ടിയിടാനാണ്‌ കേന്ദ്ര കേരള നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്‌.

(ജനശക്തി വാരിക, ലക്കം 267)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )