Article POLITICS

ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം

      പൊതുനിരത്തില്‍ പ്രകടനങ്ങള്‍ വിലക്കിയ കോടതിനടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ആ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കാന്‍, കോടതിയലക്ഷ്യമാകുമോയെന്ന ഭയംപോലുമില്ലാതെ ചിലരൊക്കെ തയ്യാറാവുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ പ്രധാന സഞ്ചാരപഥങ്ങളാകെ ജനങ്ങളില്‍നിന്നു വേലികെട്ടിത്തിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്ന് ഒരു ശബ്ദവുമുയര്‍ന്നില്ല. വികസനമെന്ന മാസ്മരികപദത്തിന്റെ മറവില്‍ വിശ്രമിക്കുകയാണവര്‍.

പ്രധാനരാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമില്ലാതെത്തന്നെ ഒട്ടേറെ സമരമുന്നേറ്റങ്ങള്‍ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ദേശീയപാതാ കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതി, ദേശീയപാതാ സംരക്ഷണ സമിതി, ആക്ഷന്‍ കൗണ്‍സില്‍, സോളിഡാറിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിലേക്ക് കൂടുതല്‍ സംഘടനകളും ജനങ്ങളും അണിചേരുകയാണ്. ഇവയെയൊക്കെ വികസനവിരുദ്ധ നീക്കങ്ങളായാണ് അധികാരത്തിനു ചുറ്റും കറങ്ങിത്തിരിയുന്ന പ്രസ്ഥാനങ്ങള്‍ വ്യാഖ്യാനിക്കുന്നത്. സ്വതന്ത്രവും ദേശീയവുമായ കാഴ്ച്ചപ്പാടുള്ള വാര്‍ത്താമാദ്ധ്യമങ്ങള്‍പോലും യഥാര്‍ത്ഥവസ്തുതയെന്തെന്ന് അന്വേഷിക്കുന്നില്ല. അങ്കമാലി – മണ്ണുത്തി പാതയിലെ പാലിയേക്കരയില്‍ ടോള്‍ബൂത്തിനരികില്‍ ടോള്‍വിരുദ്ധസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരുമാസമാവുകയാണ്. ഈ സാഹചര്യത്തില്‍ സാംസ്‌ക്കാരിക – രാഷ്ട്രീയ കേരളം പ്രക്ഷോഭകരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ ക്ഷമാപൂര്‍വ്വം പരിശോധിക്കാന്‍ സന്നദ്ധമാകേണ്ടതുണ്ട്.

മീശക്കും താടിക്കും തൊപ്പിക്കും മുതല്‍ മുലകള്‍ക്കുവരെ കരം വാങ്ങിയിരുന്ന കാടന്‍ചൂഷണവ്യവസ്ഥയോടു കണക്കുതീര്‍ത്താണ് നവോത്ഥാനവും ജനാധിപത്യവുമൊക്കെ ശക്തിപ്പെട്ടത്. ഇപ്പോള്‍ സഞ്ചരിക്കാന്‍ നികുതികൊടുക്കണം. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ത്യാഗവും സഹനവുമാണ് ഓരോ പാതയും. അതു മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ജനങ്ങള്‍ നികുതി കൊടുക്കുന്നുമുണ്ട്. യാത്രാക്കൂലിയുടെ നിശ്ചിത ശതമാനം ചുങ്കമാണ്. വാഹന ഉടമകള്‍ വാഹന നികുതിയിനത്തില്‍ മോശമല്ലാത്ത സംഖ്യയാണ് മുന്‍കൂറായി നല്‍കുന്നത്. ഓരോ ലിറ്റര്‍ ഇന്ധനത്തിനും രണ്ട് രൂപവീതം വേറെയും നല്‍കുന്നു. വാഹനങ്ങള്‍ പെരുകുമ്പോള്‍ സര്‍ക്കാറിന്റെ വരുമാനവും പെരുകുന്നുണ്ട്. ഈ ഇനത്തില്‍ ലഭിക്കുന്ന സംഖ്യമതി ശരിയായ റോഡ് വികസനത്തിന്. ഈ വരുമാനത്തിന്റെ യും ഈ ഇനത്തിലെ ചെലവിന്റെയും നിജസ്ഥിതിയറിയാന്‍ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്.

പ്രധാനപാതകളൊക്കെ യാത്രക്കാര്‍ക്കുള്ളതാണെന്ന ധാരണ പൂര്‍ണമായും ശരിയല്ല. ലോകവിപണിയെ നമ്മുടെ പ്രാദേശിക കമ്പോളങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കു – മൂലധന സഞ്ചാരത്തിന്റെ രാജപാഥകളാണവ. വഴിസൗകര്യത്തിന്റെ സൗജന്യം ഡോളറും യൂറോയും രൂപയുമൊക്കെയായി ഏറ്റുവാങ്ങുന്നത് വന്‍കിട മൂലധനമൂര്‍ത്തികളാണ്. അവര്‍ക്കു പരവതാനി വിരിക്കാന്‍ നമ്മുടെ സഞ്ചാരസ്വാതന്ത്ര്യം അടിയറവെക്കണോ? നാം നൂറ്റാണ്ടുകളായി നടന്നും വാഹനമുരുട്ടിയുമുണ്ടാക്കിയ വഴികള്‍ നമ്മുടെ അവകാശമാണ്. അവയ്ക്കുമേല്‍ കാല്‍നാട്ടി ടോള്‍ബൂത്തുകള്‍ കെട്ടരുത്. മറ്റേതെങ്കിലും സ്വര്‍ഗീയമേല്‍പ്പാതകളുണ്ടാക്കി ആകാശചാരികളില്‍നിന്നു ചുങ്കം പിരിക്കണമോയെന്നു സര്‍ക്കാറിനാലോചിക്കാം.

ചുങ്കപ്പിരിവു മാത്രമല്ല പ്രശ്‌നം. സഞ്ചാരപഥങ്ങളാകെ പ്രത്യേക സാമ്പത്തിക മേഖലയായി തിരിക്കാനുള്ള അപ്രഖ്യാപിത നീക്കം കാണേണ്ടതുണ്ട്. പാതകളില്‍ പ്രവേശിക്കാനോ മുറിച്ചുകടക്കാനോ ഓരത്തു കച്ചവടം നടത്താനോ പ്രതിഷേധപ്പന്തല്‍കെട്ടാനോ ഒന്നും അനുവാദമില്ല. പ്രത്യേകം വേലികെട്ടിത്തിരിച്ച നെടുനീളന്‍ സ്വകാര്യ സാമ്പത്തിക മേഖലയായി അതു മാറും. ദരിദ്രനു സര്‍വ്വീസ്‌റോഡെന്ന വാഗ്ദാനം കോരന്റെ കുമ്പിളില്‍ കിടക്കും. രാജപാത വരേണ്യര്‍ക്കും, കുഴിയും കുമ്പിളുമുള്ള റോഡ് കോരന്മാര്‍ക്കുമെന്ന ജനാധിപത്യമാണോ നമ്മുടെ ഭരണഘടനയുടെ വാഗ്ദാനം? റോഡ് ജനങ്ങളുടെ അവകാശമാണ്. അതു ലാഭപ്പെരുപ്പത്തിനുപയോഗിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്കും അവരുടെ പ്രാദേശിക ദല്ലാളന്മാര്‍ക്കുമാണ് നികുതി ചുമത്തേണ്ടത്. അവരില്‍നിന്നുള്ള ചുങ്കം ജനങ്ങള്‍ക്കു ലഭിക്കണം. അത് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാറുകളുടെ ചുമതലയാണ്.

സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ബോധപൂര്‍വ്വമായ നീക്കത്തിനാണ്. കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും വലിയ വിഭാഗം ജനങ്ങളെ വഴിയോര വാണിഭങ്ങളിലേക്കു നയിച്ചിട്ടുണ്ട്. ഇളനീരും കരിമ്പിന്‍ജൂസും സോഡയും സര്‍ബത്തും വിറ്റു ജീവിക്കുന്നവര്‍, മുറുക്കാന്‍കടയും ബാര്‍ബര്‍ഷാപ്പും ഹോട്ടലും നടത്തുന്നവര്‍ ,ധാന്യംപൊടിക്കുന്ന മില്ലുകളും തുന്നല്‍ക്കടകളും തുണിക്കടകളും നടത്തുന്നവര്‍, പഴവും മീനും മരച്ചീനിയും വില്‍ക്കുന്നവര്‍ എന്നിങ്ങനെ നിത്യജീവിതത്തിന്റെ കടമ്പകള്‍ ചാടാന്‍ പാതകളെ ആശ്രയിക്കുന്നവര്‍ ലക്ഷക്കണക്കിനാണ്. നമ്മുടെ ഗ്രാമീണസമ്പദ്ഘടനയുടെ നട്ടെല്ലാണവര്‍. അവരെയെല്ലാം കുടിയൊഴിച്ച് വാള്‍മാര്‍ട്ടിനെപ്പോലെയുള്ള കോര്‍പ്പറേറ്റുഭീമന്മാര്‍ക്കു വഴിയോര വാണിഭമേഖലയാകെ തീറെഴുതുന്നത് സ്വന്തം ജനതയോടുള്ള യുദ്ധമല്ലെങ്കില്‍ മറ്റെന്താണ്?

നാലുവരിപ്പാതയോ ആറുവരിപ്പാതയോ നിര്‍മ്മിക്കാന്‍ മുപ്പതുമീറ്റര്‍ വീതിയില്‍ ഏറ്റെടുക്കുന്ന സ്ഥലം മതിയെന്നിരിക്കെ വഴിയോരമൊഴിപ്പിക്കലിനും വേലികെട്ടലിനും മാത്രമായി വീതികൂട്ടലും ഫ്രീസിങ്ങും നടപ്പാക്കുന്നത് വികസനത്തിനു മറവില്‍ മറ്റു ലക്ഷ്യങ്ങളുള്ളതുകൊണ്ടാണ്. ഒരു വരിപ്പാതയ്ക്കു മൂന്നരമീറ്ററാണ് അംഗീകരിക്കപ്പെട്ട അളവ്. മുപ്പതു മീറ്ററില്‍ മീഡിയനും നടപ്പാതയ്ക്കും ഓവുചാലിനും സ്ഥലമുണ്ടാകും. പക്ഷെ പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്താനാവുകയില്ല. ഇവിടെ വഴിയല്ല അവരുടെ ലക്ഷ്യം. വഴിക്കച്ചവടമാണ് എന്നു വ്യക്തം. ഓരോ സംസ്ഥാനത്തിനും സവിശേഷമായ പ്രശ്‌നങ്ങളാണുള്ളത്. ചിലയിടത്തു ഭൂ പ്രകൃതിയുടെ പരിമിതികള്‍ കണക്കിലെടുത്തേ റോഡുവികസനം സാദ്ധ്യമാകൂ. കേരളത്തിലാകട്ടെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കണം. പുനരധിവാസം പ്രയാസകരമാകുമ്പോള്‍ സമാന്തരസാദ്ധ്യതകള്‍ കണ്ടെത്തേണ്ടി വരും. അതിവേഗ തീവണ്ടിപ്പാതയും തീരദേശപാതയുമെല്ലാം സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണു നാം. ജലപാതയും നഗരങ്ങളിലെ മെട്രോ റെയിലും മലയോര ഹൈവേയുമെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. ഈ പുരോഗതികളെയാകെ പിറകോട്ടടുപ്പിക്കുന്ന ജനവിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ തിരുത്തേണ്ടത്. യഥാര്‍ത്ഥത്തില്‍ റോഡു നവീകരണത്തിനു ചെലവാകുന്ന സംഖ്യ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നെടുത്ത് സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറുന്നുണ്ട്. അതിനുശേഷം അതിനുമെത്രയോ ഇരട്ടി പണം ജനങ്ങളെ പിഴിഞ്ഞു വസൂലാക്കാന്‍ പ്രത്യേകാധികാരവും നല്‍കുന്നു.

ഈ പറഞ്ഞതൊക്കെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബോധ്യമുണ്ടായിരുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണല്ലോ 2010ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കേരളത്തിനു ഇവ സ്വീകാര്യമല്ലെന്നു നിലപാടെടുത്തത്. അക്കാര്യം അവര്‍ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കുകയും ചെയ്തു. ചുങ്കം പിരിക്കുക സാദ്ധ്യമല്ലെന്നും മുപ്പതു മീറ്ററിലധികം വീതിയുള്ള പാത കേരളത്തില്‍ അപ്രായോഗികമാണെന്നും നിശ്ചയിക്കപ്പെട്ട അലൈന്‍മെന്റുകള്‍ അശാസ്ത്രീയമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാടറിയിക്കുന്നതിനുമുമ്പുതന്നെ, സര്‍വ്വകക്ഷി തീരുമാനത്തില്‍ പുനപ്പരിശോധന വേണമെന്ന ആവശ്യം കേരളത്തിലുയര്‍ന്നു. വിസ്മയകരമായ കാര്യം ആവശ്യമുയര്‍ത്തിയത് ഭരിക്കുന്ന പ്രമുഖ കക്ഷിയുടെ സെക്രട്ടറി തന്നെയായിരുന്നു എന്നതാണ്. അതേതുടര്‍ന്നുമാത്രമേ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടിന് ഈ ആവശ്യമുന്നയിക്കാന്‍ ധൈര്യമുണ്ടായുള്ളു. രണ്ടാം സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തീരുമാനം തിരുത്തണമെന്ന പിണറായി വിജയന്റെ കല്പന അംഗീകരിക്കപ്പെട്ടു. രണ്ടാം യോഗത്തില്‍ മുന്‍നിര നേതാക്കള്‍തന്നെ അണിനിരന്നു. പിണറായിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയുമൊക്കെ തങ്ങളുടെ ഐക്യവും പക്ഷപാതവും ജനങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തി. വി.എസ്സിനെയും ജനങ്ങളെയും പിണറായി വരച്ച വരയില്‍ നിര്‍ത്തി.

സ്വകാര്യവല്‍ക്കരണത്തിനെതിരെയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെയും കനത്ത തെരുവു പ്രഭാഷണങ്ങള്‍ നടത്തുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥമുഖം ഒരിക്കല്‍കൂടി വെളിപ്പെട്ടു. വിദ്യാഭ്യാസ,ആരോഗ്യ,കുടിവെള്ള,ആസൂത്രണ രംഗങ്ങളിലെന്നപോലെ പൊതുവഴി സ്വകാര്യവല്‍ക്കരണത്തിലും വലതുപക്ഷത്തേക്കാള്‍ ആവേശം തങ്ങള്‍ക്കാണെന്ന് സി.പി.എം ബോധ്യപ്പെടുത്തി. 2009ലെ കോട്ടയം സമ്മേളന റിവ്യു റിപ്പോര്‍ട്ടില്‍തന്നെ ഈ ധൃതി കാണാമായിരുന്നു. ഗതാഗത പ്രതിസന്ധിക്കു തടസ്സം ടോള്‍ ഏര്‍പ്പെടുത്താനുള്ള കാലതാമസമാണെന്ന് വി.എസ്സിനെ കുറ്റപ്പെടുത്തുന്നുണ്ട് അന്നത്തെ രേഖ. ഇതിനര്‍ത്ഥം പാതാകച്ചവടത്തിന്റെ രൂപരേഖയുണ്ടാക്കിയതില്‍ കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തുല്യപങ്കാണുള്ളത് എന്നാണ്. ഫെഡറല്‍ സംവിധാനത്തിനകത്ത് ലഭിക്കേണ്ട സ്വാഭാവിക നീതിയെപ്പറ്റി പറയാന്‍ ഒരു പാര്‍ട്ടിയും മുന്നോട്ടു വന്നില്ല. 1988ലെ നാഷണല്‍ ഹൈവേ അതോറിറ്റി ആക്റ്റില്‍പ്പോലും സംസ്ഥാനങ്ങള്‍ക്കു പ്രത്യേക ഏജന്‍സിയെ നിയോഗിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പരാമര്‍ശമുണ്ട്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോഴല്ലേ ഇതൊക്കെ അറിയേണ്ടതുള്ളു.

വികസിതരാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകത്തിന്റെ മിക്ക ഭാഗത്തും ടോളിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആഗോളവല്‍ക്കരണ ശക്തികള്‍ തയ്യാറായിരിക്കുന്നു. അവിടങ്ങളിലെല്ലാം വമ്പിച്ച ജനമുന്നേറ്റം രൂപപ്പെട്ടിട്ടുമുണ്ട്. 2004ല്‍തന്നെ ബ്രിട്ടനില്‍ നാഷണല്‍ അലയന്‍സ് എഗന്‍സ്റ്റ് ടോള്‍സ് എന്ന സമരസംഘടന സ്ഥാപിതമായി. പ്രക്ഷോഭങ്ങളുടെ ഫലമായി ഒട്ടേറെ ടോള്‍ബൂത്തുകള്‍ പൂട്ടുകയുണ്ടായി. ഫ്‌ലോറിഡയിലും ന്യൂ ജേഴ്‌സിയിലും വാഷിംഗ്ടണിലും ടോള്‍വിരുദ്ധ മുന്നേറ്റങ്ങളാരംഭിച്ചിട്ടുണ്ട്. ഈ ആഴ്ച്ച ദക്ഷിണാഫ്രിക്ക ലോക ശ്രദ്ധയാകര്‍ഷിച്ചത് ജോഹന്നാസ് ബര്‍ഗിലെ ടോള്‍വിരുദ്ധ പ്രക്ഷോഭത്തിലെ ജനപങ്കാളിത്തംകൊണ്ടാണ്. ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍രാജ്യങ്ങളിലും ഇത്തരം പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്. അവിടങ്ങളിലെല്ലാം സാമ്രാജ്യത്വവിരുദ്ധ ശക്തികളും തൊഴിലാളികളും ഇടതുപക്ഷ രാഷ്ട്രീയവും കൈകോര്‍ത്തിരിക്കുന്നു. കേരളത്തിലും അത്തരമൊരു രാഷ്ട്രീയവും മുന്നേറ്റവും സജീവമാകുകയാണ്. മുഖ്യധാരാ ഇടതുപക്ഷമുള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് അവര്‍ക്കൊപ്പംനില്‍ക്കുന്ന ജനവിഭാഗങ്ങളില്‍നിന്നുപോലും ഒറ്റപ്പെടാനേ സഹായകമാകുകയുള്ളു. പാലിയേക്കരയിലെ അനിശ്ചിതകാല നിരാഹാര സമരവും ദേശീയപാതകളിലെ കോര്‍പ്പറേറ്റ്-സര്‍ക്കാര്‍ കടന്നുകയറ്റങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭവും വിജയിപ്പിക്കാനുള്ള ബാധ്യത ഓരോ കേരളീയന്റേതുമാണ്.

ആസാദ്
10 മാര്‍ച്ച് 2012

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )