ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. കല്‍ക്കത്തയില്‍ നടന്ന കേന്ദ്രക്കമ്മറ്റി യോഗത്തില്‍ പി.ബി അവതരിപ്പിച്ച രേഖ അതേപടി അംഗീകരിക്കപ്പെട്ടില്ല എന്നുവേണം കരുതാന്‍. സാധാരണനിലയിലുള്ള നടപടിക്രമം എന്നതിനപ്പുറത്തേക്കാണു കാര്യങ്ങള്‍ പോകുന്നത്. ബംഗാള്‍-കേരള ഘടകങ്ങള്‍ക്കു മേല്‍ക്കൈയുള്ള പി.ബിക്കു പുറത്ത് സമരോത്സുകമായ ഒരെതിര്‍പക്ഷം കേന്ദ്രക്കമ്മറ്റിയില്‍ രൂപപ്പെട്ടിരിക്കണം. ആന്ധ്രപ്രദേശിലെ രാഘവലുവിനെപ്പേലെയുള്ളവര് വ്യത്യസ്തവും ശക്തവുമായ നിലപാടുകളെടുക്കുന്നുവെന്ന് ഡക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങള്‍ സൂചിപ്പിച്ചത് വെറുതെയാവാനിടയില്ല. കേന്ദ്രക്കമ്മറ്റിക്കു ശേഷം പത്രപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കമ്മറ്റിയില്വന്ന നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് കരട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കാരാട്ട് അറിയിച്ചത്. മുന്‍കാലങ്ങളില്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകളോടെ പി.ബി രേഖ അംഗീകരിക്കപ്പെട്ടുപോന്ന രീതിയാണ് സി.പി.എമ്മിലുണ്ടായിരുന്നത്. ഇപ്പോഴാകട്ടെ, ഏകാഭിപ്രായത്തോടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ പുറത്തുവരാവുന്ന അന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി തീരെ ലഘുവല്ല.
പ്രതിസന്ധികള്‍ പലരീതിയിലാണ് പുറത്തേക്കു വരുന്നത്. സാമ്പത്തിക പുനര്‍ക്രമീകരണ അജണ്ട നടപ്പാക്കണോ വേണ്ടയോ, പങ്കാളിത്ത ജനാധിപത്യത്തിന്റെ ഫ്രാങ്കിയന്‍ രീതിയാണോ വെനിസ്വലാ രീതിയാണോ നടപ്പാക്കേണ്ടത്, വിപ്ലവത്തിന്റെ ചൈനീസ് മാര്‍ഗമാണോ ലാറ്റിനമേരിക്കന്‍ മാര്‍ഗമാണോ ഉചിതം, മുതലാളിത്ത വികസനത്തിനുമുന്നില്‍ സോഷ്യലിസ്റ്റാസൂത്രണം പൂര്‍ണമായും അപ്രസക്തമായിത്തീര്ന്നുവോ എന്നിങ്ങനെ ഒട്ടേറെ സന്ദേഹങ്ങളിലൂടെയാണ് ഓരോ പാര്‍ട്ടി അംഗവും കടന്നുപോകുന്നത്. മുമ്പൊരിക്കലും ഇത്രമേല്‍ സന്ദേഹങ്ങളുടെ ഭാരം ഒരു പാര്‍ട്ടി അംഗത്തിനും ചുമക്കേണ്ടി വന്നിട്ടില്ല. അതൊക്കെ ഇഎംഎസ്സിന്റെയോ ബി.ടി.ആറിന്റെയോ ബാസവപുന്നയ്യയുടെയോ ഒക്കെ തലവേദന മാത്രമായിരുന്നു. തലകുലുക്കുകയേ വേണ്ടിയിരുന്നുള്ളു. ആ ഓര്‍മ്മയില്‍ തലകുലുക്കി വെറുതെനിന്ന നാളുകളിലാണ് വിദേശനിക്ഷേപം, സാമ്രാജ്യത്വ വായ്പാഭാരം, ഘടനാപരമായ കര്‍ശന നിര്‍ദ്ദേശങ്ങള്‍, കുടിവെള്ളവും കുടികിടപ്പും തൊഴിലും കൈമോശം വരല്, വിദ്യാഭ്യാസവും ആരോഗ്യവും പൊതുവിതരണവും അപ്രാപ്യമാകല് എന്നിങ്ങനെയുള്ള ക്രൂരശിക്ഷക്കു ജനങ്ങള്‍ ഇരയായത്. യാദവകുലത്തിന്റെ നാശകാലത്തെ അര്‍ജ്ജുനനെപ്പോലെ ആയുധവീര്യം നഷ്ടമായ എകെജിമാരാണ് ഇരകളാക്കപ്പെട്ടവരുടെ സമരഭൂമികള്ക്കുപുറത്തു തലകുനിച്ചുനിന്നത്.
നാട്ടുപോരാളികളുടെ വീര്യമൂറ്റിയത് ശീതയുദ്ധമോ ഗോര്ബച്ചോവോ ആയിരുന്നില്ല. കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ നേതൃത്വംതന്നെയായിരുന്നു. ലോകമെങ്ങും ചെങ്കൊടിസ്തംഭങ്ങള് നടുവൊടിഞ്ഞു വീഴുമ്പോഴും ഇന്ത്യയില്‍ വീര്യം പകര്‍ന്നുനിന്ന ഒരു നേതൃത്വമുണ്ടായിരുന്നു.മുകളില്‍നിന്നു താഴേക്കു കെട്ടിപ്പടുക്കുന്ന പ്രസ്ഥാനത്തിന് അതു ധാരാളമായിരുന്നു. തീര്‍ച്ചയുള്ള പ്രത്യയശാസ്ത്രവും തീക്ഷ്ണ പ്രയോഗങ്ങളും തൊണ്ണൂറുകളുടെ തുടക്കത്തെ ഉജ്ജ്വലമാക്കി. 1992ലെ പ്രത്യയശാസ്ത്രരേഖ അതിന്റെ തിളക്കമാര്‍ന്ന ശേഷിപ്പാണ്. ആ രേഖ കൂടുതല്‍ പഠനത്തിന്റെ പിന്‍ബലത്തോടെ ശക്തവും സമ്പുഷ്ടവുമാക്കാനായിരുന്നു അന്നത്തെ തീരുമാനം. പിന്നടെങ്ങനെയാണ് ആ വീര്യം ചോര്‍ന്നത്? അകത്തും പുറത്തും വളര്‍ന്നുവന്ന ശത്രുവാരാണ്? എന്താണവരുടെ സിദ്ധാന്തം? അവരുടെ പ്രായോഗിക കൗശലങ്ങള്‍ ഏതുവിധമുള്ളതാണ്? മുതലാളിത്തത്തിനു ബദല്‍ സാദ്ധ്യമാണെന്നു കരുതുന്ന പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള മുഴുവന്‍ പേരും ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.
ആഗോളവത്ക്കരണകാലത്തെ ഉദാരജനാധിപത്യം തുറന്നുവെച്ച, കുറച്ചുപേര്‍ക്കുമാത്രം കൂടുതല്‍ മിടുക്കന്മാരാവാനുള്ള വിപണിയവസരങ്ങളില് വീണുപോയത് ആരൊക്കെയാണ്? അധികാരത്തിന്റെയും കച്ചവടത്തിന്റെയും ഭാഷയും ജീവിതവും തൊഴിലാളികളുടെ പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിച്ചത് ആരാണ്? ഇടതു-വലതു ഭേദമില്ലാതെ നേതാക്കളും മക്കളും വ്യവസായികളും അനുചരന്മാരും ഉദ്യോഗസ്ഥരും നിയമപാലകരും മാഫിയകളും ചേരുന്ന അശുദ്ധസഖ്യം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ അക്കൂട്ടത്തില്‍ ഞങ്ങളുടെ നേതാക്കളുണ്ടാവല്ലേയെന്നു മൗനമായി നിലവിളിക്കുന്നവര്‍ക്ക് അവരുടെ പാര്‍ട്ടിയെ തിരിച്ചുകൊടുക്കാനല്ലെങ്കില് ഈ സമ്മേളനങ്ങളും രേഖകളും അവര്‍ക്കെന്തിനാണ്? തീര്‍ച്ചയായും ഈ ചോദ്യങ്ങളും സംശയങ്ങളുമെല്ലാം കമ്യൂണിസ്റ്റുപാര്ട്ടികള്ക്കകത്തുതന്നെ ഉയരുന്നവയാണ്. അതിനാല്‍ ഇരുപതാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ടത് ചെന്നൈ കോണ്‍ഗ്രസ് രേഖയുടെ വികസിതവും സമഗ്രവുമായ തുടര്‍ച്ചയാണോ അതോ മറ്റൊന്നാണോ എന്നതാണ് സി.പി.എം നേരിടുന്ന വെല്ലുവിളി.
ജനുവരി 20നു കേന്ദ്രകമ്മറ്റി കഴിഞ്ഞു പുറത്തിറക്കിയ കമ്മ്യൂണിക്കെയില്‍ പറയുന്നത്, പ്രത്യയശാസ്ത്രരേഖ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രസക്തമാകുന്ന പുതുക്കിയ സോഷ്യലിസ്റ്റു ബദല്‍ മുന്നോട്ടുവെക്കുമെന്നാണ്. പുതുക്കിയ എന്ന നാലക്ഷരമാണ് രേഖയുടെ അസ്തിത്വമെന്നുറപ്പ്. കരടു പ്രസിദ്ധീകരിച്ച ശേഷം പത്തു ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ അവരുടെ ഘടകങ്ങള്‍ വഴി ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തും. എന്നാല്‍ അതിനു മുമ്പുതന്നെ ശാസ്ത്ര സാഹിത്യ പരിഷത്ത് കാമ്പെയിന് ആരംഭിച്ചു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണം പരാജയമായിരുന്നുവെന്നും ഇനി പുതിയ വഴിയാണ് തേടേണ്ടതെന്നും പരിഷത്തും നാലാംലോകവാദികളും നേരത്തേ പറഞ്ഞതാണ്. പിന്നീട് പരിഷ്ക്കരണവാദ മാര്‍ക്സിസ്റ്റുകളും പോസ്റ്റ് മാര്‍ക്സിസ്റ്റുകളും ഇതേ വാദമുഖമുയര്‍ത്തി. മറ്റൊരുകേരളം സാദ്ധ്യമാണെന്ന പ്രത്യാശാഭരിതമായ മുദ്രാവാക്യമാണ് പരിഷത്ത് ഇപ്പോള്‍ മുഴക്കുന്നത്. തികച്ചും വ്യക്തിപരമായ അന്വേഷണമെന്ന നിലയ്ക്ക് എം.പി പരമേശ്വരന് ആരംഭിക്കുകയും പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുക്കുകയും ചെയ്ത നാലാംലോകവാദം ഒരിക്കല്‍കൂടി സി.പി.എമ്മിനെ മുഖാമുഖം നേരിടുകയാണ്. പുതുക്കിയ സോഷ്യലിസ്റ്റുബദലിലെ പുതുക്കല്‍ എന്ന പദമുയര്‍ത്തുന്ന അവ്യക്തത ഭിന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കിയിരിക്കുന്നു.
അമേരിക്കന്‍ സര്‍വ്വകലാശാലാ ബുദ്ധിജീവികളുമായും യൂറോപ്പ്യന്‍ ഡോണര്‍ ഏജന്‍സികളുമായുമുള്ള ബന്ധം മറച്ചുപിടിച്ചുകൊണ്ടാണ് ഇത്തവണ പരിഷത്ത് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വല്ലാതെ തുറന്നുകാട്ടപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത കഴിഞ്ഞ ഒരു ദശകത്തിലെ അനുഭവങ്ങളെ മറികടക്കാന്‍ ഇത്തവണ ലാറ്റിനമേരിക്കയെ കൂടെ കൂട്ടിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക-സൈനിക-സാംസ്ക്കാരിക അതിക്രമങ്ങള്‍ക്കെതിരെ ഇഞ്ചോടിഞ്ചു പൊരുതുന്ന ഒരു ജനത ക്യൂബന്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയൊരു പോരാട്ടവഴി തുറക്കുന്നതാണ് ലാറ്റിനമേരിക്കയില്‍ നാം കാണുന്നത്. അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ അതിക്രമങ്ങളെ നേരിടാന്‍ സമാന്തര ബാങ്കിങ് രീതി അവലംബിക്കാനും ലോകബാങ്കു വായ്പകള്‍ റദ്ദാക്കാനും അവര്‍ ധീരത കാട്ടി. ഇടതുപക്ഷ രാഷ്ട്രീയത്തെ വലതുവല്ക്കരിക്കുന്ന പ്രവണതകളുടെ അടിത്തറ കണ്ടെത്തി തിരുത്താനും അവര്‍ ധൈര്യപ്പെട്ടു. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തികാസൂത്രണങ്ങളെ റൈറ്റ്-ഫ്രാങ്കി-പരിഷത്ത് പങ്കാളിത്തജനാധിപത്യത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനാണ് പരിഷത്തിന്റെ ശ്രമം. ലാറ്റിനമേരിക്കന്‍ മാതൃക കാട്ടി അമേരിക്കന്‍സാമ്രാജ്യത്വ ഉത്പ്പന്നമായ പാര്‍ട്ടി രഹിത പങ്കാളിത്തജനാധിപത്യം വിറ്റഴിക്കലാണ് ലക്ഷ്യമെന്നര്‍ത്ഥം.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഈയിടെ ഞാനെഴുതിയ ഒരു ലേഖനത്തിനു മറുപടിയായി സി.പി.എം സൈദ്ധാന്തിക വാരികയായ ചിന്തയില്‍ അതിന്റെ പത്രാധിപരായ സി.പി.നാരായണന് എഴുതിയ കുറിപ്പില്‍, പങ്കാളിത്ത ജനാധിപത്യം എന്നു കേള്‍ക്കുമ്പോഴേക്കും ചുവപ്പു കണ്ട കാളയെപ്പോലെയാണ് ഞാന്‍ പ്രതികരിക്കുന്നതെന്നു കുറ്റപ്പെടുത്തിയിരുന്നു. വര്‍ഗരഹിത പൗരസമൂഹ രാഷ്ട്രീയത്തെ പകരംവെക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ധൈഷണികതയുടെ ഉത്പ്പന്നമായ പങ്കാളിത്തജനാധിപത്യത്തെയാണ് ഞങ്ങളെതിര്‍ക്കുന്നത്. ഒരു പതിറ്റാണ്ടായി ഇതു നടപ്പാക്കാനാണ് ഈ ചിന്തയുടെ മുഖ്യവക്താവായ എറിക് ഓലിന് റൈറ്റ് മുതല്‍ കേരള നടത്തിപ്പുകാരായ പരമേശ്വരന്-നാരായണന്-ഐസക്കുവരെ ശ്രമിച്ചതെന്നാണ് ഞങ്ങളുടെ വിമര്‍ശനം. കാരാട്ടും കേന്ദ്രനേതൃത്വവും 2004ല്‍തന്നെ ചുവപ്പുകണ്ട കാളയെപ്പോലെ കേരളത്തിലെത്തിയ സംഭവം സി.പി.നാരായണനെ ഓര്മ്മിപ്പിക്കേണ്ടിവരുന്നു. 2004 ഫിബ്രവരി 29ന് സി.പി.എം സംസ്ഥാനകമ്മറ്റി പ്രസിദ്ധീകരിച്ച പാര്‍ട്ടിക്കത്ത് 1/2004 ല്‍ കാരാട്ടിന്റെ പി.ബിക്കുവേണ്ടി നടത്തിയ റിപ്പോര്ട്ടിംഗുണ്ട്. അതില്‍ ഇങ്ങനെ കാണാം: സോഷ്യലിസമല്ല ബദലെന്നും ഉട്ടോപ്യന്‍ നാലാംലോകമാണ് നിര്‍മ്മിക്കേണ്ടതെന്നുമുള്ള വാദത്തിന് മാര്‍ക്സിയന്‍ വീക്ഷണവുമായി ഒരു ബന്ധവുമില്ല. മാര്‍ക്സിസ്റ്റുവിരുദ്ധ ആശയങ്ങളായ പാര്‍ട്ടിരഹിത പങ്കാളിത്തജനാധിപത്യവും മറ്റും പ്രസ്ഥാനത്തിലേക്കു കടന്നുവരുന്നത് തടയാന്‍ പാര്‍ട്ടി സന്നദ്ധമായിരിക്കണം. മാര്‍ക്സിസത്തിലും അതിന്റെ സര്‍ഗ്ഗാത്മകതയിലും പാര്‍ട്ടിയുടെ അടിസ്ഥാനപ്രമാണങ്ങളിലും ഊന്നിയ പ്രചാരണ പരിപാടിക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നേതൃത്വം നല്‍കണം. പാര്‍ട്ടിയുടെ സൈദ്ധാന്തിക വാരികയിലൂടെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ട ഉത്തരവാദിത്തമാണോ സി.പി.നാരായണന് നിര്‍വ്വഹിക്കുന്നത്? പാര്‍ട്ടി തള്ളണമെന്നു പറഞ്ഞ പങ്കാളിത്ത ജനാധിപത്യം ഏതാണ് സി.പി സ്വീകരിക്കണമെന്നു പറഞ്ഞതേതാണ്? ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേതാണ് പ്രാതിനിധ്യ ജനാധിപത്യം അതില്‍നിന്നു വ്യത്യസ്തമായി ജനങ്ങള്‍ നേരിട്ടു പങ്കാളികളാകുന്നതാണ് പങ്കാളിത്ത ജനാധിപത്യം.ലോകബാങ്ക് ആ പദപ്രയോഗം ഉപയോഗിക്കുന്നുണ്ട് എന്നതുകൊണ്ട് ക്യൂബയ്ക്കും വെനിസ്വലയ്ക്കുംമറ്റും തങ്ങളുടേതായ അര്‍ത്ഥത്തോടെ അത് ഉപയോഗിക്കുന്നതില്‍ ഒരു ചളിപ്പുമില്ല. എന്നും നാരായണന് വിശദീകരിക്കുന്നുണ്ട്. പാര്‍ട്ടിയെക്കൂടി പഠിപ്പിക്കുകയായിരിക്കണം അദ്ദേഹം. എത്ര നിരുത്തരവാദപരമായാണ് ഒരു നേതാവ് വിശദീകരിച്ചിരിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേതാണ് പ്രാതിനിധ്യജനാധിപത്യമെന്ന കാര്യത്തില്‍ ആര്‍ക്കാണു തര്‍ക്കം? എന്നാല്‍ അതിനെക്കാള്‍ മെച്ചമാണ് പങ്കാളിത്തജനാധിപത്യമെന്ന് പരിഷത്തല്ലാതെ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോ? സി.പി.നാരായണന് ആരുടെ നേതാവാണ്? പാര്‍ട്ടിയുടേയോ പരിഷത്തിന്റേയോ? ലോകബാങ്ക് ആ വാക്ക് ഉപയോഗിച്ചുവെന്നതല്ല, ആ വാക്കിനുപിറകില്‍ ഒരു സിദ്ധാന്തവും രീതിശാസ്ത്രവുമുണ്ട് എന്നതാണു പ്രശ്നം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന പങ്കാളിത്ത പരീക്ഷണം എറിക് ഓലിന് റൈറ്റിന്റെയോ ഫ്രാങ്കിയുടേയോ പരമേശ്വരന്റെയോ സിദ്ധാന്തപ്രകാരമുള്ളതല്ല. കേരളത്തില്‍പ്പോലും ഇവരുടെ സിദ്ധാന്തങ്ങള്‍ രൂപമെടുക്കുംമുമ്പുതന്നെ ഇടതുപക്ഷം പുരോഗതിക്കുതകുന്ന ജനകീയ പങ്കാളിത്തം എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാം കൂട്ടിക്കലക്കി നാരായണന് ഏതു മീനാണു പിടിക്കേണ്ടത്? ഇപ്പോള്‍ ലാറ്റിനമേരിക്കയുടെ മറവില്‍ മുമ്പ് പാര്ട്ടിയെപ്പറ്റിക്കാനെടുത്ത മരുന്ന് കവറുമാറ്റി പുറത്തിറക്കല്ലേ.
ലാറ്റിനമേരിക്ക പിടഞ്ഞും പൊരുതിയും നില്‍ക്കുന്നത് പലര്‍ക്കും സഹിക്കാനാവുന്നില്ല. സോവിയറ്റ്-സോഷ്യലിസ്റ്റു ബ്ലോക്കുകളുടെ തകര്‍ച്ചയുണ്ടാക്കിയ കനത്ത പതനത്തില്‍നിന്ന് കരകയറാനുള്ള അന്വേഷണം പലമട്ടിലാണ് അവിടെ നടക്കുന്നത്. ബ്രസീലില്‍ സോഷ്യലിസത്തിനു പുതിയ വഴി എന്ന പേരില്‍ അമേരിക്കന്‍ പങ്കാളിത്തജനാധിപത്യമെത്തിയിരുന്നു. കേരളത്തിലേക്കു വന്ന അതേ താല്‍പ്പര്യത്തോടെയായിരുന്നു ബ്രസീലില്‍ പങ്കാളിത്ത ബജറ്റ് അരങ്ങേറിയത്. നിരാശാജനകമായിരുന്നു അവിടത്തെ അനുഭവം. ഈ അനുഭവങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ലാറ്റിനമേരിക്കന്‍രാജ്യങ്ങളില്‍ പുതിയ അന്വേഷണങ്ങള്‍ അരങ്ങേറുന്നത്. ചിലിയന്‍ വിപ്ലവമുന്നണിയിലുണ്ടായിരുന്ന മാര്‍ത്ത ഹാര്‍നേക്കര്‍ വെനിസ്വലയില്‍ ഷാവേസിന്റെ മുഖ്യ സഹായിയാണ്. പ്രായോഗികാന്വേഷണങ്ങള്ക്കൊപ്പം ഇടതുപക്ഷരാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങള്‍ പഠിച്ചവതരിപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. സോഷ്യലിസത്തിലേക്കു പുതിയ വഴി കണ്ടെത്താന്‍ ഫ്രാങ്കിയുടെയും ഐസക്കിന്റെയും പുസ്തകമാണ് പ്രകാശ്കാരാട്ട് അവര്ക്കെത്തിച്ചുകൊടുത്തിരിക്കുന്നത്. റൈറ്റിന്റെ ഡീപ്പനിംഗ് ഡമോക്രസി പ്രോജക്റ്റിലെ ഈ കൃതി അവര്‍ അവിടെ പരിഭാഷപ്പെടുത്തുകയും ചെയ്തു. റൈറ്റ് അമേരിക്കയിലെ മാര്‍ക്സിസ്റ്റാണെന്നാണ് നമ്മുടെ പരിഷ്ക്കരണവാദികള്‍ പറയുന്നത്. എന്നാല്‍ സോഷ്യലിസത്തിനും മുതലാളിത്തത്തിനുമെതിരായ തന്റെ നിലപാട് റൈറ്റ് പുതിയ പുസ്തകമായ എന്‍വിഷനിംഗ് റിയല്‍ ഉട്ടോപ്യാസില് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ഏജന്‍സികളുടെ ധനസഹായത്തോടെ സോഷ്യലിസത്തിനെതിരെ നടത്തിയ ധൈഷണികാതിക്രമത്തിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ആ പുസ്തകം. നേരത്തേ മാര്‍ക്സിയന്‍ നിലപാടെന്ന പേരില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കെതിരെ പ്രകാശ് കാരാട്ടുതന്നെ തിരിഞ്ഞതായും വ്യക്തമാകുന്നു. സി.പി.നാരായണനും നാലാംലോകവാദികള്ക്കാകെയും പുതിയ ഊര്‍ജ്ജം കിട്ടുന്നതങ്ങനെയാണ്. തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചില്ലെങ്കില്‍, മറ്റൊരു കേരളം രൂപപ്പെടുത്താന്‍ സി.പി.എമ്മിനും കഴിയാതെവരുമെന്നാണ് പരിഷത്തിന്റെ പുതിയ ഭീഷണി. പങ്കാളിത്തജനാധിപത്യം നടപ്പാക്കുന്നതില്‍നിന്ന് പിന്മാറിയതിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
സി.പി.എമ്മും പരിഷത്തും ഇപ്പോള്‍ മുന്നോട്ടു വെക്കുന്ന പുതിയ വഴി മാര്‍ക്സിസ്റ്റുകള്‍ തള്ളിക്കളഞ്ഞ നാലാംലോകത്തിന്റെ വഴിയാണ്. ലാറ്റിനമേരിക്കയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരാശയലോകം അവതരിപ്പിക്കാനുള്ള പാഴ് ശ്രമമാണ് അവര്‍ നടത്തുന്നത്. ഇതറിയണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന മാര്‍ത്ത ഹാര്‍നേക്കറുടെ കൃതി വായിച്ചാല്‍ മതിയാകും. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍നിന്ന് ജനാധിപത്യത്തിനു വേണ്ടിയുള്ള സമരത്തെ വേര്‍തിരിക്കാനാവില്ലെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാതെ അവര്‍ വ്യക്തമാക്കുന്നുണ്ട്. ബൂര്‍ഷ്വാ ജനാധിപത്യം ദുരുപയോഗപ്പെടുത്തിയെന്നതുകൊണ്ടുമാത്രം പ്രാതിനിധ്യ ജനാധിപത്യത്തെ നമുക്ക് തള്ളിക്കളയാനാവില്ലെന്നും മാത്ത അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കകത്തെ പ്രതിസന്ധികളെന്തെല്ലാമെന്നും എങ്ങനെ അതിജീവിക്കാനാവുമെന്നും സംബന്ധിച്ച് അവര്‍ക്ക് അഭിപ്രായങ്ങളുണ്ട്.
ചുരുക്കത്തില്‍, പുതിയ നൂറ്റാണ്ടില്‍ പുതിയ വഴിയാണ് സോഷ്യലിസത്തിലേക്കെന്ന കാര്യത്തില്‍ പരിഷത്തും പാര്‍ട്ടിയിലെ പരിഷ്ക്കരണവാദികളും തീര്പ്പുകല്പ്പിച്ചിരിക്കുന്നു. ഇതു ബംഗാള്‍ കേരള ഘടകങ്ങളിലെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കു സാധൂകരണമാകുന്നുണ്ട്. പഴയ സോഷ്യലിസത്തിന്റെ വഴികളില്‍ പലതും സിദ്ധാന്തവാശികളായിരുന്നുവെന്ന വ്യാഖ്യാനം അവര്‍ക്കു പുതുജീവന്‍ നല്കുന്നു. തെറ്റുകള്‍ പറ്റിയത് സിദ്ധാന്തത്തിനാണെന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും വന്ന തെറ്റ് തിരുത്തലല്ല, മാര്‍ക്സിസം തിരുത്തി തെറ്റ് ശരിയാക്കി മാറ്റാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍. അധികാര വ്യവഹാരങ്ങളും പദവികളും കീഴ്ത്തട്ടുവരെ വിന്യസിച്ച സുരക്ഷിതത്വവും ജനങ്ങളില്‍ വിതച്ച പാര്‍ട്ടിപ്പേടിയും കേരളത്തിലെ സംഘടനാരൂപത്തെ താല്‍ക്കാലികമായി നിലനിര്‍ത്താനുതകും. പ്രത്യയശാസ്ത്രം നഷ്ടമായ സൈനികരൂപം അരാജകമായിത്തീരുകയായിരിക്കും ഫലം. അതു ഫാസിസത്തിനാണ് വഴി തുറക്കുക. ബംഗാളിലാകട്ടെ, ഇപ്പോള്‍തന്നെ ശിഥിലമായ സംഘടനാരൂപം കൂടുതല്‍ ശിഥിലമാകാനാണ് സാദ്ധ്യത. നേതാക്കളും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അവിടെ കുറെക്കൂടി ശക്തമാണ്.
ഇതരസംസ്ഥാനങ്ങളിലാകട്ടെ, പ്രശ്നം കുറെക്കൂടി ഗുരുതരമാണ്. സമരോത്സുകമായ സംഘടനാരൂപവും ആശയപ്പോരാട്ടവും നിലനിര്ത്തിപ്പോന്നില്ലെങ്കില് കുറെക്കൂടി ഇടതുപക്ഷനിലപാടെടുക്കുന്ന പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കു നിയന്ത്രിക്കാനാവില്ല. ഈ അവസരം പ്രയോജനപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല, വിവിധ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും രംഗത്തുണ്ട്. സോഷ്യലിസമാണ് ബദല്‍ എന്നു തീര്പ്പുള്ള ഇടതുപക്ഷ രാഷ്ട്രീയമാണ് പാര്‍ട്ടി മുറുകെ പിടിക്കേണ്ടതെന്ന് അവിടങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് അഭിപ്രായമുണ്ട്. ഈ സംഘര്‍ഷമാണ് ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ സി.പി.എമ്മിനു നേരിടേണ്ടി വരിക.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംമൂടിയിട്ട വലതജണ്ടയുള്ള പാര്‍ട്ടിയായി ഒരൊത്തുതീര്പ്പിലേക്കായിരിക്കും കാര്യങ്ങളെത്തുക. കേരളത്തില്‍ ആഗോളവല്‍ക്കരണകാലത്തു കടന്നുവന്നവരാണ് പാര്‍ട്ടിയില്‍ തൊണ്ണൂറു ശതമാനവും. ഇക്കാലഘട്ടത്തിലെ ഏതെങ്കിലും ശക്തമായ സമരങ്ങളുടെ ഭാഗമായുണ്ടായ ഒരു കുത്തൊഴുക്കായിരുന്നില്ല അത്. പാര്‍ട്ടിക്കകത്തു ചട്ടപ്പടി സമരങ്ങളും പുറത്തു ജനകീയ സമരങ്ങളും എന്നതായിരുന്നു അവസ്ഥ. മധ്യവര്‍ഗ സുരക്ഷിതത്വത്തിന്റെ താവളം എന്ന നിലയിലാണ് ചില സവിശേഷ ജനവിഭാഗങ്ങള്‍ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരായത്. പഴയ അംഗങ്ങള്‍ക്കിടയിലുണ്ടായ കൊഴിഞ്ഞുപോക്കിനു മറയിട്ടത് ഈ പുതിയ റിക്രൂട്ട്മെന്റിലൂടെയാണ്. ഇവര്‍ക്ക് ബദലെന്തായാലും പാര്‍ട്ടി മതി. പരിഷത്തുതന്നെ പാര്ട്ടിയെന്നുവന്നാലും അത്ഭുതമാവില്ല.
ആസാദ്