Article POLITICS

പാലം കടക്കുവോളം അച്യുതാനന്ദാ….

     പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ എന്നത്. ജനങ്ങളുടെ രക്ഷക ബിംബത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്രയിക്കുന്നവര്‍ പാലം കടന്നാലെങ്ങനെയാണ് ചെകുത്താന്‍ ബിംബത്തെ ആശ്രയിക്കുകയെന്ന് 2006ലെ തെരഞ്ഞെടുപ്പ് കാണിച്ചുതന്നതാണ്. പിന്നീടുള്ള അഞ്ചുവര്‍ഷം രക്ഷകവിഗ്രഹം മുന്നില്‍വച്ച് കൂരായണസേവ നടത്തിയവരാണവര്‍.  വീണ്ടുമൊരു പ്രതിസന്ധിയില്‍  രക്ഷകനെ നമിച്ചാശ്രയിക്കുമ്പോള്‍  ഇനി കൂരായണഭക്തരാവില്ല എന്നെങ്കിലും  ഏറ്റു പറയേണ്ടേ?  അങ്ങനെയൊരു ഏറ്റുചൊല്ലല്‍ ആരെങ്കിലും കേട്ടുവോ?

പാലം എന്നത് തെരഞ്ഞെടുപ്പും നാരായണനെന്നത് അച്യുതാനന്ദനും അവര്‍ എന്നത് സി.പി.ഐ.എമ്മുമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത്ര നിരക്ഷരരല്ല കേരളീയര്‍.  അപ്പോള്‍പ്പിന്നെ കൂരായണനാരെന്നും അവര്‍ക്ക് ഊഹിക്കാം. അച്യുതാനന്ദനെ രക്ഷകനായും സി.പി.എമ്മിനെ കൂരായണസേനയായും കാണാന്‍ എന്താണു കാരണം എന്നന്വേഷിക്കുമ്പോഴാണ് തെരഞ്ഞെടുപ്പിലെ മുഖ്യപ്രശ്‌നം പുറത്തുചാടുന്നത്.

വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങള്‍. മുഖ്യധാരാ പാര്‍ട്ടികളും മുന്നണികളുമൊക്കെ ഇക്കാര്യത്തില്‍ ഒറ്റമനസ്സായാണ് ഐക്യപ്പെട്ടിരിക്കുന്നത്. എത്രകിലോ അരി എത്രപേര്‍ക്കു കൊടുക്കണം പെന്‍ഷനെത്ര കൂട്ടണം എവിടെയൊക്കെ ഏതേതു വികസനം വരണം എന്നൊക്കെയേ അവര്‍ തമ്മില്‍ തര്‍ക്കമുള്ളു. കേരളത്തില്‍ മാത്രമല്ല പുറത്തും ഇതുതന്നെയാണ് സ്ഥിതി. അരിയോ സാരിയോ ടി.വി യോ ലാപ്‌ടോപ്പോ മിക്‌സിയോ നല്‍കാവുന്ന ഉദാരതയുണ്ട് നമ്മുടെ രാഷ്ട്രീയകക്ഷികള്‍ക്ക്.  അതിനുവേണ്ട കമ്മീഷനോ വായ്പയോ സഹായമോ നല്‍കാന്‍ അത്യുദാരമായി മൂലധനശക്തികളും എ.ഡി.ബി, ലോകബാങ്ക്, ഐ.എം എഫ് തുടങ്ങിയ ഏജന്‍സികളും പുറത്തു ക്ഷമാപൂര്‍വ്വം കാത്തിരിപ്പുണ്ട്. കൈമറിയുന്ന സമ്പത്തില്‍ ചോരുന്ന തുകമതിയല്ലോ അവശജനതയ്ക്ക് കണ്ണുനിറയാനും തൊണ്ട നനയ്ക്കാനും.

ഇതിനര്‍ത്ഥം വികസനവും ക്ഷേമപ്രവര്‍ത്തനവും വേണ്ട എന്നാണോ? അല്ലേയല്ല. അടിസ്ഥാനവികസനം എങ്ങനെ എന്നതാണ് തര്‍ക്കവിഷയം. സൗജന്യനിരക്കിലുള്ള അരിയെക്കാള്‍ പ്രധാനമാണ് കര്‍ഷകത്തൊഴിലാളിക്കു കൃഷിഭൂമി ലഭിക്കല്‍. വീടുകിട്ടുന്നതിലും നന്ന് വീടുണ്ടാക്കാന്‍ അവസരമുണ്ടാക്കുന്ന തൊഴില്‍ കിട്ടുന്നത്. ഇത് രണ്ട് സമീപനങ്ങളുടെ പ്രശ്‌നമാണ്. അമ്പത്തിയേഴുമുതല്‍തന്നെ വികസനത്തെ സംബന്ധിച്ച  ഈ വിരുദ്ധ വീക്ഷണങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വലതുപക്ഷ കക്ഷികള്‍ വലിയ വാഗ്ദാനങ്ങള്‍ വെച്ചുനീട്ടിയപ്പോള്‍ സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്നേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞുള്ളു. ഫെഡറല്‍ സംവിധാനത്തിന്റെ സകലപരിമിതികള്‍ക്കുമകത്ത് ഒന്നുമത്ര എളുപ്പമല്ല എന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. മുതലാളിത്ത സമ്പദ്ഘടനയ്ക്കകത്ത് സോഷ്യലിസ്റ്റാഭിമുഖ്യത്തോടെയുള്ള ഒരു പരീക്ഷണം അഥവാ ഒരു ബദലന്വേഷണം എന്ന ഗൗരവത്തോടെ വളരെ വിനീതമായാണ് അതു നിര്‍വ്വഹിക്കപ്പെട്ടത്. കുടി ഒഴിപ്പിക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടായിരുന്നു തുടക്കം. കാര്‍ഷിക-ഭൂ പരിഷ്‌ക്കാരങ്ങളുടെ രൂപരേഖ തയ്യാറാക്കാനും നിയമസഭയില്‍ അവതരിപ്പിക്കാനും കഴിഞ്ഞത് ചെറിയ കാര്യമല്ല.  ഒട്ടേറെ പരിമിതികളോടെയാണെങ്കിലും ഒരു വ്യാഴവട്ടക്കാലമെടുത്ത് അതു നിയമമായി മാറി. പൊതു വിദ്യാഭ്യാസം,  പൊതുജനാരോഗ്യം, പൊതുവിതരണം,ഗതാഗതം,തൊഴില്‍, വ്യവസായം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലൊക്കെ അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചത്.

1957മുതല്‍ 87വരെയുള്ള ഇടതുപക്ഷ സര്‍ക്കാറുകള്‍ ഇങ്ങനെയൊരു വികസന പരിപ്രേക്ഷ്യം പിന്തുടര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ കേന്ദ്രീകൃതാധികാരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറാനുള്ള ധീരതവരെ ഇടതുപക്ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ വ്യവസ്ഥയിലെ അടിസ്ഥാന മാറ്റങ്ങള്‍ക്കിടയാക്കുന്ന നടപടികളായിരുന്നു. ഇവയെ പുഷ്ടിപ്പെടുത്തുകയും ജനങ്ങളെയാകെ സമഗ്ര പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുന്നതാണ് ഇടതുപക്ഷത്തിന്റെ വികസനസങ്കല്‍പ്പം. തൊണ്ണൂറുകള്‍ക്കുശേഷം സ്ഥിതി മാറി. യഥാര്‍ത്ഥ നളനേതെന്ന് തിരിച്ചറിയാനാവാത്ത അതേ വിഭ്രമം വലത്-ഇടത് വികസനസങ്കല്‍പ്പങ്ങള്‍ക്കും വന്നുചേര്‍ന്നു. വ്യവസായ മന്ത്രി എളമരം കീമിന്റെ വകുപ്പു സെക്രട്ടറി ബാലകൃഷ്ണന്‍ ഭൂപരിഷ്‌കരണ നിയമമാണ് വികസനത്തിനു തടസ്സമെന്നു പ്രഖ്യാപിച്ചപ്പോള്‍, സി.പി.എം ഒളിച്ചുനടത്തിക്കൊണ്ടിരുന്ന നയംമാറ്റത്തിന്റെ വെളിപ്പെടലായി അതു മാറി. യഥാര്‍ത്ഥത്തില്‍ 1996ലെ സര്‍ക്കാറിന്റെ കാലത്തു പ്ലാനിംഗ്‌ബോര്‍ഡ് തുടങ്ങിവെച്ചതും രണ്ടായിരത്തില്‍ പാര്‍ട്ടിപരിപാടി പരിഷ്‌ക്കരണത്തോടെ പൂര്‍ത്തീകരിച്ചതുമായ ദിശാമാറ്റത്തിന്റെ പിന്‍ബലം ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനുണ്ടായിരുന്നു. എന്നാല്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഭീകരത താനറിയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നവിധമായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. അവസാനത്തെ കമ്യൂണിസ്റ്റുകാരനും ജീവിച്ചിരിക്കുന്നതുവരെ  ഭൂപരിഷ്‌ക്കരണ നിയമം തകര്‍ക്കാനാവില്ലെന്ന് അദ്ദേഹം ആണയിട്ടു. അപ്പോഴേക്കും സി.പി.എം നേതൃത്വത്തിലെ അവസാനത്തെ കമ്യൂണിസ്റ്റുകാരനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

വികസനത്തിന്റെ പേരില്‍ കേരളത്തിലെങ്ങും ദുരൂഹമായ ഭൂമിയിടപാടുകള്‍ നടന്നു. കോടിക്കണക്കിനു പണം  ഇടത്തട്ടു-മാഫിയാ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലൂടെ ഒഴുകിപ്പരന്നു. ചിലപ്പോഴെങ്കിലും കോടതികള്‍ക്കും അതിന്റെ പങ്കു കിട്ടിയെന്നു സംശയിക്കാവുന്ന വാര്‍ത്തകളും വന്നു. പലയിടങ്ങളിലായി നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഒഴിപ്പിക്കല്‍ നിരോധന നിയമത്തിന്റെയോ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെയോ  മിച്ചഭൂമി സമരാനുഭവങ്ങളുടെയോ ഒരാനുകൂല്യവും അവരുടെ രക്ഷയ്‌ക്കെത്തിയില്ല. വയലുകള്‍ നികത്തി വന്‍തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ നീര്‍ത്തട സംരക്ഷണ നിയമവും നോക്കുകുത്തിയായി. മനുഷ്യനും പ്രകൃതിക്കും മേല്‍ മൂലധനത്തിന്റെ തേര്‍വാഴ്ച്ചയ്ക്കു കമ്യൂണിസ്റ്റുകാരെന്നു പറയുന്നവര്‍ കൂട്ടുനിന്നു. എന്നാല്‍, കാര്‍ഷിക-ഭൂപരിഷ്‌ക്കരണ നിയമങ്ങളുടെ അപാകതകള്‍ പരിഹരിച്ചു തുടര്‍ച്ചയുണ്ടാക്കാനോ സമഗ്രമായ ജനപക്ഷ വികസന രൂപരേഖ തയ്യാറാക്കാനോ ഇരകളാക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ പൊതുമാനദണ്ഡം രൂപപ്പെടുത്താനോ അവര്‍ തയ്യാറായില്ല. സോഷ്യലിസ്റ്റാഭിമുഖ്യമുള്ള അടിസ്ഥാന നയങ്ങള്‍ അവരുടെ അജണ്ടയില്‍നിന്ന് പുറത്താവുകയും സാമ്രാജ്യത്വ മൂലധനവികസനം മുഖ്യ അജണ്ടയായി മാറുകയും ചെയ്തു.

ഈ വികസന നയം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് മോഡേണൈസിങ് ഗവര്‍മെണ്ട് പ്രോഗ്രാം ആരംഭിച്ചത്. 1996ലെ നായനാര്‍ സര്‍ക്കാറിന്റെ കാലത്തു ഐസക്കും സംഘവും നടത്തിയ ഒളിപ്രവര്‍ത്തനമായിരുന്നു അത്. പുത്തന്‍സാമ്പത്തിക നയത്തിനു മണ്ണൊരുക്കാന്‍ ഡി.പി.ഇ.പി മുതല്‍ പങ്കാളിത്തജനാധിപത്യംവരെ കടത്തിക്കൊണ്ടുവന്നു. വിദേശഫണ്ടും പദ്ധതികളും ഏറ്റെടുത്തു. സാമ്രാജ്യത്വ ഏജന്‍സികളുടെ സാമ്പത്തിക വായ്പയ്ക്കു അന്നുതന്നെ അപേക്ഷയുമയച്ചു. പിന്നീടിങ്ങോട്ട് വലത്-ഇടതു സര്‍ക്കാറുകള്‍ നടപ്പാക്കിപ്പോരുന്നത് ആഗോളവല്‍ക്കരണ നയസമീപനങ്ങളാണ്. അതിന്റെ പദ്ധതികളാവിഷ്‌ക്കരിക്കുന്നത് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും വന്‍കിട മൂലധനശക്തികളുമാണ്.  അവരുടെ കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്ണ് ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ എന്നറിയപ്പെടുന്നത്. വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടന സാമ്രാജ്യത്വാശ്രിതമായി പുതുക്കിപ്പണിയലാണ് അതിന്റെ ലക്ഷ്യം.

മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ നയം മൂലധനമൂര്‍ത്തികളെ മൂക്കുകയറിടുന്നതായിരുന്നു. എന്നാല്‍ ആ ശക്തികളെ കയറൂരി വിടുന്നതാണ് ബേബിയുടെ നയം. വില നിശ്ചയിക്കാന്‍ കമ്പോളശക്തികള്‍ക്ക് അധികാരം നല്‍കുകയും സര്‍ക്കാറിന്റെ കരുതല്‍ശേഖരം നിയന്ത്രിതമാക്കുകയും ചെയ്തതുവഴി പൊതുവിതരണ ശൃംഖല ദുര്‍ബ്ബലമാകുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. അശാസ്ത്രീയമായ റോഡ്-റെയില്‍ നയത്തില്‍ കവിഞ്ഞ് സമഗ്രമായ ഒരു ഗതാഗതനയം ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡുവികസനം വാഹനവിപണിയുടെ ലാഭ താല്‍പ്പര്യങ്ങള്‍ക്കു വിട്ടുകൊടുത്തു. പൊതുഗതാഗതത്തിന്റെ ആവശ്യകതയിലൂന്നിയില്ല  .കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി പോലുള്ള പൊതുമെഖലാ സ്ഥാപനങ്ങളുണ്ടായിരുന്നുവെങ്കിലും അവയെ ദുര്‍ബ്ബലപ്പെടുത്തി സ്വകാര്യമൂലധന ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി.  വിലകൊടുത്താല്‍ മാത്രം കിട്ടുന്ന ഒന്നായി കുടിവെള്ളം മാറി. എല്ലാ രംഗത്തും യൂസര്‍ഫീ വ്യാപകമായി.  വയല്‍നികത്തലും കുന്നിടിക്കലും മാലിന്യസംസ്‌ക്കരണവും മുതല്‍ വന്‍കിട സംരംഭങ്ങള്‍വരെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചു. പരിസ്ഥിതി സന്തുലന വികസനം എന്ന ആശയം അംഗീകരിക്കാന്‍  ആര്‍ത്തിപൂണ്ട മൂലധനമൂര്‍ത്തികള്‍ തയ്യാറായില്ല. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചു. ഒരുപിടി ക്രിമിനലുകളില്‍നിന്ന് രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിലേക്ക് ഈ തെമ്മാടിത്തം പടര്‍ന്നു കയറി.  കുറ്റക്കാരെ രക്ഷിച്ചുനിര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ വിചാരണചെയ്യപ്പെട്ടില്ല. ഭരണരംഗത്തു സ്ത്രീകള്‍ക്കു മതിയായ അംഗീകാരം ലഭ്യമായിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ-ആദിവാസി മേഖലകളിലെ സ്ഥിതി ഇതിലും പരിതാപകരമാണ്. തൊഴില്‍ സാദ്ധ്യതകളുടെ സിംഹഭാഗവും സ്വകാര്യമേഖലയിലാവുകയും അവിടെ നിയമാനുസൃതം ലഭിക്കേണ്ട തൊഴിലവസരങ്ങളില്‍നിന്നുപോലും അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന അനുഭവമാണ് ഇവരിലെ അഭ്യസ്തവിദ്യര്‍ക്കുള്ളത്. നേരത്തേതന്നെ പ്രാന്തവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ കൂടുതല്‍ പ്രാന്തവത്ക്കരിക്കാനിടയാക്കുന്ന നയസമീപനങ്ങളാണ് സര്‍ക്കാറുകള്‍ പിന്തുടരുന്നത്.

ഈ നയംമാറ്റത്തെ നാലാംലോക താഷ്ട്രീയത്തിന്റെ കടന്നാക്രമണമായാണ് വി എസ് കണ്ടത്. ഇതിനെതിരായ ജനപക്ഷ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം നിന്നത് നാലാംലോകനയം പിന്തുടരുന്ന പാര്‍ട്ടിയില്‍തന്നെയാണെന്നു നാം കാണണം.  പാര്‍ട്ടി ഈ പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനെയായിരിക്കും? പുരക്കുമേല്‍ ചാഞ്ഞുനില്‍ക്കുന്ന ഈ ഒറ്റമരത്തേയും വെട്ടിമാറ്റാതിരിക്കുമോ? വെട്ടിക്കൊന്നാലും നക്കിക്കൊന്നാലും ഇല്ലാതാവുക വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയമാണ്. ഇനി അഥവാ വി എസ് തന്റെ രാഷ്ട്രീയത്തെ രക്ഷിച്ചെടുക്കുന്നതെങ്ങനെയാവും?  തന്റെ പാര്‍ട്ടിയും മുന്നണിയും ഇതരമുന്നണികളും ഒരുപോലെ പുലര്‍ത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിലൊന്നിന്റെ തട്ടകത്തില്‍നിന്നുകൊണ്ട് ഒരു പോരാട്ടം വിജയിപ്പിക്കാന്‍ എന്തു മാന്ത്രിക വിദ്യയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്?

അതെന്തോ ആവട്ടെ. ആ രാഷ്ട്രീയം തോറ്റുകൂടാ. വ്യക്തിയെക്കാള്‍ പ്രധാനമാണത്. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കു കീഴ്‌പ്പെട്ട്  ജനങ്ങള്‍ കൂടുതല്‍ നിരാലംബരാകുകയാണ്. ജനവിരുദ്ധമാകുന്ന പ്രസ്ഥാനങ്ങള്‍ക്കകത്തുയരുന്ന വേറിട്ട ശബ്ദങ്ങള്‍ അവരെ മോഹിപ്പിക്കുന്നു. വി.എസ് അത്തരമൊരു ശബ്ദമാണ്. അതു ദുര്‍ബ്ബലമാകരുത്. ആ ശബ്ദത്തിന്റ രാഷ്ട്രീയ ധ്വനികള്‍ക്കു മുന്നേറ്റ രൂപം നല്‍കാനാണ് ഇടതുപക്ഷ ഏകോപന സമിതി ശ്രമിക്കുന്നത്. കാഴ്ച്ചക്കാരും ബുദ്ധിജീവികളും പക്ഷേ കാത്തിരിക്കുകയാണ്. നന്മയുടെ തിടമ്പേറ്റി പാലം കടക്കുന്ന ചെകുത്താന്‍സംഘങ്ങള്‍ പാലം കടന്നാല്‍ നന്മയുടെ പക്ഷം ചേരുമോ? അതല്ലെങ്കില്‍ അവര്‍ വലിച്ചെറിഞ്ഞേക്കാവുന്ന നന്മയുടെ രാഷ്ട്രീയത്തെ നെഞ്ചേറ്റാന്‍ ഒരു ജനത കടലിരമ്പംപോലെ വന്നുചേരുമോ?

ആസാദ്

29 മാര്‍ച്ച് 2011

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )