Article POLITICS

പുതിയ വൈരുദ്ധ്യങ്ങള്‍ പുതിയ കാലത്തെ വര്‍ഗ്ഗസമരങ്ങള്‍

               കേരളം അത്യന്തം ഗുരുതരമായ സാമൂഹിക രാഷ്‌ട്രീയ പ്രതിസന്ധികളെയാണ്‌ നേരിടുന്നത്‌. ജീവല്‍പ്രശ്‌നങ്ങളും പ്രതിരോധങ്ങളും വര്‍ദ്ധിച്ചുവരുന്നു. നൂറ്റാണ്ടുകള്‍കൊണ്ട്‌ രൂപപ്പെട്ട സാമൂഹികമായ സുരക്ഷിതത്വം അതിവേഗം തകര്‍ന്നടിയുന്നു. ജനാധിപത്യ പൊതുമണ്‌ഡലങ്ങളാകെ ശിഥിലമായി. അണപൈ കണക്കിലുള്ള ക്രയവിക്രയങ്ങളും നീതിലേശമില്ലാത്ത കിടമത്സരങ്ങളും വ്യക്തികളെ ഒറ്റയ്‌ക്കൊറ്റയ്‌ക്കാക്കി. പാര്‍പ്പിടവും തൊഴിലും ഭക്ഷണവും വസ്‌ത്രവും ആരോഗ്യവും കുടിവെള്ളവും ശുദ്ധവായുവും സാമൂഹികമായ ഉത്തരവാദിത്തമല്ലാതായിത്തീര്‍ന്നു. അതിജീവനം ഓരോ വ്യക്തിയുടെയും മത്സരശേഷിയുടെ അടിസ്ഥാനത്തിലേ നിശ്ചയിക്കാനാവൂ എന്നുവന്നു. രാഷ്‌ട്രാന്തരീയ മൂലധനം പുതിയ വ്യവഹാര പഥങ്ങളും സദാചാര നിഷ്‌ഠകളും രൂപപ്പെടുത്തി. പണത്തെക്കാള്‍ മഹത്തായ ചിലതൊക്കെയുണ്ടെന്ന സങ്കല്‍പ്പത്തെ അതു നിഷ്‌പ്രഭമാക്കി. വിപണിയധിഷ്‌ഠിത സാമൂഹികബന്ധങ്ങള്‍ മിക്കപ്പോഴും വ്യക്തികളെ വിരുദ്ധ ധ്രുവങ്ങളിലേക്ക്‌ ആട്ടിയകറ്റുകയും അന്യോന്യശത്രുക്കളായി പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. വ്യക്തിക്കു കൈവന്ന ഈ സ്ഥാനം ജനാധിപത്യത്തിന്റെ ഗുണഫലമെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചു.


മാനവിക ജനാധിപത്യ മതനിരപേക്ഷ മൂല്യധാരകളും നവലോക ലക്ഷ്യവും കൈമോശം വന്ന ഒരു ജനതയായി നാം മാറിയിരിക്കുന്നു. പണാധികാരത്തിന്റെ വ്യവഹാരക്രമങ്ങള്‍ക്കകത്ത്‌ ഉദാത്തമായ മാനവികതയുടേയോ ജനാധിപത്യത്തിന്റെയോ മൂല്യങ്ങള്‍ക്കു പകരം ഹിംസാത്മക മത്സരങ്ങളുടെ കയ്യൂക്കുസിദ്ധാന്തമാണ്‌ പ്രവര്‍ത്തനക്ഷമമായത്‌. ഒരേസമയം സൗമ്യവും ആക്രാമകവുമായ മുഖങ്ങളില്‍ അതു പ്രകടിപ്പിക്കപ്പെട്ടു. ഉന്നതമായ ജനാധിപത്യത്തിന്റെ ദീപ്‌തവും ബഹുസ്വരവുമായ വിതാനങ്ങളെ അതു വിപണിജനാധിപത്യത്തിന്റെ ധനമാത്രകേന്ദ്രിതമായ താല്‍പ്പര്യങ്ങള്‍ക്കു കീഴ്‌പ്പെടുത്തി. വിപണികള്‍ തുറന്നുവെച്ച സ്വാതന്ത്ര്യം ജനങ്ങളെ വിമോചനത്തിലേക്കു നയിച്ചില്ല. നേടിയെടുക്കുമെന്ന്‌ ഒരിക്കല്‍ നിശ്ചയിച്ച നവലോകത്തിന്റെ മൂല്യങ്ങളെ വഴിയില്‍തള്ളാനും ധനലോകത്തിന്റെ ലാഭസിദ്ധാന്തങ്ങളില്‍ ഒരു നറുക്കിനു ചേരാനും അത്‌ ഓരോ വ്യക്തിയേയും പ്രേരിപ്പിച്ചുകൊണ്ടിരുന്നു.


കഴിഞ്ഞ നൂറ്റാണ്ടില്‍ നാം എത്തിച്ചേരാനാഗ്രഹിച്ച നവലോകവും ഈ നൂറ്റാണ്ടു നമുക്കു സമ്മാനിച്ച അനുഭവലോകവും തമ്മിലുള്ള അന്തരം നമ്മില്‍ ഞെട്ടലുണ്ടാക്കേണ്ടതാണ്‌. പോയ നൂറ്റാണ്ടുകളിലെ മുഴുവന്‍ മനുഷ്യാനുഭവങ്ങളെയും ഒരു പുതിയലോകത്തിന്റെ സംരചനയ്‌ക്കുള്ള ഊര്‍ജ്ജമാക്കാന്‍ പരിശ്രമിച്ച ഒട്ടുമിക്ക പരിഷ്‌കരണപ്രസ്ഥാനങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ചൂഷിത കീഴാള മുന്നേറ്റങ്ങളും ജനാധിപത്യ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളും. മഹത്തായ ലക്ഷ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതം നീക്കിവെച്ച സമ്പന്നമായ നേതൃനിരയും നമുക്കുണ്ടായിരുന്നു. ജനാധിപത്യത്തിലോ സോഷ്യലിസത്തിലോ ഊന്നിയ നവലോക ലക്ഷ്യത്തിലേക്കുള്ള യാത്ര ജനാധിപത്യ – സോഷ്യലിസ്റ്റു മൂല്യങ്ങളുടെ സ്ഥാപനംകൂടിയായിരുന്നു. ദേശീയപ്രസ്ഥാനവും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും മഹത്തായ ലക്ഷ്യംകൊണ്ടുമാത്രമല്ല അതേല്‍പ്പിച്ച മൂല്യസംഹിതകള്‍കൊണ്ടുകൂടിയാണ്‌ പഴയ മുതലാളിത്ത – ഫ്യൂഡല്‍ ജീര്‍ണതകളെ നേരിട്ടത്‌. രണ്ടോ അതിലധികംപേരോ ഒന്നിക്കുമ്പോള്‍ ഒരു ലക്ഷ്യവും പ്രത്യയശാസ്‌ത്രവും അവരെ കരുത്തരാക്കുകയായിരുന്നു.


ഭീമാകാരമായ പ്രസ്ഥാനങ്ങളുടെ ശ്‌മശാനമായിട്ടുണ്ട്‌ ഇന്ന്‌ നമ്മുടെ നാട്‌. പ്രത്യയശാസ്‌ത്രങ്ങള്‍ ചോര്‍ന്നുപോയതോടെ പ്രസ്ഥാനംതന്നെയാണ്‌ വഴിയും ലക്ഷ്യവുമെന്ന നിലവന്നു. അന്നന്നത്തെ അതിജീവനമെന്ന ഹ്രസ്വ അജണ്ടയിലേക്ക്‌ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനങ്ങള്‍ പരിമിതപ്പെട്ടു കുനിയുന്നതു നാം കണ്ടു. ആവര്‍ത്തിച്ചനുഷ്‌ഠിക്കുന്ന മതകര്‍മ്മംപോലെ ജനമുന്നേറ്റത്തിന്റെ ഛായാചടങ്ങുകള്‍ അരങ്ങേറി. ജീവനറ്റ മുദ്രാവാക്യങ്ങളും മഹദ്വചനങ്ങളും പതാകകളെയും ചുവരുകളെയും മലിനമാക്കി. ഉണര്‍ന്നിരിക്കുന്ന ഒരേയൊരു യാഥാര്‍ത്ഥ്യം മൂലധനമാണെന്നും മൂലധനപ്രീതിക്കുള്ള യജ്ഞം വികസനമാണെന്നും ബലിമൃഗങ്ങള്‍ സാധാരണ മനുഷ്യരാണെന്നും ഓരോ നേതാവിനുമറിയാം. മുമ്പു മുഖ്യധാരാ പ്രസ്ഥാനങ്ങളെ നയിച്ചിരുന്നത്‌ വ്യത്യസ്‌ത ദര്‍ശനങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ പുതിയ മുതലാളിത്തമെന്ന ഒരൊറ്റ ദര്‍ശനമായി അതു മാറിയിരിക്കുന്നു.അന്താരാഷ്‌ട്ര മൂലധനശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നാക്രമണങ്ങളെ നേരിടാന്‍ ശേഷിയില്ലാത്ത സംഘടനാരൂപങ്ങളും അധികാരസ്വരൂപങ്ങളും ജനങ്ങള്‍ക്കു ബാധ്യതയാവുന്നതങ്ങനെയാണ്‌.


പതുക്കെപ്പതുക്കെയാണെങ്കിലും ഈ വാസ്‌തവം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ തണലോ ആശീര്‍വാദമോ ഇല്ലാതെത്തന്നെ സമരരംഗത്തിറങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്‌ അതിനെ ജീവിപ്പിച്ചിരുന്ന എന്തോ ഒന്നിന്റെ അഭാവമുണ്ടെന്ന്‌ പ്രസ്ഥാനങ്ങള്‍ക്കകത്തുതന്നെയും വീണ്ടുവിചാരമുണ്ടാകുന്നുണ്ട്‌. നമ്മുടെ നൂറ്റാണ്ടിലെ ജനമുന്നേറ്റം അഥവാ ജനകീയപ്രസ്ഥാനം എങ്ങനെയാകണമെന്ന ചര്‍ച്ചയിലേക്കു കേരളമുണരുന്ന സാഹചര്യമിതാണ്‌. ജനങ്ങളും പ്രസ്ഥാനങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന വൈരുദ്ധ്യത്തിന്റെ കാതലാണ്‌ കണ്ടെത്തേണ്ടത്‌. ജനങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രസ്ഥാനങ്ങളെന്ന സത്യം മറന്ന്‌ പ്രസ്ഥാനം മാത്രമാണ്‌ സത്യം ജനങ്ങള്‍ പിറകേ വന്നുകൊള്ളുമെന്നു കരുതുന്നത്‌ മൗഢ്യമാണ്‌. ജനങ്ങളാണ്‌ യജമാനന്മാര്‍: ജനപ്രതിനിധികളോ പാര്‍ട്ടികളോ അല്ല. വരുംകാല ജനതകളുടെകൂടി വിമോചനം ലക്ഷ്യമാക്കുമ്പോഴാണ്‌ ഒരു പ്രസ്ഥാനം വിപ്ലവമുന്നേറ്റമാകുന്നത്‌.


സമീപകാലത്ത്‌ കേരളത്തില്‍ രൂപപ്പെട്ട പ്രക്ഷോഭങ്ങളെല്ലാം പുതിയ മുതലാളിത്തത്തിന്റെ കടന്നാക്രമങ്ങള്‍ക്കെതിരെയാണ്‌ ആഞ്ഞടിച്ചത്‌. മൂലമ്പിള്ളിയും ചെങ്ങറയും മുതല്‍
ദേശീയപാതാസമരംവരെ ഇതിനുദാഹരണമാണ്‌. ഇവയ്‌ക്കു മുന്നിലൊന്നും മുഖ്യധാരാ ഇടതുപ്രസ്ഥാനങ്ങളോ ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളോ എത്തിച്ചേര്‍ന്നില്ല. എന്നിട്ടും അവയോരോന്നും ചരിത്രംകുറിച്ചു. എല്‍.ഡി എഫ്‌ എന്നും യു ഡി എഫ്‌ എന്നും പിളര്‍ന്നുകിടക്കുന്ന വലിയ രാഷ്‌ട്രീയപാര്‍ട്ടികളുടെ ശക്തിധാരകളും ഇവയ്‌ക്കൊപ്പം നീങ്ങുന്ന ബി ജെ പിയും വന്‍കിടമൂലധനശക്തികള്‍ക്കൊപ്പമാണ്‌ നിര്‍ലജ്ജം നിലയുറപ്പിച്ചത്‌. ഏറെ പരിമിതികള്‍ക്കകത്താണെങ്കിലും മൂലധനകോയ്‌മകള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട സമരങ്ങള്‍ പുതിയകാലത്തെ വര്‍ഗസമരങ്ങളാണെന്നുകാണാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിനായില്ല.രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ സന്നദ്ധസംഘടനാ ശീലങ്ങളിലേക്കു വഴിമാറിയപ്പോള്‍ ചില സന്നദ്ധസംഘടനകളെങ്കിലും രാഷ്‌ട്രീയദൗത്യമേറ്റെടുക്കാന്‍ ധീരത കാണിച്ചു .പുതിയ മൂലധനാധിനിവേശത്തിന്റെ ഇരകള്‍ ജീര്‍ണപ്രസ്ഥാനങ്ങളെ കയ്യൊഴിയുകയും സമരമുഖങ്ങളില്‍ ആര്‍ത്തിരമ്പുകയും ചെയ്‌തു.


സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കു കൂട്ടു നില്‍ക്കുകവഴി കുടുംബശ്രീയും ജനശ്രീയും അയല്‍ക്കൂട്ടങ്ങളും സ്വയംസഹായസംഘങ്ങളും
ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളിലേക്കാണ്‌ ഇടതു-വലതു പാര്‍ട്ടികളും അവയുടെ ബഹുജന സംഘടനകളും ചെന്നുപെട്ടത്‌. ലോകമെമ്പാടും എന്‍ ജി ഒകളെ വിന്യസിക്കുകവഴി നാലു പതിറ്റാണ്ടായി സാമ്രാജ്യത്വം ആഗ്രഹിച്ചതിന്റെ വിളവെടുപ്പിനാണ്‌ ഇക്കൂട്ടര്‍ അരുനിന്നത്‌. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിതന്നെയും പൗരസമൂഹരാഷ്‌ട്രീയത്തിന്റേതായി. മുളപൊട്ടുന്ന വര്‍ഗസമരങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ഈ പാര്‍ട്ടികളുണ്ടായിരിക്കെ സാമ്രാജ്യത്വത്തിന്‌ ഇതര സന്നദ്ധസംഘടനകള്‍ ആവശ്യമില്ലെന്നു വന്നു. എന്നാല്‍ വിദേശഫണ്ടോ നിക്ഷിപ്‌തതാല്‍പ്പര്യമോ ഇല്ലാത്ത എന്‍ ജി ഒകളില്‍ മിക്കതും ഏറ്റെടുത്ത സമരാനുഭവങ്ങളിലൂടെ സമകാല ഇടതുപക്ഷരാഷ്‌ട്രീയത്തിന്റെ ദൗത്യനിര്‍വ്വഹണത്തിലാണ്‌ എത്തിപ്പെട്ടത്‌. കൊച്ചുകൊച്ചു പ്രശ്‌നങ്ങളായി തുടങ്ങുന്ന ഒറ്റയൊറ്റ സമരങ്ങള്‍ക്ക്‌ ഒത്തുചേരാനൊരു സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ ബൃഹദ്‌ഭൂമികയുണ്ടെന്ന്‌ ഇപ്പോഴവര്‍ക്കറിയാം. ഇതാകട്ടെ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കകത്തുനിന്ന്‌ പ്രത്യയശാസ്‌ത്രവും പ്രയോഗവും സംബന്ധിച്ച ഭിന്നതകളുടെ പേരില്‍പുറത്തുവന്ന്‌ ബദല്‍ഇടതുപക്ഷം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂടി പങ്കാളിത്തത്തോടെ കേരളത്തിലൊരു പുതിയ ഇടതുപക്ഷ രാഷ്‌ട്രീയ ധ്രുവീകരണം സാദ്ധ്യമാക്കിയിരിക്കുന്നു.

(ജനശക്തി വാരിക, ലക്കം 266)

1 അഭിപ്രായം

  1. ഇത്തരം സമരങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകണം. ഇത് വെറും മുന്നനിയാകരുത്. പരസ്പരം തിരിച്ചറിയുന്ന, സഹായിക്കുന്ന ഒരു മുന്നണി ആണത്. അത് ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് വരും കാല കേരള രാഷ്ട്രീയം. അതാണ്‌ വരും കാല ഇടതുപക്ഷം, ജനപക്ഷം.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )