കലിക്കറ്റ് യൂനിവേഴ്സിറ്റി ഉത്തരകേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. പഠന ഗവേഷണരംഗങ്ങളിലും കലാ കായിക രംഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍, നാലര പതിറ്റാണ്ടുകാലത്തെ ചരിത്രം അഭിമാനകരമായ വളര്‍ച്ചയുടേതു മാത്രമാണെന്നു രേഖപ്പെടുത്താന്‍ അനുവദിക്കാത്ത സംഭവവികാസങ്ങളാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. ദീര്ഘദൃഷ്ടിയോടു കൂടിയതും ശാസ്ത്രീയവുമായ ഒരു ഉന്നത വിദ്യാഭ്യാസ സമീപനം രൂപപ്പെടുത്തുന്നതില്‍ സംസ്ഥാനത്തിനുണ്ടായ പരാജയം പ്രയോജനപ്പെടുത്തിയത് വാണിജ്യ മൂലധനത്തിന്റെ ആഗോളതാല്പ്പര്യങ്ങളാണ്. നമ്മുടെ യൂനിവേഴ്സിറ്റി ഭരണസമിതികള്‍ മിക്കപ്പോഴും സങ്കുചിത രാഷ്ട്രീയതാല്പ്പര്യങ്ങള്ക്കകത്ത് പക്ഷപാതങ്ങളുടെയും പകപോക്കലുകളുടെയും താല്‍ക്കാലിക പരിപാടികള്‍ നടപ്പാക്കുകയായിരുന്നു. ജീവനക്കാരുടെ നിയമനം,സ്ഥാനക്കയറ്റം, അവരുടെ സംഘടനകളുടെ നേതൃത്വത്തിലുള്ള കച്ചവടസ്ഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളാണ് കാമ്പസ് അന്തരീക്ഷത്തിലാകെ നിറഞ്ഞുനിന്നത്. അക്കാദമികമോ ധൈഷണികമോ ആയ വിഷയങ്ങള്‍ക്കു വേണ്ട പരിഗണനയോ മുന്‍കയ്യോ ഉണ്ടായില്ല. അക്കാദമിക സമിതികളില്‍പ്പോലും അംഗത്വത്തിന് അടിസ്ഥാനമാക്കിയത് രാഷ്ട്രീയ പരിഗണനകളായിരുന്നു. കഴിവോ പാണ്ഡിത്യമോ പ്രസക്തമല്ലാതായി. ഇതിന്റെ തുടര്‍ച്ചയിലാണ് കലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഭൂമികൈമാറ്റ വിവാദം പരിശോധിക്കേണ്ടത്.
ഭൂമിവിവാദം പുറത്തുകൊണ്ടുവന്നത് ഏതെങ്കിലും പ്രതിപക്ഷകക്ഷിയല്ല. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗവും മുന്‍ പി എസ് സി അംഗവുമായ ആര്.എസ് പണിക്കര്‍, വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാമിനും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും അയച്ച കത്താണ് തുടക്കം. യൂനിവേഴ്സിറ്റിഭൂമി ബാഹ്യ ഏജന്‍സികള്‍ക്ക് കൈമാറുന്നത് ക്രമപ്രകാരമോ സുതാര്യമോ അല്ലെന്ന ഭയം അദ്ദേഹം പങ്കുവെക്കുന്നു. കേരള ഒളിമ്പിക് അസോസിയേഷന്, ഗ്രേസ് എജുക്കേഷനല്‍ ട്രസ്റ്റ്, ബാഡ്മിന്റന്‍ ഡവലപ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്ക് ഭൂമി കൈമാറാനെടുത്ത തീരുമാനം യൂനിവേഴ്സിറ്റി ഭൂവിനിയോഗനയം രൂപപ്പെടുത്തുകയും ഗവര്‍മെണ്ട് അംഗീകാരം ലഭ്യമാകുകയുംചെയ്യുന്നത്വരെ നടപ്പാക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതോടെയാണ് സിന്‍ഡിക്കേറ്റ് തീരുമാനം ചര്‍ച്ചാവിഷയമായത്.
പരീക്ഷാ നടത്തിപ്പാകെ കുത്തഴിഞ്ഞുകിടക്കുന്ന യൂനിവേഴ്സിറ്റിയില്‍ മാര്‍ച്ചുമാസം അടിക്കടി വിളിച്ചുചേര്‍ത്ത സിന്ഡിക്കേറ്റു യോഗങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത് ഈ ട്രസ്റ്റുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും മുപ്പത്തിയാറ് സ്വാശ്രയസ്ഥാപനങ്ങളുടെ അപേക്ഷകളുമാണ്. ട്രസ്റ്റുകളുടെ അപേക്ഷകളില്‍ തീരുമാനമെടുത്തത് യുദ്ധകാലാടിസ്ഥാനത്തിലാണ്. അദ്ധ്യാപക നിയമനത്തിനോ അവര്‍ക്ക് അംഗീകാരം നല്‍കുന്നതിനോ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തി റിസല്‍ട്ടു പ്രസിദ്ധീകരിക്കുന്നതിനോ കാണിച്ചിട്ടില്ലാത്ത ധൃതിയും ശുഷ്കാന്തിയുമാണ് അധികൃതര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നുമുണ്ടായില്ലെങ്കിലും വികസനം കൊതിച്ച സമയത്തുതന്നെ മൂന്ന് അപേക്ഷകള്‍ ലഭിച്ചുവെന്നതും മൂന്നിനും ഒരു ഭരണകക്ഷിയുമായുള്ള ബന്ധം തെളിഞ്ഞുകാണായി എന്നതും കാര്യങ്ങള്‍ എളുപ്പമാക്കി. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ വികസനം ഭൂമിയിലേ വരൂ എന്നു കരുതുന്നവരാണ് ഇവിടെയും ഭരിക്കുന്നത് എന്നതിനാലാണ് വിഷയം ഭൂപ്രശ്നമായി മാറിയത്. ഭൂമി ഇടപാടുകളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നടക്കാറുള്ള കീഴ് വഴക്കങ്ങള്‍ ഇവിടെയും നടന്നു കാണുമെന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കിലോ അവരെ കൂടുതല്‍ അലോസരപ്പെടുത്തുന്നതാണ് ഇവിടെയുണ്ടായ ധൃതിയും സ്വാധീനവും.
1975ലെ യൂനിവേഴ്സിറ്റി ആക്റ്റ് പ്രകാരം( അദ്ധ്യായം 2 സെക്ഷന്‍ 18,19) ഇത്തരമൊരു തീരുമാനമെടുക്കാന്‍ യൂനിവേഴ്സിറ്റിക്ക് അധികാരമുണ്ടെന്നാണ് വി.സി ഗവര്‍ണര്‍ക്കു നല്കിയ വിശദീകരണം. ആക്റ്റിലെ അദ്ധ്യായം 2 പ്രകാരം വി.സിയും സിന്‍ഡിക്കേറ്റും മാത്രമല്ല.സെനറ്റും അക്കാദമിക് കൗണ്‍സിലും പ്രോ ചാന്‍സലറും ചാന്‍സലറും ഉള്‍പ്പെട്ടതാണ് യൂനിവേഴ്സിറ്റി. ഭൂമികൈമാറ്റംപോലുള്ള വിഷയങ്ങളില്‍ ഈ ഘടകങ്ങള്‍ മുഴുവന്‍ അറിഞ്ഞുകൊണ്ടും അവയുടെ അംഗീകാരത്തോടെയും മാത്രമേ തീരുമാനമെടുക്കാനാവൂ. ആ ഘടകങ്ങള്‍ക്കു മുന്നിലൊന്നും പക്ഷെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ആക്റ്റില്‍ ദി യൂനിവേഴ്സിറ്റി എന്നു കുറിച്ചിട്ടുള്ളത് തന്നെയും സിന്‍ഡിക്കേറ്റിനെയും കുറിച്ചാവുമെന്ന് വി.സി കരുതിക്കാണുമോ? അതല്ലെങ്കില്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ കാലത്തു പ്രത്യേകാധികാരം വല്ലതും അവരില്‍ നിക്ഷിപ്തമായിരിക്കുമോ ആവോ. അക്കാദമിക് കൗണ്‍സിലില്‍ ഇതവതരിപ്പിക്കുകയോ പ്രോ ചാന്‍സലറുടെയോ ചാന്‍സലറുടെയോ അംഗീകാരം നേടുകയോ ഉണ്ടായിട്ടില്ല. സ്പോര്‍ട്സ് കോംപ്ലക്സായാലും പഠന വിഭാഗമായാലും ആദ്യ തീരുമാനമുണ്ടാകേണ്ടത് അക്കാദമിക് കൗണ്‍സിലിലാണ്. അക്കാദമിക വികസനമായി അതിനെ കാണാന്‍ പ്രാപ്തിയില്ലാത്ത ഭരണനേതൃത്വമാണെങ്കില് കേവലം റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ മേഖലകളിലെ വികസനത്തിന്റെ പ്രാധാന്യമേ കാണുകയുള്ളു. യൂനിവേഴ്സിറ്റിയുടെ അംഗീകാരം ലഭിക്കാന്‍ നിയമപ്രകാരം അവതരിപ്പിക്കേണ്ട സമിതികളെയെല്ലാം നോക്കുകുത്തികളാക്കിമാറ്റി പിന്‍വാതിലിനെ ആശ്രയിക്കുകയും കളവിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ നല്ലപിള്ള ചമയുകയും ചെയ്യുന്ന വി.സി യൂനിവേഴ്സിറ്റി നിയമപ്രകാരം ചെയ്യേണ്ടതാണ് ചെയ്തത് എന്നു പറയുന്നത് ഇരിക്കുന്ന പദവിയുടെ മാന്യതക്കു ചേര്‍ന്നതല്ല.
സിന്‍ഡിക്കേറ്റ് പരിശോധിച്ച അപേക്ഷകളിലൊന്ന് കേരള ഒളിമ്പിക് അസോസിയേഷന്റേതാണെന്നു വി.സി പറയുന്നു. മറ്റൊരിടത്തു കോഴിക്കോട് ഡിസ്ട്രിക്റ്റ് ഒളിമ്പിക് അസോസിയേഷനാണ് അപേക്ഷകരെന്നു കാണുന്നു. 23.- 2-2012നു നല്കിയ അപേക്ഷയില്‍ പത്തു മുതല്‍ പതിനഞ്ചുവരെ ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടതെങ്കില്‍ പിന്നീടത് അമ്പതേക്കറിലെത്തിക്കാന് ശ്രമംനടന്നു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് അതിനുള്ള ത്രാണിയില്ലെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. സംസ്ഥാന അസോസിയേഷന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് വി.സിയുടെ സാന്നിദ്ധ്യത്തില്‍ സ്പോര്‍ട്സ് മന്ത്രി പറഞ്ഞത്. പ്രോജക്റ്റുമായി വരുന്നവരെ സംബന്ധിച്ചു സാമാന്യ ധാരണയെങ്കിലും വേണമെന്നും മന്ത്രി കെ.ബി ഗണേഷ്കുമാര് അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലാ ഭൂമി കിട്ടിക്കഴിഞ്ഞാല്‍ പണമുണ്ടാക്കാനാവുമെന്നാണോ ജില്ലാ അസോസിയേഷന് കണക്കുകൂട്ടിയിട്ടുണ്ടാവുക എന്നുമറിയില്ല. അസോസിയേഷന് ഭാരവാഹികളില്‍ ഒരു സിന്‍ഡിക്കേറ്റംഗത്തിന്റെ പേരുകൂടി കാണുന്നു എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
സിന്‍ഡിക്കേറ്റ് മിനുട്സിലുമുണ്ട് വിശേഷങ്ങള്‍. കേരള ഒളിമ്പിക് അസോസിയേഷനും നാഷണല്‍ ഒളിമ്പിക് അസോസിയേഷനും കേരള സര്‍ക്കാറും ചേര്‍ന്നു നടത്തുന്ന ഒരു പദ്ധതിയാണ് സിന്‍ഡിക്കേറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ചര്‍ച്ച ചെയ്ത അപേക്ഷയാകട്ടെ ജില്ലാ ഒളിമ്പിക് അസോസിയേഷന്റേതും. നാഷണല്‍ ഒളിമ്പിക് അസോസിയേഷനുമായോ കേരള സര്‍ക്കാറുമായോ യൂനിവേഴ്സിറ്റി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നിരിക്കെ സിന്‍ഡിക്കേറ്റ് ഇവരുടെ സഹകരണം ഉറപ്പാക്കിയതെങ്ങനെയെന്ന് വ്യക്തമല്ല. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ട് സംസ്ഥാന അസോസിയേഷന്റെ സെക്രട്ടറി കൂടിയാണെതിനാല് അപേക്ഷിക്കാതെത്തന്നെ കയറിവന്നതാവണം കേരള ഒളിമ്പിക് അസോസിയേഷന് . യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലമില്ലാത്ത ഒരു ഗൗരവം തീരുമാനത്തിനുണ്ടാക്കിയെടുക്കുന്നത് എന്തിനായിരിക്കും?
കാമ്പസിന്റെ വികസനകാര്യത്തിലുണ്ടായ ഈ ആവേശത്തിന് യു.ജി.സി നയമാണ് പ്രേരണയെന്നും വി.സി അവകാശപ്പെടുന്നുണ്ട്. പി,പി.പി എന്നറിയപ്പെടുന്ന പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പ്രോത്സാഹിപ്പിക്കണമെന്ന് യു.ജി.സി പന്ത്രണ്ടാം പദ്ധതിരേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലോ സംസ്ഥാനത്തെ യൂനിവേഴ്സിറ്റികള്ക്കാകെ ബാധകമായ ഒരു നയരേഖ അംഗീകരിച്ചിട്ടില്ല. ഓരോ സംസ്ഥാനത്തും സ്വീകരിക്കാവുന്ന മാനദണ്ഡങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാകണം. അദ്ധ്യാപക നിയമനം മുതല്‍ വി.സി നിയമനംവരെയുള്ള യോഗ്യതകളുടെ കാര്യത്തിലും സേവന വേതന വ്യവസ്ഥകളിലുമുള്ള യു.ജി.സി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കാണിക്കാത്ത ഉത്സാഹം ഭൂമികൈമാറ്റം വേണ്ടിവരുന്ന വികസനകാര്യങ്ങളിലുണ്ടാകുന്നു എന്നത് സംശയാസ്പദമാണ്. പി.പി.പി പ്രകാരമുള്ള പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യമൂലധനത്തിന്റെ വന്‍തോതിലുള്ള കുത്തിയൊഴുക്കാണുണ്ടാക്കുക. പറയത്തക്ക മൂലധനമൊന്നുമില്ലാതെ ആടു മാഞ്ചിയം കളിയുടെ പുതിയ പരീക്ഷണത്തിനാണ് കലിക്കറ്റില്‍ കളമൊരുങ്ങിയത്. ഭൂമി അപേക്ഷയുമായെത്തിയ ട്രസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ആര്‍ക്കും ഭൂമി നല്‍കിയിട്ടില്ലെന്ന വി.സിയുടെ വിലാപത്തിന് പിടിക്കപ്പെട്ടവന്റെ ജല്‍പ്പനം എന്നതിലുപരി പരിഗണന നല്‍കേണ്ടതില്ല. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ ചില ചോദ്യങ്ങള്‍ക്കുകൂടി മറുപടി പറയേണ്ടിവരും. മന്ത്രിസഭ തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഭൂമിദാനം നടന്നിട്ടി്ല്ലെന്നും അതിനാല്‍, അന്വേഷണം ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുമ്പ് ഭൂമി നല്കിയപ്പോഴെല്ലാം മന്ത്രിസഭായോഗത്തിന്റെ തീരുമാനമുണ്ടായിട്ടുണ്ടോ? സമീപകാലത്ത് എന്‍.സി.സിക്ക് ഭൂമി നല്കിയപ്പോഴും ഈ നിബന്ധന പാലിച്ചിട്ടുണ്ടോ? മുന്‍കാലത്ത് യൂനിവേഴ്സിറ്റിയില്‍ നടന്ന ഭൂമി ഇടപാടുകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുമോ? കലിക്കറ്റില്‍ ഭൂമിക്കു കൈനീട്ടിയ ട്രസ്റ്റുകളെല്ലാം ലീഗ് നേതാക്കളുടെയും മന്ത്രിബന്ധുക്കളുടെയും നേതൃത്വത്തിലുള്ളവയാണെന്ന കാര്യം ഇന്നേവരെ ആരും നിഷേധിച്ചിട്ടില്ല. ഇതിന്റെപേരില്‍ എന്തെങ്കിലും തരത്തിലുള്ള നടപടി ഒരിടത്തും ഉണ്ടായതുമില്ല. മഹത്തായ യൂനിവേഴ്സിറ്റിയെ ഇത്തരത്തിലൊരു ജീര്ണതയില്തള്ളിയ കള്ളസംഘത്തെ രക്ഷപ്പെടുത്താനുള്ള ബാധ്യതയാണോ മുഖ്യമന്ത്രിക്കുള്ളത്?
കൃസ്ത്യന്‍ ചെയര്‍, ഇസ്ലാമിക ചെയര്‍,സനാതന ധര്‍മ്മ ചെയര്‍ എന്നിങ്ങനെയും ഗാന്ധിയന്‍ ചെയര്‍, മാര്‍ക്സിയന്‍ ചെയര്‍, സി.എച്ച് ചെയര്‍ എന്നിങ്ങനെയുമുള്ള ചെയറുകള്‍ കാമ്പസിലെ അക്കാദമികാന്വേഷണങ്ങള്ക്ക് ഏതു തരത്തിലാണ് സംഭാവനകള്‍ നല്‍കുന്നതെന്ന് പഠിക്കേണ്ടതാണ്. മതവും രാഷ്ട്രീയവും തത്വചിന്തയുടെ ഭാഗം എന്ന നിലയില്‍ പഠനവിധേയമാക്കേണ്ടത് എങ്ങനെയെന്ന കാര്യം മുമ്പേ ചര്‍ച്ചയ്ക്കു വന്നിട്ടുണ്ട്. ആദ്യ സെനറ്റില്‍ അംഗമായിരുന്ന വിദ്യാഭ്യാസ വിചക്ഷണന്കൂടിയായിരുന്ന തായാട്ടു ശങ്കരന് സെനറ്റിനകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിനല് ഗൗരവതരമായ ആലോചനകളുണ്ടാവണം. അതിനുമുമ്പേ സിലബസോ കരിക്കുലമോ സമര്‍പ്പിക്കാതെ അക്കാദമിക സമിതികളുടെ അംഗീകാരമില്ലാതെ ഏതെങ്കിലുമൊരു ട്രസ്റ്റിന് പത്തേക്കര്‍ നല്‍കുന്നത് അക്കാദമിക താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നു കരുതാനാവില്ല.
ഭൂമിയിടപാടു നീക്കം നടക്കുന്ന കാലത്തുതന്നെ ശ്രീരാമകൃഷ്ണന് എം.എല്‍.എ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചതാണ്. കുറ്റകരമല്ലെന്നു പറയാനാവാത്ത ഒരു മൗനമായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്താകെ കോളിളക്കമുണ്ടാക്കിയിട്ടും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രിക്കു തോന്നിയിട്ടില്ല. തെറ്റു പറ്റിയെന്നു ഔദ്യോഗികമായ ഒരന്വേഷണവും നടത്താതെത്തന്നെ ലീഗുനേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ ഒരന്വേഷണത്തിന്റെ അനിവാര്യതയിലേക്കാണ് അതു വിരല്‍ചൂണ്ടുന്നത്. ഭൂമിദാനം നടത്തിയിട്ടില്ലയെന്ന വി.സിയുടെ വാദത്തിന് ആ പ്രക്രിയ പൂര്‍ത്തീകരിക്കാനായില്ല എന്നു മാത്രമാണര്‍ത്ഥം. യൂനിവേഴ്സിറ്റിയുടെ അക്കാദമികവും ധൈഷണികവുമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വി.സിയും സിന്‍ഡിക്കേറ്റും അന്വേഷണത്തിനു വിധേയമാകുന്നതാണ് ഉചിതം.
29 ഏപ്രില്‍ 2012