“മാര്‍ക്സിസം അവസാനിച്ചു എന്നറിയുന്നത് ലോകമെങ്ങുമുള്ള മാര്‍ക്സിസ്റ്റുകളുടെ കാതില്‍ സംഗീതം പൊഴിക്കും. അവര്‍ക്കവരുടെ ജാഥകളും ഘരാവോകളും മതിയാക്കാം. ക്ലേശകരമായ കമ്മറ്റി മീറ്റിംഗുകള്‍ക്കു നീക്കിവെച്ച സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ ആഹ്ലാദിക്കാം. മാര്‍ക്സിസ്റ്റുകാരായി തുടരേണ്ടതില്ലാത്ത കാലമാണ് മാര്‍ക്സിസ്റ്റുകാരുടെ ലക്ഷ്യം.”
-ടെറി ഈഗിള്‍ടന്‍( Why Marx was Right )
ആസാദ്
ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് കനത്ത ആഘാതമേല്‍പ്പിച്ച വര്‍ഷങ്ങളാണ് കടന്നുപോയിരിക്കുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വി മാത്രമല്ല ആന്തരിക ശിഥിലീകരണവും ഇടതുപക്ഷത്തെ വേട്ടയാടി. ശീതയുദ്ധാനന്തരം സോവിയറ്റ് യൂണിയനും കിഴക്കന്‍യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ , പ്രായോഗികാനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും വീഴ്ച്ചകള്‍ സോഷ്യലിസമെന്ന മഹാസ്വപ്നത്തെ തകര്‍ക്കാന്‍ പ്രാപ്തമല്ലെന്ന അടിയുറച്ച വിശ്വാസം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്ക്കുണ്ടായിരുന്നു. സോവിയറ്റ് പാര്‍ട്ടിയുടെ ഇരുപത്തിയേഴാമതു കോണ്‍ഗ്രസ്സില്‍ സൗഹാര്‍ദ്ദത്തോടെ പങ്കെടുത്ത സി.പി.എം, വിയോജിപ്പിന്റെ ശബ്ദം പ്രകടിപ്പിക്കുകയുണ്ടായി. സോവിയറ്റ് വിപ്ലവത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗോര്‍ബച്ചോവ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാറിയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വൈരുദ്ധ്യങ്ങളെ പുനര്നിര്വ്വചിക്കണമെന്ന ആവശ്യം ഉള്‍ക്കൊള്ളിച്ചിരുന്നു. 1988 മെയ് 3 മുതല്‍ 6 വരെ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മറ്റി ഈ നയം സോഷ്യലിസത്തെ തകര്‍ക്കുമെന്നും വീണ്ടുവിചാരം വേണമെന്നും ആവശ്യപ്പെട്ടു. അവരുടെ ഇരുപത്തിയെട്ടാം കോണ്‍ഗ്രസ്സിന്റെ കരടു രേഖ മുന്‍നിര്‍ത്തി സോവിയറ്റുപാര്ട്ടി മാര്‍ക്സിസം-ലെനിനിസത്തില്നിന്നു വ്യതിചലിക്കുകയാണെന്നു സി.പി.എം മുന്നറിയിപ്പു നല്കി. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ചേര്‍ന്ന പതിനാലാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍, സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം പൂര്‍വ്വാധികം ശക്തവും പ്രസക്തവുമായിട്ടുണ്ടെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റുപാര്ട്ടികള്ക്കകത്തു നിലനിന്ന അധികാരകേന്ദ്രീകരണത്തിന്റെയും ജനാധിപത്യ വിമുഖതയുടെയും വിത്തുകള്‍ ഇന്ത്യന്‍ പാര്ട്ടിക്കകത്തുമുണ്ടെന്നും അതു തിരുത്തേണ്ടതുണ്ടെന്നും ധീരമായ പ്രഖ്യാപനവുമുണ്ടായി. രണ്ടുതരത്തിലുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടികോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. വര്‍ഗരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രധാരയെ ശക്തിപ്പെടുത്തുന്ന അന്വേഷണങ്ങളും ചര്‍ച്ചകളും മുന്നോട്ടുകൊണ്ടുപോയി പരിപാടിതന്നെ പുതുക്കുക, സംഘടനാസംവിധാനത്തിനകത്തെ പിശകുകള്‍ തിരുത്തിത്തുടങ്ങുന്നതിന്റെ ആദ്യപടിയായി കണ്ട്രോള് കമ്മീഷനു കൂടുതല്‍ അധികാരം നല്‍കുക എന്നിവയാണവ. സിപിഎം പ്രവര്‍ത്തകരിലും ഇടതുപക്ഷ അനുഭാവികളിലും വലിയ പ്രതീക്ഷയാണ് പതിനാലാം കോണ്‍ഗ്രസ് സൃഷ്ടിച്ചത്.
ലോകമെങ്ങുമുള്ള മിക്ക കമ്യൂണിസ്റ്റുപാര്‍ട്ടികളും വിപ്ലവപരിപാടിയും പതാകയുമുപേക്ഷിച്ച്, വലതുപക്ഷ മൂശകളില്‍ പുതിയ രൂപം തേടിക്കൊണ്ടിരുന്ന കാലമായിരുന്നല്ലോ അത്. അക്കാലത്തു സ്വതന്ത്ര നിലപാടുയര്‍ത്തി വേറിട്ടുനിന്നു എന്നത് അത്ര ചെറിയ കാര്യമല്ല. പുത്തന്‍ സാമ്പത്തിക നയവും രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളുടെ സാമ്രാജ്യത്വാനുകൂല പുനര്‍നിര്‍മ്മാണ അജണ്ടയും നരസിംഹറാവു ഗവര്‍മെണ്ട് അവതരിപ്പിച്ചപ്പോള്‍ ബദല്‍ നയങ്ങളവതരിപ്പിച്ച് പ്രചാരണം നടത്താന്‍ സി.പിഎം കേന്ദ്രകമ്മറ്റി നടത്തിയ ശ്രമം സ്തുത്യര്‍ഹമായിരുന്നു. നികുതി നിയമങ്ങളിലെ പഴുതുകളടക്കുകയും ആയിരക്കണക്കിനു കോടി രൂപയുടെ നികുതിവെട്ടിപ്പു തടഞ്ഞ് ആ തുക ഈടാക്കുകയും ചെയ്യുക, യുക്തമായ ശിക്ഷാനടപടികളിലൂടെ കള്ളപ്പണം നിയന്ത്രിക്കുക, സമ്പദ്വ്യവസ്ഥകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയിട്ടുള്ള കുത്തക കുടുമ്പങ്ങള്‍ക്കും ഭൂസ്വാമിമാര്‍ക്കും സ്വത്തുനികുതി ചുമത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ ബദല്‍നയമാണ് പാര്‍ട്ടി സമര്‍പ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയിലാണ് ലോകതൊഴിലാളി വര്‍ഗത്തിന്റെ ഉത്ക്കണ്ഠകളകറ്റാനാവുംവിധം കാള്‍ മാര്‍ക്സിന്റെ 175-ാം ജന്മദിനത്തോടനുബന്ധിച്ച് മറ്റു രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കല്‍ക്കത്തയില്‍ സമ്മേളനം ചേര്‍ന്നത്. ആഗോളവല്‍ക്കരണത്തിന്റെ ആരംഭദശയിലുണ്ടായ ഈ പ്രത്യയശാസ്ത്ര ദൃഢതയും പ്രവര്‍ത്തനക്ഷമതയും പതുക്കെപ്പതുക്കെ മങ്ങി നിറംകെട്ടുപോകുന്ന അനുഭവമാണ് തുടര്‍ന്നുള്ള രണ്ടു ദശകങ്ങള്‍ സമ്മാനിച്ചത്.
സാമ്രാജ്യത്വാഗോളവല്ക്കരണത്തിന് ഗുണവശങ്ങളുമുണ്ടെന്നു കരുതിപ്പോന്ന ട്രേഡ് യൂണിയനുകളും അവശിഷ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും 1997ലെ ഹവാന സമ്മേളനമായപ്പോഴേക്കും ആഗോളവല്‍ക്കരണം നാശംമാത്രമാണു വിതക്കുന്നതെന്നു പ്രഖ്യാപിക്കാനുള്ള കരുത്തുനേടി. തൊട്ടടുത്ത മെയ്ദിനം ലോകമെങ്ങും പ്രതിഷേധദിനമായാചരിച്ചു. ഈ സന്ദര്‍ഭത്തിലാകട്ടെ, അധികാരത്തിലിരുന്ന കേരളത്തിലും ബംഗാളിലും സാമ്രാജ്യത്വധനകാര്യ സ്ഥാപനങ്ങളുടെ റീ സ്ട്രക്ചറിംഗ് അജണ്ട നടപ്പാക്കുന്ന ധൃതിയിലായിരുന്നു സി.പി.എം. ഡി.പി.ഇ.പി മുതല്‍ പങ്കാളിത്ത ജനാധിപത്യംവരെയുള്ള പരീക്ഷണങ്ങള്‍ക്കു വലതുപക്ഷ പാര്‍ട്ടികള്‍ അറച്ചുനിന്ന സന്ദര്‍ഭത്തിലാണ് ചെരുപ്പിനൊപ്പം കാലുമുറിക്കാന്‍ വിരുതുള്ള ബുദ്ധിജീവികള്‍ സി.പി.എമ്മിനെ റാഞ്ചിയെടുത്ത് അമേരിക്കക്കു കാഴ്ച്ചവെച്ചത്. സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ പുനര്‍നിര്‍മ്മാണ അജണ്ട നടപ്പാക്കാന്‍ നല്ല നടത്തിപ്പുസംഘമായി പാര്‍ട്ടി മാറി.
ഇപ്പോള്‍ ലോകത്തെങ്ങും തൊഴിലാളി സംഘടനകള്‍ പുതിയ ശക്തി കൈവരിക്കുന്നതും പൗരസമൂഹം ഒന്നടങ്കംതന്നെ പ്രക്ഷോഭരംഗത്തിറങ്ങുന്നതും ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ ലാറ്റിനമേരിക്കന്‍ ആഖ്യാനം ശക്തി നേടുന്നതും വടക്കന്‍ വികസിത കോയ്മകള്‍ക്കെതിരെ തെക്കിന്റെ ബദല്‍ സാമ്പത്തികാന്വേഷണങ്ങള് വിജയം കാണുന്നതും ചൂഷിത ജനകോടികള്‍ക്കാകെ ആവേശം നല്‍കുന്നുണ്ട്. എന്നാല്‍ സി.പി.എം നയിക്കുന്ന ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് ഈ അനുഭവം അഭിമാനകരമാകുന്നതെങ്ങനെയാണ്? വലത്തോട്ടു വഴിമാറി വഞ്ചിച്ച കൂട്ടര്‍ക്ക് തിരിച്ചുവരുന്ന മാര്‍ക്സിന്റെ മറവില്‍ രക്ഷപ്പെടാനാവുമോ?
പുതിയ മുതലാളിത്തം അകപ്പെട്ട 2008ലെ കടുത്ത സാമ്പത്തിക പ്രതിസന്ധി , അതിന്റെതന്നെ തൊങ്ങലുകള് പറിച്ചു കളഞ്ഞിരിക്കുന്നു. ഉദാര ബഹുസ്വരതാ സിദ്ധാന്തങ്ങളും സംസ്ക്കാര സംഘര്‍ഷ-സ്വത്വ-സിദ്ധാന്തങ്ങളും ചായക്കൂട്ടുകള്വിതറി മറച്ചുവെച്ച അടിസ്ഥാന നിലവിളികളെ അതു തുറന്നുവിട്ടിരിക്കുന്നു. സെപ്തംബര്‍ പതിനൊന്നിന്റെ ആ പഴയ ആഘാതം, പുതിയ പ്രതിസന്ധിക്കുമുന്നില്‍ എത്രയോ നിസ്സാരം. തൊഴില്‍രഹിതരും ദരിദ്രരും വീടുകളില്‍നിന്ന് പിടിച്ചിറക്കപ്പെട്ടവരും അമേരിക്കയിലും ഇംഗ്ലണ്ടിലും പ്രക്ഷോഭ രംഗത്തിറങ്ങുമ്പോള്‍ ഫുക്കുയാമയുടെയും ഹണ്ടിംഗ്ടന്റെയും പാഴ്പ്പായകള് കീറി, ചരിത്രം സോഷ്യലിസമോ സാമ്രാജ്യത്വമോ എന്ന മുഖ്യ പ്രശ്നത്തിനു മുന്നില്‍ നമിക്കുകയാണ്.
സോവിയറ്റ് യൂണിയന്റെ പതനം മുതല്‍ 2008ലെ ധനപ്രതിസന്ധിവരെയുള്ള കാലം പുതിയമുതലാളിത്തം എതിരില്ലാതെ മുന്നേറിയ കാലമാണ്. ലോകത്തെ രണ്ടായി മുറിച്ച പഴയ ധാരണകളെ കീഴ്പ്പെടുത്തിയും ഇല്ലാതാക്കിയും മാത്രമേ മുതലാളിത്തത്തിനു മുന്നോട്ടുപോകാനാകുമായിരുന്നുള്ളു. വ്യാജസംഘര്ഷങ്ങള് സൃഷ്ടിച്ചും അവയ്ക്ക് സിദ്ധാന്തങ്ങള്‍ മെനഞ്ഞും കേന്ദ്ര പ്രശ്നത്തെ മറച്ചുവെക്കാന്‍ നടത്തിയ ശ്രമമാണ് 2008ല്‍ തകര്‍ന്നടിഞ്ഞത്. ഇന്നിപ്പോള്‍ വടക്കേ അമേരിക്കയിലും യൂറോപ്പിലും മുഴങ്ങുന്നത് പഴയ സോഷ്യലിസ്റ്റുലോകം വിതച്ച മുദ്രാവാക്യങ്ങളാണ്. ഉദാര ബഹുസ്വരതാ വാദികളുടെ കൊച്ചുകൊച്ചാഖ്യാനങ്ങളെ വിപ്ലവകരമായ ഒരു ബൃഹദാഖ്യാനത്തിന്റെ ശാക്തികചേരിയിലേക്കു വലിച്ചടുപ്പിക്കാനുതകുന്ന മാറ്റങ്ങളാണു ലോകത്തിലുണ്ടാകുന്നത്. വേള്‍ഡ് സോഷ്യല്‍ഫോറത്തിന്റെ നിയമാവലിയിലെന്നപോലെ ചെറുതുകളുടെ തുരുത്തുകളല്ലാതെ ഇനി മറ്റൊരു ബൃഹദാഖ്യാനത്തിനിടമില്ല എന്ന ഉത്തരാധുനിക വാദമുഖം തകര്‍ന്നടിയുകയാണ്. കര്‍ത്തൃത്വങ്ങളെ പാടെ നിരാകരിക്കാനാവുംവിധം ഉദാരവും സ്വതന്ത്രവുമാകാന്‍ വിപണ്യവസ്ഥകളും മൂലധനത്തിന്റെ ചലനനിയമങ്ങളും അനുവദിക്കുന്നില്ലെന്നുകൂടി തെളിയിക്കപ്പെടുന്നു. അറബ് വസന്തവും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലും ഇംഗ്ലണ്ട്, ഗ്രീസ്, പോര്‍ട്ടുഗല്‍ തുടങ്ങിയയിടങ്ങളിലെ പൊതുപണിമുടക്കും ഇറ്റലിയിലെ കടപ്രതിസന്ധിയുമെല്ലാം ബദല്‍ സോഷ്യലിസംതന്നെയെന്ന് പ്രഖ്യാപിക്കുന്നു. എന്താണു ചെയ്യേണ്ടത്,എങ്ങോട്ടാണു പോകേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടില്ല എന്ന ന്യൂനത സി.പി ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സമീപകാലത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളൊന്നും ഇത്തരമൊരു വ്യക്തത കൈവരിച്ചിട്ടില്ല. അറബ് ലോകത്ത് ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ സാമ്രാജ്യത്വം രംഗത്തെത്തിയിട്ടുമുണ്ട്. എങ്കിലും തുറന്നുവിടപ്പെട്ട ഭൂതം മൂലധനശക്തികളുടെ ഉറക്കം കെടുത്തുകയാണ്.
വര്‍ഗീയ സംഘര്‍ഷങ്ങളുടെയും വംശീയകലാപങ്ങളുടെയും വാര്‍ത്തകള്‍ക്കു തല്‍ക്കാലത്തേക്കെങ്കിലും ശമനമുണ്ടായിരിക്കുന്നു. ദരിദ്രര്‍, ഭൂരഹിതര്‍, തൊഴില്‍രഹിതര്‍, ഭവനരഹിതര്‍, സേവന സുരക്ഷയറ്റവര് എന്നിങ്ങനെ വര്‍ധിച്ചു വരുന്ന പുതിയ ജനസഞ്ചയം ലോകത്തെങ്ങും പ്രതിഷേധത്തിന്റെ ഏകഭാഷ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. സംസ്കാരങ്ങളുടെ സംഘട്ടനംകൊണ്ട് മറയ്ക്കപ്പെട്ട തീയാണ് ആളിത്തുടങ്ങുന്നത്. ഭിന്നസ്വത്വങ്ങളില് ഒരു കേന്ദ്രസ്വത്വം ചൂഷിതജനതയില് തെളിഞ്ഞു വന്നിരിക്കുന്നു. കേവല സ്വത്വവാദങ്ങള്ക്കപ്പുറം പുതിയൊരു വിമോചന സ്വത്വവാദം രൂപപ്പെടുമെന്ന സൂചനയാണ് മുന്നിലുള്ളത്.
മാര്‍ക്സിനെ തള്ളിപ്പറഞ്ഞ രണ്ടു കൂട്ടര് ഇപ്പോള്‍ മാര്ക്സുമാര്ക്സെന്ന് അലറുകയാണ്. പ്രത്യയശാസ്ത്രം മരിച്ചു, ചരിത്രം അവസാനിച്ചു, വര്‍ഗസംഘര്‍ഷങ്ങളുടെ കാലമൊടുങ്ങി ഇനി സ്വത്വസംഘര്‍ഷങ്ങളുടെ പുതുയുഗം എന്നൊക്കെ ആവേശംകൊണ്ട പുതിയ മുതലാളിത്തമാണ് ഒരു കൂട്ടര്. മറ്റൊന്നോ ആ പഴയ തൊഴിലാളിവര്‍ഗം ഇല്ലാതായിരിക്കുന്നു, സോഷ്യലിസത്തിലേക്കുള്ള വഴികളൊക്കെ ഇരുളടഞ്ഞിരിക്കുന്നു, കാലത്തിനു നിരക്കാത്ത മാര്‍ക്സിസത്തെ കാലോചിതമാര്ക്സിസമാക്കി മാറ്റണം എന്നൊക്കെ ശാഠ്യം പിടിച്ചിറങ്ങിയ പോസ്റ്റ്-മാര്‍ക്സിസ്റ്റുകള്‍. മാര്‍ക്സിസം കാലഹരണപ്പെട്ടു എന്ന കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും എന്തൊരു യോജിപ്പായിരുന്നു. ഈ രണ്ടു കൂട്ടരും പുതിയ നക്ഷത്രപ്പിറവി കണ്ട ഞെട്ടലിലാണ്.
പാര്‍ട്ടി പരിപാടി പുതുക്കിയതുകൊണ്ടു വിദേശനിക്ഷേപമാവാം എന്നു വിശദീകരിക്കുന്ന സി.പി.എംതന്നെയാണ് പോസ്റ്റ്-മാര്‍ക്സിസ്റ്റുകള്‍ക്കു മികച്ച ഉദാഹരണം. മാര്‍ക്സിസം തടസ്സപ്പെടുത്തുമെന്ന് കരുതുന്ന വ്യതിയാനങ്ങളെ സാധൂകരിക്കാനാണ് അവര്‍ മാര്‍ക്സിസത്തെത്തന്നെ പുതുക്കുന്നത്. കാരാട്ടിന്റെ ഭാഷയില്‍ കാലോചിതമാക്കുന്നത്. ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ക്കു വഴിവെക്കുന്ന ലോകബാങ്കു വായ്പയും പങ്കാളിത്ത ജനാധിപത്യ സിദ്ധാന്തവും അരുതെന്നു മാര്‍ക്സിസം വിലക്കുന്നുവെങ്കില്‍ മാറ്റേണ്ടതു മാര്ക്സിസമാണെന്നതു പോസ്റ്റു മാര്‍ക്സിസ്റ്റു ന്യായം. മുതലാളിത്ത വികസനം നടപ്പാക്കാന്‍ ജനവിരുദ്ധമാകാം എന്നും ഭൂപരിഷ്ക്കരണ നയങ്ങളെത്തന്നെ തള്ളിപ്പറയാമെന്നും വരുമ്പോള്‍ പോസ്റ്റു മാര്‍ക്സിസം ആരുടെ സന്തതിയാണെന്ന സംശയവും നീങ്ങിക്കിട്ടുന്നു.
ഇംഗ്ലണ്ടിലെ രണ്ടു ധൈഷണിക ഗോപുരങ്ങളായ എറിക് ഹോബ്സ്ബോം എന്ന ചരിത്രകാരനും ടെറി ഈഗിള്‍ടന്‍ എന്ന സംസ്ക്കാര വിമര്‍ശകനും ഈ വര്‍ഷം പുറത്തിറക്കിയ രണ്ടു പുസ്തകങ്ങള്‍ ലോകത്തെങ്ങും ചര്‍ച്ചാവിഷയമായിരിക്കുന്നു. ‘ലോകത്തെ എങ്ങനെ മാറ്റാം’, ‘എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു’ എന്നീ പേരുകളിലുള്ള പുസ്തകങ്ങളാണവ. മാദ്ധ്യമങ്ങളിലും ഗവേഷണ പ്രസിദ്ധീകരണങ്ങളിലും ഇവയുടെ നിരൂപണങ്ങളും പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നു. എല്ലാം ഊന്നുന്നത് മാര്‍ക്സിസം കൂടുതല്‍ക്കൂടുതല്‍ പ്രസക്തമാകുന്നു എന്ന ഒറ്റക്കാര്യത്തിലാണ്.
ഇതേ സമയംതന്നെ മറ്റൊരു പുസ്തകവും നമ്മുടെ വിപണിയിലിറങ്ങിയിരിക്കുന്നു. കാരാട്ടു മുതല്‍ ഐസക്കുവരെയുള്ളവര് മികച്ച സാക്ഷ്യപത്രം നല്കി അവതരിപ്പിച്ച അമേരിക്കന്‍ മാര്‍ക്സിസത്തിന്റെ ആചാര്യനും ഐസക്കിന്റെ മാര്ഗദര്ശകനുമായ എറിക് ഓലിന് റൈറ്റ് എഴുതിയ എന്‍വിഷനിംഗ് റിയല്‍ ഉട്ടോപ്യാസ് എന്ന പുസ്തകമാണത്. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദല്‍ തേടുകയാണദ്ദേഹം. സോഷ്യലിസത്തിലെ സോഷ്യല്‍ മാത്രമേ അദ്ദേഹത്തിനാവശ്യമുള്ളു. രണ്ടു പതിറ്റാണ്ടായി ജനാധിപത്യത്തെ അഗാധമാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലശ്രുതിയാണത്രെ ഈ പുസ്തകം. റൈറ്റിന്റെ റിയല്‍ ഉട്ടോപ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട മികച്ച പങ്കാളിത്ത പ്രവര്‍ത്തനമായിരുന്നു കേരളത്തിലെ ജനകീയാസൂത്രണം. ഓലിന് റൈറ്റിന്റെ സോഷ്യോളജിക്കല്‍ മാര്‍ക്സിസം എന്ന പോസ്റ്റ്-മാര്‍ക്സിസ്റ്റ് ചിന്തയുടെ കേരളീയ സൈദ്ധാന്തികനും പ്രയോക്താവുമായ തോമസ് ഐസക് സി.പി.എം കേന്ദ്രകമ്മറ്റി അംഗമാണ്.
മാര്‍ക്സിസത്തെ,വര്ഗവിശകലനത്തിലൂന്നിയുള്ള അതിന്റെ ഘടനയില്‍നിന്ന് മാറ്റി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരുന്നതെന്ന് ഓലിന് വ്യക്തമാക്കുന്നുണ്ട്. മാര്‍ക്സ് മുന്നോട്ടു വെക്കുന്ന ബദലിനു സൂക്ഷ്മതയുണ്ടെങ്കിലും അതു പ്രായോഗികമല്ല. അതു വെറും സങ്കല്‍പ്പം. തന്റെ റിയല്‍ ഉട്ടോപ്യ പദ്ധതിയാകട്ടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ശരിയായ ബദലാണ്. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ സന്നദ്ധസംഘടനകളെ വിന്യസിച്ച് വര്‍ഗേതരമായ പൗരസമൂഹ രാഷ്ട്രീയത്തെ വിളയിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട സാമ്രാജ്യത്വ ഉപകരണമായിരുന്നു എറിക് ഓലിന് റൈറ്റെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഈ ചിറകിലാണ് പാട്രിക് ഹെല്ലറും ഫ്രാങ്കിയും മോണ്‍ക്ലയര്‍ സര്‍വ്വകലാശാലയുമെല്ലാം കേരളത്തിലെത്തിയത്. എം.എന്‍.വിജയനും എസ് സുധീഷും ഈ ലേഖകനുമെല്ലാം നേരത്തേ ഉന്നയിച്ച വിമര്‍ശനമെല്ലാം ശരിയായിരുന്നുവെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ സി.പി.എം സോഷ്യലിസം മുറുകെപ്പിടിച്ചു മുന്നേറിയ കാലത്തു സോഷ്യലിസ്റ്റുപാതയില് സംശയാലുവാകുകയും എം.പി പരമേശ്വരനൊപ്പം നാലാംലോക കൂട്ടായ്മകളില്‍ പങ്കാളിയാവുകയും ചെയ്ത ഐസക്ക് അതേ കാലത്താണ് സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റിയില്‍ എത്തിപ്പെട്ടത്. സോഷ്യലിസ്റ്റ് പാതയില്‍ സംശയാലുവാകുകയെന്നാല് പാര്‍ട്ടി പരിപാടി അംഗീകരിക്കുന്നില്ലെന്നാണര്ത്ഥം. ആരൊക്കെ, ഏതേതു സിദ്ധാന്തങ്ങള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സി.പി.എമ്മിലേക്കു കടന്നു കയറി എന്നത് ഇന്നു സി.പി.എം എന്തായി മാറിയിരിക്കുന്നു എന്നതുമായി ഒത്തുനോക്കുന്നത് ആ പാര്‍ട്ടിക്കു ഗുണകരമായേക്കും. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍, തന്നെ അനുകൂലിക്കുന്നവരും തന്റെ സിദ്ധാന്തത്തിന്റെ പ്രയോക്താക്കളും പാര്‍ട്ടി നേതൃത്വത്തില്തന്നെയുണ്ടെന്നായിരുന്നു എം.പി.പരമേശ്വരന്റെ പ്രതികരണം. പരമേശ്വരനെയല്ല നാലാംലോകവാദത്തെയാണ് പുറത്താക്കേണ്ടതെന്നു ഞങ്ങളും വാദിച്ചിരുന്നു. പോസ്റ്റു മാര്‍ക്സിസ്റ്റ് പരീക്ഷണത്തിന്റെ ഈ അടിത്തറയില്‍ സി.പി.എം കെട്ടിയുയര്‍ത്തിയത് പുതിയ മുതലാളിത്ത ശീലങ്ങളും കൗശലങ്ങളുമാണ്. സേവനവ്യവസായം, സഹായവ്യവസായം, സന്നദ്ധസംഘടനാ രാഷ്ട്രീയം എന്നിങ്ങനെ അരങ്ങു തകര്‍ത്ത കെട്ടുകാഴ്ച്ചകള്ക്കും ഉത്തരാധുനിക-സ്വത്വവാദ സിദ്ധാന്ത ചര്‍ച്ചകള്‍ക്കും മുകളില്‍ ജീവിതം എന്ന പ്രശ്നം സമരമുഖങ്ങള്‍ തീര്‍ക്കുകയാണ്. ഈ സമരങ്ങളോടെല്ലാം തീര്‍ത്തും വിമുഖമായ നിലപാടാണ് മുഖ്യധാരാ ഇടതുപക്ഷത്തിന്റേത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും ശക്തമായ തൊഴിലാളി സമരങ്ങളാണു അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള എല്ലാ വന്‍കരകളിലും അരങ്ങേറുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 30 ന് ഇംഗ്ലണ്ടില്‍ നടന്ന പണിമുടക്കില്‍ ഇരുപതു ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്. 1926 നു ശേഷം നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭമാണിത്. സാമ്പത്തിക പുനര്ക്രമീകരണത്തിന്റെ ഭാഗമായി പെന്ഷന് വെട്ടിക്കുറക്കുന്നതിനെതിരായി ആരംഭിച്ച സമരം ഫലത്തില്‍ ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരംപോലെ ആഗോളവല്ക്കരണത്തിനെതിരായി വികസിത രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളുടെ ധാരയെ ശക്തിപ്പെടുത്തുകയാണ്. ചുവന്ന മുപ്പതുകള്‍ക്കു സമാനമായ ഒരന്തരീക്ഷം ലോകത്താകെ രൂപപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് സമരം മാത്രമല്ല നടക്കുന്നത്. ഒട്ടേറെ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ സമരരംഗത്തുണ്ടെന്ന് വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.
എവിടെ തൊഴിലാളികള്‍? എന്ന ചോദ്യം, സ്വതന്ത്ര വിപണി മുതലാളിത്തവും ഉദാര ജനാധിപത്യവും തുറന്നുവെച്ച ജീവിതപരിസരം മധ്യവര്‍ഗ അവസരലഭ്യതകളുടേതാണെന്ന വ്യാമോഹത്തിനുമേല് തൊടുത്തുവിടുന്നതാണെന്നു വീണ്ടും വ്യക്തമാകുന്നു. മൂലധനം ക്രമരഹിതമായി പെരുകുകയും കുന്നുകൂടുകയും ചെയ്യുന്നിടത്താകെ അദ്ധ്വാനവുമായുള്ള ഇടച്ചില്‍ മൂര്‍ച്ചിക്കുകയാണ്. വ്യാവസായികത്തൊഴിലാളികളില്ലാതാകുമ്പോള് വര്‍ഗസമരവും മാര്‍ക്സിസവും ഇല്ലാതാകുന്നുവെന്ന ലളിതയുക്തികളെ ടെറി ഈഗിള്‍ടന്‍ വിചാരണചെയ്യുന്നുണ്ട്. മൂലധനത്തിന്റെ ഭിന്ന രൂപങ്ങളെ – കച്ചവട, കാര്‍ഷിക, വ്യാവസായിക, കുത്തക, വാണിജ്യ, സാമ്രാജ്യത്വ മൂലധനരൂപങ്ങളെ – ചരിത്രപരമായി നിരീക്ഷിക്കാനായത് മാര്‍ക്സിസത്തിനു മാത്രമാണ്. മൂലധനം ചരിത്രപരമായ പരിണാമങ്ങള്‍ക്കു വിധേയമാകുമ്പോള്‍ മുതലാളിത്തം അതിന്റെ സഹജമായ സ്വഭാവംതന്നെയാണ് പ്രകടിപ്പിക്കുന്നത്. മുതലാളിത്തമാകെ മാറിയിരിക്കുന്നു പത്തൊമ്പതാം ശതകത്തിലെ തൊഴിലാളി വര്‍ഗത്തിനു മാര്‍ക്സ് നല്കിയ നിര്‍വ്വചനം ഇപ്പോള്‍ പാകമാകുന്നില്ലല്ലോ എന്നൊക്കെ പരിഭ്രാന്തരാകുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ജ്ഞാനസമ്പദ്ഘടനയുടെ കാലത്ത് വിവര സാങ്കേതികവിദ്യകള്‍ക്ക് ഉത്പ്പാദനമേഖലയില്‍ വലിയ പങ്കു വഹിക്കാനുണ്ട്. പരമ്പരാഗത തൊഴിലാളി വര്‍ഗം വ്യാവസായികോത്പ്പാദന ഘട്ടത്തിലെന്നപോലെ നിലനില്‍ക്കില്ല. ഇക്കാര്യം മാര്‍ക്സിനു തന്നെ ബോധ്യമായിരുന്നുവെന്നും ഈഗിള്‍ടന്‍ സൂചിപ്പിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗം തുടച്ചുനീക്കപ്പെട്ടു എന്നറിയിക്കാന്‍ വെമ്പിയ ചരിത്രാന്ത്യ പ്രവചനങ്ങളാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ സി.പി.എം കൈക്കൊണ്ട പ്രത്യയശാസ്ത്ര നിലപാടുകളുടെ തുടര്‍ച്ചയിലാണ് ഈഗിള്‍ടന്റെ നില. എണ്‍പതുകളുടെ തുടക്കത്തില്‍ റീഗണ്-താച്ചര്‍ അച്ചുതണ്ട് രൂപപ്പെടുത്തിയ സ്വതന്ത്രവിപണിയെന്ന മായാജാലം അക്രാമകമായ ആഗോളവല്‍ക്കരണ പദ്ധതികളായി ഇരമ്പിയെത്തിയതെങ്ങനെയെന്നും മൂലധനത്തിനു വന്ന മാറ്റമെന്തെന്നും അദ്ദേഹം പരിശോധിക്കുന്നുണ്ട്. എന്നാല്‍ സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം ഇത്തരമൊരപഗ്രഥനത്തിനുള്ള ശേഷി എവിടെയോ നഷ്ടപ്പെടുത്തി. ഈഗിള്ടനെപ്പോലുള്ള മാര്‍ക്സിസ്റ്റ് ധൈഷണികര്‍ സഞ്ചരിച്ച വഴിയിലൂടെയല്ല ഇന്ത്യന്‍ ഇടതുപക്ഷം നീങ്ങിയത്.
ബി.ടി.ആര്, ഇ.എം.എസ്, എം.ബാസവപുന്നയ്യ തുടങ്ങിയ ആചാര്യന്മാര് അരങ്ങൊഴിയുകയും സുര്‍ജിത്-ജ്യോതിബസു ലൈനിലേക്കു പാര്‍ട്ടി തെന്നി മാറുകയും ചെയ്തു. ചെന്നൈയില്‍ ചേര്‍ന്ന പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1992 ജനവരി 3-9) ഹര് കിഷന് സിംഗ് സുര്‍ജിത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ളയാളെന്നും ചിലപ്പോഴൊക്കെ ദില്ലിയിലെ കിംഗ്മേക്കറെന്നും സുര്‍ജിത് അറിയപ്പെട്ടു. ഈ വിശേഷണം സാധൂകരിക്കുന്ന രീതിയില്‍ അരദശകം കഴിയുമ്പോഴേക്കും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തു ജ്യോതിബസുവിനെ കയറ്റിയിരുത്താനാവുമോ എന്ന ശ്രമത്തിനും അദ്ദേഹം മുന്‍കയ്യെടുത്തു. കമ്യൂണിസ്റ്റുകള്‍ക്കു പരിചിതമായ വഴിയായിരുന്നില്ല അത്.
അതേസമയം, പുത്തന്‍ സാമ്പത്തിക നയത്തിന്റെയും റീ സ്ട്രക്ചറിംഗ് അജണ്ടയുടെയും നടത്തിപ്പ് എല്ലാ മറകളും നീക്കി പുറത്തുവന്നു. ഗാട്ടുടമ്പടിയുടെ കടന്നാക്രമണസ്വഭാവത്തിനെതിരെ ചെറുത്തുനില്പ്പുകളുണ്ടായെങ്കിലും ഉടമ്പടി യാഥാര്‍ത്ഥ്യമായി. ലോകബാങ്കും ഐ.എം.എഫും വായ്പനീട്ടി രാജ്യങ്ങളുടെ പരമാധികാരം കവരുന്ന കൗശലം കുറെകൂടി നഗ്നവും ഹിംസാത്മകവുമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണ ഭീഷണി നേരിട്ടുതുടങ്ങി. വിദേശനയത്തിന്റെ കാര്യത്തില്‍ ചേരിചേരാനയം അതീവ ദുര്‍ബ്ബലമായി. അന്താരാഷ്ട്ര വേദികളില്‍ സാമ്രാജ്യത്വ സ്വാധീനം അടിയ്ക്കടി വര്‍ധിച്ചുവന്നു. ഇന്ത്യക്കകത്താകട്ടെ, ഈ കടന്നുകയറ്റങ്ങള്ക്കെല്ലാം മറയിട്ടുനിര്ത്താനാവുംവിധം വര്‍ഗീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളും വളര്‍ത്തിയെടുക്കാന്‍ ബാബറിമസ്ജിദ് തകര്‍ക്കലിനു സാധിച്ചു. ഇക്കാര്യങ്ങളെല്ലാം ചണ്ഡീഗഢില്‍ ചേര്‍ന്ന പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ശീതയുദ്ധാനന്തരമുള്ള ക്ഷീണാവസ്ഥ മാറി ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നു പാര്‍ട്ടി ആശ്വാസംകൊണ്ടു. ഇക്കാലയളവില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച ചില പ്രക്ഷോഭങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ സമരങ്ങളൊന്നും സംഘടിപ്പിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍പ്പോലും ശ്രദ്ധേയമായ ഒരു ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞില്ലെന്നു അച്ചിന് വനായക് (New Left Review 70 July/Aug 2011) വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചതും ഡങ്കല്‍ ഡ്രാഫ്റ്റിനു അംഗീകാരം നല്‍കാനുള്ള നീക്കമുണ്ടായതും ഇന്ത്യന്‍ കര്‍ഷകരെ പ്രകോപിതരാക്കി. ഭക്ഷ്യ സബ്സിഡിയും വളം-കീടനാശിനി സബ്സിഡിയും വെട്ടിക്കുറച്ചതിനെതിരെയും വിത്തുഗവേഷണം-വിതരണം-വിപണനം എന്നിവ നിയന്ത്രിക്കാന്‍ കാര്‍ഗിലും പെപ്സിയുംപോലുള്ള ബഹുരാഷ്ട്ര കുത്തക ഭീമന്മാര്ക്കു സ്വാതന്ത്ര്യം നല്‍കിയതിനെതിരെയും കര്‍ഷകര്‍ സംഘടിച്ചു. 1992ലെ ഗാന്ധിജയന്തി ദിനത്തില്‍ അഞ്ചു ലക്ഷം കര്‍ഷകര്‍ പങ്കെടുത്ത റാലിയാണ് ബംഗ്ലൂരില്‍ നടന്നത്. ആ വര്‍ഷം ഡിസംബറില്‍ (ഹിന്ദു വര്‍ഗീയവാദികള്‍ ബാബറിമസ്ജിദ് തകര്‍ത്ത അതേ മാസം) ബഹുരാഷ്ട്ര കുത്തക കമ്പനിയായ കാര്‍ഗില്‍ സീഡ്സ് പ്രൈവറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മുഖ്യ ഓഫീസ് കര്‍ഷകര്‍ അക്രമിച്ചു തകര്‍ക്കുകയും ചെയ്തു. ചൂഷിത ജനവിഭാഗം സമരവിമുഖരായതുകൊണ്ടല്ല ഇടതുപക്ഷസമരങ്ങളുടെ വേലിയേറ്റമുണ്ടാകാതെ പോയത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃമുഖം മറ്റെങ്ങോട്ടോ തിരിഞ്ഞുതുടങ്ങിയതിനാലാണ്.
1998ല്‍ കല്‍ക്കത്തയില്‍ 16-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോഴേക്കും ആഗോളവത്ക്കരണത്തിന്റെ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ രാജ്യത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. ആ കോണ്‍ഗ്രസ്സില്‍ പൊടിപാറുന്ന ചര്‍ച്ചനടന്നത് ഭരണത്തില്‍ പങ്കാളികളാവണമോ വേണ്ടയോ എന്നതു സംബന്ധിച്ചായിരുന്നു. സുര്‍ജിത്-ബസു പ്രമേയത്തെ കാരാട്ടിന്റെ പ്രമേയം പരാജയപ്പെടുത്തി. കല്‍ക്കത്തയില്‍ കാരാട്ടിന്റെ വാദഗതികള്‍ വിജയിച്ചുവെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞ് തിരുവനന്തപുരം പ്ലീനത്തിനെത്തിയപ്പോഴേക്കും പാര്‍ട്ടിയുടെ വഴി പാര്‍ലമെന്റെറി വഴിയായി മാറിയിരുന്നു. ജയിച്ച കാരാട്ടല്ല തോറ്റ കാരാട്ടാണ് 2005ല്‍ പാര്‍ട്ടി സെക്രട്ടറിയായത്. ജ്യോതിബസു ആഗ്രഹിച്ചവിധം ഹിമാലയന്‍ ബ്ലണ്ടര്‍ തിരുത്തി പാര്‍ട്ടിയെ പാര്‍ലമെന്ററി അവസരവാദത്തിന്റെയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെയും പോസ്റ്റ്-മാര്‍ക്സിസ്റ്റ് വഴിയിലേക്ക് ഉയര്ത്തിനിര്ത്തിയിട്ടേ സുര്‍ജിത് പിന്‍വാങ്ങിയുള്ളു. ഹിന്ദി മേഖലയില്‍ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രതിജ്ഞയുമായാരംഭിച്ച സുര്‍ജിത് സമരമുന്നണികള്‍ കെട്ടിപ്പടുത്തുകൊണ്ടായിരുന്നില്ല കൊട്ടാരവിപ്ലവത്തിന്റെ ചാണക്യസൂത്രങ്ങള്‍ മെനഞ്ഞുകൊണ്ടായിരുന്നു പാര്‍ട്ടിയെ നയിച്ചത്.
ഇന്നു സി.പി.എമ്മിലുള്ള അംഗങ്ങളില്‍ എണ്പതു ശതമാനത്തിലേറെയും ഇക്കാലയളവില്‍ പാര്‍ട്ടിയിലേക്കു കടന്നെത്തിയവരാണ്. പഴയ സുര്‍ജിത് സിംഗിനെയോ പഴയ പാര്‍ട്ടിയെയോ അവര്‍ക്കു പരിചയം കാണില്ല. വടക്കുകിഴക്കന്‍മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഠിനാദ്ധ്വാനംചെയ്ത നൃപന്‍ചക്രവര്‍ത്തി എന്ന വന്ദ്യവയോധികന് തന്റെ അന്ത്യകാലത്തു പാര്‍ട്ടിനടപടി ചോദിച്ചു വാങ്ങിയതു പുതിയ പാര്‍ട്ടിക്ക് അനുരൂപനാവാന്‍ കഴിയായ്ക മൂലമായിരുന്നു. ബംഗാളിലെ പാര്‍ട്ടിയെ സംബന്ധിച്ചും ജ്യോതിബസു സര്‍ക്കാറിനെ സംബന്ധിച്ചും അദ്ദേഹം ഉന്നയിച്ച വിമര്‍ശനത്തില്‍ (കേന്ദ്ര പാര്‍ട്ടി കത്ത് നമ്പര്‍ 1/1995) അതു വായിക്കാം. സഖാവ് ജ്യോതിബസുവും ഗവര്‍മെണ്ടും വിശ്വസിക്കുന്നത് വര്‍ഗസമരത്തിലല്ല, വര്‍ഗ സമാധാനത്തിലാണ്. ഇക്കാരണത്താല്‍ അവര്‍ പശ്ചിമ ബംഗാളിലെ തൊഴിലാളി വര്‍ഗത്തിലും അധ്വാനിക്കുന്ന ബഹുജനങ്ങളിലുംനിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. പശ്ചിമബംഗാളിലെ പാര്‍ട്ടി, പാര്‍ട്ടിപരിപാടി ഉപേക്ഷിക്കുകയും യാതൊരു തത്വദീക്ഷയുമില്ലാതെ വിദേശമൂലധനത്തെ സംസ്ഥാനത്തേക്കു ക്ഷണിച്ചുവരുത്തുകയും ചെയ്തിരിക്കുന്നു.നൃപന് ചക്രവര്‍ത്തി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലായിരുന്നുവെന്ന് ഇന്നാര്‍ക്കെങ്കിലും പറയാനാവുമോ? നന്ദിഗ്രാമും സിംഗൂരും സി.പി.എം നയംമാറ്റത്തിന്റെ അടയാളവാക്കുകളായി മാറിയത് അദ്ദേഹം വിടവാങ്ങിയശേഷമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ സുര്‍ജിത്തിനു കഴിയാതെപോയത് ബംഗാളില്‍ നടന്നതെല്ലാം സുര്‍ജിത്തിന്റെ കൂടി താല്പ്പര്യപ്രകാരമായിരുന്നതുകൊണ്ടാവണം.
പതിനാലാം പാര്‍ട്ടികോണ്‍ഗ്രസ് പാര്‍ട്ടിപരിപാടി അപ്ഡേറ്റുചെയ്യുന്നതിന് എം.ബാസവപുന്നയ്യ കണ്‍വീനറും ഇ.എം.എസ്,ജ്യോതിബസു,പി.രാമചന്ദ്രന്, ആര്.ഉമാനാഥ്,അനില്‍ബിശ്വാസ് എന്നിവര്‍ അംഗങ്ങളുമായി ഒരു സമിതിയെ നിശ്ചയിച്ചിരുന്നു. സമിതി പ്രവര്ത്തനമാരംഭിക്കുംമുമ്പുതന്നെ ബാസവപുന്നയ്യ അന്തരിച്ചു. തുടര്‍ന്നു കമ്മറ്റിയുടെ അദ്ധ്യക്ഷനായി സുര്‍ജിത്തിനെയാണ് നിയോഗിച്ചത്. ചണ്ഡീഗഢിലും കല്‍ക്കത്തയിലുമായി രണ്ടു സമ്മേളനങ്ങളും ഇ.എം.എസിന്റെ ജീവിതവും കടന്നുപോകുന്നതുവരെ പരിഷ്ക്കരണങ്ങളുണ്ടായില്ല. 2000 ഒക്ടോബറില്‍ സുര്‍ജിതിന്റെ കാര്‍മികത്വത്തില്‍ തിരുവനന്തപുരത്തു വെച്ച് പരിപാടി പുതുക്കല്‍ പൂര്‍ത്തിയായി. ബാസവപുന്നയ്യ ചെയ്യേണ്ടിയിരുന്നത് പില്ക്കാലസുര്ജിത് ചെയ്തപ്പോള്‍ വന്ന പതനം എന്നെഴുതിയാല്‍ എന്റേത് വ്യക്തിനിഷ്ഠനിരീക്ഷണമായെന്ന് ആക്ഷേപമുണ്ടാകാം. എന്നാല്‍, ബസവപുന്നയ്യയില്നിന്ന് പില്ക്കാല സുര്ജിത്തിലേക്കുള്ള ദൂരമറിയണമെങ്കില് വിപ്ലവപരിപാടിയെക്കുറിച്ചുള്ള ബസവപുന്നയ്യയുടെ കുറിപ്പുകള്‍ വായിച്ചാല്‍മതി. ആ ദൂരമാകട്ടെ, മാര്‍ക്സിസത്തില്‍നിന്ന് പോസ്റ്റ്-മാര്‍ക്സിസത്തിലേക്കുള്ള ദൂരവുമാണ്.
അത്യന്തം ഉദാരവത്ക്കരിച്ച വിപ്ലവപരിപാടിയില്‍ 64ന്റെ പല കടുംപിടുത്തങ്ങളും ബാക്കികിടന്നത് പരിഷ്ക്കരണവാദികള്ക്കു തലവേദനയുണ്ടാക്കി. കാലോചിതമായി വ്യാഖ്യാനിക്കുക എന്ന കൗശലംകൂടി വികസിപ്പിച്ചെടുത്തു. വിദേശനിക്ഷേപം സംബന്ധിച്ച നിലപാടില്‍ ഇതുകാണാം. പരിഷ്ക്കരിച്ച പാര്‍ട്ടിപരിപാടിയുടെ ആറാം അദ്ധ്യായം ജനകീയജനാധിപത്യവും അതിന്റെ പരിപാടിയുമാണ്. ജനകീയജനാധിപത്യ വിപ്ലവം പൂര്ത്തീകരിച്ചശേഷമുള്ള ജനകീയ ജനാധിപത്യ ഗവര്‍മെണ്ട് നിര്‍വ്വഹിക്കുന്ന കടമകളും പരിപാടികളും അതില്‍ വിശദീകരിക്കുന്നു. വ്യവസായത്തിന്റെയും തൊഴിലിന്റെയും മേഖലയെ സംബന്ധിച്ചു പറയുമ്പോള്‍ 6.6ല്‍ മൂന്നാമതു വിഷയമായി ഇങ്ങനെ കാണാം. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള താല്‍പ്പര്യത്തിനുവേണ്ടി ഫിനാന്സ്മൂലധനത്തിന്റെ ഒഴുക്കു നിയന്ത്രിക്കും. ജനകീയജനാധിപത്യ വിപ്ലവത്തിനു മുമ്പുള്ള ഘട്ടത്തില്‍, അതായത് ജനകീയ ജനാധിപത്യമുന്നണിയും പാര്‍ട്ടിയും കെട്ടിപ്പടുക്കുന്ന ഘട്ടത്തില്‍(ഏഴും എട്ടും അദ്ധ്യായങ്ങള്‍ നോക്കുക) വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് പാര്‍ട്ടിപരിപാടി അനുവദിക്കുന്നില്ല. സാമ്രാജ്യത്വത്തിന്റെ വിനാശകരമായ സ്വാധീനത്തില്‍നിന്നും ബഹുരാഷ്ട്രകുത്തകകളുടെയും അന്താരാഷ്ട്ര കുത്തകമൂലധനത്തിന്റെ മറ്റു വിവിധ ഏജന്‍സികളുടേയും മേധാവിത്തത്തില്നിന്നും നമ്മുടെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ സ്വതന്ത്രമാക്കുക എന്നതാണ് അടിയന്തിരകടമ എന്നു പരിപാടി(7.3)നിരീക്ഷിക്കുന്നു. അപ്പോള്‍ വിദേശ കുത്തക മൂലധനത്തിനും അവയ്ക്കു കീഴിലെ സാമ്പത്തിക ഏജന്‍സികളുടെ വന്‍തോതിലുള്ള വായ്പക്കും പിറകില്‍ ചുരുങ്ങിയത് ബംഗാളിലും കേരളത്തിലുമെങ്കിലും സി.പി.എം നടത്തിയ ആര്‍ത്തിപിടിച്ച നെട്ടോട്ടങ്ങള്‍ക്ക് എന്തു ന്യായീകരണമാണുള്ളത്? പരിപാടി 7.4ല്‍ ഇങ്ങനെകൂടി എഴുതുന്നു: വിദേശകുത്തക മൂലധനത്തെ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്കു കൂടുതല്‍ നുഴഞ്ഞുകയറാന്‍ അതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നതിനുംവേണ്ടി, ബൂര്‍ഷ്വാസി തങ്ങളുടെ ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.മാത്രമല്ല വിദേശകുത്തകകളുമായി അനുരഞ്ജനം നടത്തുകയും കൂട്ടുസംരംഭങ്ങളില്‍ ഏര്‍പ്പെടുകയും വന്‍കിട ഇന്ത്യന്‍ ഭൂപ്രഭുക്കളുമായി കൂട്ടുകൂടുകയും ചെയ്യുക എന്ന നയം അനുവര്‍ത്തിക്കുന്ന അവര്‍ മുതലാളിത്ത വികസനത്തിന്റെ മാര്‍ഗം ഊര്‍ജ്ജസ്വലമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതു നമ്മുടെ രാജ്യത്തെ കുത്തകമൂലധനത്തിന്റെ വളര്‍ച്ചയെ അങ്ങേയറ്റം അനായാസമാക്കിയിട്ടുണ്ട്. അതിനാല്‍ ഭൂപ്രഭുത്വത്തിനും വിദേശ കുത്തക മൂലധനത്തിനും എതിരായി ജനാധിപത്യ വിപ്ലവം വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടു കൈക്കൊള്ളുന്നു. എന്നുമാത്രമല്ല, അതോടൊപ്പംതന്നെ വിദേശ ഫിനാന്‍സ് മൂലധനവുമായി അനുരഞ്ജനം ,കൂട്ടുപങ്കാളിത്തം, ഭൂപ്രഭുത്വവുമായി കൂട്ടുകൂടല്‍ എന്നീ നയങ്ങള്‍ അനുവര്‍ത്തിക്കുന്നതും ഭരണകൂടത്തിനു നേതൃത്വം നല്‍കുന്നതുമായ വന്‍കിട ബൂര്‍ഷ്വാസിക്കു എതിരാണ് ജനകീയ ജനാധിപത്യ വിപ്ലവം.
സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ശക്തിപ്പെടുത്തുന്ന പങ്കാളിത്ത ജനാധിപത്യം, പൗരസമൂഹരാഷ്ട്രീയം എന്നിവ കേരളത്തിലിറക്കുമതിചെയ്തതിനു പിറകേ വിക്കിലീക്സ് രേഖകള്‍ പുറത്തുവിട്ട പ്രകാരമുള്ള അമേരിക്കന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍, വിദേശമൂലധനത്തിനും വായ്പകള്‍ക്കും നിര്‍ലജ്ജമായ കീഴടങ്ങല്‍,ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ക്കു നമ്മുടെ രാജ്യത്തെ വിട്ടുകൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു മറ്റേതു ബൂര്‍ഷ്വാ പാര്‍ട്ടിയേയുംപോലെ മുഖ്യധാരാ ഇടതുപക്ഷവും വിചാരണ ചെയ്യപ്പെടണം. വിദ്യാഭ്യാസം,ആരോഗ്യം, കുടിവെള്ളം, കൃഷി,പൊതുവിതരണം, തൊഴില്‍,നികുതി,ഊര്‍ജ്ജം എന്നിങ്ങനെ എല്ലാ മേഖലകളും ഘടനാപരമായ കടന്നുകയറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നപ്പോള്‍ പ്രതിരോധിച്ചില്ലെന്നു മാത്രമല്ല,നടത്തിപ്പുകാരുടെ വേഷമിടുകകൂടി ചെയ്തു നമ്മുടെ ഇടതുപക്ഷം. മുകളിലെഴുതിയ പരിപാടിയിലെ വാക്യങ്ങള്‍ അവര്‍ക്കു മാപ്പുകൊടുക്കുമോ? കടബാധ്യതകള്‍ വലിയപ്രതിസന്ധികളുടെ രാഷ്ട്രീയച്ചുഴികളിലകപ്പെടുത്തിയ ഇറ്റലിയുടെയും ഗ്രീസിന്റെയും വാര്‍ത്തകള്‍ നാം വായിക്കുന്നുണ്ട്. ഐസക്കിയന്‍ വായ്പാനയം നമ്മെ നയിക്കുന്നത് എങ്ങോട്ടാവും?
ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. പരിപാടിയിലും പാര്‍ട്ടിയിലും സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തികട്ടലുകളുണ്ട്. അതു കണ്ടില്ലെന്നു നടിച്ചു മുന്നേറാനുള്ള യത്നത്തിലാണ് പുതിയ നേതൃത്വം. അതിന്റെ സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയും ജനങ്ങളുംതമ്മില് വര്‍ദ്ധിച്ചുവരുന്ന വൈരുദ്ധ്യത്തിലും പാര്‍ട്ടിക്കകത്തെ വിഭാഗീയതയിലും പ്രകടമാകുന്നത്. പ്രവര്‍ത്തകരും ബഹുജനങ്ങളും ജീവല്പ്രശ്നങ്ങള്ക്കു നടുവില്‍ ക്ലേശിക്കുമ്പോഴും വിപ്ലവത്തിന്റെ വക്കിലല്ല നാം നില്‍ക്കുന്നത് എന്ന ബോദ്ധ്യമായിരുന്നു നേതൃത്വത്തെ നയിച്ചത്. ഗവണ്മെന്റില് പങ്കാളിയാകണോ എന്ന തൊണ്ണൂറുകളിലെ പ്രധാന തര്‍ക്കത്തിന്റെ കാതലതാണ്. 1998 ഒക്ടോബര്‍5മുതല്‍11വരെ കല്‍ക്കത്തയില്‍ചേര്‍ന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച സുര്‍ജിത്-ജ്യോതിബസു പ്രമേയത്തില്‍ പാര്‍ട്ടിയുടെ വഴിമാറ്റത്തിന്റെ രൂപരേഖയുണ്ട്.
1967ല്‍ സി.പി.എം കേന്ദ്രകമ്മറ്റി അംഗീകരിച്ച പുതിയ സാഹചര്യങ്ങളും കടമകളും എന്ന പ്രമേയം, ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്നത് ബദല്‍നയങ്ങള്‍ നടപ്പാക്കാവുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അതിനാവശ്യമായ ഭൂരിപക്ഷമുള്ളപ്പോഴേ കേരളത്തിലും ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി അധികാരമേറ്റിട്ടുള്ളു.1996ല്‍ വ്യത്യസ്തമായ ഒരു സാഹചര്യം ഉയര്‍ന്നുവന്നു. മൂന്നാംമുന്നണി സര്‍ക്കാറിനു നേതൃത്വം നല്കാന് വി.പി.സിംഗ് വിസമ്മതിച്ചപ്പോള്‍ ജ്യോതിബസുവിന്റെ പേര് ഘടകകക്ഷികള്‍ നിര്‍ദ്ദേശിച്ചു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ 1996മെയ്13നും 14നും കേന്ദ്രകമ്മറ്റി ചേര്‍ന്നു. 13ന്റെ യോഗത്തില്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞതായിരുന്നു. എന്നിട്ടും സുര്‍ജിത് തൊട്ടടുത്ത ദിവസം യോഗം വിളിച്ചു. അംഗീകൃതനയവും തീരുമാനവും നടപ്പാക്കേണ്ട സെക്രട്ടറിക്കുതന്നെ വഴുതല് സംഭവിച്ചിരിക്കുന്നു. അതുസംബന്ധിച്ച പ്രമേയം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചപ്പോഴാകട്ടെ, കാഴ്ച്ചപ്പാടിലുണ്ടായ മാറ്റം മറനീക്കി പുറത്തുവരികയും ചെയ്തു. 1967ലെ പ്രമേയത്തിനാധാരം, അന്നു നിലനിന്ന ചില ധാരണകളായിരുന്നു. മുതലാളിത്തം തകര്‍ന്നടിയുകയും സോഷ്യലിസം ഒരു നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരികയും ചെയ്യുന്ന കാലഘട്ടമാണെന്നായിരുന്നു നിരീക്ഷണം. എല്ലാ കമ്യൂണിസ്റ്റു പാര്‍ട്ടികളും അവരുടെ തന്ത്രങ്ങള്‍ക്കും സമീപനങ്ങള്‍ക്കും രൂപംനല്കിയത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ ധാരണ തെറ്റാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് സുര്‍ജിത് പ്രമേയത്തിലെ ഒന്നാമത്തെ വാദം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ലോകം ഏകധ്രുവലോകമായിരിക്കുന്നു. ആയുധമെടുത്തു പോരാടിയവര്പോലും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും വിപ്ലവപ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും ഭരണകൂടങ്ങളുമായി സന്ധിചെയ്യുന്ന തിരക്കിലാണ്. സഹോദരപ്പാര്ട്ടികളുടെ രേഖകള്‍ സൂചിപ്പിക്കുന്നത് അവരും മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്. മാറിയ സാഹചര്യത്തിനനുസൃതമായി നയ പരിപാടികള്‍ മാറ്റേണ്ടതുണ്ടെന്നതാണ് രണ്ടാമത്തെ വാദമുഖം. മൂന്നാമത്തേത് വര്‍ഗീയതയാണ്,സാമ്രാജ്യത്വമല്ല മുഖ്യശത്രു എന്നതാണ്. ഏഴാം പാര്‍ട്ടികോണ്‍ഗ്രസ് ജനകീയ ജനാധിപത്യ ബദല്‍ എന്ന മുദ്രാവാക്യമാണ് മുന്നോട്ടു വച്ചത്. ഒമ്പതാം കോണ്‍ഗ്രസ് അതു തിരുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നാക്കി. പതിമൂന്നാം കോണ്‍ഗ്രസ്സാകട്ടെ, ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ മുന്നണിയാക്കി അതു വിപുലീകരിച്ചു. ഇതിന്റെ സ്വാഭാവിക തുടര്‍ച്ചയില്‍ ഭരണ പങ്കാളിത്തവും ആകാവുന്നതേയുള്ളു എന്നതാണ് നാലാമത്തേത്. വിപ്ലവത്തിന്റെ വക്കിലല്ല നാം നില്‍ക്കുന്നതെന്നും ഭരണം പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രമേയം അവസാനിപ്പിക്കുന്നത്.
പാര്‍ട്ടി ഒരു സംസ്ഥാനസര്‍ക്കാറില്‍ പങ്കാളിയാകുന്നത് സര്‍ക്കാറിന്റെ നയസമീപനങ്ങള്‍ക്കു രൂപംനല്കാനും അവ നടത്തിയെടുക്കാനും കഴിയുന്ന സ്ഥിതിയുള്ളപ്പോള്മാത്രം മതിയെന്നത് സി.പി.ഐ.എം രൂപീകരിച്ച നാള്‍മുതല്‍ പാര്‍ട്ടി അചഞ്ചലമായി തുടര്‍ന്നുപോന്നിട്ടുള്ള നിലപാടാണ്. വര്‍ഗശക്തികളുടെ ബലാബലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കനുകൂലമായ മാറ്റമൊന്നും രാജ്യത്തുണ്ടായിട്ടില്ല. മതനിരപേക്ഷ കക്ഷികളുമായി മുന്നണിയുണ്ടാക്കുമ്പോള്തന്നെ അവരുടെ വര്‍ഗപരമായ പരിമിതികള്‍ പാര്‍ട്ടി തിരിച്ചറിയണം. ലോകസഭയിലെ 33 സീറ്റുകള്‍കൊണ്ട് ഒരത്ഭുതവും സൃഷ്ടിക്കാനാവില്ലെന്ന് ഭൂരിപക്ഷാംഗീകാരം ലഭിച്ച എതിര്‍പ്രമേയം ചൂണ്ടിക്കാട്ടി. ഐ.എം.എഫ്, ലോകബാങ്ക്,ഡബ്ളിയു.ടി.ഒ എന്നിവയിലൂടെ ഉദാരവത്ക്കരണവും ഘടനാപരമായ ക്രമീകരണനയങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ട് കരുത്തന്മാരായ സാമ്രാജ്യത്വം മൂന്നാംലോക രാഷ്ട്രങ്ങളുടെ മേല്വര്ദ്ധിച്ച തോതിലുള്ള കടന്നാക്രമണം നടത്തുന്നു.ഏറിയും കുറഞ്ഞുമുള്ള അളവില്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളും ഉദാരവത്ക്കരണത്തേയും കമ്പോളസമ്പദ്ഘടനയേയും സ്വീകരിച്ചു കഴിഞ്ഞുവെന്നതില്നിന്നുതന്നെ ഇന്ത്യയിലും ഇതിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്നു നമുക്കു കാണാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ നയങ്ങള്‍ നടപ്പാക്കുന്ന ഒരു സര്‍ക്കാറില്‍ പങ്കാളിയാവുകയെന്നതോ പോകട്ടെ, ഭരണവര്‍ഗത്തിന്റെ ഏകകണ്ഠതീരുമാനങ്ങളെപ്പോലും സ്വീകരിക്കാതിരിക്കുകയും ഇത്തരം കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ടതു മുമ്പെന്നത്തേക്കാളും പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ……എങ്ങനെയും അധികാരത്തില്‍ വരാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ പൊളിക്കുകയെന്ന മുഖ്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മുന്നണിയില്‍ ഉദാരവത്ക്കരണത്തിനെതിരായ പോരാട്ടത്തിനും സാമ്പത്തികനയങ്ങളില്‍ വരുത്തേണ്ട മാറ്റത്തിനും മുന്‍ഗണന ലഭിക്കില്ല. ഈ പ്രശ്നങ്ങള്‍ക്കു മുന്‍ഗണന നല്‍കാത്ത ഒരു ഗവര്‍മെണ്ടില്‍ പങ്കാളിയാവുകയെന്നത് സി.പി.ഐ.എമ്മിന് വലിയ ദോഷം വരുത്തുമായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം സാമ്പത്തികനയംപോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ നമുക്ക് നിരന്തരം വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവന്നിരുന്നുവെങ്കില്‍ അതു പാര്‍ട്ടിയുടെ ഏറ്റവും പ്രധാന കടമയെന്നു പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് വിശേഷിപ്പിച്ച ഐ.എം.എഫും ലോകബാങ്കും നിര്‍ദ്ദേശിച്ച നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളെ തുരങ്കം വെക്കുമായിരുന്നു. ഇതായിരുന്നു കാരാട്ടിന്റെ പ്രമേയത്തിന്റെ രാഷ്ട്രീയാടിസ്ഥാനം.
പ്രമേയങ്ങളില്‍ വ്യത്യസ്ത വീക്ഷണം പ്രകടമാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തോട് കൈക്കൊള്ളേണ്ട നിലപാടു സംബന്ധിച്ചാണ് തര്‍ക്കമെന്നും വ്യക്തം. കേന്ദ്രസര്‍ക്കാറില്‍ പങ്കുചേര്ന്നാലും ഇല്ലെങ്കിലും കഴിഞ്ഞ ഒന്നര ദശകങ്ങളുടെ അനുഭവത്തില്‍ കല്‍ക്കത്തയില്‍ തോറ്റപ്രമേയം വിജയിക്കുന്നതാണു കണ്ടത്. അതു നടത്തിയെടുക്കാനാണ് ചരിത്രത്തിലാദ്യമായി പരാജയപ്പെട്ട കാഴ്ച്ചപ്പാടിന്റെ വക്താവിനെത്തന്നെ കല്‍ക്കത്തയിലും തുടര്‍ന്നു ഹൈദ്രാബാദിലും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
വേണ്ടത്ര ഭൂരിപക്ഷമില്ലാതെ സര്‍ക്കാറില്‍ പങ്കാളിയായാല്‍ എന്തു സംഭവിക്കുമെന്നാണോ കാരാട്ടിന്റെ പ്രമേയം ചൂണ്ടിക്കാട്ടിയത് അത് അക്ഷരംപ്രതി കേരളത്തിലും ബംഗാളിലും നടപ്പാകുന്നതു നാം കണ്ടു. പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച മുഖ്യ ലക്ഷ്യം സി.പി.എം മറന്നു. തൊണ്ണൂറുകളുടെ തുടക്കത്തിലെടുത്ത നിലപാടുകളില്‍നിന്ന് പാര്‍ട്ടി എപ്പോള്‍ എങ്ങോട്ടു മാറി എന്നു വിശദീകരിക്കാനാണ് ഇവിടെ ശ്രമിച്ചത്. വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ദൂഷ്യങ്ങള്‍ പാര്‍ട്ടിയെ കീഴടക്കിയതെങ്ങനെയെന്നതിനും മറ്റു വിശദീകരണങ്ങള്‍ ആവശ്യമില്ല. വ്യക്തികേന്ദ്രിത പക്ഷപാതങ്ങള്‍, അഴിമതികള്‍, കടന്നാക്രമണങ്ങള്‍, അമിതാധികാര പ്രയോഗങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഓരംചേര്‍ന്നു ശക്തിപ്പെട്ടിരിക്കുന്നു. ലക്ഷ്യത്തിലെത്താനുള്ള ഉപകരണമാണ് പാര്‍ട്ടി എന്നതു മാറി ലക്ഷ്യമെന്തോ ആവട്ടെ, പാര്‍ട്ടി മതി എന്ന മട്ടില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു സി.പി.എം.
മാതൃഭൂമി ആഴ്ചപ്പതിപ്പ്
2011 ഡിസംബര്‍ 25
1990കള്‍ക്കുശേഷം സിപിഐഎം പോസ്റ്റ് മാര്‍ക്സിസ്റ്റ് നിലപാടിലേക്ക് മാറി എന്നാണ് ഈ ലേഖനത്തിന്റെ രത്നചുരുക്കം.
വര്ഗ്ഗസമരനിലപാടില് നിന്നുള്ള പിന്മടക്കത്തെയും ബൂര്ഷ്വാവര്ഗ്ഗങ്ങളുമായി കൂട്ടുകൂടുന്നതിനെയും സൂചിപ്പിക്കുന്നതിനായി ‘റിവഷനിസം’, ‘സോഷ്യല്‍ ഡെമോക്രസി’ തുടങ്ങിയ പദങ്ങളാണ് പൊതുവെ മാര്‍ക്സിസ്റ്റുകാര്‍ ഉപയോഗിക്കാറുള്ളത്. ചരിത്രപരമായ സൂചിതാര്ത്ഥങ്ങളാണ് ഇവയ്ക്കുള്ളത്. ഒക്ടോബര്‍ വിപ്ളവം നടത്തിയ ലെനിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി തുടക്കത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. ജനാധിപത്യത്തെ കൂടുതല്‍ സാമൂഹ്യവല്‍ക്കരിക്കുക എന്ന നല്ല അര്‍ത്ഥമാണ് ‘സോഷ്യല്‍ ഡെമോക്രസി’ യ്ക്കുള്ളത്. എന്നാല്‍ ‘പിതൃഭൂമിയുടെ സംരക്ഷണത്തിനായി ബൂര്‍ഷ്വാസിക്കൊപ്പം സാമ്രാജ്യത്വയുദ്ധത്തില്‍ പോരാടുക’ എന്ന വര്‍ഗ്ഗസഹകരണ നിലപാടിലേക്ക് രണ്ടാം ഇന്റര്‍നാഷണിന്റെ കീഴിലുള്ള പാര്‍ട്ടികള്‍ മിക്കതും നീങ്ങിയപ്പോഴാണ് ‘സോഷ്യല്‍ ഡെമോക്രസി’ ചീത്ത പദമായി മാറിയത്. ‘റിവിഷനിസം’ എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ , ക്രൂഷ്ചേവ് തൊട്ടുള്ള സോവ്യറ്റ് നേതൃത്വത്തെ വിമര്‍ശിക്കുന്നതിനായി മാവോ അനുകൂല നിലപാടിലുപയോഗിക്കുന്ന പദമാണ്. വിപ്ളവ നിലപാട് ഉപേക്ഷിച്ച് പരിഷ്ക്കരണവാദ (റിഫോര്‍മിസ്റ്റ്)
നിലപാടിലേക്ക് മാറുന്നു എന്ന ആക്ഷേപമാണ് റിവിഷനിസ്റ്റ് എന്നു വിളിക്കുന്നതിലൂടെ നടത്തുന്നത്. ഏതായാലും ഇത്തരം ചരിത്രപരതയിലേക്ക് കടക്കുന്നതിന്റെ അസ്കിതകള്‍ ഇഷ്ടപെടാത്തതുകൊണ്ടാവണം ആസാദ് ‘പോസ്റ്റ് മാര്‍ക്സിസം’ എന്ന പദം മാത്രം ഉപയോഗിക്കുന്നത്. സിപിഎമ്മിന്റെ മാറ്റത്തിന്റെ ചരിത്രപരമായ വേരുകളെ കാണാതിരിക്കുകയെന്ന കൗശലം ഇതിലുണ്ട്. 1990ന്റെ മധ്യം വരെയെങ്കിലും കാര്യങ്ങള്‍ ഭദ്രമായിരുന്നു എന്നു സ്ഥാപിക്കുവാന്‍ ഈ കൗശലം വേണം. എന്നാല്‍ അതുവരെയും കാര്യങ്ങള്‍ അത്ര ഭദ്രമായിരുന്നില്ല.
സിപിഐഎമ്മിന്റെ പരിവര്‍ത്തനത്തെ സംബന്ധിച്ച നിലപാട് ഇടതുപക്ഷത്തെ വിപ്ളവകാരികളെ സംബന്ധിച്ചിടത്തോളം ഏറെ വിവക്ഷകളുള്ളതും നിര്‍ണ്ണായകവുമായ ഒന്നാണ്. 1990കള്‍ക്കുശേഷമുള്ള സിപിഐഎമ്മിന്റെ പരിവര്‍ത്തനത്തെ റിവഷനിസത്തില് സോഷ്യല്‍ ഡെമോക്രസിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനമാണെന്ന് വിലയിരുത്താനാവുമോ എന്നതായിരുന്നു കേരളത്തിലെ എംഎല് വിഭാഗത്തിലെ റെഡ് സ്റ്റാര്‍ , റെഡ് ഫ്ളാഗ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രധാന തര്‍ക്കങ്ങളിലൊന്ന്. തങ്ങളുടെ സഖ്യകക്ഷികളെ നിര്‍ണ്ണയിക്കുന്ന കാര്യത്തിലാണ് ഈ തര്‍ക്കമുണ്ടായത്.
1990കള്‍ക്കുശേഷമുള്ള സിപിഎമ്മിന്റെ പരിവര്‍ത്തനങ്ങളുടെ പ്രത്യശാസ്ത്രപരമായ അടിത്തറ പോസ്റ്റ് മാര്‍ക്സിസ്റ്റ് നിലപാടുകളാണെന്ന് ആസാദ് സ്ഥാപിക്കുന്നു. സ്പഷ്ടമായി പറഞ്ഞാല്‍, അമേരിക്കക്കാരനായ എറിക് ഓലിന് റൈറ്റ് എഴുതിയ എന്‍വിഷനിംഗ് റിയല്‍ ഉട്ടോപ്യാസ് എന്ന പുസ്തകത്തിലെ ആശയങ്ങള്‍. സോഷ്യോളജിക്കല്‍ മാര്‍ക്സിസം എന്ന അദ്ദേഹത്തിന്റെ പോസ്റ്റ്-മാര്‍ക്സിസ്റ്റ് ചിന്താപദ്ധതിയെപ്പറ്റി ആസാദ് പറയുന്നതിതാണ് :
“മാര്‍ക്സിസത്തെ, വര്ഗവിശകലനത്തിലൂന്നിയുള്ള അതിന്റെ ഘടനയില്‍നിന്ന് മാറ്റി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരുന്നതെന്ന് ഓലിന് വ്യക്തമാക്കുന്നുണ്ട്. മാര്‍ക്സ് മുന്നോട്ടു വെക്കുന്ന ബദലിനു സൂക്ഷ്മതയുണ്ടെങ്കിലും അതു പ്രായോഗികമല്ല. അതു വെറും സങ്കല്‍പ്പം. തന്റെ റിയല്‍ ഉട്ടോപ്യ പദ്ധതിയാകട്ടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ശരിയായ ബദലാണ്. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ സന്നദ്ധസംഘടനകളെ വിന്യസിച്ച് വര്‍ഗേതരമായ പൗരസമൂഹ രാഷ്ട്രീയത്തെ വിളയിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട സാമ്രാജ്യത്വ ഉപകരണമായിരുന്നു എറിക് ഓലിന് റൈറ്റെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഈ ചിറകിലാണ് പാട്രിക് ഹെല്ലറും ഫ്രാങ്കിയും മോണ്‍ക്ലയര്‍ സര്‍വ്വകലാശാലയുമെല്ലാം കേരളത്തിലെത്തിയത്. എം.എന്‍.വിജയനും എസ് സുധീഷും ഈ ലേഖകനുമെല്ലാം നേരത്തേ ഉന്നയിച്ച വിമര്‍ശനമെല്ലാം ശരിയായിരുന്നുവെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു.”
ഈ ആശയത്തിന്റെ പാര്‍ട്ടിയിലെ പ്രയോക്താവായി ആസാദ് അവതരിപ്പിക്കുന്നത് ഡോ. തോമസ് ഐസക്കിനെയാണ്. അദ്ദേഹത്തിലൂടെ ഇത് പാര്‍ട്ടിയെ മൊത്തം സ്വാധീനിക്കുന്ന ആശയമായി എന്നു പറയുന്നത് അതിശയോക്തിപരം തന്നെയാണ്. ഏതായാലും ഇതിലൂടെ “സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ പുനര്‍നിര്‍മ്മാണ അജണ്ട നടപ്പാക്കാന്‍ നല്ല നടത്തിപ്പുസംഘമായി പാര്‍ട്ടി മാറി.” എന്നാണ് ആസാദിന്റെ വിലയിരുത്തല്‍.
ആസാദ് തുടരുന്നു: “പോസ്റ്റു മാര്‍ക്സിസ്റ്റ് പരീക്ഷണത്തിന്റെ ഈ അടിത്തറയില്‍ സി.പി.എം കെട്ടിയുയര്‍ത്തിയത് പുതിയ മുതലാളിത്ത ശീലങ്ങളും കൗശലങ്ങളുമാണ്. സേവനവ്യവസായം, സഹായവ്യവസായം, സന്നദ്ധസംഘടനാ രാഷ്ട്രീയം എന്നിങ്ങനെ അരങ്ങു തകര്‍ത്ത കെട്ടുകാഴ്ച്ചകള്ക്കും ഉത്തരാധുനിക-സ്വത്വവാദ സിദ്ധാന്ത ചര്‍ച്ചകള്‍ക്കും മുകളില്‍ ജീവിതം എന്ന പ്രശ്നം സമരമുഖങ്ങള്‍ തീര്‍ക്കുകയാണ്. ഈ സമരങ്ങളോടെല്ലാം തീര്‍ത്തും വിമുഖമായ നിലപാടാണ് മുഖ്യധാരാ ഇടതുപക്ഷത്തിന്റേത്.”
ആസാദിന്റെ ഈ നിലപാടിന്റെ ചില വിവക്ഷകളിലേക്ക് വരാം.
ഈ ലേഖനത്തില്‍ ആസാദ് തന്റെ സിപിഎം വിമര്‍ശനത്തെ ഗുണാത്മകമായി അല്പം വികസിപ്പിക്കുന്നുണ്ട്. “സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ പുനര്‍നിര്‍മ്മാണ അജണ്ട നടപ്പാക്കാന്‍ നല്ല നടത്തിപ്പുസംഘമായി പാര്‍ട്ടി മാറി.” എന്ന് പറയുമ്പോള്‍ സിപിഎം സോഷ്യല്‍ ഡെമോക്രസിയിലേക്ക് മാറുന്നു എന്നാണ് പറഞ്ഞുവെക്കുന്നത്. അതായത് , സിപിഎമ്മുമായുള്ള തന്റെ അകലത്തെ, ആസാദ് നിര്‍ണ്ണയിക്കുന്നുണ്ട്. സിപിഎമ്മിന്റെ മാറ്റത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ പോസ്റ്റ് മാര്‍ക്സിസമാണെന്ന് പറയുന്നത് ശരിയുമാണ്. എന്നാല്‍ ഈ പോസ്റ്റ് മാര്‍ക്സിസത്തെ പുല്കാന് പാര്‍ട്ടിയെ സജ്ജമാക്കിയത് റിവിഷനിസമാണെന്ന് പറയാന്‍ ആസാദ് മടിക്കുകയാണ്. ഇതിനായി ചില ഞാണിന്മേല് കളികള്‍ നടത്തുകയാണ്. ഇഎംഎസ്, ബിടിആര്‍, ബാസവ പുന്നയ്യ എന്നിവരെ നല്ല ഗണത്തിലും സുര്‍ജിത്ത് , ജ്യോതിബസു എന്നിവരെ ചീത്ത ഗണത്തിലും പെടുത്തുന്നു. ഇപ്പോഴത്തതെല്ലാം വെടക്ക്, പഴയതെല്ലാം എത്ര മെച്ചം എന്ന ഒരു നാട്ടുകാരണവരുടെ യുക്തി. എന്നാല്‍ തോമസ് ഐസക് പ്രത്യയശാസ്ത്ര പിന്‍ബലം കൊടുക്കുന്ന ജനകീയാസൂത്രണപദ്ധതിക്ക് ഇഎംഎസ് മുന്നിട്ടിറങ്ങിയിരുന്നെന്ന കാര്യം ആസാദ് കാണുന്നില്ല. ‘ഹിമാലയന്‍ വിഡ്ഡിത്ത’ത്തെ എതിര്‍ത്ത് പ്രമേയം പാസ്സാക്കിയ കാരാട്ട് തന്നെയാണ് ഇന്ന് വലതുപക്ഷ അജണ്ടയുടെ സാരഥിയെന്നും ആസാദ് കാണുന്നില്ല. ഇത്തരം വ്യക്ത്യാധിഷ്ഠിതവാദത്തിന് കഴമ്പില്ലെന്നു സ്ഥാപിക്കാന്‍, ബുദ്ധദേവ് ആയതുകൊണ്ടാണ് സിംഗൂരും നന്ദിഗ്രാമും നടന്നതെന്നും ജ്യോതിബസു ആയിരുന്നില്ലെങ്കില്‍ നടക്കില്ലായിരുന്നുവെന്നുമുള്ള പറച്ചിലിനു കഴിയും. ഇതേ ജ്യോതിബസുവിനെയാണ് നൃപന് ചക്രവര്‍ത്തി മുമ്പ് വിമര്‍ശിച്ചിരുന്നത്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ പതനകാരണം വിശദമാക്കാനൊന്നും 1992ലെ സിപിഎം പ്രമേയത്തിനു കഴിഞ്ഞിരുന്നില്ല. ആസാദ് പറയുന്നതിനു വിരുദ്ധമായി, ഗ്ളാസ്നോസ്ത്, പെരിസ്റ്റ്രോയിക്ക എന്നിവയെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. സിപിഎമ്മിലെ ഇന്നത്തെ ഗ്രൂപ്പ് പോരിനെ ഉല്പാദിപ്പിച്ച സംഘടനാ പരിഷ്ക്കാരത്തിനു തുടക്കമിട്ടത് ഈ സമ്മേളനമായിരുന്നു.
ചരിത്രത്തോട് നമുക്ക് ദാക്ഷിണ്യം പാടില്ല. സിപിഎമ്മിന്റെ റിവിഷനിസത്തിന്റെ വേര് ആ പാര്‍ട്ടിയുടെ ഉത്ഭവത്തിനു നിദാനമായ 1960ലെ മോസ്കോ പ്രഖ്യാപനം വരെ നീളുന്നതാണ്. ഇതിന്റെ കൂടി വിമര്‍ശനത്തിലേക്ക് കടക്കുമ്പോഴേ പാര്‍ട്ടിയ്ക്കുള്ളിലെ വിപ്ളവകാരികള്‍ക്കു മുമ്പില്‍ സിപിഎം
ഇന്ന് അകപ്പെട്ടിരിക്കുന്ന വലതുപക്ഷ അപചയത്തെ ശരിയായി തുറന്നുകാണിക്കാനും ആ പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നതില്‍ നിന്ന് വ്യതിരിക്തമായ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുവാനും കഴിയൂ. ഇത്രയും പുറകോട്ടു പോയാല്‍ മാത്രമെ, സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാരണങ്ങളിലേക്ക്, സാമ്രാജ്യത്വത്തെ തെറ്റായി വിലയിരുത്തിയതിലേക്ക്, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളുടെ കാരണങ്ങളിലേക്ക് നമുക്ക് എത്താനാവൂ. അപ്പോള്‍ മാത്രമേ, വര്‍ത്തമാനകാലത്തെ, വിശേഷിച്ച് ആഗോളവല്ക്കരണത്തെ ശരിയായി വിലയിരുത്താനും വിപ്ലവപ്രസ്ഥാനത്തിന്റെ മുമ്പിലുള്ള രാഷ്ട്രീയ , പ്രത്യയശാസ്ത്ര സമസ്യകളെ നമുക്ക് അഭിസംബോധന ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നുവെച്ചാല്‍ ആസാദിനെപ്പോലുള്ളവരുടെ സിപിഎം വിമര്‍ശനം ഇനിയും ഇനിയും ഗുണാത്മകമായി വികസിക്കേണ്ടതുണ്ടെന്നര്ത്ഥം.
രണ്ടാമത്തെ വിവക്ഷ, സഖ്യകക്ഷിയെ സംബന്ധിച്ചതുതന്നെയാണ്. സിപിഎം വലതുപക്ഷത്തേക്ക് പോകുന്നു/പോയി എന്നത് ആ പാര്‍ട്ടിയെ നമ്മുടെ മുഖ്യശത്രു ആക്കരുതെന്നാണ്. ഭരണകൂടം – വിപ്ളവം എന്ന വൈരുദ്ധ്യത്തെ മറന്ന്, മറ്റൊരു പാര്‍ട്ടിയ്ക്കെതിരായ പാര്‍ട്ടിയാണ് നാം എന്നു സ്വയം കരുതിയാല്‍ ഭരണാധികാരവര്ഗ്ഗമാണ് രക്ഷപ്പെടുക. ഉദാഹരണത്തിനു ആര് എം പി , സിപിഎമ്മിനെ മുഖ്യശത്രുവായി കരുതിയാല്‍ രക്ഷപ്പെടുക, മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും. തത്വാധിഷ്ഠിത ഐക്യമുന്നണി നയവും ഇടതുപക്ഷ ഐക്യത്തിനായുള്ള വിട്ടുവീഴ്ചയും സ്വീകരിക്കുന്നില്ലെങ്കില്‍ വിപ്ളവശക്തികള്ക്കാണു അത്യന്തികമായി കോട്ടം തട്ടുക.
മൂന്നാമത്തെ വിവക്ഷ, ഇടതുപക്ഷ രാഷ്ട്രീയത്തിനു മുമ്പിലുള്ള യാഥാര്‍ത്ഥ വെല്ലുവിളികളെക്കുറിച്ചാണ്. തിരിച്ചടികളുടേതായ ഈ ഘട്ടത്തില്‍ , പ്രയുക്ത സോഷ്യലിസത്തിന്റെ പരാജയകാരണങ്ങളെ തിരിച്ചറിയുക, ആഗോളവല്‍ക്കരണത്തിന്റേതായ വര്‍ത്തമാനകാലത്തെ ക്കുറിച്ചുള്ള സമൂര്‍ത്ത വിശകലനത്തിലേക്കെത്തുക, വിപ്ലവബദല് എന്തെന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നേടുക എന്നുതുടങ്ങിയ വെല്ലുവിളികള്‍ ഇടതുപക്ഷരാഷ്ട്രീയത്തിനു മുന്നിലുണ്ട്. മാര്‍ക്സിസം നിരന്തരം നവീകരണം തേടുന്നു എന്നുതന്നെയാണതിന്റെ അര്‍ഥം. ‘മാര്‍ക്സിസത്തെ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്’ എന്നു പറയുന്നതിനെ വിമര്‍ശിക്കുമ്പോള്‍, ഇക്കാര്യം മറന്നുപോകരുതെന്നര്ത്ഥം.
ടി ജയരാജന്
LikeLike