Article POLITICS

പാലിയേക്കര ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം

    കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭത്തിന്റെ നടത്തിപ്പുകാരാവാന്‍ മത്സരിക്കുകയാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. തെരഞ്ഞെടുപ്പുകളില്‍ ആരു ജയിച്ചാലും നടപ്പാക്കുന്നത് ഒരേ നയം. രണ്ടു ദശാബ്ദത്തിന്റെ സാമ്രാജ്യത്വാഗോളവല്‍ക്കരണ അതിക്രമങ്ങളുടെ പാഠമതാണ്. വാണിജ്യ മൂലധനത്തെ വന്‍തോതില്‍ കെട്ടഴിച്ചുവിട്ട് സാമൂഹിക സുരക്ഷിതത്വത്തിന്റെ നേര്‍ത്ത വലയങ്ങള്‍പോലും തകര്‍ത്തിരിക്കുന്നു. വിദ്യാഭ്യാസം,ആരോഗ്യം, ആസൂത്രണം, കുടിവെള്ളം,പൊതുവിതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും മൂലധനശക്തിയുടെ സ്വതന്ത്ര വിഹാരമാണ്. എങ്ങും ഞെരിഞ്ഞമര്‍ന്നത് നാം അനുഭവിച്ചുപോന്ന ആനുകൂല്യങ്ങളും അവകാശങ്ങളുമാണ്. പൊതുമണ്ഡലങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. കാശുകൊടുത്ത് ഉപയോഗിച്ച് ഉപേക്ഷിക്കുക എന്ന പുതിയ ധര്‍മ്മനീതി അടിച്ചേല്‍പ്പിക്കപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ സര്‍ക്കാറുകള്‍ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുകയല്ല, അധിനിവേശ ശക്തികള്‍ക്ക് വഴി സുഖകരമാക്കുകയാണ് ചെയ്യുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാലിക്കാന്‍പോലും സര്‍ക്കാറുകള്‍ ശ്രദ്ധിക്കുന്നില്ല. സാമ്രാജ്യത്വ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ പുനര്‍ക്രമീകരിക്കാനുള്ള കേവല ഏജന്‍സികളായി ജനാധിപത്യ സംവിധാനങ്ങള്‍ നിറം കെട്ടു.

ഒന്നരലക്ഷം കിലോമീറ്റര്‍ നിരത്തുകളുണ്ടെന്ന് അഭിമാനിക്കുന്ന കേരളമിപ്പോള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണ്. ഗ്രാമീണ റോഡു ശൃംഖലകളെ കോര്‍ത്തിണക്കി കടന്നുപോയ മുഖ്യധമനികളെ നവമുതലാളിത്തം വളച്ചുകെട്ടി അവകാശം സ്ഥാപിക്കുകയാണ്. ഗ്രാമത്തില്‍നിന്നു പുറത്തു കടക്കാന്‍ ചുങ്കം കൊടുക്കണം. സ്വതന്ത്രമായ യാത്ര ഇനി സ്വപ്നമാണ്. ഇതു നമ്മുടെ രാജ്യമല്ലേ എന്ന അസ്വാസ്ഥ്യത്തിലേക്കാണ് നാം തലകുത്തി വീണിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ഒരോര്‍മ്മയും മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളെ അലട്ടുന്നില്ല. ഭൂമിക്കടിയിലും ഭൂമിക്കു മുകളിലും പുതിയ പാതകളുണ്ടാക്കാനും അതിവേഗ യാത്രയും ചരക്കുകടത്തും എളുപ്പമാക്കാനും കഴിയുന്ന കാലമാണിത്. പുതിയ സൗകര്യം ഉപയോഗിക്കുന്ന വരേണ്യ വൃന്ദങ്ങള്‍ക്കു നിശ്ചിതനിരക്കില്‍ ചുങ്കമേര്‍പ്പെടുത്തുകയുമാവാം. എന്നാല്‍ നൂറ്റാണ്ടുകളായി നിലനിന്ന റോഡുകള്‍ നിര്‍മ്മിച്ചതു ഞങ്ങളാണ്, നടത്തിക്കൊണ്ടുപോകാന്‍ ഫീസു തരണമെന്നു പറയുന്നത് ചട്ടമ്പിത്തരമാണ്. ഇപ്പോള്‍ റോഡുകള്‍ നവീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതുതന്നെ എങ്ങുമെത്തിയിട്ടില്ല. അതിനുമുമ്പ് കെട്ടിയ ടോള്‍ബൂത്തുകള്‍ ജനങ്ങളെ പോരിനു വിളിക്കുകയാണ്. നിലനിന്ന റോഡുകള്‍ നവീകരിക്കുന്നത് ആരുടേയും ഔദാര്യമല്ല. യാത്രാക്കൂലി, മുന്‍കൂര്‍ വാഹനനികുതി , പെട്രോള്‍-ഡീസല്‍ സെസ് എന്നിങ്ങനെ പല വഴികളിലായി ദിനംപ്രതി പിരിച്ചെടുക്കുന്ന കോടികള്‍ ഈ ഇനത്തില്‍ ചെലവഴിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണെങ്കിലും റോഡ്-റെയില്‍ യാത്രാ അനുപാതത്തില്‍ കേരളം വളരെ മുന്നിലാണ്. ആ ഇനത്തില്‍ പിരിച്ചെടുക്കുന്ന തുകയുടെ ശരിയായ അനുപാതത്തിലുള്ള വിഹിതമാ ശ്രദ്ധയോ കേരളത്തിനു കിട്ടുന്നില്ല. അതു വഴി സാദ്ധ്യമാകേണ്ടിയിരുന്ന നവീകരണ-വികസന സംരംഭങ്ങള്‍ നമ്മില്‍നിന്നും തട്ടിയെടുക്കപ്പെടുന്നു. പുതിയ തീവണ്ടികള്‍ വന്നാല്‍പ്പോലും പഴയ ബോഗികളേ നമുക്കുള്ളു.

പഴയ റോഡ് തേച്ചുമിനുക്കിയതുകൊണ്ട് നിര്‍മാണച്ചെലവു വാങ്ങാനാവില്ല. റോഡുനിര്‍മ്മിച്ചത് നമ്മുടെ പൂര്‍വ്വികരുടെ വിയര്‍പ്പും സഹനവുമാണ്. അതിന്റെ കൂലിയും ലാഭവും ഒരു സ്വകാര്യ കമ്പനിക്കും അവകാശപ്പെട്ടതല്ല. അവര്‍ ചരക്കിന്റെയും മൂലധനത്തിന്റെയും നിര്‍ബ്ബാധവും സ്വതന്ത്രവുമായ പ്രവാഹത്തിന് ഈ നിരത്തുകളെ ആശ്രയിക്കുന്നതിന് ചുങ്കം നല്‍കേണ്ടത് നമുക്കാണ്. നമ്മുടെ സ്വത്തും സ്വാതന്ത്ര്യവും ഈ അധിനിവേശ ശക്തികള്‍ക്കു പണയം വെച്ചതാരാണ്?
മുപ്പതു വര്‍ഷത്തേക്കു ചുങ്കമായി പിരിക്കുന്ന എണ്ണമറ്റ കോടികള്‍ മാത്രമല്ല അവര്‍ ലക്ഷ്യമാക്കുന്നത്. പ്രധാന റോഡുകള്‍ക്കിരു വശത്തായി ചങ്ങലകോര്‍ത്തു കിടക്കുന്ന വാണിഭശൃംഖല തകര്‍ത്തെറിയണം. മുപ്പതു മീറ്ററില്‍ കൂടുതലുള്ള ഓരോ മീറ്റര്‍കൊണ്ടും അവരതു സാധിക്കും. നാല്‍പ്പത്തഞ്ചു മീറ്ററിനപ്പുറമുള്ള ഫ്രീസിംഗാവട്ടെ, ഇനിയൊരിക്കലും ആ സ്ഥാപനങ്ങള്‍ ഉയരുകയില്ല എന്ന ഉറപ്പുവരുത്തലാണ്. പകരം കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ വന്‍കിട ഷോപ്പിംഗ്മാളുകള്‍ കാണും. അവിടെ മുറുക്കാന്‍കടമുതല്‍ മസാജ് പാര്‍ലറുകള്‍വരെ കാണും. വണ്ടി നിര്‍ത്താന്‍ പ്രത്യേക സൗകര്യം. നാം ചെലവഴിക്കുന്ന ഒറ്റപ്പൈസപോലും നമ്മുടെ ആഭ്യന്തര വിപണിയിലിറങ്ങാതെ വന്‍കിട കോര്‍പ്പറേറ്റുകളുടെ രാജ്യാന്തര സമ്പാദ്യങ്ങളിലേക്കു കുമിഞ്ഞുകൊള്ളും. ദേശീയപാത നെടുനീളത്തില്‍ കോര്‍പ്പറേറ്റ് സാമ്പത്തിക മേഖലയായി മാറുന്നു. നമ്മില്‍നിന്നു തട്ടിയെടുക്കപ്പെട്ട നമ്മുടെ ഭൂമിയും ജീവിതവുമാണത്. നമ്മുടെ ജീവനത്തിന്റെ രക്ത ധമനികള്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയവര്‍ നമ്മുടെ സാധാരണജീവിതത്തെ, ഗ്രാമീണ സമ്പദ്ഘടനയെ എന്നേക്കുമായി തകര്‍ക്കുകയാണ്.

ഫെബ്രുവരി 28ന് സ്വകാര്യവല്‍ക്കരണത്തിനെതിരായ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്ത ലക്ഷക്കണക്കായ കേരളീയരും അവരുടെ പല കക്ഷികളില്‍പെട്ട നേതാക്കളും സംസ്ഥാനത്തെ ഏറ്റവും വലിയ ഈ സ്വകാര്യവല്‍ക്കരണ സംരംഭത്തെപ്പറ്റി എന്തു പറയുന്നു? മൂലധനത്തിന്റെ നഗ്നവും ദയാരഹിതവുമായ കൊള്ളയും കയ്യേറ്റവും യുദ്ധവുമായി ഇതു തിരിച്ചറിയാതെ ഒരു നിമിഷം ജീവിക്കാനാവുമോ? 2010 മെയ് 5ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഒരു സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പോയിക്കണ്ടു. കേരളത്തില്‍ മുപ്പതു മീറ്ററില്‍ റോഡു നിര്‍മ്മിക്കുക, ചുങ്കമില്ലാത്ത പാതകളാണ് കേരളത്തിനു വേണ്ടത് തുടങ്ങിയ ആവശ്യങ്ങല്‍ നിവേദനത്തിലുണ്ടായിരുന്നു. ചതുരശ്ര കിലോമീറ്ററില്‍ 819 പേര്‍ ജീവിക്കുന്ന കേരളത്തില്‍ ഭൂമി ഏറ്റെടുക്കുക എളുപ്പമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കു ചുങ്കരഹിത പാത നല്‍കാന്‍ ബി.ഒ.ടി പദ്ധതി മാറ്റി കേന്ദ്ര സര്‍ക്കാര്‍തന്നെ പൂര്‍ണനിക്ഷേപവും നിര്‍വ്വഹിക്കണമെന്നും സര്‍വ്വ കക്ഷിസംഘം ആവശ്യപ്പെട്ടു. ജനങ്ങളോടു പ്രതിബദ്ധതയുള്ള ശബ്ദം സര്‍ക്കാറില്‍നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും നാം കേട്ടു. പിന്നീട് എന്താണുണ്ടായത്? എല്ലാം എങ്ങനെയാണ് അട്ടിമറിഞ്ഞത്?


പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുന്നതുവരെ കാത്തിരുന്നില്ല. അതിനുമുമ്പേ പുനരാലോചന വേണമെന്ന ആവശ്യവുമായി സി.പി.എം രംഗത്തെത്തി. കേള്‍ക്കാനാഗ്രഹിച്ചതു കേട്ട സംതൃപ്തിയോടെ രമേശ് ചെന്നിത്തലയും ചാടിവീണു. രണ്ടാം സര്‍വ്വകക്ഷിയോഗം ഉടന്‍ വിളിക്കണമെന്നായി ഇരുവരും. പ്രധാനമന്ത്രിയുടെ മറുപടി എന്താകുമെന്നറിയാന്‍ എന്തേ രണ്ടു കൂട്ടരും താല്‍പ്പര്യപ്പെടാത്തത്? ഫെഡറല്‍ സംവിധാനത്തിനകത്തു നിയമവ്യവസ്ഥ അനുവദിക്കുന്ന പരിഗണനപോലും കേരളത്തിനു വേണ്ട എന്നു തീരുമാനിച്ച ഇവരുടെ ധൃതിയുടെ പൊരുളെന്താണ്? ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് ബി.ഒ.ടിക്കുവേണ്ടി വാദിക്കുന്നതില്‍ ലജ്ജ തോന്നാത്തതെന്തേ? ആദ്യ തീരുമാനങ്ങളില്‍നിന്നു മാറുമ്പോള്‍ കേരളീയര്‍ക്കു മുന്നില്‍ അതിന്റെ കാരണം വിശദീകരിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടായിരുന്നു. ഇന്നോളം അതവര്‍ നിര്‍വ്വഹിച്ചിട്ടില്ല. ജനങ്ങളെ വിറ്റും വന്‍കിടകളെ സഹായിക്കുന്നതിനെന്തിനാണെന്ന് അവര്‍ക്കു വിശദീകരിക്കാനാവില്ലെങ്കിലും സാധാരണക്കാര്‍ക്കു മനസ്സിലാക്കാനാവും.
ഇപ്പോള്‍ ടോള്‍നിരക്കു കുറയ്ക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്തെത്തിയിരിക്കുന്നു. ടോള്‍വിരുദ്ധസമരം കത്തിപ്പിടിക്കുമ്പോഴാണ് ഒരു വഴുവഴുപ്പന്‍ ഒത്തുതീര്‍പ്പു മുദ്രാവാക്യവുമായി അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ടോള്‍നിരക്കു കുറച്ചു തല്‍ക്കാലം ടോളിംഗ് ഉറപ്പാക്കുകയും പിന്നീട് ടോള്‍നിരക്ക് പതുക്കെ ഉയര്‍ത്തുകയും ചെയ്യാം എന്ന സമവായഫോര്‍മുലയായേ അതിനെ കാണാനാവൂ. ഭൂമി ഏറ്റെടുക്കുന്നിടത്തും ടോള്‍ ഏര്‍പ്പെടുത്തുന്നിടത്തുമെല്ലാം ഒരുതരം ദല്ലാള്‍ ഏര്‍പ്പാടുമായെത്തുന്നത് ഇടതുപക്ഷ നാമമുള്ള പ്രസ്ഥാനമാണെന്നത് ദയനീയംതന്നെ. ഡിസംബര്‍ 4ന് ടോള്‍പിരിവ് ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായപ്പോഴൊന്നും സി.പി.എം സമരത്തിനെത്തിയില്ല. എന്നാല്‍,പഴയ സമരപ്രസ്ഥാനത്തിന്റെ അനുഗ്രഹവും അനുവാദവുമില്ലാതെത്തന്നെ സമരം നടക്കുമെന്നായപ്പോള്‍ അവര്‍ക്കു മുഖം മിനുക്കുകയും കോര്‍പ്പറേറ്റുകളെ സഹായിക്കുകയും വേണ്ടിവന്നു. ഈ ഇരട്ടമുഖമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.


സംസ്ഥാനം ഭരിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. വി.എം.സുധീരനെയും വീരേന്ദ്രകുമാറിനെയുമൊക്കെ ഒതുക്കാന്‍ ചില ചെപ്പടിവിദ്യകളൊക്കെ കാണിച്ചു ഉമ്മന്‍ചാണ്ടി. രണ്ടു പേരുടെ കാര്യത്തിലും അത് ഏറ്റ മട്ടുണ്ട്. ചുരുങ്ങിയത് പിറവം തെരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും അവരെ നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ഫലിച്ചു. ജനങ്ങള്‍ക്കാകട്ടെ, നേതാക്കന്മാര്‍ക്കെല്ലാം ആത്യന്തികമായി പാര്‍ട്ടിയും തെരഞ്ഞെടുപ്പും സര്‍ക്കാറും തന്നെയാണ് മുഖ്യമെന്നും വ്യക്തമായി. ടോള്‍ പിരിവു തുടങ്ങിയപ്പോള്‍ തടയാന്‍ പഴയ വീരപരാക്രമികളാരുമുണ്ടായില്ല. സമരവുമായി സഹകരിച്ചിരുന്ന മുന്‍മന്ത്രിയും മുന്‍എം.എല്‍.എയുമൊക്കയായ കുട്ടി അഹമ്മദുകുട്ടിയെ മുസ്ലീം ലീഗുതന്നെ ഒതുക്കി മൂലയിലിരുത്തി. മൂലമ്പള്ളി പാക്കേജു കാട്ടി മോഹിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 10ന് ടോള്‍ ഫ്രീ റോഡ് ഉറപ്പുനല്‍കുകയുണ്ടായി. അത്രയും വേഗം അതെല്ലാം വിഴുങ്ങുകയും ടോള്‍ മുതലാളിമാര്‍ക്ക് പൊലീസിനെ നല്‍കുകയും ചെയ്തു ഉമ്മന്‍ചാണ്ടി.

ഒരേ ആവശ്യത്തിന് പലതവണ പല രീതിയില്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ചുരുങ്ങിയ വരുമാനം മാത്രമുള്ളവരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും മുതല്‍ ഉന്നത ശ്രേണിയിലുള്ളവര്‍വരെ ഒരേ തുകയാണ് ചുങ്കമായി നല്‍കേണ്ടത്. സാമൂഹികനീതിയും പൗരാവകാശവും ലംഘിക്കപ്പെടുകയാണിവിടെ. ദരിദ്രജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍പോലും അപ്രാപ്യമാക്കാനേ ഇതുതകുകയുള്ളു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് ലോകമെമ്പാടും പ്രക്ഷോഭങ്ങളുയര്‍ന്നു വന്നിരിക്കുന്നു. വികസിത രാജ്യങ്ങളില്‍പ്പോലും ജനങ്ങള്‍ സമരരംഗത്തിറങ്ങിക്കഴിഞ്ഞു. ബ്രിട്ടനില്‍ 2004ല്‍തന്നെ നാഷണല്‍ അലയന്‍സ് എഗന്‍സ്റ്റ് ടോള്‍സ് എന്നപേരിലുള്ള സംഘടന രൂപപ്പെട്ടിട്ടുണ്ട്. ടോളിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങളോടൊപ്പം അവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ടോള്‍ബൂത്തുകളില്‍ ചുങ്കം പിരിക്കാന്‍ ചെലവഴിക്കുന്ന തുകതന്നെ ഏറ്റവും വലിയ ധൂര്‍ത്തായി മാറുന്നുവെന്നും ക്രിമിനല്‍വല്‍ക്കരണത്തിനുപോലും ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും വാള്‍സ്ട്രീറ്റിനു പിറകേ ടോള്‍വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. ന്യൂ ജഴ്‌സിയിലും വാഷിംഗ്ടണിലും സമരം നടക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നൈജീരിയയിലും ദക്ഷിണാഫ്രിക്കയിലും ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നയിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലും സമരം പടര്‍ന്നുപിടിക്കുന്നു. ഇവിടങ്ങളിലെല്ലാം തൊഴിലാളികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര പ്രാന്തീയ വിഭാഗങ്ങളുമെല്ലാം പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യയിലാകട്ടെ, മുഖ്യധാരാ ഇടതുപക്ഷം സമര പക്ഷത്തല്ല ആഗോളവല്‍ക്കരണ പക്ഷത്താണ് അണിനിരന്നിരിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ മറ്റെല്ലാ മേഖലയിലുമെന്നപോലെ ദേശീയപാതകളെ പ്രത്യേക സാമ്പത്തിക മേഖലകളായി പതിച്ചുനല്‍കുന്നതിലും സി.പി.എം പ്രഭൃതികള്‍ക്ക് പൂര്‍ണസമ്മതമായിരിക്കുന്നു.


രണ്ടു ദശാബ്ദമായി നമ്മുടെനാട്ടില്‍ പുതിയൊരു ജനപക്ഷരാഷ്ട്രീയത്തിന്റെ കേളികൊട്ട് ഉയരുന്നുണ്ട്. വികസനമെന്ന വാക്കിന്റെ മറവില്‍ഒളിച്ചിരിക്കുന്ന പഴയ വിപ്ലവ വായാടികളുടെ മുഖംമൂടികള്‍ കൊഴിഞ്ഞുവീണു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ കൂടുതല്‍കൂടുതല്‍ പ്രയാസങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന നടപടികള്‍ വികസനമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ചൂഷണ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭിന്നവും സൂക്ഷ്മവുമായ മുഖങ്ങള്‍് തുറക്കപ്പെടുകയാണ്.്.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും കേരളീയരോടു വഞ്ചനാപരമായ നിലപാടു സ്വീകരിച്ചപ്പോള്‍ ദേശീയപാതയിലെ സമരപ്രസ്ഥാനങ്ങളും ആമ്പല്ലൂര്‍ – പാലിയേക്കര പ്രദേശങ്ങളിലെ ജനങ്ങളാകെയും സമരരംഗത്തിറങ്ങിയിരിക്കുകയാണ്. പി.ജെ മോന്‍സി കണ്‍വീനറും സി.ജെ ജനാര്‍ദ്ദനന്‍ ചെയര്‍മാനുമായ ടോള്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം ഒരു മാസം പിന്നിട്ടു. ഇരുപത്തിയൊന്നു ദിവസം നീണ്ട സ. അജിതന്റെ ജീവന്മരണ പോരാട്ടത്തിനു ശേഷം ദേശീയപാതാ കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതിയുടെ സംസ്ഥാന കണ്‍വീനര്‍ ടി.എല്‍.സന്തോഷ്, സി.പി.എം.എല്‍ നേതാവ് ഹസീന റെഡ്ഫ്‌ലാഗ് നേതാവ് കുഞ്ഞിമോന്‍ എന്നിവര്‍ നിരാഹാരത്തിലാണ്. മൂലധനശക്തികളുടെ തടവുകാരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാറുകളും സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങളെയും മറ്റ് എതിര്‍പ്പുകളെയും നേരിട്ടുകൊണ്ടാണ് സമരം മുന്നേറുന്നത്. ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ സമരപ്പന്തലിലെത്തുന്നുണ്ട്. സാംസ്‌ക്കാരിക-രാഷ്ട്രീയ കേരളത്തിന്റെ അടിയന്തിര ശ്രദ്ധയും സഹകരണവും ഈ സമരത്തിനുണ്ടാവേണ്ടതുണ്ട്.

  ആസാദ്
13 മാര്‍ച്ച് 2012

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )