Article POLITICS

ദേശീയപാതാ സ്വകാര്യവല്‍ക്കരണവും ഗ്രാമീണ സമ്പദ്ഘടനയും

  ദീതീരങ്ങളില്‍ രൂപംകൊണ്ട കാര്‍ഷിക നാഗരികതപോലെ ദേശീയപാതകള്‍ക്കിരുപുറവുമായി  രൂപംകൊള്ളുന്ന വിപണി നാഗരികയുടെ മികച്ച ഉദാഹരണമാണ് കേരളം. ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലുള്ള പരന്നു കിടക്കുന്ന കൃഷിഭൂമിക്കുനടുവിലെ ദ്വീപുസമൂഹംപോലുള്ള ഗ്രാമീണ ജീവിതവും അതിനു മദ്ധ്യത്തില്‍ വികസിക്കുന്ന ചന്തകളും എന്ന അനുഭവമല്ല നമ്മുടേത്. ദേശീയപാതകളുടെയും ഇതര റോഡുകളുടെയും ആനുകൂല്യത്തില്‍ സഞ്ചാരസമൂഹങ്ങളുടെ കൊള്ളക്കൊടുക്കലുകളിലൂടെ വികസിക്കാന്‍ വെമ്പുന്ന ഒരു ഗ്രാമീണ സമ്പദ്ഘടനയാണ് ഇവിടെയുള്ളത്. കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവും ആഭ്യന്തര വിപണിയിലെ സ്തംഭനവും അതിജീവിക്കാനുള്ള ഗ്രാമീണജീവിതത്തിന്റെ ശ്വാസനാളമായി പാതകള്‍ മാറുന്നുണ്ട്.  മറ്റു സംസ്ഥാനങ്ങളില്‍ കാണുന്ന ഒഴിഞ്ഞ പ്രദേശങ്ങളിലൂടെ നീണ്ടുപോകുന്ന പാതകളും കിലോമീറ്ററുകള്‍ ചെല്ലുമ്പോള്‍ കാണുന്ന നഗരങ്ങളും എന്ന ചിത്രത്തില്‍നിന്നും നാം വ്യത്യസ്തരാകുന്നത്  ഈ വഴിയോര നാഗരികത മൂലമാണ്.

പാതയോരത്തു കുറേയേറെ വാണിഭങ്ങള്‍ നടക്കുന്നു എന്നു മാത്രം കാണുന്നവര്‍ക്ക് അതവിടെനിന്ന് മാറ്റി സ്ഥാപിക്കു്ന്നതിലും അപാകത തോന്നേണ്ടതില്ല. സ്വന്തം ഗ്രാമങ്ങളില്‍ മാത്രമായി നിലനില്‍പ്പില്ലാതെയാണ് അവയെല്ലാം ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് പാതയോരത്ത് ഇടം സമ്പാദിച്ചത്. പാതകള്‍ എന്ന സാദ്ധ്യത നഷ്ടമായാല്‍ അവയില്‍ ഭൂരിപക്ഷവും ശ്വാസം മുട്ടി മരിക്കാനാണ് ഇടയാവുക. ദരിദ്ര ഗ്രാമീണ സമൂഹത്തിനുമാത്രമായി അവ നിലനിര്‍ത്താനാവുകയില്ല. ഗ്രാമീണ മേഖലയില്‍ പൊതുനിക്ഷേപം കുറയ്ക്കുകയും സബ്‌സിഡികളും സഹായങ്ങളും നിര്‍ത്തലാക്കുകയും കൃഷിയും കൃഷിഭൂമിയും കോര്‍പ്പറേറ്റുവല്‍ക്കരിക്കുകയും വയലുകള്‍ നികത്തി കെട്ടിടനിര്‍മ്മാണ-റിയല്‍എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയും ചെയ്തതിന്റെ ഫലമായി ജീവിതം വഴിമുട്ടിയവരാണ് ശ്വാസം നിലനിര്‍ത്താന്‍ പാതയോരങ്ങളിലെത്തിയത്. അവരെ തിരിച്ചയക്കുന്നത് ജീവിതത്തിലേക്കാവുമെന്ന് എങ്ങനെ കരുതാനാണ്?

കപ്പയും മീനും പച്ചക്കറികളും പാലും മോരും ഇളനീരും ചായയും കാപ്പിയും പലഹാരങ്ങളും പലയിനം പഴങ്ങളും നാടന്‍ ഭക്ഷണവും കയറുത്പ്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും മണ്‍പാത്രങ്ങളും മരംകൊണ്ടുള്ള ഫര്‍ണിച്ചറുകളും അതതു ഗ്രാമങ്ങളിലെ വിപണിയെ മാത്രം ആശ്രയിക്കാനാവാതെ പുറത്തുകടന്നവയാണ്.ഇവയ്ക്കു പുറമേ കള്ളുഷാപ്പുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വര്‍ക്കുഷോപ്പുകള്‍ എന്നിങ്ങനെ വഴിയെ ആശ്രയിക്കുന്ന വേറെയും വിഭാഗങ്ങളുണ്ട്. ഇവയെല്ലാം പൂട്ടാനോ പാതയില്‍നിന്ന് അകലാനോ ഇടയായാല്‍ നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയുടെ സമ്പൂര്‍ണ നാശമായിരിക്കും ഫലം.

അപ്പോഴുയരാവുന്ന ചോദ്യം ദേശീയപാത ഇപ്പോഴുള്ളതുപോലെ മതിയോ ? നവീകരണം വേണ്ടേ? എന്നാവും. കേരളത്തിലെ മന്ത്രിസഭയുടെയും ആദ്യ സര്‍വ്വകക്ഷിയോഗത്തിന്റെയും മുന്നില്‍ ആ ചോദ്യം വന്നതു നാം കണ്ടു. പാതകളുടെ ചരിത്രം ജനകീയ സമരങ്ങളുടെ ചരിത്രമാണെന്നും പാത ജനങ്ങളില്‍നിന്ന് വേര്‍പെടുത്തുകയില്ലെന്നും ബി.ഒ.ടി വ്യവസ്ഥയിലൂടെ റോഡ് സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കുകയില്ലെന്നും മുപ്പതു മീറ്ററില്‍ തന്നെ നാലുവരിപ്പാത സാദ്ധ്യമാണെന്നും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ഒരുവരിപ്പാതയ്ക്ക് മൂന്നര മീറ്റര്‍ എന്ന മാനദണ്ഡം തന്നെ സ്വീകരിച്ചാല്‍ ആറുവരിപ്പാതയ്ക്ക് ഇരുപത്തിയൊന്നു മീറ്ററും മീഡിയന് നാലു മീറ്ററും വശങ്ങളില്‍  ഓവുചാലുകളും അവയ്ക്കുമീതെ നടപ്പാതയും തീര്‍ക്കാന്‍ ഒന്നര മീറ്റര്‍ വീതവും ആകെ വേണ്ടത് ഇരുപത്തിയെട്ടു മീറ്ററാണ്. കേരളത്തിന്റെ ഹൈവേ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ അതുതന്നെ ധാരാളം. ജനങ്ങളുടെയും സര്‍വ്വകക്ഷി പ്രതിനിധികളുടെയും സര്‍ക്കാറിന്റെയും ഈ നിശ്ചയത്തെ തള്ളിക്കളയാന്‍ ആരാണ് ചരടു വലിച്ചത്? അവരുടെ താല്‍പ്പര്യമെന്താവാം?

ആദ്യം ആലോചിക്കേണ്ടത് പാതവികസനത്തിന്റെ അടിസ്ഥാനമെന്തായിരിക്കണം എന്നതാണ്. ലോകത്താകെ ഉത്പ്പാദിപ്പിക്കപ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കെല്ലാം വന്നിറങ്ങണമെങ്കില്‍  കേരളമാകെ പാര്‍ക്കിംഗ് ഗ്രൗണ്ടാക്കേണ്ടി വരും. ദേശീയപാതപോലെ നീളത്തില്‍ കിടക്കുന്ന കേരളത്തില്‍ ആനുപാതികമായേ റോഡിനു വീതി കൂട്ടാനാവൂ. ധാരാളം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകുമ്പോള്‍ അന്നനാളത്തിനു വലിപ്പം കൂട്ടുകയല്ല ആവശ്യവും സാദ്ധ്യതയും വിവേചിച്ചറിയുകയാണ് ചെയ്യുക. നമ്മുടെ ഗതാഗത ആവശ്യങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ ഒരു ഗതാഗത നയം ആവിഷ്‌ക്കരിക്കലാകണം പ്രാഥമിക ലക്ഷ്യം. അതിനനുയോജ്യമായാണ് പിന്നീട് പാതാനവീകരണം നിര്‍വ്വഹിക്കേണ്ടത്.  ഇന്ധനച്ചെലവും മലിനീകരണവും കുറവുള്ള ജല-റയില്‍ ഗതാഗതങ്ങള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതുമാണ്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ സാധാരണ പരിഗണിക്കാറുണ്ട്. കേരളത്തിലാകുമ്പോള്‍ ആവാസ പ്രകൃതിയുടെ പ്രത്യേകതകളാണ് പരിഗണിക്കേണ്ടി വരിക. രാജ്യത്തെതന്നെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയാണ് ദേശീയപാത 17 കടന്നുപോകുന്നത്. ജീവസന്ധാരണോപാധിതന്നെ ദേശീയ-സംസ്ഥാന പാതകളെ ആശ്രയിച്ചുനില്‍ക്കുന്നുവെന്നതും പ്രധാനമാണ്.   ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സര്‍വ്വകക്ഷികളും സര്‍ക്കാറും രണ്ടാമത്തെ യോഗത്തില്‍ വിഷയത്തെ കേവല വികസന പ്രശ്‌നമായും മുപ്പത്-നാല്‍പ്പത്തിയഞ്ച് മീറ്റര്‍ തര്‍ക്കമായും ചുരുക്കുകയാണ്.

കേരളത്തിന്റെ സമ്പദ്ഘടനയെ ദുര്‍ബ്ബലമായെങ്കിലും ഗ്രാമീണ സമ്പദ്ഘടനയുമായി കൂട്ടിയിണക്കുന്ന പാതയോരങ്ങളിലെ വിപണന ശൃംഖല തകര്‍ക്കല്‍ മുഖ്യലക്ഷ്യമാകുന്നതുകൊണ്ടാണ് നാല്‍പ്പത്തിയഞ്ചു മീറ്റര്‍ നിര്‍ബന്ധമാകുന്നതും പിന്നീട് അത്രയുംകൂടി അളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതും. ശേഷിച്ച ഭാഗത്ത് വ്യാപാരസമുച്ചയങ്ങള്‍ രൂപപ്പെട്ടാല്‍പോലും ,ഉയര്‍ത്തിയും വേലികെട്ടിയും വേര്‍തിരിച്ച റോഡിന്റെ ആനുകൂല്യങ്ങളൊന്നും ലഭ്യമാവില്ല. റെയിലിനു സമീപത്തു കടയെടുക്കുന്നപോലെ വ്യര്‍ത്ഥമാകുമത്.  ഇത്തരത്തിലുള്ള പാതനിര്‍മ്മാണം  ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. സമ്പദ്ഘടനയുടെ അടിസ്ഥാനഘടനകളെ അട്ടിമറിച്ചുകൊണ്ട് സര്‍ക്കാറിനെ ആധുനികീകരിക്കാനുള്ള ആഗോളീകരണ പദ്ധതികളാണ് പ്രയോഗക്ഷമമാകുന്നത്.  കൃഷിയും കൃഷിഭൂമിയും കോര്‍പ്പറേറ്റുവല്‍ക്കരിച്ചതുപോലെ വിപണന ശൃംഖലയും കോര്‍പ്പറേറ്റുവല്‍ക്കരിക്കാനാണ് ശ്രമം. ദേശീയപാതകളും ആ ദൂരമത്രയുമുള്ള ചെറുതും വലുതുമായ കച്ചവടങ്ങളും പൂര്‍ണമായും ഇടത്താവളങ്ങളിലെ വന്‍കിടക്കാരുടെ ഷോപ്പിംഗ് മാളുകളിലേക്കു മാറും.  സി.പി.എം നേതൃത്വത്തില്‍ 2009ല്‍ നടന്ന ഒരു ദേശീയ സെമിനാര്‍ ഇത്തരം സാഹചര്യങ്ങളെപ്പറ്റി ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്.

നവലിബറല്‍ നയങ്ങള്‍ ഗ്രാമങ്ങളിലേക്കുള്ള പൊതുചെലവു വെട്ടിക്കുറച്ചു.തല്‍ഫലമായി ഗ്രാമീണരുടെ ക്രയശേഷി ഗണ്യമായി കുറഞ്ഞു. .മുതലാളിമാര്‍ക്ക് ഉദാരമായി നികുതിയിളവ് അനുവദിച്ചു. ചെറുകിടക്കാരെയും നാമമാത്രക്കാരെയും ഒഴിവാക്കി വന്‍കിട ഷോപ്പിംഗ് മാളുകള്‍ നാട്ടുനടപ്പാക്കി. കാര്‍ഷികോത്പ്പന്നങ്ങളുടെയും ചെറുകിട ഉത്പ്പന്നങ്ങളുടെയും വിപണനം ബഹുരാഷ്ട്രക്കമ്പനികളും ഇന്ത്യയിലെതന്നെ വന്‍കിട കുത്തകകളും ഏറ്റെടുക്കാനാരംഭിച്ചു.തല്‍ഫലമായി ധാരാളം ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ പുറംതള്ളപ്പെട്ടു. തല്‍ഫലമായി കച്ചവടരംഗത്തെ ലാഭം താനും ചിലരിലേക്കുമാത്രം കേന്ദ്രീകരിക്കപ്പെട്ടു.അതായത് ഉത്പ്പാദകരില്‍നിന്ന് വന്‍കിടക്കാരിലേക്ക് വരുമാനം പുനര്‍വിതരണം ചെയ്യപ്പെടുകയാണ്.

ഈ നിലപാടില്‍നിന്നും ആ പാര്‍ട്ടി ബഹുദൂരം പിറകോട്ടുപോയതിന്റെ തെളിവാണ് ദേശീയപാതാ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കൈക്കൊണ്ട സമീപനം.  പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ സ്വകാര്യമുതലാളിമാരെ അനുവദിക്കരുതെന്ന നിര്‍ബന്ധമുള്ള പാര്‍ട്ടിക്ക് പൊതുജനങ്ങളുടെ പാതയാകെ വിട്ടുനല്‍കാന്‍ ഇപ്പോള്‍ മടിയേതുമില്ല. ദേശീയപാത നവീകരിച്ചാല്‍ പോരാ ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിക്കുകതന്നെ വേണമെന്ന് സര്‍ക്കാറിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ബന്ധമായിരിക്കുന്നു. രണ്ടാം സര്‍വ്വകക്ഷിയോഗത്തിന്റെ അജണ്ട പൊതുപാതയുടെ സ്വകാര്യവല്‍ക്കരണം മാത്രമായിരുന്നു. പഴയ നയവും പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനവും ഒറ്റയടിക്കു വിഴുങ്ങിയാണ് പത്തു മിനിട്ടുകൊണ്ട് അതിപ്രധാനമായ വിഷയത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തീരുമാനമെടുത്തത്. റോഡിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതിനെതിരെ അപ്പീല്‍ പോകുന്ന സര്‍ക്കാര്‍, ജനങ്ങള്‍ക്കു കയറാനോ മുറിച്ചുകടക്കാനോ പണം മുടക്കാതെ യാത്ര ചെയ്യാനോ  കഴിയാത്തവിധം റോഡ് സ്വകാര്യമുതലാളിമാരെ ഏല്‍പ്പിക്കുന്നതില്‍ പുളകം കൊള്ളുകയാണ്.

നടപ്പാകുന്നത് കോര്‍പ്പറേറ്റുകളുടെ നയവും പരിപാടിയുമാണ്. അതു നടപ്പാക്കുന്നത് ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. വികസനമെന്ന വാക്കിന്റെ മറവിലാണെല്ലാം.  സാധാരണ ജനങ്ങളുടെ ജീവിതം ഉറപ്പുവരുത്തലാണ് അടിസ്ഥാന വികസനമെന്നാണ് പഴയ നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോഴാകട്ടെ ഒരു വിഭാഗം ജനങ്ങളുടെ ക്ലേശം മറ്റൊരു വിഭാഗത്തിന്റെ വികസനമായിത്തീരുന്നു. വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലുകള്‍ നിര്‍ബന്ധമാകുന്ന സാഹചര്യത്തില്‍ മാറ്റിപ്പാര്‍പ്പിക്കലിന് ഒരു പൊതു മാനദണ്ഡം വേണമെന്ന് നാലു പതിറ്റാണ്ടുമുമ്പ് അമരാവതിയിലെ സമരപ്പന്തലില്‍ എ.കെ.ജിയും നിയമസഭയില്‍ ഇ.എം.എസ്സും പറഞ്ഞിരുന്നു. ഇപ്പോള്‍ അവരുടെ പാര്‍ട്ടിപോലും അങ്ങനെയൊരാവശ്യം ഉന്നയിക്കുന്നില്ല.

ഉത്തര്‍പ്രദേശില്‍ യമുന എക്‌സ്പ്രസ് ഹൈവേക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ മൂന്നുപേരാണ് വെടിയേറ്റു മരിച്ചത്. പിന്നീട് അവിടെയെത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടത് ഭൂമിക്ക് കമ്പോളവിലയും വാര്‍ഷിക റോയല്‍റ്റിയായി ഹെക്റ്ററിന് 20000രൂപ വീതവും നല്‍കണമെന്നാണ്. സി.പി.എമ്മാകട്ടെ, ബലം പ്രയോഗിച്ചുകൊണ്ടുള്ള ഭൂമി ഏറ്റെടുക്കലിന് ഇടയാക്കുന്ന 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമവും കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ നിയമവും ഭേദഗതിചെയ്തുകൊണ്ടേ ഭൂമി ഏറ്റെടുക്കാവൂ എന്നാവശ്യപ്പെട്ടു. ഈ പാര്‍ട്ടികള്‍ പക്ഷേ കേരളത്തില്‍ ഇത്രപോലും ഉരിയാടിയിട്ടില്ല. പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളില്‍നിന്ന് പിന്‍മാറുന്നതിനുള്ള യുക്തികളും കേരളീയരോടു വിശദീകരിച്ചിട്ടില്ല. സമരരംഗത്തുള്ളവരോടു ചര്‍ച്ച നടത്താന്‍പോലും സര്‍ക്കാര്‍ സന്നദ്ധമല്ല.

കോര്‍പ്പറേറ്റ് ഭീമന്മാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള സഖ്യം നമ്മുടെ ഗ്രാമീണമേഖലയെ കനത്ത പതനത്തിലെത്തിക്കുകയാണ്. ജീവിതം കുറെക്കൂടി ദുരിതമയമാകാനും ആത്മഹത്യകള്‍ പെരുകാനും ഇതിടയാക്കിയേക്കും. കേരളത്തിലെ ഏറ്റവും വലിയതും ഭീതിദവുമായ പൊതുമേഖലാ സ്വകാര്യവല്‍ക്കരണമാണു നടക്കാനിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലും ഏറ്റവും ഭീമമായ അഴിമതിയും ഏറ്റവും ദയാരഹിതമായ ചൂഷണവും മറ്റൊന്നല്ല.  ഈ സാഹചര്യത്തില്‍, പാത വീതികൂട്ടലായും നഷ്ടപരിഹാര പ്രശ്‌നമായും വിഷയത്തെ ചുരുക്കാതെ ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും വിധമുള്ള ജനകീയവികസനം സംബന്ധിച്ചും  കേരളത്തിനാവശ്യമായ സമഗ്രമായ ഗതാഗത നയത്തെ സംബന്ധിച്ചും ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന വികസനപ്രവര്‍ത്തനങ്ങളില്‍  പൊതുമാനദണ്ഡം സ്വികരിക്കുന്നതു സംബന്ധിച്ചുമാണ് സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടത്.

 ആസാദ്

4 സെപ്തംബര്‍ 2010

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )