Article POLITICS

സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍?

      സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ചോദ്യം മുപ്പതുകളിലാണ് ലോകമെങ്ങും മുഴങ്ങിയത്. സമാധാനത്തിന്റെ പക്ഷത്തോ യുദ്ധത്തിന്റെ പക്ഷത്തോ എന്നായിരുന്നു അന്നത്തെ ചോദ്യം. എഴുത്തുകാരും ബുദ്ധിജീവികളും പാരീസില്‍  ഒത്തുചേരുകയും യുദ്ധത്തിനും എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരായ പ്രസ്ഥാനത്തിനു രൂപം നല്‍കുകയും ചെയ്തിട്ട് എഴുപത്തഞ്ചു വര്‍ഷമാകുകയായി. സ്‌പെയിനിലെ ആഭ്യന്തര യുദ്ധത്തില്‍ ജനപക്ഷത്ത് അണിനിരന്നും ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് വളര്‍ത്തിയെടുത്തും ആരംഭിച്ച പ്രസ്ഥാനം എല്ലാ രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു.

നമ്മെ സംബന്ധിച്ചിടത്തോളം നവോത്ഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഭാഗമായി രൂപപ്പെട്ട ഒരു നവലോക സ്വപ്നത്തെ അതു കരുത്തുറ്റതാക്കി. കലയെയും സാഹിത്യത്തെയും ജനകീയമാക്കുകയും രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കുകയും ചെയ്യാന്‍ പര്യാപ്തമായിരുന്നു ആ മുന്നേറ്റം. യുക്തിചിന്തയ്ക്കും സ്വതന്ത്ര ചിന്താ പാരമ്പര്യത്തിനും അത് ഊര്‍ജ്ജമേകി. ചൂഷണത്തിന്റെയും സങ്കുചിതത്വത്തിന്റെയും  താല്‍പ്പര്യങ്ങള്‍ക്കെതിരെ ഒരു ജനപക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തെ  പൊതുബോധത്തില്‍ സജീവമാക്കി നിലനിര്‍ത്തിയത് ഈ സാഹചര്യമാണ്.
ഇന്നു സ്ഥിതിയെല്ലാം മാറിയിരിക്കുന്നു. ഒന്നിനോടും പ്രതികരിക്കേണ്ടതില്ല എന്ന നിസ്സംഗത നിറഞ്ഞു തൂവുകയാണ്. തലസ്ഥാനത്തെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുമ്പോള്‍ അതു ലോകം മുഴുവനെത്തിക്കാനുള്ള തൊഴില്‍ പ്രതിബദ്ധതയാണല്ലോ ചാനലുകള്‍പോലും കാണിച്ചത്. രക്ഷിക്കാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് മുന്നില്‍ ഞാനുണ്ട് എന്നോ ഞങ്ങളുണ്ട് എന്നോ ആരും പറയുന്നില്ല. അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുംവിധം പാലക്കാട്ടെ ക്യാമ്പില്‍ നിയമപാലകര്‍ ഒരാളെ അറുംകൊല ചെയ്തതും ആരെയും ഞെട്ടിച്ചില്ല. ലോക്കപ്പ്മര്‍ദ്ദനവും കസ്റ്റഡിമരണവും പരിഷ്‌കൃതസമൂഹങ്ങള്‍ക്ക് അപമാനകരമാണെന്ന് വലിയ ഇടതുപക്ഷ പാര്‍ട്ടികള്‍ മറന്നിരിക്കുന്നു.

അക്രമവും കൊലയും അരുതാത്തതാണെന്ന് സമാധാനത്തിനു വേണ്ടി രൂപംകൊണ്ട പ്രസ്ഥാനവും കരുതുന്നില്ല. സ്വാതന്ത്ര്യത്തിനു പൊരുതി മരിച്ചവര്‍ ചുവപ്പിച്ച ഒഞ്ചിയത്ത് ഭ്രാതൃഹത്യ നടത്താന്‍ ചട്ടമ്പിമാരെയാണ് അവര്‍ അഴിച്ചുവിട്ടിരിക്കുന്നത്. വെട്ടുംകുത്തുമേറ്റ് ചികിത്സിക്കാന്‍ പണമില്ലാതെ മരണത്തോടു മല്ലടിക്കുന്നവര്‍ പത്രവാര്‍ത്തകളിലും നിറയുന്നില്ല. അക്രമികള്‍ക്കെതിരെ കേസുകള്‍ എടുക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്യുന്നില്ല. തങ്ങളുടെ അഭിപ്രായങ്ങളോടു വിയോജിക്കുന്നവരെ ,പാര്‍ട്ടി വിടുന്നവരെ വേട്ടയാടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

മനുഷ്യാവകാശലംഘനങ്ങളുടെ പേമാരിയിലാണ് കേരളം.  രണ്ടു വര്‍ഷം മുമ്പ് അധിനിവേശ പ്രതിരോധ സമിതി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത ബംഗാളി എഴുത്തുകാരി മഹശ്വേതാദേവി മൂലമ്പിള്ളി സന്ദര്‍ശിച്ച് സര്‍ക്കാറിന്റെ ദയാരഹിതമായ കുടിയിറക്കുനയ്വത്തെ വിമര്‍ശിച്ചപ്പോള്‍ അവര്‍ക്കെതിരെ അക്രമോത്സുകരാവുകയായിരുന്നു നമ്മുടെ സാംസ്‌ക്കാരികനായകര്‍. സര്‍ക്കാര്‍ പാക്കേജ് നല്‍കിയിട്ടുണ്ടെന്നായിരുന്നു അവരുടെ വാദം.  രണ്ടു വര്‍ഷം പിന്നിട്ടിട്ടും പാക്കേജ് കടലാസിലും വീടു നഷ്ടപ്പെട്ടവര്‍ തെരുവിലും കഴിയുകയാണ്. കുടിലുകളില്‍നിന്ന് പുറന്തള്ളിയവരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിഞ്ഞുനോക്കിയില്ല. ആദ്യമാദ്യം സമരമുഖത്ത് എത്തിനോക്കിയിരുന്ന സാംസ്‌ക്കാരിക നായകരും പതുക്കെ  പിന്‍വലിഞ്ഞു.അവര്‍ ഭരണകക്ഷിയോടു കൂറുള്ളവരായി. രാഷ്ട്രീയ നേതാക്കള്‍ക്കു കുട പിടിക്കുന്നവരായി.

ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭ ആദ്യം നടപ്പാക്കിയ ഉത്തരവുകളിലൊന്ന് കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ളതായിരുന്നു.ഇപ്പോഴത്തെ മന്ത്രിസഭ ഏറെ ഉത്സാഹം കാണിക്കുന്നത് കുടിയൊഴിപ്പിക്കാനാണ്. വീടുകളില്‍നിന്ന്, വയലുകളില്‍നിന്ന്, വ്യാപാരസ്ഥാപനങ്ങളില്‍നിന്ന്,ഇതര തൊഴിലിടങ്ങളില്‍നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വികസനമേ അവര്‍ക്കു പത്ഥ്യമാകുന്നുള്ളു. വല്ലാര്‍പാടത്ത്, വിഴിഞ്ഞത്ത്, വളന്തക്കാട്ട്, തൃശൂര്,വള്ളിക്കുന്ന്,രാമനാട്ടുകരയില്‍,കിനാലൂര്,കണ്ണൂര് എന്നിങ്ങനെ പ്രത്യേക സാമ്പത്തികക്കളരികള്‍ വ്യാപിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമവും നീര്‍ത്തട സംരക്ഷണ നിയമവും നഗ്നമായി ലംഘിച്ചുകൊണ്ടാണ് നൂറുകണക്കിനേക്കര്‍ ജലസമൃദ്ധമായ ഭൂമി മണ്ണിട്ടുനികത്തി വ്യാപാരമേഖലയാക്കാന്‍ സ്വകാര്യമുതലാളിമാര്‍ക്ക് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കുന്നത്. ഏറ്റെടുത്തു നല്‍കുന്നുവെന്നല്ല പിടിച്ചുപറിച്ചു നല്‍കുന്നു എന്നാണ് പറയേണ്ടത്.സെന്റിന് നാലുലക്ഷം രൂപ വരെയായിരുന്നു രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിന് നേതാക്കന്മാര്‍ നല്‍കിയിരുന്ന ഓഫര്‍. ഇപ്പോഴാകട്ടെ ഒമ്പതിനായിരം രൂപ മുതല്‍ ഇരുപത്തിമൂവായിരം രൂപയാണ് വെച്ചു നീട്ടുന്നതത്രെ.

ദീര്‍ഘകാലത്തേക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വന്‍മുതലാളിമാര്‍ക്ക് കൈമാറാന്‍ സന്നദ്ധമാകുന്ന സര്‍ക്കാറിന് മുതലാളിമാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ ഭൂമി കിട്ടണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. എന്നാല്‍ തലമുറകളായി മണ്ണില്‍ അര്‍ഹതപ്പെട്ട അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ധ്വാനിച്ചുപോരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ അവകാശം അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. അവര്‍ എവിടെയെങ്കിലും എങ്ങനെയെങ്കിലും കഴിയട്ടെ എന്നാണ് ഭാവം.  ഇരുന്നൂറോ മുന്നൂറോ ഏക്കര്‍ മുതലാളിമാരെ സഹായിക്കാന്‍ ഏറ്റെടുത്തു നല്‍കുമ്പോള്‍ ഒരഞ്ചോ പത്തോ ഏക്കര്‍ കൂടിയെടുത്ത് നിര്‍ബന്ധിതസാഹചര്യത്തില്‍ വീടു നഷ്ടപ്പെടുന്നവരെ താമസിപ്പിക്കാന്‍ എന്താണ് തടസ്സമെന്ന് സര്‍ക്കാറാണ് പറയേണ്ടത്. പകരം വീടോ മാര്‍ക്കറ്റു വിലയോകൊണ്ടുപോലും നികത്താവുന്നതല്ല ആവാസപരിസര നഷ്ടമെങ്കിലും നാടിന്റെ പുരോഗതിയെക്കരുതി മാറുമ്പോള്‍ അത്ര നല്‍കാന്‍പോലും സര്‍ക്കാര്‍ മടിക്കുന്നതിന്റെ പൊരുളെന്താണ്? പാവങ്ങളുടെ ജീവിതമാണ് ഏറ്റവും വലിയ ദേശീയ വികസനമെന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഗാന്ധിജിയും ഇ എം എസ്സും എ കെ ജിയുമൊക്കെ പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ദേശീയപാതാ വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പാലിക്കാന്‍ ചില പൊതു മാനദണ്ഡങ്ങളുണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു ജാഗ്രതയും ഇന്നു സര്‍ക്കാറിനോ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. നാലു പതിറ്റാണ്ടു മുമ്പ് ഒരു പൊതു മാനദണ്ഡത്തിന്റെ ആവശ്യകതയെപ്പറ്റിയാണ് എ കെ ജിയും ഫാദര്‍ വടക്കനും അമരാവതിയില്‍ പറഞ്ഞത്. കാലമൊക്കെ മാറിയിരിക്കുന്നുവെന്നും ഇനി കൂലിവേലക്കാരന്റെ കാര്യത്തിലല്ല മൂലധന നിക്ഷേപകരുടെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത് എന്നുമായിരിക്കുന്നു കമ്യൂണിസ്റ്റുകാരുടെ നയം. കണ്ണൂരില്‍ ഫാന്റസിപാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്. കോഴിക്കോട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍.എല്ലായിടത്തും സഹകരണ കോളേജുകള്‍, ആശുപത്രികള്‍. ഡവലപ്‌മെന്റ് മിഷ്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍. പത്രം. ചാനല്‍. കെട്ടിടസമുച്ചയങ്ങള്‍.

ദേശീയപാതയുടെ കാര്യത്തില്‍ കേരളത്തിനു യോജിച്ച പുരോഗതിക്കുള്ള നിര്‍ദ്ദേശങ്ങളാണ് രൂപപ്പെടുത്തേണ്ടതെന്നും ജനപക്ഷത്തുനിന്നുള്ള സമീപനം സ്വീകരിക്കണമെന്നും  പൊതു പാതവില്‍ക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ മുന്നേറ്റത്തെ അഭിസംബോധന ചെയ്യാന്‍ മുഖ്യധാരാ പാര്‍ട്ടികളില്‍ ഒരു വീരേന്ദ്രകുമാറും ഒരു കുട്ടി അഹമ്മദു കുട്ടിയും ഒരു വി.എം സുധീരനുമേ എത്തിയുള്ളു എന്നത് വലിയൊരു വിപത്തിന്റെകൂടി സൂചനയാണ്. മുസ്ലിംലീഗും ജനതാദളും സമരത്തെ പിന്തുണച്ചപ്പോഴും അവരുള്‍പ്പെട്ട മുന്നണി മൗനത്തിലായിരുന്നു. സി.പി.എമ്മാകട്ടെ, പാര്‍ട്ടി പത്രത്തിലൂടെ സമരത്തെ പുഛിച്ചു തള്ളി. ഏറ്റവുമവസാനം ജനകീയ സമരത്തിനു മുന്നില്‍ ഇവരൊക്കെ മുട്ടു മടക്കുകയും ചെയ്തു. ജനകീയ സമരങ്ങളിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടികള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് ഒരിക്കല്‍കൂടി വ്യക്തമായത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ അവരുടെ മാത്രം കാര്യമാണെന്നും അവരുടെ രക്ഷയ്ക്ക് പുതിയ മുന്നേറ്റങ്ങള്‍ രൂപംകൊള്ളേണ്ടതുണ്ടെന്നും നിലവിലുള്ള മുന്നണികള്‍ ജനങ്ങളെ പഠിപ്പിക്കുന്നു.

കുടിലവകാശത്തിനും കൃഷിഭൂമിക്കും കുടിവെള്ളത്തിനും തൊഴിലിനും തൊഴിലുറപ്പിനും വേതനവര്‍ദ്ധനവിനും കാര്‍ഷികാവകാശങ്ങള്‍ക്കും മുതല്‍ നഗരങ്ങളിലെ അസംഘടിത സ്ത്രീതൊഴിലാളികളുടെ ടോയ്‌ലറ്റ് സൗകര്യത്തിനുവരെ കേരളത്തില്‍ സമരങ്ങള്‍ നടക്കുന്നു. കേരളമാകെ മാറി,വിശപ്പു തീര്‍ന്ന മധ്യവര്‍ഗാലസ്യത്തില്‍ മയങ്ങുകയാണ് എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ അപ്പോഴും മേല്‍ക്കൈ നേടുന്നുണ്ട്. ഉണ്ടിരിക്കുമ്പോള്‍ മദ്യമാകാം വിനോദമാകാം എന്നൊക്കെയാണ് സാംസ്‌ക്കാരിക-രാഷ്ട്രീയ നായകര്‍ ഇപ്പോള്‍ പറയുന്നത്. മൂന്നു പതിറ്റാണ്ടുമുമ്പ് രണ്ടു തേങ്ങ മതിയായിരുന്നു പട്ടണത്തില്‍ പോയി സിനിമകണ്ടു ചായകുടിച്ചു മടങ്ങാന്‍. ഇപ്പോള്‍ ഇരുന്നൂറു തേങ്ങകൊണ്ടും അതു സാദ്ധ്യമല്ലെന്നു ജനങ്ങള്‍ക്കറിയാം. കേരം തിങ്ങും കേരളനാടിന്റെ സാംസ്‌ക്കാരിക-രാഷ്ട്രീയ ഭൂപടം ഇതിലും വ്യക്തമായി വരക്കുന്നതെങ്ങനെ?

എഴുത്തുകാര്‍ ഏതു ചേരിയില്‍ എന്ന് ഉത്ക്കണ്ഠപ്പെട്ടിരുന്ന രാഷ്ട്രീയ നേതൃത്വമാണ് മുമ്പുണ്ടായിരുന്നത്. പാവങ്ങള്‍തന്‍ പ്രാണമരുത്തുവേണം പാപപ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ എന്നു വള്ളത്തോള്‍തന്നെ ചേരി വ്യക്തമാക്കിയത് അന്നത്തെ രാഷ്ട്രീയത്തെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴത്തെ എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌ക്കാരികനായകരും രാഷ്ട്രീയനേതൃത്വത്തെ ഭയപ്പെടുന്നവരായി മാറിയിരിക്കുന്നു.ജനങ്ങളും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള അകല്‍ച്ചയും വൈരുദ്ധ്യവും വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ അധികാര ദാസ്യത്തിലേക്കും ചിലര്‍ മൗനത്തിലേക്കുമൊക്കെ വഴുതുക സ്വാഭാവികമാണ്. നട്ടെല്ലുള്ള സ്വതന്ത്രചിന്തയുടെ അസ്തമനമാണ് നാം കാണുന്നത്.

സ്വതന്ത്ര ചിന്തയുടെ നിഴലിനെയോ ഓര്‍മ്മയെയോപോലും വഴിതെറ്റിയ രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നു.ജനകീയാസൂത്രണത്തില്‍ ഒളിച്ചുകടത്തിയതെന്തെന്ന് എം.എന്‍ വിജയന്‍ തുറന്നുകാട്ടിയപ്പോള്‍ കോടതിയെ ശരണം പ്രാപിച്ചവര്‍ അവിടെനിന്നു കിട്ടിയ ആഘാതം താങ്ങാനാവാതെ മൂന്നു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. കോടതിവിധി പ്രകാരം തോമസ് ഐസക്ക് മുതല്‍പ്പേര്‍ നിയമനടപടിക്കു വിധേയമാകേണ്ടതുണ്ടെന്നും അതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പത്രസമ്മേളനത്തില്‍തന്നെ എം എന്‍ വിജയന്‍ വിടവാങ്ങിയത്. എന്നാല്‍ ഇതു കേട്ട നടുക്കത്തില്‍ അപ്പീല്‍പോകും എന്ന മുറവിളിമാത്രമാണുണ്ടായത്.ആരും അപ്പീല്‍ പോയില്ല. ഫ്രാങ്കിയോ ഐസക്കോ കുറ്റവിമുക്തരായില്ല.മൂന്നു വര്‍ഷത്തിനു ശേഷം മലയാളിയുടെ ഓര്‍മ്മയെ പരിഹസിച്ചുകൊണ്ട് സ്വതന്ത്രചിന്തയെ കൊഞ്ഞനം കുത്തുന്നു ഐസക്ക്. അതാണല്ലോ ചോദ്യങ്ങള്‍ക്ക് ഒരുത്തരവുമില്ലാതെ വീരവാദപുസ്തകം ഫ്രാങ്കിക്കു സമര്‍പ്പിച്ചിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിലെ ഒരു പ്രതിയെ കോടതി കുറ്റവിമുക്തമാക്കുന്നതിനു മുമ്പ് അംഗീകരിച്ചാദരിക്കാന്‍ കണ്ടല്‍ക്കാടുകളുടെ ശ്മശാനത്തില്‍ ഒത്തുചേര്‍ന്നവരില്‍ കലാ സാഹിത്യനായകരുംബുദ്ധിജീവികളുമുണ്ടായിരുന്നു. സ്വതന്ത്രചിന്തയുടെ പാരമ്പര്യം എവിടെയാണ് അടിയറവെക്കുന്നതെന്നു വ്യക്തം .തങ്ങള്‍ എഴുതിയതിന്റെ വലിപ്പംപോലും അറിയാതെ അതിനുതന്നെ മാനക്കേടുണ്ടാക്കുന്ന അധോമുഖവാമനരുടെ നിര നീളുകയാണ്. സമരങ്ങളിലൂടെ വളര്‍ന്ന ബുദ്ധിജീവികള്‍പോലും ഇപ്പോള്‍ സമരങ്ങളിലേക്കല്ല സല്‍ക്കാരങ്ങളിലേക്കാണ് തിരിയുന്നത്. സമസ്തമേഖലകളിലും ജനങ്ങള്‍ക്കെതിരായ അക്രമം അരങ്ങേറുമ്പോള്‍ മുപ്പതുകളിലെ പഴയ ചോദ്യം തീര്‍ച്ചയായും മുഴങ്ങുന്നുണ്ട്.

ആസാദ്

28 ഏപ്രില്‍ 2010

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )