Article POLITICS

ഇടതുപക്ഷം ഉണരണം

    സി.പി.എം വിട്ടിറങ്ങുമ്പോള്‍ , ആ പാര്‍ട്ടി വലതുപക്ഷ അവസരവാദത്തിലേക്കു തലകുത്തി വീഴുകയാണെന്നും  അതിന്റെ നേതാക്കള്‍ പുതിയ മുതലാളിത്തത്തിന്റെ ദല്ലാളരോ നടത്തിപ്പുകാരോ ആയി മാറുകയാണെന്നും  ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.  മുതലാളിത്ത സാമൂഹിക ക്രമത്തിനകത്ത് പ്രായോഗിക പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ കൈകളില്‍ കറ പുരളുക സ്വാഭാവികമാണ്. അതു പരമാവധി കുറച്ചുകൊണ്ടുവരാന്‍ യത്‌നിക്കേണ്ടവര്‍ കറയില്‍കുളിച്ച് കളങ്കനൃത്തമാടുന്നത് വഴിതെറ്റലാണ്.  സാമൂഹികവിപ്ലവത്തിന്റെ ആയുധമാവേണ്ട പാര്‍ട്ടിയെ വ്യവസ്ഥയുടെ കാവല്‍മാടമാക്കുന്നത് സ്വന്തം ജനതയോടും രാഷ്ട്രത്തോടും വരുംതലമുറയോടുമുള്ള വഞ്ചനയാണെങ്കില്‍ നമ്മുടെ മുഖ്യധാരാ ഇടതുപക്ഷകക്ഷികള്‍ ചെയ്യുന്നത് മറ്റെന്താണ്? ലക്ഷ്യം മറന്നു സഞ്ചരിക്കുന്ന വാഹനത്തിലാണു നാം എന്ന അറിവ് ഉത്തരവാദിത്തബോധമുള്ളവര്‍ക്കു ഖേദജനകമാണ്.
നമ്മുടെ കാലത്തെ വര്‍ഗബന്ധങ്ങളെ നിര്‍ദ്ധാരണം ചെയ്യാനും സമരമുഖങ്ങളെ അടയാളപ്പെടുത്താനും  ആഗോളവല്‍ക്കരണകാലത്തെ  സമരസ്വഭാവം  നിശ്ചയിക്കാനും കഴിയാത്ത രീതിയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രപരമായും  സംഘടനാപരമായും  ദുര്‍ബ്ബലമായിരിക്കുന്നു.  രാജ്യത്തിന്റെ പാര്‍ലമെന്റനുഭവങ്ങളുടെ ആറു ദശകങ്ങള്‍ പിന്നിടുമ്പോഴും ലോകസഭയില്‍ പത്തു ശതമാനമെങ്കിലുമാകാന്‍ ആ പാത ഗൗരവത്തോടെ സ്വീകരിച്ച കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കായില്ല. മുമ്പുണ്ടായിരുന്ന സ്വാധീനംപോലും ചോര്‍ന്നുപോകുന്നത് അവശജനവിഭാഗങ്ങളെ മുഴുവന്‍ വേദനിപ്പിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായ കനത്ത തിരിച്ചടി സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, വോട്ടിംഗ് ശതമാനത്തിലും വന്‍തിരിച്ചടിയാണു സമ്മാനിച്ചത്. 1957ല്‍ കേരളത്തില്‍ ലഭിച്ച 35.28 ശതമാനവും 60ലെ 39.14 ശതമാനവും 65ലെ 33.58ശതമാനവും ഒഴിച്ചുനിര്‍ത്തിയാല്‍ 30 ശതമാനത്തിനുമേല്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നു നിന്ന അനുഭവം പിന്നീടുണ്ടായില്ല. ബംഗാളിലാകട്ടെ 1969ല്‍ 20 ശതമാനവും 1971ല്‍ 33ശതമാനവും ഉണ്ടായിരുന്നത് 1977ല്‍ 35ശതമാനമാക്കിക്കൊണ്ടാണ് സ്ഥിരഭരണത്തിനു തുടക്കമിട്ടത്. 1987ല്‍ 39 ശതമാനവും 2001-2006 തെരഞ്ഞെടുപ്പുകളില്‍  37 ശതമാനംവീതവും ബംഗാളില്‍ സി.പി.എം തനിച്ചു നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ, മുപ്പതു ശതമാനത്തോളം വോട്ടുമാത്രമാണ് സി.പി.എമ്മിനു നിലനിര്‍ത്താനായത്. തൃണമൂലിനാകട്ടെ 39ശതമാനം വോട്ടു ലഭിച്ചു.

കേരളത്തിലെ ഇടവിട്ടു ഭരണവും ബംഗാളിലെ നിരന്തരഭരണവും ഇടതുപക്ഷത്തിനു നല്‍കിയ സംഭാവനകളെന്തൊക്കെയാണ്? പാര്‍ലമെന്ററ്- പാര്‍ലമെന്റേതര മണ്ഡലങ്ങളിലുണ്ടായ ശക്തി ക്ഷയങ്ങള്‍ പരിശോധിക്കേണ്ടതില്ലേ? രണ്ടു മുഖ്യധാരാ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവാണിത്. പരിപാടി പരിഷ്‌ക്കരിച്ചും പ്രത്യയശാസ്ത്ര രേഖകള്‍ പുതുക്കിയും സി.പിഎമ്മും കമ്യൂണിസ്റ്റൈക്യത്തിന് ആഹ്വാനം ചെയ്ത് സി.പി.ഐയും മറികടക്കാനാഗ്രഹിക്കുന്ന കടമ്പകളേതൊക്കെയാണ്?

പാര്‍ലമെന്റെറി സംവിധാനം വര്‍ഗസമരത്തിന്റെ വേദിയാക്കണമെന്ന ആശയം തിരസ്‌കൃതമായി. പാര്‍ലമെന്ററിസത്തിനു ബാഹ്യസമരങ്ങള്‍കൂടി കീഴ്‌പ്പെടുന്ന ദയനീയമായ അനുഭവമുണ്ടായി. ചട്ടപ്പടി സമരങ്ങള്‍ക്കു പുറത്ത് ജനങ്ങളുടെ അമര്‍ഷമോ ക്ഷോഭമോ പ്രക്ഷോഭമോ വേര്‍തിരിച്ചറിയാനും സഹകരിക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു കഴിയാതായി.  സമരങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന സ്ഥിരം പല്ലവി പാര്‍ട്ടികളുടെ സര്‍ക്കുലറുകളില്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി നടത്തുന്ന ചട്ടപ്പടി സമരങ്ങളില്‍ പങ്കെടുക്കേണ്ടവരായി മാത്രം ജനങ്ങളെ കാണുന്നതായി ശീലം. ജനങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്ന അസ്വസ്ഥതകളുടെ രാഷ്ട്രീയ വിവക്ഷകളന്വേഷിക്കാനോ അവയെ സമരോന്മുഖമാക്കാനോ വര്‍ഗരാഷ്ട്രീയ വക്താക്കള്‍ക്കു കഴിഞ്ഞില്ല. പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍ എന്ന കൃതിയില്‍ മാര്‍ക്‌സും മുന്‍കുറിപ്പില്‍ എംഗല്‍സും ഓര്‍മ്മിപ്പിച്ചത് വര്‍ഗസമരം ആരെങ്കിലും തീരുമാനിച്ചുണ്ടാക്കുന്നതല്ലെന്നും പള്ളികളുടെപോലും നേതൃത്വത്തിലുണ്ടായ കലാപങ്ങള്‍ വര്‍ഗസമരങ്ങളായിരുന്നുവെന്നുമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ ഉത്തരവാദിത്തം അതു തിരിച്ചറിയലും ഊര്‍ജ്ജിതപ്പെടുത്തലുമാണ്.  മണ്ണിനുവേണ്ടിയുള്ള സമരം തിരിച്ചറിയുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തതാണ് കമ്യൂണിസ്റ്റുകളുടെ സ്തുത്യര്‍ഹമായ സമരസംഭാവന. വ്യവസായമൂലധനത്തിന്റെ വികാസകാലത്തു തൊഴിലാളിവര്‍ഗത്തെ വ്യതിരിക്ത സമരശക്തിയായി വളര്‍ത്തിയതും പ്രധാനംതന്നെ. എന്നാല്‍ ഇവയ്ക്കു തുടര്‍ച്ചയുണ്ടാക്കേണ്ട ഘട്ടം വന്നപ്പോഴേക്കും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ സമരശേഷി ചോര്‍ന്നു കഴിഞ്ഞിരുന്നു. മണ്ണിനുവേണ്ടിയുള്ള മറ്റൊരു ഘട്ടത്തിലെ ജനാഭിലാഷം കാണാന്‍പോലും ഇക്കൂട്ടര്‍ക്കു കഴിഞ്ഞില്ല. കുടിയൊഴിപ്പിക്കലിനെതിരെയും കൃഷിഭൂമിക്കുവേണ്ടിയും അധസ്ഥിതര്‍ നടത്തുന്ന സമരത്തിന് തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചില്ല. വളര്‍ത്തിയ കൈകള്‍കൊണ്ടുതന്നെയുള്ള ഉദകക്രിയയാവുമോ കാത്തിരിക്കുന്ന ദുരന്തം?

1977ല്‍ 33720 അംഗങ്ങളായിരുന്നു സി.പി.എമ്മിനു ബംഗാളിലുണ്ടായിരുന്നത്. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതോടെ അംഗസംഖ്യ കുതിച്ചുകയറി. 1981ല്‍ അത് 79190 ആയാണ് ഉയര്‍ന്നത്. മൂന്നു വര്‍ഷംകൊണ്ട് ഇരട്ടിയിലധികമായി. സമരത്തെക്കാള്‍ ഭരണമാണ് ബംഗാളിലെ പാര്‍ട്ടിക്ക് അതിശയിപ്പിക്കുന്ന വളര്‍ച്ച സമ്മാനിച്ചത്. മൂന്നര പതിറ്റാണ്ടുകൊണ്ട് അത് മൂന്നര ലക്ഷമായി ഉയര്‍ന്നു. സ്ഥിരഭരണത്തിന്റെ ആനുകൂല്യം കൊഴിഞ്ഞുപോക്കിന്റെ അളവു കുറക്കുകയും ചെയ്തു. പാര്‍ട്ടി അംഗത്വത്തില്‍ സി.പി.എമ്മിനു രൂക്ഷമായ കൊഴിഞ്ഞുപോക്കു ഭീഷണി നേരിട്ടതു പോയ ദശകത്തിലാണ്. കേരളത്തില്‍ പത്തു ശതമാനം പൂര്‍ണ അംഗങ്ങളും 23ശതമാനം കാന്‍ഡിഡേറ്റ് അംഗങ്ങളും പാര്‍ട്ടിയുപേക്ഷിച്ചു. 2005ലെ കണക്കാണിത്. ദില്ലിയില്‍ 17.5 ശതമാനം പൂര്‍ണ അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. കര്‍ണാടകയില്‍ ഇത് 14.2%വരും. ത്രിപുരയില്‍ 2.6 ശതമാനവും ബംഗാളില്‍ 2.3ശതമാനം പേരുടെ ചോര്‍ച്ചയുമേ അന്നുണ്ടായുള്ളു. നന്ദിഗ്രാമിനു ശേഷമുള്ള കണക്കു വരാനിരിക്കുന്നേയുള്ളു. ഭരണം പോകുന്നതോടെ ബംഗാളിലെ അംഗങ്ങള്‍ അണപൊട്ടിയതുപോലെ ഒലിച്ചുപോകാനുള്ള സാദ്ധ്യത ധാരാളമാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായുള്ള ബ്രാഞ്ച് – ലോക്കല്‍ സമ്മേളനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല എന്നത് നിസ്സാരമായ കാര്യമല്ല. ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്ത സ്ഥിതിവിശേഷമാണിത്.

കൊഴിഞ്ഞുപോക്കു കൂടിയിട്ടും അംഗത്വത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുകയാണു കേരളം. ഇതിനര്‍ത്ഥം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു സഹജമല്ലാത്ത രീതിയിലുള്ള റിക്രൂട്ട്‌മെന്റാണു നടക്കുന്നത് എന്നാണ്. തൊണ്ണൂറു ശതമാനത്തിലധികവും 1990നു ശേഷമുള്ളവരായിരിക്കുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങള്‍. വ്യവസായമൂലധനത്തിന്റെ വളര്‍ച്ച മുട്ടുകയും വാണിജ്യ-കോര്‍പ്പറേറ്റ് മൂലധനം കടന്നുകയറുകയും ചെയ്തപ്പോള്‍ പഴയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വലിയൊരളവുവരെ ദുര്‍ബ്ബലമാകുകയും സമരവിമുഖമാവുകയും ചെയ്തു. സേവനരംഗത്തെ തൊഴില്‍ സമരങ്ങള്‍ക്കായി പ്രാമുഖ്യം. കോര്‍പ്പറേറ്റ് അധിനിവേശകാലത്തെ അദ്ധ്വാനശക്തിയുടെ രൂപീകരണവും വളര്‍ച്ചയും സമരോന്മുഖതയും വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. വര്‍ഗേതര സ്വത്വാവിഷ്‌ക്കാരങ്ങള്‍ക്കുള്ള ഇടമായി തൊഴിലാളിവര്‍ഗപാര്‍ട്ടി മാറുകയായിരുന്നു.

കാലം മാറിയിരിക്കുന്നു എന്നാണ് കമ്യൂണിസ്റ്റുനേതാക്കളും കണ്ടെത്തിയത്. ഭൂമി പെട്ടെന്നു തിരിയാന്‍ തുടങ്ങിയപോലെയാണ് അവരുടെ ഭാവമാറ്റം. മൂലധനത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നു . ചൂഷണം വര്‍ധിച്ചിരിക്കുന്നു.  അദ്ധ്വാനിക്കുന്നവര്‍ കൂടുതല്‍ അരക്ഷിതരും ദരിദ്രരുമായ്ത്തീരുന്നു. ഭൂരഹിതരുടെയും  തൊഴില്‍ രഹിതരുടെയും ഭവനരഹിതരുടെയും എണ്ണം പെരുകുന്നു. അസംഘടിതമേഖലയാണു വിപുലമാകുന്നത്. അവിടെയാണ് അരാഷ്ട്രീയ ഇടപെടലുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഈ സങ്കീര്‍ണ സന്ധിയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കടമ മറന്നു സ്വയം മാറാനാണു വെമ്പല്‍കൊള്ളുന്നത്. ഈ മാറ്റമാകട്ടെ മൂലധനശക്തികള്‍ക്കു പ്രിയതരരീതിയിലുമാകുന്നു. മൂലധനമൂര്‍ത്തികളാണു വികസനം കൊണ്ടുവരുന്നതെന്നും തൊഴിലാളികള്‍ക്കു ജീവിതം കൊടുക്കുന്നതെന്നും അവരുടെ കരുണയ്ക്കു കാത്തുകിടക്കുകയല്ലാതെ മോക്ഷമാര്‍ഗമില്ലെന്നും വെളിപാടുകളുണ്ടാകുന്നു.  ബംഗാളിന്റെ മാറ്റത്തെപ്പറ്റി പഠിക്കുന്ന ഖെയാ ബാഗ് വിസ്മയപ്പെടുന്നു(New Left Review-70) സാമ്പത്തിക ഉദാരവാദത്തിനെതിരെ 1991ല്‍ ലോകസഭയില്‍ വായ്പാട്ടു പാടിയവര്‍ മൂന്നു വര്‍ഷംകൊണ്ട് അതു നടപ്പാക്കിത്തുടങ്ങിയതെങ്ങനെയെന്ന്. 1994ല്‍തന്നെ വലിയതോതില്‍ വിദേശനിക്ഷേപം ക്ഷണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവത്ക്കരണ നയങ്ങള്‍ക്ക് ജ്യോതിബസു സര്‍ക്കാര്‍ ശക്തിപകര്‍ന്നുവെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു.  ബംഗാളിനെ മാതൃകാ സംസ്ഥാനമായി വാഴ്ത്താന്‍ മന്‍മോഹന്‍സിംഗ് ഒരിക്കലും ലുബ്ധ് കാണിച്ചില്ല.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സി.പി.എമ്മിന്റെ നയം മാറ്റത്തെ ഒരടി മുന്നില്‍നിന്നു നയിക്കാന്‍ പറ്റിയ കേമന്മാര്‍ ഇവിടെ തയ്യാറെടുപ്പുനടത്തിയിരുന്നു. സോഷ്യലിസത്തിലേക്കുള്ള പാത പരാജയപ്പെട്ട പാതയാണെന്നു തീര്‍പ്പിലെത്തിയവരായിരുന്നു അവര്‍. എന്നാല്‍ സി.പി.എമ്മിന്റെ സംഘടനാരൂപവും ജനസമ്മിതിയും മൂലധനാധിനിവേശത്തിനു മുതല്‍ക്കൂട്ടാക്കുന്ന രീതിയിലായിരുന്നു അവരുടെ നവസോഷ്യലിസ്റ്റ് പ്ലാനിംഗ്. എണ്‍പതുകളൊടുങ്ങുമ്പോഴേക്കും സി.പി.എമ്മില്‍ ശക്തിപ്പെട്ടിരുന്ന പാര്‍ലമെന്ററി മോഹങ്ങളുടെ പേരിലുള്ള വിഭാഗീയത പെരുപ്പിച്ചും ചേരിപ്പോരിന് ആക്കം കൂട്ടിയുമായിരുന്നു ഈ പുതിയ രാഷ്ട്രീയം കടന്നു കയറിയത്. സാമ്രാജ്യത്വ റീ സ്ട്രക്ചറിംഗ് അജണ്ട കേരളത്തില്‍ നടപ്പാക്കി.തിന്റെ മുഴുവന്‍ മഹിമയും ഇടതുപക്ഷത്തിനു തന്നെയാണ്. ഒരു ഘട്ടത്തില്‍ ഇന്ത്യയാകെ ഇതു നടപ്പാക്കാനുള്ള സമ്മിതി തങ്ങള്‍ക്കു കിട്ടുമെന്നു ജ്യോതിബസുവിനെ മുന്‍നിര്‍ത്തി ഒരു പ്രതീക്ഷയും ഇടതുപക്ഷത്തിനുണ്ടായി. ഈ രാഷ്ട്രീയമായ അപചയമാണ്  പോസ്റ്റ് കമ്യൂണിസ്റ്റുപാര്‍ട്ടികളായി ഇന്ത്യന്‍ മുഖ്യധാരാ ഇടതുപക്ഷത്തെ മാറ്റിയത്.

ഇപ്പോള്‍, വംശീയസംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വന്നിടത്തുനിന്നൊക്കെ പുതിയ വര്‍ഗസമരങ്ങളുടെ വാര്‍ത്തകള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ശീതയുദ്ധത്തുടര്‍ച്ചയില്‍ ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെയെല്ലാം തനിനിറം പുറത്തായിരിക്കുന്നു. ഭീകരവാദികള്‍ക്കൊപ്പമോ തങ്ങള്‍ക്കൊപ്പമോ എന്നു ചോദിക്കാന്‍ ഒബാമക്കുപോലും നാക്കു വഴങ്ങുന്നില്ല. ഏറ്റവും വലിയ ഭീകരവാദികള്‍ അമേരിക്കന്‍സാമ്രാജ്യത്വമാണെന്ന് വാള്‍സ്ട്രീറ്റ്പ്രക്ഷോഭകാരികള്‍തന്നെ വിളിച്ചു പറയുന്നു. സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷമല്ല, വര്‍ഗസംഘര്‍ഷമാണ് തങ്ങളുടെ പ്രശ്‌നമെന്ന് അവര്‍ ഏറ്റു പറയുന്നു. സോഷ്യലിസമാണ് ബദല്‍ എന്നാണവരുടെ മുദ്രാവാക്യം.  ബൃഹദാഖ്യാനങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഇനിയില്ല എന്നു കരുതുകയും കൊച്ചുകൊച്ചു തുരുത്തുകളില്‍ ഇടം കണ്ടെത്താന്‍ മത്സരിക്കുകയും ചെയ്ത ഇന്ത്യന്‍ മധ്യവര്‍ഗധൈഷണികത ഇപ്പോഴെങ്കിലും വീണ്ടുവിചാരത്തിനൊരുങ്ങേണ്ടതുണ്ട്. 2008ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി  ലോകമെങ്ങുമുള്ള മൂലധനശക്തികള്‍ക്കേല്‍പ്പിച്ച ഞെട്ടലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനു നല്‍കിയ പുതിയ ഉണര്‍വ്വുമാണ് ഭാവി രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കുക.

അറുനൂറ്റിരണ്ടു ജില്ലകളില്‍ നൂറ്റിമൂന്നും മാര്‍ക്‌സിസ്റ്റു തീവ്രവാദത്തിന്റെ (മാവോയിസം) പിടിയിലാണെന്നാണല്ലോ സര്‍ക്കാര്‍ കണക്ക്. ജീവിക്കാന്‍ പ്രയാസപ്പെടുന്ന ഒരു ജനതയെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട നിലപാടുകള്‍ തീവ്രവാദത്തെയും രൂപപ്പെടുത്തുന്നുണ്ട്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വഞ്ചനകൂടിയാകുമ്പോള്‍ ഈ ചാവേര്‍സംഘത്തിനു ശക്തി വര്‍ധിക്കുന്നു. അവരുടെ ധീരതയും ആത്മാര്‍ത്ഥതയും സ്വയം സമര്‍പ്പണവും മാതൃകാപരമാണെങ്കിലും സൈനികശേഷികളുടെ ബലാബലത്തില്‍  പിടിച്ചുനില്‍ക്കുക പ്രയാസകരമാകും. ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ വളര്‍ച്ചക്കെതിരെ ഒരു ദുര്‍വൃത്തസംഘമായി ഉയര്‍ത്തിക്കാട്ടാനും  രാഷ്ട്രീയ വിലപേശലിനും ഭരണകൂടത്തിനും ഇവരെ വേണം.

വലതുപക്ഷത്തേക്ക് വഴിമാറിയ ഇടതുപക്ഷം, തീവ്ര നിലപാടെടുക്കുന്ന ഇടതുപക്ഷം, ശരിയായ നിലപാടന്വേഷിക്കുന്ന കൊച്ചുകൊച്ചുസംഘങ്ങളായുള്ള ഇടതുപക്ഷം എന്നിങ്ങനെ വിഭജിതമായ ഇടതുപക്ഷ ധാരകള്‍ക്കകത്തും പുറത്തുമുള്ള ചൂഷിത ജനവിഭാഗങ്ങള്‍ക്കകത്തുനിന്ന് സോഷ്യലിസ്റ്റ് അന്വേഷണങ്ങള്‍ക്കും ആ ദിശയിലുള്ള പ്രക്ഷോഭങ്ങള്‍ക്കും പുതിയ തുടക്കമുണ്ടാകണം. ജനകീയ പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള സംവിധാനങ്ങള്‍ രൂപപ്പെടണം. ഇതിനുള്ള ശ്രമകരമായ മുന്നുപാധി സ്വയം പരിശോധനയും തിരുത്തലും തന്നെയാണ്. രാജ്യത്തെ മുഴുവനായും പുതിയമുതലാളിത്തം മൂലധനകേന്ദ്രിതമായി പുതുക്കിപ്പണിഞ്ഞിരിക്കുന്നു. ഇനി കലഹിച്ചുകളയാന്‍ ധാരാളം സമയമില്ല. വിപ്ലവം ആസന്നഭാവിയിലൊന്നും വരികയില്ലെന്ന മൗഢ്യചിന്തയില്‍നിന്ന് മുഖ്യധാരാ ഇടതുപക്ഷം ഉണര്‍ന്നേ മതിയാകൂ.

ആസാദ്

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )