Article POLITICS

ചന്ദ്രശേഖരനെ വെട്ടി വെട്ടി തോല്‍ക്കുന്നൂ സി.പി.എം

        കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം ഉണര്‍വ്വിന്റെയും മുന്നേറ്റത്തിന്റെയും കാലമായിരുന്നു  ഒരു നവലോക നിര്‍മാണത്തിനുള്ള  മുന്നൊരുക്കമായിരുന്നു അത്.  ഒരു ജനതയാകെ ജനാധിപത്യ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളിലേക്കുള്ള പരിശ്രമങ്ങളില്‍ മുഴുകി. വിവിധ ബഹുജനപ്രസ്ഥാനങ്ങളും വര്‍ഗപ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും കലാ സാഹിത്യ സാംസ്‌കാരിക സംരംഭങ്ങളും രൂപപ്പെടുകയും സജീവമാകുകയും ചെയ്തു. പുതിയ നൂറ്റാണ്ടിന്റെ തുടക്കമാകട്ടെ ഹതാശമായ സ്വപ്നങ്ങളുടെയും പ്രതിലോമ പ്രവണതകളുടെയും കുത്തിയൊഴുക്കില്‍ ജീര്‍ണമായിരിക്കുന്നു. സാമൂഹികമാറ്റത്തിന്റെ മുഖ്യ പ്രേരകമായിരുന്ന മുന്നേറ്റങ്ങളാകെ സ്ഥാപനരൂപമാര്‍ന്ന് ലക്ഷ്യസാക്ഷാത്ക്കാരത്തേക്കാള്‍ പ്രധാനമാണ് സ്ഥാപനനടത്തിപ്പും നിലനില്‍പ്പുമെന്ന നിശ്ചയത്തിലാണെത്തിയത് വിപണി വളരുകയും ക്രയവിക്രയം ത്വരിതഗതിയിലാവുകയും ചെയ്‌തെങ്കിലും മനുഷ്യാനുഭവങ്ങളുടെ അകങ്ങള്‍ ദരിദ്രമായിക്കൊണ്ടിരുന്നു.. കൊളോണിയല്‍ കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന തോതിലുള്ള ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ മടിക്കുന്നില്ല. വിലക്കയറ്റവും ജലക്ഷാമവും വര്‍ദ്ധിക്കുന്നു. തൊഴില്‍രഹിതരുടേയും ഭവനരഹിതരുടേയും എണ്ണം പെരുകുന്നു. സാമൂഹികസുരക്ഷിതത്വം പൂര്‍ണമായും നഷ്ടമാകുന്നു. ജാതി മത സാമുദായിക രാഷ്ട്രീയ പ്രാദേശിക സാമ്പത്തിക  സങ്കുചിതവാദങ്ങള്‍ ആധിപത്യം നേടുന്നു.  മാധ്യമങ്ങള്‍ പഴയ നൂറ്റാണ്ടില്‍ മനുഷ്യരെ ആദര്‍ശനിഷ്ഠയുടെയും നവലോകനിര്‍മിതിയുടെയും വഴിയില്‍ കരുത്തരാക്കിയെങ്കില്‍ നമ്മുടെ കാലത്ത് വിപണിയുടെ മോഹവിഭ്രമങ്ങളിലേക്ക് പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍  നിരന്തരമായ മുന്നേറ്റങ്ങളിലൂടെ രൂപപ്പെട്ട ഇടതുപക്ഷ പൊതുബോധം തകര്‍ന്നടിയുകയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍തന്നെയും വലതുപക്ഷ നയനടത്തിപ്പുകളിലേക്കാണ് തിരിഞ്ഞുനടന്നത്.

സമകാലാനുഭവം നിരാശാനിര്‍ഭരമാണെന്ന് വിലപിക്കുകയല്ല. സമൂഹത്തിന്റെ വിമോചനം സംബന്ധിച്ച ലക്ഷ്യവും ആദര്‍ശങ്ങളാല്‍ ദീപ്തമാകുന്ന വഴികളും കൈമോശം വന്നിരിക്കുന്നു എന്നു സൂചിപ്പിക്കുകയാണ്. ഈ നഷ്ടം നമ്മുടെ ജനകീയ പ്രസ്ഥാനങ്ങളെ ചൈതന്യമില്ലാത്ത കെട്ടുരൂപങ്ങളാക്കി മാറ്റിയിരിക്കുന്നു. മഹത്തായ ലക്ഷ്യങ്ങളേക്കാള്‍  പ്രധാനമാണ് ഓരോ പാര്‍ട്ടിയുടേയും നിലനില്‍പ്പ് എന്നും ത്യാഗങ്ങളുടെ ഭൂതലകാലം പാര്‍ലമെന്റെറി മത്സരസങ്ങളുടെ സ്ഥിരം നിക്ഷേപമാണ് എന്നും വന്നിരിക്കുന്നു. പാര്‍ട്ടികളുടെ നിലനില്‍പ്പ് എന്നതിന് നേതാക്കളുടെ അതിജീവനം എന്നേ ഇപ്പോള്‍ അര്‍ത്ഥമുള്ളു. കലണ്ടര്‍ദിനങ്ങളിലെ ചടങ്ങുകള്‍ക്കിടയില്‍ വാള്‍സ്ട്രീറ്റ് ഐക്യദാര്‍ഢ്യം മുതല്‍ വിലക്കയറ്റവിരുദ്ധ ഹര്‍ത്താല്‍വരെ വന്നുഭവിക്കുന്നു എന്നേ പറയാനാവൂ. ഭൂമിക്കുവേണ്ടിയുള്ള വിലാപമോ ഭൂമി നഷ്ടപ്പെടുന്നവന്റെ വിലാപമോ കേള്‍ക്കാന്‍ ഭൂപരിഷ്‌ക്കരണ മുദ്രാവാക്യം മുഴക്കിയ പാര്‍ട്ടികള്‍പോലും തയ്യാറല്ല. മണ്ണിനും കുടിവെള്ളത്തിനും വേലക്കും കൂലിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഇന്നും നിലച്ചിട്ടില്ല. പക്ഷെ, നമ്മുടെ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍നിന്നും അവ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു.

ഈ അപചയത്തിന്റെ തുടര്‍ച്ചയില്‍ അതിന്റെ സ്വാഭാവിക ജീര്‍ണതകളില്‍മുങ്ങി  കനത്ത തിരിച്ചടി വാങ്ങിയ പ്രസ്ഥാനമാണ് സി.പി.ഐ.എം. കോര്‍പ്പറേറ്റ് മൂലധനവും സാമ്രാജ്യത്വ ധനകാര്യ ഏജന്‍സികളും നിശ്ചയിക്കുന്ന സാമ്പത്തിക പുനര്‍ക്രമീകരണത്തിനു വഴങ്ങി മൂലധനചങ്ങാത്തത്തിന്റെ പുതിയ പരിപാടിയിലേക്കാണ് ആ പാര്‍ട്ടി നീങ്ങിയത്. കമ്യൂണിസ്റ്റുസദാചാരമല്ല, നവമുതലാളിത്ത ആചാരങ്ങളാണ് പാര്‍ട്ടിക്കു പത്ഥ്യം എന്നുവന്നു. അതുവഴി അഴിമതി, സ്വജനപക്ഷപാതം, ലിംഗ-ജാതി വിവേചനം ,മനുഷ്യാവകാശലംഘനം, കൊലപാതകം എന്നിങ്ങനെയുള്ള മൂലധനത്തിന്റെ സഹജശീലങ്ങള്‍ പാര്‍ട്ടിയിലേക്ക് അതിക്രമിച്ചുകയറി.  മൂലധനത്തോടുള്ള അവിശുദ്ധ സഖ്യം വിടുവിക്കാതെ,  കടന്നുകയറിയ ദുശ്ശീലങ്ങളില്‍ ഒന്നുപോലും  ഒഴിവാവില്ലെന്ന സത്യം പാര്‍ട്ടി ഓര്‍ത്തില്ല.  ഈ പുതിയ ബാന്ധവം മൂലം തൊഴിലാളിവര്‍ഗത്തില്‍നിന്നും  ഇതര ദുര്‍ബ്ബലവിഭാഗങ്ങളില്‍നിന്നും  സി.പി.എം ഒറ്റപ്പെടാനിടയായി.

ആഗോളവല്‍ക്കരണകാലത്തെ മുഖ്യസമരമുഖങ്ങളില്‍ കണ്ണിചേരാനല്ല, കോര്‍പ്പറേറ്റ് വികസനസംരംഭങ്ങളില്‍ കക്ഷിചേരാനാണ് സി.പി.എം ശ്രമിച്ചത്.  അതിന്റെ ഗുണഫലങ്ങള്‍ പാര്‍ട്ടിക്ക് കോടികളുടെ ആസ്തിയും വന്‍കിടസ്ഥാപനങ്ങളും മുതല്‍ക്കൂട്ടാക്കിയെങ്കിലും അടിസ്ഥാനശക്തിയാവേണ്ട തൊഴിലാളി ദുര്‍ബ്ബല വിഭാഗങ്ങള്‍ അകന്നുപോയി.   വര്‍ഗബോധവും മനുഷ്യസ്‌നേഹവും അപരിചിതപദങ്ങളായി.  ‘മനുഷ്യനും മനുഷ്യനുംതമ്മില്‍ നഗ്നമായ സ്വാര്‍ത്ഥമൊഴികെ , ഹൃദയശൂന്യമായ റൊക്കം പൈസയൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. വ്യക്തിയോഗ്യതയെ അതു കൈമാറ്റച്ചരക്കാക്കി മാറ്റി. രേഖാമൂലമായ അസംഖ്യം അനുപേക്ഷണീയ സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് അതു മനസ്സാക്ഷി തൊട്ടുതെറിക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ – വ്യാപാരസ്വാതന്ത്ര്യത്തെ – പ്രതിഷ്ഠിച്ചു.’  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ബൂര്‍ഷ്വാസിയെപ്പറ്റി  പറയുന്ന ഈ ഭാഗം സി.പി.എമ്മിനെ സംബന്ധിച്ചും ശരിയെന്നുവന്നിരിക്കുന്നു.

അഴിമതിക്കേസ്,സദാചാരവിരുദ്ധക്കേസ്, കൊലപാതകക്കേസ് എന്നിങ്ങനെ സി.പി.എമ്മിനുമേല്‍ വന്നുപതിച്ചിരിക്കുന്ന കുറ്റാരോപണങ്ങളുടേയും ധന – സ്ഥാപന – അധികാര ആര്‍ത്തികളുടേയും മൂലവേര് ആഴ്ന്നുകിടക്കുന്നത് മൂലധനാഭിനിവേശത്തിലാണ്. ഒരു പാര്‍ട്ടിയുടെ പതനമെന്നതിനെക്കാള്‍ ഒരു ജനതയുടെ പുരോഗതിയെ നൂറ്റാണ്ടിനും പിറകിലെത്തിച്ച കൊടുംപാതകം എന്നനിലയ്ക്കാണ് പൊതുസമൂഹം ഈ അനുഭവത്തെ വിലയിരുത്തുക..മെയ് 4ന് ചന്ദ്രശേഖരന്‍ വധത്തോടെ സി.പി.എം അക്രമങ്ങളുടെ വര്‍ഗചായ്‌വും  സ്വഭാവവും മറനീക്കി പുറത്തുവന്നിരിക്കുന്നു.  മാര്‍ക്‌സിസത്തില്‍ അഗാധമായ ബോധ്യവും അതിന്റെ രീതിശാസ്ത്രം പിന്‍പറ്റാനുള്ള അസാധാരണമായ ധൈര്യവുമാണ് ചന്ദ്രശേഖരനെ ഇടതുപക്ഷ ബദലന്വേഷണത്തിന്റെ നായകസ്ഥാനത്തെത്തിച്ചത്. വര്‍ഗരാഷ്ട്രീയത്തിന്റെ ആ പ്രയോക്താവിനെ വെട്ടിവീഴ്ത്തിയ താല്‍പ്പര്യം തീര്‍ച്ചയായും തൊഴിലാളിവര്‍ഗത്തിന്റേതല്ല. സി.പി.എമ്മിന്റെ മാറിയ വര്‍ഗനിലപാട് ആ പാര്‍ട്ടിയുടെ സ്വന്തം പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ശ്രദ്ധയില്‍ ശക്തമായി പതിപ്പിച്ചത് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമാണ്. പഴയ പാര്‍ട്ടിയേയല്ല ഇതെന്ന് അവര്‍ തിരിച്ചറിയുകയാണ്.

നന്ദിഗ്രാം ബംഗാളിലുണ്ടാക്കിയതിനെക്കാള്‍ വലിയ തിരിച്ചടിയാണ് ചന്ദ്രശേഖരന്‍വധം  സി.പി.എമ്മിനുണ്ടാക്കിയിരിക്കുന്നത്. അതേത്തുടര്‍ന്നു കഠിനപരീക്ഷണങ്ങളിലൂടെയാണ്  കേരളത്തില്‍ പാര്‍ട്ടി കടന്നുപോകുന്നത്.  ക്വട്ടേഷന്‍സംഘമാണ്, തീവ്രവാദസംഘമാണ്, പി.സി.ജോര്‍ജാണ്, കോണ്‍ഗ്രസ് വ്യവസായിയാണ് എന്നിങ്ങനെയുള്ള എണ്ണിപ്പറയലുകളും ഞെട്ടാന്‍ മനസ്സില്ലെന്ന ശരീരഭാഷയും കുലംകുത്തിയെന്ന് ഓര്‍മ്മകളെപ്പോലും കടന്നാക്രമിച്ച ശൗര്യവും നീതിബോധമുള്ള ഏതു മനസ്സിനെയും പൊള്ളിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തനക്ഷമമായതോടെ പിടിക്കപ്പെട്ടവരെല്ലാം സി.പി.എം ലോക്കല്‍,ഏരിയാ,ജില്ലാ നേതാക്കളാണെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഫസല്‍,ഷുക്കൂര്‍ വധക്കേസുകളിലും സംശയത്തിന്റെ നിഴലുകള്‍ വീണത് സി.പി.എം ജില്ലാനേതാക്കളുടെ മേലാണ്. സി.ബി.ഐയും കോടതിയും നല്‍കിയ സൂചനകളോട് സി.പി.എം നേതാക്കളുടെ പ്രതികരണം നിയമനിഷേധത്തിന്റെ ഭാഷയിലായിരുന്നു. പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കില്ലെന്നായിരുന്നു ജയരാജന്റെ പ്രസ്താവന. നിയമവ്യവസ്ഥയെയും ജനാധിപത്യ ഭരണവ്യവസ്ഥയേയും നേതാക്കള്‍ തുടര്‍ച്ചയായി വെല്ലുവിളിച്ചു. കൊലക്കേസില്‍ പൊലീസ് പിടിച്ച പ്രതിയെ വിടുവിക്കാന്‍ നടത്തിയ ശ്രമവും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ പോന്നതായിരുന്നു. പൊലീസിനുനേരെ വിജയനും കരീമും തുടര്‍ച്ചയായി നടത്തിയ ഭീഷണി ജനാധിപത്യ സംവിധാനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്നതായിരുന്നു.  ഭരണമാറ്റം   ഉടനുണ്ടാകുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്താനും തങ്ങളുടെ നേതാക്കളാണെങ്കില്‍ പിടിക്കപ്പെട്ടാലും കുറ്റവാളികളാവില്ലെന്ന് വ്യാഖ്യാനിക്കാനും പൊതുസമൂഹത്തെ മുഴുവന്‍ ഭയപ്പെടുത്തി വരുതിയില്‍നിര്‍ത്താനും അവര്‍ ശ്രമിച്ചു.

സി.പി.എം നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്നു വ്യക്തമാക്കുന്ന സംഭവങ്ങളായിരുന്നു അവ. ക്രിമിനലുകളെ നിയമത്തിനു വിട്ടുകൊടുക്കാനും പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതകള്‍ തിരുത്താനും ഒരവസാനവട്ട ശ്രമം നടക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. വി.എസിന്റെ പ്രസ്താവനകള്‍ ആ നിലയ്ക്കു വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, പാര്‍ട്ടിയെ കൂടുതല്‍ അപകടത്തിലാക്കുന്ന പ്രതികരണമാണ് ഇടുക്കി ജില്ലാസെക്രട്ടറിയില്‍നിന്നുണ്ടായത്. കൊലയാളിപ്പാര്‍ട്ടിയാണിതെന്ന് മണി ശങ്കയില്ലാതെ പ്രസ്താവിച്ചു. ഇനിയും കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. തീവ്രവാദപ്രസ്ഥാനങ്ങള്‍പോലും പറയാനറയ്ക്കുന്ന ഭാഷയും പെരുമാറ്റവുംകൊണ്ട് വിജയനും ജയരാജന്മാരും കരീമും മണിയും ഹംസയും ലോകത്തെ ഞെട്ടിച്ചു. മഹാന്മാരായ നേതാക്കളും ധീരരായ രക്തസാക്ഷികളും പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ അറവുശാലയിലേക്കാനയിക്കുന്ന നേതൃത്വത്തില്‍നിന്ന്  കരുണ പ്രതീക്ഷിക്കാനാവുമോ? ഏകശിലപോലെ നിന്നിരുന്ന പാര്‍ട്ടിയുടെ സംഘടനാ അച്ചടക്കം തകര്‍ന്നു തരിപ്പണമാകുന്നതാണ് നാം കണ്ടത്. പ്രത്യയശാസ്ത്രം മുമ്പേ കൈവിട്ടുവല്ലോ. കൊന്നതും കൊലചെയ്യിച്ചതും പാര്‍ട്ടിയല്ലെങ്കില്‍ നിയമത്തെ അതിന്റെ വഴിക്കു വിടണം. അതല്ലെങ്കില്‍ മണിയെപ്പോലെ ചെയ്തകാര്യം ഏറ്റെടുക്കാനുള്ള തന്റേടം കാട്ടണം.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനങ്ങളും താല്‍ക്കാലിക ലാഭങ്ങളില്‍മാത്രം കണ്ണുനട്ട നേതൃത്വങ്ങളും ദൂരക്കാഴ്ച്ചയറ്റ സാംസ്‌ക്കാരികപ്രവര്‍ത്തകരും സങ്കുചിത സ്വത്വവാദങ്ങളും സര്‍വ്വോപരി പുത്തന്‍ മൂലധനശക്തികളുടെ ഹിംസാത്മകമായ കടന്നുകയറ്റവും നമ്മുടെ നവലോകസ്വപ്നങ്ങളെ തല്ലിത്തകര്‍ക്കുകയായിരുന്നു. ആ സ്വപ്നവും അതിലേക്കുള്ള വിപ്ലവകരമായ പരിശ്രമങ്ങളും നാം വീണ്ടെടുത്തേമതിയാകൂ. ജീവിതത്തിന്റെ സമസ്തമേഖലകളിലും ആസൂത്രിതമായി കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്ന ജനവിരുദ്ധ മൂലധന മൂല്യങ്ങള്‍ക്കെതിരെ പുതിയ ഇടതുപക്ഷ രാഷ്ട്രീയം അനിവാര്യമായിരിക്കുന്നു. രണ്ടു പതിറ്റാണ്ടായി സി.പി.എമ്മിന്റെ അപചയത്തെ എതിര്‍ത്തുകൊണ്ട് ഒറ്റയും തെറ്റയുമായി ആരംഭിച്ച ഇത്തരത്തിലുള്ള ശ്രമങ്ങളുടെ നിര്‍ണായകമായ രണ്ടു ഘട്ടങ്ങളെയാണ് എം.എന്‍.വിജയനും ടി.പി.ചന്ദ്രശേഖരനും പ്രതിനിധാനം ചെയ്യുന്നത്. പ്രക്ഷുബ്ധമായ പ്രത്യയശാസ്ത്ര പോരാട്ടത്തിനിടയിലാണ് എം.എന്‍.വിജയന്‍മാഷെ നമുക്കു നഷ്ടമായതെങ്കില്‍ പ്രായോഗിക ബദലന്വേഷണത്തിന്റെ സംഘാടനശ്രമങ്ങള്‍ക്കിടയിലാണ് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. വന്‍കിടമൂലധന ശക്തികളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധോലോക ക്രിമിനല്‍ കൂട്ടുകെട്ടുകളും മത സാമുദായിക തീവ്രവാദ ഗ്രൂപ്പുകളും ഒറ്റയ്‌ക്കൊറ്റയ്ക്കും ഒന്നിച്ചും കേരളത്തെ ജീര്‍ണകാലത്തിന്റെ ഇരുള്‍ക്കയങ്ങളിലേക്കു തള്ളിവീഴ്ത്തുമ്പോള്‍ ഇച്ഛാശക്തിയോടെ തടയാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകയും പ്രത്യയശാസ്ത്രവും പ്രയോജനപ്പെടുത്തുകയായിരുന്നു ചന്ദ്രശേഖരന്‍. അതുകൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

29 മെയ് 2012

3 അഭിപ്രായങ്ങള്‍

  1. കുലംകുത്തി പ്രയോഗം നടത്തിയവര്‍ അറിയാതെ സ്വന്തം കുലം കുളം തോണ്ടുന്നു…………വിനാശകാലേ വിപരീത ബുദ്ധി …………..

    Like

  2. [[[[[[[[[[നന്ദിഗ്രാം ബംഗാളിലുണ്ടാക്കിയതിനെക്കാള്‍ വലിയ തിരിച്ചടിയാണ് ചന്ദ്രശേഖരന്‍വധം സി.പി.എമ്മിനുണ്ടാക്കിയിരിക്കുന്നത്. അതേത്തുടര്‍ന്നു കഠിനപരീക്ഷണങ്ങളിലൂടെയാണ് കേരളത്തില്‍ പാര്‍ട്ടി കടന്നുപോകുന്നത്. ക്വട്ടേഷന്‍സംഘമാണ്, തീവ്രവാദസംഘമാണ്, പി.സി.ജോര്‍ജാണ്, കോണ്‍ഗ്രസ് വ്യവസായിയാണ് എന്നിങ്ങനെയുള്ള എണ്ണിപ്പറയലുകളും ഞെട്ടാന്‍ മനസ്സില്ലെന്ന ശരീരഭാഷയും കുലംകുത്തിയെന്ന് ഓര്‍മ്മകളെപ്പോലും കടന്നാക്രമിച്ച ശൗര്യവും നീതിബോധമുള്ള ഏതു മനസ്സിനെയും പൊള്ളിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തനക്ഷമമായതോടെ പിടിക്കപ്പെട്ടവരെല്ലാം സി.പി.എം ലോക്കല്‍,ഏരിയാ,ജില്ലാ നേതാക്കളാണെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഫസല്‍,ഷുക്കൂര്‍ വധക്കേസുകളിലും സംശയത്തിന്റെ നിഴലുകള്‍ വീണത് സി.പി.എം ജില്ലാനേതാക്കളുടെ മേലാണ്. സി.ബി.ഐയും കോടതിയും നല്‍കിയ സൂചനകളോട് സി.പി.എം നേതാക്കളുടെ പ്രതികരണം നിയമനിഷേധത്തിന്റെ ഭാഷയിലായിരുന്നു. പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കില്ലെന്നായിരുന്നു ജയരാജന്റെ പ്രസ്താവന. നിയമവ്യവസ്ഥയെയും ജനാധിപത്യ ഭരണവ്യവസ്ഥയേയും നേതാക്കള്‍ തുടര്‍ച്ചയായി വെല്ലുവിളിച്ചു. കൊലക്കേസില്‍ പൊലീസ് പിടിച്ച പ്രതിയെ വിടുവിക്കാന്‍ നടത്തിയ ശ്രമവും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ പോന്നതായിരുന്നു. പൊലീസിനുനേരെ വിജയനും കരീമും തുടര്‍ച്ചയായി നടത്തിയ ഭീഷണി ജനാധിപത്യ സംവിധാനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്നതായിരുന്നു. ഭരണമാറ്റം ഉടനുണ്ടാകുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്താനും തങ്ങളുടെ നേതാക്കളാണെങ്കില്‍ പിടിക്കപ്പെട്ടാലും കുറ്റവാളികളാവില്ലെന്ന് വ്യാഖ്യാനിക്കാനും പൊതുസമൂഹത്തെ മുഴുവന്‍ ഭയപ്പെടുത്തി വരുതിയില്‍നിര്‍ത്താനും അവര്‍ ശ്രമിച്ചു.]]]]]]]]]

    real face of criminalist party of india (murders)

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )