Article POLITICS

രാഷ്ട്രീയമില്ലാതെ..

ആധുനിക ദേശരാഷ്ട്രങ്ങളിലെ  ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുഖ്യബോധരൂപമാണ് രാഷ്ട്രീയം. പൗരനും ഭരണകൂടത്തിനുമിടയിലെ സമസ്ത വ്യാവഹാരിക ശൃംഖലകളെയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ്. സ്ഥൂലവും സൂക്ഷ്മവുമായ അനുഭവമണ്ഡലങ്ങളാകെ ഇതിനു കീഴ്‌പ്പെട്ടിരിക്കുന്നു. വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്നു നാം പറയുന്നത് ആ അര്‍ത്ഥത്തിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്ട്രീയമെന്നു കേള്‍ക്കുമ്പോള്‍ കക്ഷിരാഷ്ട്രീയമേ നമുക്കോര്‍മ്മയില്‍ വരുന്നുള്ളു. രാജ്യത്തെ ജീവിതവ്യവഹാരങ്ങളെയാകെ നിര്‍ണയിക്കുന്ന അധികാരം കൈകാര്യം ചെയ്യാനാവുന്നത് രാഷ്ട്രീയ കക്ഷികള്‍ക്കാണെന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. അധികാരത്തിന്റെ ജീര്‍ണതയും മൂല്യനിരാസവും രാഷ്ട്രീയപ്പാര്‍ട്ടികളെയാകെ കീഴ്‌പ്പെടുത്തുകയും ജനങ്ങളുടെ മുഴുവന്‍ വ്യവഹാര മണ്ഡലങ്ങളെയും ദുഷിപ്പിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയമാകെ ജീര്‍ണമായി എന്നു വിളിച്ചു പറയുന്നവരുണ്ട്. ദുഷിച്ചത് അധികാരം കൈയ്യാളുന്ന രാഷ്ട്രീയമാണെന്നും പ്രതിരോധത്തിന്റെയും ഭാവിയുടെയും രാഷ്ട്രീയം മാനവികമൂല്യങ്ങളിലും ധാര്‍മികതയിലും അടിയുറച്ചു തെളിച്ചമാര്‍ന്നുവരുന്ന ബദല്‍ രാഷ്ട്രീയമാണെന്നും വിളിച്ചുപറയാന്‍ ആരുണ്ട്? ഓരോ കാലത്തും ഇത്തരമൊരു രാഷ്ട്രീയത്തെ രൂപപ്പെടുത്തിപ്പോന്നതും അതു വിളിച്ചറിയിച്ചതും അതതു കാലത്തെ പുതിയ തലമുറകളാണ് അഥവാ യുവാക്കളാണ്.

ഇതൊരു കെട്ട കാലമാണ്.  ജനാധിപത്യ ഭരണസംവിധാനങ്ങളെ നോക്കുകുത്തികളാക്കി നിര്‍ത്തിക്കൊണ്ടാണ് വാണിജ്യമൂലധനം മനുഷ്യബന്ധങ്ങളെയാകെ ദയാരഹിതമായി കടന്നാക്രമിക്കുന്നത്. ദേശീയബോധത്തെയോ ക്ഷേമരാഷ്ട്ര സങ്കല്പത്തെയോ സോഷ്യലിസ്റ്റുസ്വപ്നത്തെയോ നിലനിര്‍ത്താന്‍ അനുവദിക്കാതെ വാണിജ്യ മൂലധനത്തിന്റെ രാജ്യാന്തര അധികാര ശൃംഖലകള്‍ നമ്മെ വരിഞ്ഞുമുറുക്കുകയും ജീവിതത്തെ പുനസ്സംവിധാനം ചെയ്യുകയുമാണ്. ഈ പ്രക്രിയക്കു ദല്ലാളന്മാരായി നില്‍ക്കാനുള്ള കൂട്ടിക്കൊടുപ്പുയത്‌നങ്ങളിലാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം. കോഴയും കമ്മീഷനും ഉച്ചിഷ്ടവും തിന്ന് അഴിമതിക്കൂറ്റന്മാരായി മൂക്രയിട്ടു തിമര്‍ക്കുകയാണ് മിക്ക നേതാക്കളും. സ്ത്രീകളെയും കീഴാളരെയും കയ്യേറ്റം ചെയ്യുന്നവര്‍, ഭൂമി കയ്യേറുന്നവര്‍, പൊതുസ്വത്ത് കട്ടുമുടിക്കുന്നവര്‍ എന്നിങ്ങനെയുള്ള എല്ലാ ദുര്‍വൃത്ത സംഘങ്ങള്‍ക്കും താങ്ങും തണലുമാകുന്നത് ഇക്കൂട്ടരാണ്. ഇതൊക്കെ തുറന്നുകാണിക്കാനും ധാര്‍മ്മികതയുടെ ജനപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും അതതു പ്രസ്ഥാനങ്ങള്‍ക്കകത്തോ പുറത്തോ പുരോഗമനവാദികളുടെ പുതു തലമുറ വളര്‍ന്നു വരേണ്ടതില്ലേ? എന്നിട്ടും രാഷ്ട്രീയത്തെയാകെ കുറ്റപ്പെടുത്തി നിസ്സംഗരും ഉദാസീനരുമായിത്തീരുകയാണോ പുതു തലമുറ?

ഞങ്ങളായി ഞങ്ങളുടെ പാടായി എന്നു കരുതി നിസ്സംഗരാകാന്‍മാത്രം ലളിതമാണോ ജീവിതം? ഏതു വേലചെയ്തു ജീവിക്കുമ്പോഴും എത്രയോ വരമ്പുകളില്‍ വഴുതിയും വാതിലുകളില്‍ ശിരസ്സുതാഴ്ത്തിയും വേലികളില്‍ വഴിതടഞ്ഞുമാണ് നാം മുന്നോട്ടു പോകുന്നത്. വ്യാവഹാരിക വലയങ്ങളാകെ ഇഴവിടര്‍ത്തുമ്പോള്‍ ഇവയോരോന്നും നീളുന്നത് പുതിയ മൂലധനാധികാരത്തിന്റെ കേന്ദ്രത്തിലേക്കാണല്ലോ. ഇതു കാണാനുള്ള കണ്ണു നാം ആര്‍ക്കാണു പണയം വച്ചിരിക്കുന്നത്? മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണു മോശമാണെന്നാണ്. എന്നാല്‍ വഴിപോക്കരെല്ലാം മരത്തെ പഴിക്കുന്നു എന്നൊരു കവിതയില്‍ ബ്രഹ്ത് പറയുന്നുണ്ട്. നാമെല്ലാം മരം കാണുകയും മോശമായ മണ്ണു കാണാതിരിക്കുകയുമാണോ? മണ്ണു  മോശമാക്കുന്നതാരാണ്? നമ്മുടെ മരങ്ങളെ ഉണക്കിക്കളയുന്നത് ആരൊക്കെയാണ്?

പിറന്ന ജാതി/മതം, ചേര്‍ന്നുനിന്ന പാര്‍ട്ടി, വഹിക്കുന്ന പദവി എന്നിവകൊണ്ടൊക്കെ ന്യായീകരിക്കാനാവുമോ കളങ്കങ്ങള്‍?   ഒരു ജനതയേയും വരാനിരിക്കുന്ന തലമുറകളേയും ബോധ്യപ്പെടുത്തേണ്ടിവരുന്ന ഒട്ടേറെകാര്യങ്ങളുണ്ട്. ആ ചുമതലാബോധമായിരിക്കണം അധാര്‍മികമായ എല്ലാറ്റിനുമെതിരെ പൊരുതാന്‍ വി എസ് അച്യുതാനന്ദനെപ്പോലുള്ളവരെ പ്രാപ്തരാക്കുന്നത്.  അവര്‍തന്നെയും ഒരു തെരഞ്ഞെടുപ്പു മുനമ്പില്‍ തങ്ങളുടെ പക്ഷത്തുള്ള കളങ്കങ്ങള്‍ക്കും കളങ്കിതര്‍ക്കും മറ പിടിക്കുകയാണെങ്കില്‍ അതെത്ര വലിയ അപരാധമായിരിക്കും? ജീര്‍ണമായ അധികാര രാഷ്ട്രീയത്തിന്റെ കളിപ്പാവകളായി അവര്‍ മാറുകയില്ലെന്നു നാം മോഹിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ജനാധിപത്യത്തിനും ജനപക്ഷരാഷ്ട്രീയത്തിനും ആരാണു തുണ?

ഇതൊക്കെയാണ് വര്‍ത്തമാനകാലം.  പുതിയ ചെറുപ്പക്കാരെ നോക്കിയാണ് ഞാനിതൊക്കെ എഴു തുന്നത്. അയ്യോ, രാഷ്ട്രീയം പറയല്ലേ എന്നു കിണുങ്ങുന്നവര്‍ക്ക് അവര്‍ പറയുന്നത് വ്യവസ്ഥയുടെ ചുമരെഴുത്താണെന്നത് അറിയാനാവുന്നില്ലല്ലോ. തൊഴിലും തൊഴിലില്ലായ്മയും വേഷവും ഭക്ഷണവും വാഹനവും സാമൂഹ്യബന്ധവും സൗഹൃദവും എല്ലാമെല്ലാം അവരെ മാറ്റിത്തീര്‍ത്തിരിക്കുന്നു. തന്നെ നിര്‍ണയിക്കുന്നതെന്തെന്ന് താനറിയാത്ത ഒരവസ്ഥ.  ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും മുതല്‍ ചൈനയില്‍വരെ യൗവ്വനം പ്രക്ഷുബ്ധമാകുന്നത് നാം അറിയുന്നുണ്ട്. അതുപക്ഷേ നമ്മെ സ്പര്‍ശിക്കാതിരിക്കാന്‍ ഉദാരവാദത്തിന്റെ മായക്കാഴ്ച്ചകളും രഹസ്യോന്മാദങ്ങളും നമുക്കുമേല്‍ പെയ്യുകയാണ്. അഭീഷ്ടസിദ്ധിക്കുള്ള ആചാരങ്ങള്‍പോലെ മോഹവിപ്‌ളവങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ നിരന്തരം അരങ്ങേറുന്നു. തന്നെത്തന്നെ കീറിമുറിക്കാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കാതെ ഒരു വിപ്‌ളവവും സാദ്ധ്യമല്ല. ഒന്നു ചിരിക്കുമ്പോള്‍, ഒരു നേരമ്പോക്കു പറയുമ്പോള്‍ ചാടിക്കടക്കുന്ന രാഷ്ട്രീയ വലയങ്ങള്‍ ഏതെന്ന് അറിയുന്നില്ലെങ്കില്‍ ഏതു കെണിയില്‍,ഏതു കൈവെള്ളയില്‍ എന്നറിയാത്ത ഒരു ദുരന്തമാണു സംഭവിക്കുന്നത്.

ജ്ഞാനസമ്പദ്ഘടന ഇങ്ങനെ അനുഗ്രഹിക്കുന്നു എന്ന നാട്യത്തില്‍ ഒരു ജനതയെ അവരില്‍നിന്നുതന്നെ തട്ടിയെടുത്തിരിക്കുന്നു. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും പുതിയ സംസ്‌ക്കാര-വിദ്യാഭ്യാസ വ്യവസ്ഥകളും ജനതയെ അന്യോന്യം വേര്‍പ്പെടുത്തി അക്രമിക്കുന്നുമുണ്ട്. തങ്ങളുടെ ഇടം തിരിച്ചറിയാനും അടയാളപ്പെടുത്താനും നടത്തുന്ന ശ്രമമേതും നമ്മുടെ കാലത്തു രാഷ്ട്രീയപ്രവര്‍ത്തനമായിത്തീരും. കീഴ്‌പ്പെടുത്തുന്ന അനന്തമുഖമാര്‍ന്ന ശത്രുവിനെ നേരിടാന്‍ ഇങ്ങനെ പല മുഖങ്ങളില്‍ പൊരുതി നില്‍ക്കേണ്ടതുണ്ട്. മാതൃകാന്വേഷിയും അത്തരമൊരു പോരാട്ടമാണെന്നു നിസ്സംശയം പറയാം. ഇത്തരം ഒറ്റയൊറ്റയായ പോരാട്ടങ്ങളെ ഒന്നിപ്പിക്കുന്നതും ബഹുകോടി ജനതയെ അതിന്റെ ഭാഗമാക്കുന്നതുമായ വലിയ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ആരെങ്കിലുമൊക്കെ ഏറ്റെടുക്കുകതന്നെ ചെയ്യും. ഈ മോഹം അഥവാ ഈ സാദ്ധ്യത, നേരത്തേ സൂചിപ്പിച്ച ഉദാസീനരായ യുവാക്കളുടെ ചില പ്രതികരണങ്ങളിലെങ്കിലും ഇതേ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മരൂപങ്ങളുണ്ടെന്നു കരുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നമ്മിലെ വിയോജിപ്പിന്റെ തീക്കനല്‍ നമ്മെത്തന്നെ മാറ്റിത്തീര്‍ക്കുന്ന രാഷ്ട്രീയമായി വളരട്ടെ.

ആസാദ്

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )