Article POLITICS

മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.

  സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് സമീപകാലത്താണ്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ സ്വത്വം എന്ന പദത്തിന് തനിക്കു താന്‍ മതിയെന്നുള്ള സ്ഥിതി, തന്റേ തന്നെ ഭാവം, മമത, ഉടമസ്ഥാവകാശം, സ്വയംസത്ത എന്നെല്ലാമാണ് അര്‍ത്ഥം. ഐഡന്റിറ്റി എന്ന ഇംഗ്ലീഷ് പദമാണെങ്കില്‍ അറുപതുകള്‍വരെ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്നും 1968ല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ എന്‍സൈക്ലോപ്പീഡിയ ഓഫ് ദി സോഷ്യല്‍സയന്‍സസില്‍ ഈ പദം കാണുന്നില്ലെന്നും മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ എറിക് ഹോബ്‌സ് ബാം ( സ്വത്വരാഷ്ട്രീയവും ഇടതുപക്ഷവും എന്ന ലേഖനത്തില്‍ ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപ്പോള്‍ എന്തു മാറ്റമാണ് എഴുപതുകളോടെയോ അതിനു ശേഷമോ ഭാഷയിലും ജീവിതത്തിലും ലോക സാഹചര്യത്തിലും ഉരുത്തിരിഞ്ഞുവന്നത്? അപരിചിതങ്ങളായ ഒട്ടേറെ പദങ്ങളാണ് ഭാഷയില്‍ പിറന്നു വീണത്. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, നവ ലിബറലിസം, പോസ്റ്റ് മാര്‍ക്‌സിസം, പങ്കാളിത്ത ജനാധിപത്യം, പൗരസമൂഹ രാഷ്ട്രീയം, നവ സാമൂഹിക പ്രസ്ഥാനങ്ങള്‍, സൂക്ഷ്മ രാഷ്ട്രീയം, സഹായ വ്യവസായം, സംസ്‌ക്കാര വ്യവസായം, പോസ്റ്റ് മോഡേണിസം, നാലാംലോകം, ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു. ഇവയുമായി ബന്ധപ്പെട്ട സാങ്കേതിക പദാവലിയാകട്ടെ നമ്മുടെ ശബ്ദകോശത്തെയാകെ പുതുക്കിപ്പണിതിരിക്കുന്നു.

മുകളില്‍ പറഞ്ഞ സംജ്ഞകളില്‍ ആഗോളവല്‍ക്കരണം എന്ന പദം മറ്റെല്ലാറ്റിനെയും ഉള്‍ക്കൊള്ളുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് ഇന്നു നമുക്കറിയാം. ദേശരാഷ്ട്രങ്ങളുടെയും അവിടങ്ങളിലെ ജനവിഭാഗങ്ങളുടെയും അവകാശാധികാരങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് കടന്നുകയറാനാരംഭിച്ച മൂലധനാധിനിവേശത്തിന്റെ സൗമ്യമായ വിളിപ്പേരുകൂടിയാണ് ആഗോളവല്‍ക്കരണം എന്നത്. നവലിബറലിസം അതിന്റെ ആശയാടിത്തറയാണ്. പോസ്റ്റ് മോഡേണിസവും പോസ്റ്റ് മാര്‍ക്‌സിസവും സ്വത്വ(സൂക്ഷ്മ)രാഷ്ട്രീയവും അതിനെ സാധൂകരിക്കുന്ന ആശയ ധാരകളും. ഇവയുടെ പ്രായോഗിക പദ്ധതികളുമായി ബന്ധപ്പെട്ടാണ് പങ്കാളിത്ത ജനാധിപത്യവും സഹായ വ്യവസായവുമെല്ലാം പ്രസക്തമാകുന്നത്. നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ പിറവിയാകട്ടെ, വര്‍ഗേതരമായ പൗരസമൂഹ രാഷ്ട്രീയത്തിന്റെ നടത്തിപ്പുസേന എന്ന നിലയിലുമാണ്.

ഇങ്ങനെ അന്യോന്യാശ്രിതമായി നില നില്‍ക്കുന്ന ഈ പദാവലിയില്‍ ഉള്‍പ്പെട്ട  പദങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന ആശയലോകങ്ങള്‍ക്കും ആഗോളവല്‍ക്കരണകാലത്തെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളോട് ജൈവബന്ധമുണ്ട്. സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ളഏതന്വേഷണവും ഈ പശ്ചാത്തലത്തിലേ നിര്‍വ്വഹിക്കാനാവൂ.
വ്യക്തിപരമായത് രാഷ്ട്രീയമാണ് (personal is political)എന്ന കാഴ്ച്ചപ്പാടിന് സമീപകാലത്താണ് വ്യാപകമായ അംഗീകാരം ലഭിച്ചത്. സാമൂഹികമായി രൂപപ്പടുന്നതാണ് വ്യക്തിത്വം എന്ന അര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ പറഞ്ഞുപോന്ന ഒരഭിപ്രായത്തിന് സാമാന്യബോധത്തിലും അക്കാദമികാന്തരീക്ഷത്തിലും ലഭിച്ച സ്വീകാര്യതയായിരുന്നില്ല അത്. ഇടതുപക്ഷാനുഭാവമുള്ള പൊതുബോധത്തെ കീഴ്‌പ്പെടുത്താനും നേരെ വിപരീതമായ ഒരാശയം ധ്വനിപ്പിക്കാനും ആ വാക്യത്തിനു കഴിഞ്ഞു. വ്യക്തിപരമായതാണ് അഥവാ വ്യക്തിപരതയാണ് രാഷ്ട്രീയം എന്ന ആധുനികോത്തര നിരീക്ഷണമാണത്.

വര്‍ഗ വിഭജിതമാണ് ലോകമെന്നും വര്‍ഗസമരത്തിലൂടെ വര്‍ഗങ്ങളും അസമത്വങ്ങളുമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കാമെന്നുമാണല്ലോ മാര്‍ക്‌സിസ്റ്റുകാര്‍ കരുതുന്നത്. സാമൂഹികാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തി അവനെത്തന്നെ തിരിച്ചറിയുകയും പൊതുസമൂഹത്തിന്റെ വിമോചനത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യണം. സ്വത്വരാഷ്ട്രീയമാകട്ടെ വ്യക്തിസ്വത്വത്തിലാണ് ഊന്നുന്നത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത സ്വത്വങ്ങളായിരിക്കും വ്യക്തികള്‍ക്കുണ്ടാവുക. മറ്റെല്ലാറ്റില്‍നിന്നും വ്യത്യസ്തമായി നിലനില്‍ക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വത്വ മുന്നേറ്റങ്ങളെല്ലാം രൂപപ്പെടുന്നത്. ജാതിഭേദങ്ങളുടെ, മതവിഭാഗങ്ങളുടെ, ലിംഗ പ്രവണതകളുടെ, പ്രാദേശികതകളുടെ,നിറഭേദങ്ങളുടെ അടിസ്ഥാനത്തിലെല്ലാം അടിച്ചമര്‍ത്തപ്പെടലിനു വിധേയരായവര്‍ വിമോചനത്തിനുവേണ്ടി ആ വിഭാഗങ്ങള്‍ക്കകത്തു സംഘടിതരാകുന്നു. വ്യക്തികള്‍ക്ക് ഏതു തരത്തിലുള്ള നിലനില്‍പ്പിനാണോ  ഏറ്റവുമേറെ ഭീഷണി നിലനില്‍ക്കുന്നത് ആ നിലയ്ക്കുള്ള സ്വത്വ പ്രശ്‌നം പ്രധാനമാവുക സ്വാഭാവികമാണ്. സാമൂഹികജീവിതത്തിന്റെ കേന്ദ്രപ്രശ്‌നമായി അവ അവതരിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഇത്തരം കൂട്ടായ്മകള്‍ മാര്‍ക്‌സിസ്റ്റുകാര്‍ മുന്നോട്ടുവെക്കുന്ന മനുഷ്യരുടെയാകെ യുള്ള വിമോചനം ലക്ഷ്യമാക്കുന്നില്ല. അതതു വിഭാഗങ്ങളുടെ വിമോചനമാണു പരമ പ്രധാനം. പങ്കാളികള്‍ക്ക് അഥവാ ഷെയറുള്ളവര്‍ക്കു മാത്രം വിമോചനം.

ഇത്തരം പോരാട്ടങ്ങള്‍ക്കകത്ത് ഒരു ഘട്ടത്തില്‍ ഒന്നിച്ചു നിന്നവര്‍ മറ്റൊരിക്കല്‍ ഭിന്ന ചേരികളിലാകും.കൂട്ടായ്മകള്‍ക്കകത്തും ആന്തരിക സംഘര്‍ഷം രൂക്ഷമാകാം. കറുത്തവര്‍ നടത്തുന്ന സമരത്തിനകത്ത് കറുത്ത സ്ത്രീകളുടെ സ്വത്വവും അവര്‍ക്കകത്ത് ലെസ്ബിയന്‍ സ്വത്വവും അന്യോന്യ സംഘര്‍ഷം രൂക്ഷമാക്കുന്നു. മത സ്വത്വങ്ങള്‍ക്കകത്തും ഉപസ്വത്വങ്ങള്‍ ഇങ്ങനെ ഏറ്റുമുട്ടുന്നു. മനുഷ്യ സമുദായത്തിനകത്ത് ഇത്തരം വ്യാവഹാരിക വലയങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അധികാരകേന്ദ്രം അക്രമിക്കപ്പെടുന്നില്ല. അസമത്വങ്ങള്‍ക്കെതിരായി രൂപം കൊണ്ട സൂക്ഷ്മ സാമൂഹികപ്രസ്ഥാനങ്ങള്‍ അസമത്വങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മൂലധനാധികാര ശക്തിയെയും ഭരണകൂടത്തെയും വെറുതെ വിടുന്നു. മാര്‍ക്‌സിസം കാണുന്നതുപോലെ ഭരണകൂടത്തിനു വര്‍ഗ താല്‍പ്പര്യമുണ്ടെന്നോ ഭരണകൂടത്തെ മാറ്റിക്കൊണ്ടേ വിമോചനം സാദ്ധ്യമാകൂ എന്നോ സ്വത്വവാദികള്‍ കരുതുന്നില്ല.

തീവ്രമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമായ വിഭാഗങ്ങള്‍, തങ്ങളനുഭവിക്കുന്ന പീഡനങ്ങള്‍ക്കും ക്രൂരമായ ഒറ്റപ്പെടലുകള്‍ക്കും പരിഹാരം തേടുകയാണ്. രണ്ടാം ലോകയുദ്ധാനന്തരം എല്ലാ ജനവിഭാഗങ്ങളിലും ജീവല്‍പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൊതുപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടിരുന്നു. ഇരുപതാം ശതകത്തിന്റെ അവസാന ദശകമായപ്പോഴേക്കും സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കുണ്ടായ പരാജയവും ഊഹമൂലധനത്തിന്റെ കടന്നുകയറ്റവും  ഇത്തരം മുന്നേറ്റങ്ങളെ ശിഥിലമാക്കി. പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുംവിധം  ലോകമെങ്ങും നവസാമൂഹിക പ്രസ്ഥാനങ്ങള്‍ വിന്യസിക്കപ്പെട്ടു. സൂക്ഷ്മപ്രശ്‌നങ്ങള്‍ക്ക് സൂക്ഷ്മസംഘടനകള്‍ എന്ന പ്രകാരം മുന്നേറ്റങ്ങളും പോരാട്ടങ്ങളും ചെറുതു ചെറുതായിത്തീര്‍ന്നു. സാമ്രാജ്യത്വത്തിനു ബദലായി മറ്റൊരു ബൃഹദ്രൂപവും പാടില്ല എന്ന നിശ്ചയമാണ് അടിച്ചേല്‍പ്പിക്കപ്പെട്ടത്. പൊരുതിജീവിച്ച പീഡിത വിഭാഗങ്ങള്‍ക്ക് പൊതുപ്രസ്ഥാനമെന്ന രക്ഷയും പ്രതീക്ഷയുമാണ് നഷ്ടമായത്. ഈ അനിശ്ചിതത്വത്തിനിടയിലാണ് സ്വത്വരാഷ്ട്രീയ ദര്‍ശനം ഇവരെയും ഇവരുടെ ക്ഷോഭങ്ങളെയും ചെറുകള്ളികളില്‍ തളച്ചിട്ടത്.

ഓരോ ജാതി/മത വിഭാഗവും അതതു സ്വത്വവിഭാഗങ്ങളായി എക്കാലവും നിലനില്‍ക്കണോ അതോ മറ്റു വിഭാഗങ്ങള്‍ക്കു മേല്‍ അതിന് ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടോ അതുമല്ലെങ്കില്‍ മതേതരവും സമത്വപൂര്‍ണ്ണവുമായ ഒരു പൊതു സ്വത്വത്തിലേക്കു മാറിത്തീരണമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാനാണ് സ്വത്വവാദികള്‍ തയ്യാറാകേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്നു.

പലവിധം സ്വത്വസംഘര്‍ഷങ്ങളനുഭവിക്കുന്ന ജനവിഭാഗങ്ങളെ അതേ സമരോത്സുകതയോടെ ഭരണവ്യവസ്ഥയ്‌ക്കെതിരെയുള്ള പൊതുസമരത്തില്‍ അണിനിരത്തുകയാണ് മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യുന്നത്. ഏതെങ്കിലും വിധത്തിലുള്ള അടിച്ചമര്‍ത്തലിനെ അവഗണിച്ചുകൊണ്ടല്ല, അവിടങ്ങളിലാകെ കൂട്ടായ്മകളെയും സമരങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടാണ് അസമത്വങ്ങള്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കേന്ദ്രശക്തിക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമാകാന്‍ മുഴുവന്‍ ജനങ്ങളെയും കമ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധിക്കുന്നത്. പുലയ മഹാസഭ പോലെയുള്ള സംഘടനകള്‍ സമുദായ സംഘടനകളാണെന്നും അക്കാരണത്താല്‍ പിന്തിരിപ്പന്‍ സംഘടനകളാണെന്നുമുള്ള വാദമുഖങ്ങളെ തള്ളിക്കൊണ്ട് 1946 മാര്‍ച്ച് 8ന് ഇ എം എസ് ദേശാഭിമാനിയില്‍ എഴുതി: തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഈ സമുദായങ്ങളുടെ സ്വാതന്ത്ര്യസമരത്തെക്കൂടി ഉള്‍ക്കൊള്ളിക്കാത്ത ഒരു പ്രസ്ഥാനവും ഇന്നാട്ടില്‍ ജയിക്കാന്‍ പോകുന്നില്ല. പട്ടികജാതിക്കാരുടെ രക്ഷ നാട്ടുകാരുടെ രക്ഷയില്‍നിന്നു വേറെയല്ല എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

  ചൂഷകരോ ചൂഷിതരോ അല്ലാത്ത മനുഷ്യരെ വാര്‍ത്തെടുക്കാനുള്ള നവോത്ഥാനാഭിനിവേശം ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ പ്രബലമായിരുന്നു. ഭൂസമരങ്ങളിലും മറ്റവകാശപ്പോരാട്ടങ്ങളിലും പ്രാന്തവല്‍ക്കൃത ജനവിഭാഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടുപോന്നു. ഭരണനേതൃത്വം കയ്യാളുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പതുക്കെപ്പതുക്കെ ഈ പാരമ്പര്യം കയ്യൊഴിഞ്ഞു. ചെങ്ങറ സമരത്തിന്റെ മുദ്രാവാക്യം സി പി എം കാണാതെപോയത് അങ്ങനെയാണ്. അധസ്ഥിത വിഭാഗങ്ങള്‍ കര്‍ഷകത്തൊഴിലാളികളേ ആകേണ്ടതുള്ളു കര്‍ഷകരാവേണ്ട എന്നാണ് പുതിയ ജന്മിത്വത്തിന്റെ തീരുമാനം. സ്വത്വ വിഭാഗങ്ങള്‍ക്കകത്ത് എല്ലാ പരിമിതികളോടെയും പൊട്ടിത്തെറിക്കുന്നത് വര്‍ഗ പ്രശ്‌നമാണ്. ഇതേറ്റെടുക്കാന്‍ ഒരു വര്‍ഗസംഘടനയും വന്നില്ല. കൃഷി ചെയ്യുന്നവനാണ് കര്‍ഷകന്‍ എന്നതിനാല്‍ കര്‍ഷകത്തൊഴിലാളിക്കാണു കൃഷിഭൂമിയില്‍ അവകാശം നല്‍കേണ്ടതെന്നു പഠിപ്പിക്കാന്‍ അവര്‍ തയ്യാറല്ല. പകരം സ്വത്വരാഷ്ട്രീയക്കാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട്  ദളിതരുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും കൂട്ടായ്മകളൊരുക്കുകയാണ് സി പി എം.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വര്‍ഗപ്രശ്‌നം പുകഞ്ഞു നില്‍ക്കുന്നത് അതിന് വിപുലമായ രാഷ്ട്രീയമാനം നല്‍കാനാവാത്ത സ്വത്വ വിഭാഗങ്ങള്‍ക്കകത്താണ്. വിപുലമായ പോരാട്ടം നടത്തേണ്ട രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, സ്വത്വ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരുമാകുന്നു. രണ്ടു കൂട്ടര്‍ക്കും പ്രശ്‌ന പരിഹാരത്തിനു സാധിക്കുന്നില്ലെന്നു മാത്രമല്ല നവ മുതലാളിത്തത്തിനു അനുകൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

സി പി എമ്മിന്റെ നേതൃത്വം പോസ്റ്റ് മാര്‍ക്‌സിസ്റ്റുകളുടെ കൈകളിലെത്തിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്‌സിസത്തെ പരിഷ്‌ക്കരിക്കാനാണ് ഇക്കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നാലാംലോകമായും സ്വത്വരാഷ്ട്രീയമായും മൂലധനസേവയായും അത് അരങ്ങു തകര്‍ക്കുകയാണ്. സാംസ്‌ക്കാരിക സിദ്ധാന്തങ്ങളിലുണ്ടായ പുതിയ വികാസത്തിന് അനുഗുണമായി മാര്‍ക്‌സിസത്തെ പുതുക്കണമെന്ന് പോസ്റ്റ് മാര്‍ക്‌സിസത്തിന്റെ ആചാര്യന്‍മാരായ ഏണസ്‌റ്റോ ലക്ലോ, ചന്തേല്‍ മൂഫേ എന്നിവര്‍ നല്‍കിയ നിര്‍ദ്ദേശമാണ് ഇവിടെയും നടപ്പാക്കുന്നത്. ഇരകളുടെ മാനിഫെസ്റ്റോ എന്ന പ്രയോഗംതന്നെ പരിഷ്‌ക്കരണ മുദ്രാവാക്യമാണ്. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ഐക്യം ഉദ്‌ഘോഷിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മാര്‍ക്‌സിസ്റ്റ് പദാവലികളിലെങ്ങുമില്ലാത്തതും എന്നാല്‍ സ്വത്വരാഷ്ട്രീയത്തിന്റെ കേന്ദ്രപദവുമായ ഇരകള്‍ എന്ന സംജ്ഞകൊണ്ടാണ് ഇക്കൂട്ടര്‍  മറിച്ചിട്ടിരിക്കുന്നത്. ഇരകള്‍ എന്ന പദത്തെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ മൃദുഹിന്ദുത്വ വാദി എന്നാക്ഷേപിക്കപ്പെടും എന്ന അവസ്ഥപോലുമുണ്ടായി. ഇതിന്റെ മറവില്‍ കമ്യൂണിസത്തെപ്പോലും ഇടതുപക്ഷ ഹിന്ദുത്വത്തിന്റെയും ഇടതുപക്ഷ ഇസ്ലാമികതയുടെയും പക്ഷത്തുനിന്ന് വ്യാഖ്യാനിക്കുകയുമുണ്ടായി.

സോവിയറ്റ് തകര്‍ച്ചക്കുശേഷം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലല്ല സാമ്രാജ്യത്വവും   ഇസ്ലാമും തമ്മിലാണ് മുഖ്യ വൈരുദ്ധ്യമെന്ന് സാമുവല്‍ ഹണ്ടിംഗ്ടനെപ്പോലുള്ളവര്‍ നടത്തിയ പ്രചാരണത്തിലേക്ക് കേരളത്തിലെ സി പി എം ബുദ്ധിജീവികളാണ് വഴുതി വീണത്.  ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് മതേതരമാകണമെന്ന അടിസ്ഥാന തത്വം പോലും അവര്‍ കയ്യൊഴിഞ്ഞു. ഇന്ത്യയില്‍ ഹിന്ദു ഭൂരിപക്ഷവും വരേണ്യപൊതുബോധവും ഹിന്ദുഫാസിസത്തെ അധികാരത്തിലെത്തിക്കുമെന്നും ഇസ്ലാമിന് ഈ രണ്ടു സാദ്ധ്യതകളുമില്ലെന്നായിരുന്നു അവരുടെ യുക്തി. ഭൂരിപക്ഷ – ന്യൂനപക്ഷ തീവ്രവാദങ്ങളോട് ഒരേപോലെ സമരം പ്രഖ്യാപിച്ചിരുന്ന സി.പി.എം കേരളത്തില്‍ ആ നിലപാടു കയ്യൊഴിഞ്ഞ് ഇവര്‍ക്കൊപ്പം ചേര്‍ന്നു. അധികാരത്തിലേക്ക് ജനാധിപത്യേതര മാര്‍ഗങ്ങളുണ്ടെന്നും അതാണ് ലക്ഷ്യമെന്നും കരുതുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെപ്പറ്റി ഒന്നുകില്‍ ഇവര്‍ അജ്ഞരാണ് അല്ലെങ്കില്‍ ഇവര്‍ കൂട്ടുകക്ഷികളാണ് എന്നേ കരുതാനാവൂ.

കേരളത്തില്‍ മത വര്‍ഗീയതയും ജാതിരാഷ്ട്രീയവും ഇടതുപക്ഷത്തിനും സര്‍ക്കാറിനുമെതിരെ ഒന്നിക്കുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ ആശങ്കപ്പെടുന്നു. ഇടതുപക്ഷത്തിനെതിരാകുമ്പോള്‍ മാത്രമാണോ അതപകടകരമാകുന്നത്? സമീപഭൂതകാലത്തെ കഥയെന്താണ്? തീവ്രവാദ പശ്ചാത്തലമുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതില്‍ ഇടതു വലതു ഭേദമൊന്നും കേരളത്തിലുണ്ടായിരുന്നില്ല. ഇരകളുടെ മാനിഫെസ്റ്റോ വിരിച്ച തണലിലല്ലേ മതതീവ്രവാദം കേരളത്തില്‍ ശക്തിപ്പെട്ടത്? ഇക്കൂട്ടര്‍ക്കെല്ലാം മാന്യത പതിച്ചു നല്‍കിയതില്‍ സി പി എമ്മിന്റെ പങ്കു ചെറുതാണോ?

നാലാംലോകവും അതിന്റെ കൂടപ്പിറപ്പായ സ്വത്വരാഷ്ട്രീയവും സി പി എമ്മിന്റെ അടിത്തറയെത്തന്നെ കുലുക്കിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് പി കെ പോക്കര്‍ക്കെതിരെ ഒരു സൗഹൃദ വിമര്‍ശനവുമായി പാര്‍ട്ടി രംഗത്തെത്തിയിട്ടുള്ളത്. സയാമീസ് ഇരട്ടകളെപ്പോലെ പിറന്നുവീണ പരിഷ്‌ക്കരണവാദ(നാലാംലോക)ത്തിനും സ്വത്വരാഷ്ട്രീയത്തിനും അന്യോന്യം വെട്ടിമാറ്റാനാവില്ലെന്ന് തീര്‍ച്ച. അപ്പോള്‍പിന്നെ ചിന്തയും ദേശാഭിമാനിയുമെല്ലാം നടത്തുന്ന വ്യാജയുദ്ധമോ? എണ്‍പതുകളിലെ ഒരു രാഷ്ട്രീയ വിജയം ആവര്‍ത്തിക്കാനാണ് പരിശ്രമം. എണ്‍പതുകളിലെ ശരിഅത്ത് ചര്‍ച്ചകളെപ്പോലെ ഒരു ഒരുക്കം. പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കാനും തത്വാധിഷ്ഠിത മതേതര മുഖപടമിടാനും പുതിയ കൗശലമന്വേഷിക്കുകയാണ് സി പി എം. കേരളത്തില്‍ ജമാ-അത്തെക്കെതിരായ പ്രചാരണവും ദില്ലിയില്‍ അവര്‍ക്കൊപ്പം പ്രകടനവും. നല്ല കാഴ്ച്ചതന്നെ.

ആഴത്തില്‍ നമ്മിലുള്ളത് മതേതര/ജനാധിപത്യ/വര്‍ഗ സ്വത്വബോധങ്ങളല്ലെന്നും മത/ജാതി/വംശ സ്വത്വബോധങ്ങളാണെന്നും അതിനനുസൃതമായ രീതിയില്‍ സാമൂഹിക രാഷ്ട്രീയ ഘടനകളെ പുതുക്കിപ്പണിയേണ്ടതുണ്ടെന്നും ഹണ്ടിംഗ്ടണ്‍ ഹൂ ആര്‍ വീ? എന്ന കൃതിയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതു പുറത്തുവന്ന കാലത്തുതന്നെയാണ് ഫിലിപ്പോ ഓസല്ലോയും കരോളിന്‍ ഓസല്ലോയും ആലപ്പുഴയിലെ ഈഴവ സ്വത്വബോധത്തെപ്പറ്റി പഠിക്കാനെത്തിയത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ അടിസ്ഥാന പ്രേരണ വര്‍ഗബോധമല്ലെന്നും ഈഴവസ്വത്വബോധമാണെന്നും അവര്‍ കണ്ടെത്തുകയും ചെയ്തു. അച്ചടിമഷി പുരളുംമുമ്പെ ഈ കൃതി വായിച്ച ഏക മലയാളി തോമസ് ഐസക്കാണെന്നതും യാദൃച്ഛികമാവില്ലല്ലോ.

തൊഴിലാളിവര്‍ഗവല്‍ക്കരിക്കേണ്ടതിനെപ്പറ്റി അല്‍ത്തൂസറും ദത്തുപുത്രനായേയുള്ളു താനെന്നു ഇ എം എസും എഴുതിവെക്കുമ്പോള്‍ ലക്ഷ്യമാക്കിയിരുന്ന വിപ്ലവകരമായ വര്‍ഗവല്‍ക്കരണപ്രക്രിയ പില്‍ക്കാല കമ്യൂണിസ്റ്റുകള്‍ പാടേ ഉപേക്ഷിച്ചിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമരപ്രസ്ഥാനമായി തുടര്‍ന്നിരുന്നുവെങ്കില്‍ കീഴാള ജനവിഭാഗങ്ങള്‍ ഒന്നടങ്കം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പമുണ്ടാകുമായിരുന്നു. ആ അഭാവമാണ് കേരളത്തില്‍ സ്വത്വരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കിയത്.  സമരങ്ങളില്‍നിന്ന് ആ പാര്‍ട്ടിയെ അകറ്റിയതാകട്ടെ, നവ മുതലാളിത്തത്തോട് കൂടിക്കൂടി വരുന്ന ആശ്രിതത്വവും.  സ്വത്വരാഷ്ട്രീയത്തിനെതിരെ എന്തു പറയുന്നു എന്നതല്ല നവമുതലാളിത്തത്തെയും അതിന്റെ അധിനിവേശ അജണ്ടകളെയും തള്ളിക്കളയുമോ എന്നതാണ് സി പി എമ്മിന്റെ ഭാവി നിര്‍ണ്ണയിക്കുക.

ആസാദ്

മാതൃഭൂമി ദിനപത്രം

5 മെയ് 2010

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )