Article POLITICS

റിവിഷനിസത്തിനെതിരായ സമരത്തിന്റെ അമരക്കാരന്‍

              ഇ എം എസ് കടന്നുപോയതിനു പിറകേയാണ് വിജയന്‍മാഷ് തലശ്ശേരിയില്‍ നിന്ന് ഇറങ്ങിയത്. കൊടുങ്ങല്ലൂരിലേക്കായിരുന്നു യാത്ര. അതൊരു തിരിച്ചുപോക്കായിരുന്നുവെന്ന് ചിലരൊക്കെ എഴുതിയിട്ടുണ്ട്. വേരുകള്‍ തടസ്സങ്ങളായിക്കരുതിയ കുതിപ്പുകള്‍ക്കു കുറുകെത്തന്നെയാണ് അദ്ദേഹം നടന്നത്. അതിനാലാവണം അദ്ദേഹത്തെ ചൂണ്ടി അതാ ഒരു യാഥാസ്ഥിതികന്‍ എന്നു മുറുമുറപ്പുണ്ടായി. അസമയത്ത്, സ്തംഭിച്ചുപോയ നെയ്ത്തുശാലയില്‍ ഊടും പാവുമായി കിടന്ന ചരിത്രത്തെ വിട്ടിറങ്ങിയ നെയ്ത്തുകാരനെ തേടി ഒരു യാത്ര വിജയന്‍മാസ്റ്റര്‍ക്ക് അനിവാര്യമായിരുന്നിരിക്കണം. ഇ എം എസ് എന്ന നെയ്ത്തുകാരന്റെ ഇറങ്ങിപ്പോക്കിലും ഉണ്ടായിരുന്നില്ലേ രാജിയാകാന്‍ വയ്യാത്ത രാജി എന്ന ഒരു പ്രവര്‍ത്തനം? എന്തേ ചില അസ്വസ്ഥതകള്‍? ഇ എം എസ് പറയാതെവിട്ടത് പറയണമായിരുന്നു. പൂര്‍ത്തീകരിക്കാതെ നിര്‍ത്തിയത് തുടരണമായിരുന്നു. ആ ഇച്ഛയുടെ ചെരിവുകളിലൂടെയല്ലേ പ്രിയനന്ദനും ശശിമാഷും ഭരത് മുരളിയും ഒരു ഇഴയിടച്ചിലിന്റെ പരിഛേദം പകര്‍ത്താന്‍ ശ്രമിച്ചത്?

മുമ്പും അശാന്തമായ കടന്നുപോകലുകള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ കാലടികള്‍ നോക്കി നടന്നെത്തിയ ചിലരെങ്കിലും ആ അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നും നമുക്കു കൊടിമരങ്ങള്‍ കാവലാകുന്നത്. ചുവന്ന പ്രതീക്ഷകള്‍ ബാക്കിനില്‍ക്കുന്നത്. 1883 ല്‍ കടന്നുപോകുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍ കാറല്‍മാര്‍ക്‌സ്, ‘ചീഞ്ഞുനാറുന്ന എന്തോ ഒന്നു നമ്മുടെ പാര്‍ട്ടിയില്‍ ഉണ്ടല്ലോ’ എന്ന് ഉത്ക്കണ്ഠപ്പെട്ടിരുന്നു. ‘അത് ബഹുജനങ്ങളിലല്ല, ഉപരിവര്‍ഗസുഖം അനുഭവിക്കുന്ന നേതാക്കന്മാരിലും പ്രവര്‍ത്തകന്മാരിലുമാണ് കാണുന്നത് ‘ എന്നും അദ്ദേഹം നിരീക്ഷിച്ചു. ജര്‍മ്മന്‍ പാര്‍ട്ടിയില്‍ റിവിഷനിസം ശക്തിപ്പെട്ടുവരികയായിരുന്നു. മാര്‍ക്‌സിന്റെ വിയോഗത്തെക്കാള്‍  എംഗല്‍സിനെ തളര്‍ത്തിയത് അതായിരുന്നു. അദ്ദേഹം ഒരു കത്തില്‍ ഇങ്ങനെ എഴുതി:

” ഈ സമ്പ്രദായം തുടര്‍ന്നാല്‍ പാര്‍ട്ടിക്കു നേരിടേണ്ടിവരുന്ന നിര്‍ണായകമായ പ്രഥമസന്ദര്‍ഭത്തില്‍ അതു നിസ്സഹായമായിത്തീരുമെന്നല്ലാതെ മറ്റെന്തായിരിക്കും ഇതിന്റെ ഫലം? ഈ വക പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കലും ചര്‍ച്ച ചെയ്യാത്തതുകൊണ്ട് നിര്‍ണായകമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പവും ഭിന്നിപ്പും ഉയര്‍ന്നുവരുമെന്നതായിരിക്കില്ലേ ഇതിന്റെ ഫലം? അന്നന്നത്തെ നൈമിഷിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മൗലികമായി പരിഗണിക്കേണ്ട മഹത്തായ കാര്യങ്ങള്‍ അവഗണിക്കുക; താത്ക്കാലിക വിജയങ്ങള്‍ക്കുവേണ്ടി ഇങ്ങനെ പരക്കം പായുക; അന്തിമപരിണാമങ്ങള്‍ കണക്കിലെടുക്കാതെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ഇങ്ങനെ ഓട്ടപ്പന്തയം നടത്തുക; വര്‍ത്തമാനകാലത്തിനുവേണ്ടി ഭാവിയിലെ പ്രസ്ഥാനത്തെ ബലികഴിക്കുക-ഇതെല്ലാം ഒരുപക്ഷെ, സത്യസന്ധമായ ഉദ്ദേശ്യങ്ങളോടുകൂടി ചെയ്യുന്നതാവാമെങ്കില്‍ക്കൂടി അവസരവാദമാണ്. മറ്റൊന്നുമാവുകയില്ല.”

1891 ല്‍ എംഗല്‍സ് കൗത്‌സിക്കയച്ച ഈ കത്ത് ജര്‍മന്‍ പാര്‍ട്ടിയുടെ പരിഷ്‌കരണവാദനേതൃത്വം പൂഴ്ത്തിവെച്ചു. റിവിഷനിസത്തിനുമേല്‍ റോസാലുക്‌സംബര്‍ഗിന്റെയൊക്കെ ശ്രമഫലമായുണ്ടായ വിജയത്തെത്തുടര്‍ന്നാണ് ഈ കുറിപ്പ് കണ്ടെടുക്കപ്പെട്ടത്.

അക്ഷരാര്‍ത്ഥത്തില്‍, ഇതേ ഉത്ക്കണ്ഠകളായിരിക്കില്ലേ വിജയന്‍മാഷില്‍ കുമിഞ്ഞുകൂടിയിട്ടുണ്ടാവുക? അദ്ധ്യാപകജോലി വിട്ടിറങ്ങുമ്പോള്‍ ഫാസിസത്തിനെതിരെയും നവമുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുമുള്ള മുഴുവന്‍ സമയപോരാട്ടമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഒന്നരപ്പതിറ്റാണ്ടോളം നീണ്ട ആ പോരാട്ടത്തിനൊടുവില്‍, നെയ്ത്തുതറികളുടെയും ദിനേശ് ബീഡിയിലകളുടെയും വിലാപം അദ്ദേഹം കേട്ടു. പുതിയ സാധനങ്ങളിലേയ്ക്കും സൗകര്യങ്ങളിലേക്കും മുതലാളിത്തവുമായും ഫിനാന്‍സ് മൂലധനവുമായുള്ള സന്ധികളിലേക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനം ആനയിക്കപ്പെടുന്നത് ഞെട്ടലോടെ കാണേണ്ടിവരും. പഴയകാല മാര്‍ക്‌സിസ്റ്റുകള്‍ പറഞ്ഞതാണെങ്കിലും ‘തൊഴിലാളിവര്‍ഗത്തിനിടയില്‍ മുതലാളിത്തം ചെലുത്തുന്ന രാഷ്ട്രീയവും ആശയപരവുമായ സ്വാധീനശക്തിയാണ് പരിഷ്‌കരണവാദമെന്നും മുതലാളിത്ത വ്യവസ്ഥയുമായി ഇണങ്ങിപ്പോകുന്ന രാഷ്ട്രീയമാണ് അവരുടെ രാഷ്ട്രീയമെന്നും’ വിജയന്‍മാഷ് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ”അക്കാദമിക് പ്രശ്‌നങ്ങളെക്കുറിച്ചല്ല മാര്‍ക്‌സ് ചര്‍ച്ചചെയ്തത്. ലോകത്തെ എങ്ങിനെ മാറ്റിത്തീര്‍ക്കാം എന്നതിനെക്കുറിച്ചായിരുന്നു. അതുകൊണ്ട് അതിനു കരുക്കള്‍ അന്വേഷിച്ചുകൊണ്ടാണ് നമ്മള്‍ ഭൂതകാലത്തിലേക്കു പോകുന്നത്. അതായത്, ചരിത്രം നാം പഠിക്കുന്നത് വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലും ഉപയോഗിക്കാനുള്ള ആയുധങ്ങളുടെ അന്വേഷണം എന്ന നിലയിലാണ്. അതല്ലാതെ വരുന്നതൊക്കെ ആരാധനയും ഒഴിഞ്ഞുമാറലുമായിട്ടേ തീരുകയുള്ളൂ.” എന്ന് വിജയന്‍മാഷ് തന്റെ യാത്രയുടെ പൊരുളിലേക്ക് വിരല്‍ചൂണ്ടുന്നു.

കൊടുങ്ങല്ലൂരില്‍ എത്തുമ്പോഴേക്കും മാഷ് മാനവീയമെന്ന നവഉദാരവാദം വിഴുങ്ങിക്കഴിഞ്ഞ തന്റെ ….പ്രവൃത്തിപഥത്തിന്റെ (സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ) ജഡസീമ പിന്‍തള്ളുന്നുണ്ട്. കേടുവന്ന വാഹനം അതിനകത്തിരുന്ന് തള്ളിനീക്കാമെന്ന വ്യാമോഹം അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും ആ വാഹനത്തെ ആശ്രയിക്കുന്നവര്‍ക്കൊപ്പം പിന്നിടാനുള്ള ദൂരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും മുന്നോട്ടുപോകാനുള്ള വഴിയും തന്ത്രവും രൂപപ്പെടുത്താനും അദ്ദേഹവുമുണ്ടായിരുന്നു. അഥവാ, ഏതു തടസ്സത്തില്‍തട്ടിയാണ് വാഹനം നിന്നിരിക്കുന്നതെന്ന് പുറത്തിറങ്ങി കണ്ടുപിടിക്കുകയും തടസ്സം തള്ളിനീക്കാന്‍ തന്റെ വാര്‍ദ്ധക്യത്തെ മറന്ന് ഉത്സാഹിക്കുകയുമായിരുന്നു അദ്ദേഹം. ഒരു വലിയ പ്രസ്ഥാനം അതിന്റെ ഉള്‍വലിവുകളില്‍ അഭിരമിക്കുകയും ആനന്ദം കൊള്ളുകയും ചെയ്തുകൊണ്ട് അപ്പോള്‍ കൂടെനില്‍ക്കുന്ന ഒരു വലിയ ജനതയുടെ നിസ്സഹായതയും വരാനിരിക്കുന്ന കാലത്തെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലും കാലകാഠിന്യവും അദ്ദേഹത്തിന് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടായിരുന്നു. വര്‍ത്തമാനകാലത്തിനുവേണ്ടി ഭാവിയുടെ പ്രസ്ഥാനത്തെ ബലി കഴിക്കുക എന്നാണ് എംഗല്‍സിനെപ്പോലെ വിജയന്‍മാഷും വിളിച്ചുപറഞ്ഞത്.

‘അന്തിമലക്ഷ്യം എന്തായാലും കൊള്ളാം, ചലനാത്മകമായ പ്രസ്ഥാനമാണ് വേണ്ടത്’ എന്ന ജര്‍മ്മന്‍ റിവിഷനിസ്റ്റുകളുടെ ആചാര്യനായ ബേണ്‍സ്റ്റൈന്റെ മുദ്രാവാക്യം കാലാന്തരപാഠമായി നമുക്കു മുന്നിലെത്തുന്നുണ്ട്. അന്തിമലക്ഷ്യവുമായി പ്രസ്ഥാനത്തിന് ബന്ധമൊന്നുമില്ലെന്നു വന്നാല്‍ അതു (പ്രസ്ഥാനം) തന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. അന്തിമലക്ഷ്യമാണ് പ്രധാനം എന്ന് ഓര്‍മ്മിപ്പിച്ച റോസാലുക്‌സംബര്‍ഗിനെപോലെ പുതിയ കാലത്ത് റിവിഷനിസത്തിനെതിരെ-വലതുപക്ഷ അവസരവാദത്തിനെതിരെ-തലയുയര്‍ത്തി പൊരുതി നിന്ന ഒരു നായകന്‍ നമുക്കുമുണ്ടായി. ‘പാര്‍ട്ടിക്കു വേണ്ടി എന്നു പറയുമ്പോള്‍ ആര്‍ക്കു വേണ്ടി പാര്‍ട്ടി? എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല എങ്കില്‍, പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല’ എന്ന് മാഷ് ഓര്‍മ്മിപ്പിക്കുന്നു.

”അവസരവാദവുമായി ഒരു സുചിന്തിതമായ ഭിന്നിപ്പു കൂടാതെ പിണങ്ങിപ്പിരിയാതെ, അതിന്റെ അനിഷേധ്യമായ പാപ്പരത്തെക്കുറിച്ച് ബഹുജനങ്ങള്‍ക്കുവിവരിച്ചുകൊടുക്കാതെ സോഷ്യലിസത്തിന്റെ കടമകള്‍ നിര്‍വ്വഹിക്കാന്‍ സാദ്ധ്യമല്ല.” എന്നു ലെനിന്‍ സോവിയറ്റനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍പിരിയല്‍ എത്ര വേദനാകരമായാലും അനിവാര്യമായിത്തീരും. പാര്‍ട്ടി അതിന്റെ പരിപാടിയില്‍ നിന്നും പ്രത്യയശാസ്ത്രത്തില്‍ നിന്നും അകന്നുപോകുമ്പോള്‍ പാര്‍ട്ടിയുണ്ടാകും പിറകില്‍ ജനങ്ങളുണ്ടാകില്ല എന്നാണ് വിജയന്‍മാഷ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഇതേ പോലെയുള്ള മറ്റൊരു സങ്കീര്‍ണസന്ധിയിലാണ് ഇ എം എസ് ഇങ്ങനെ എഴുതുന്നത്: ”ദോഷകരമായ സ്വാധീനശക്തികള്‍ക്കെതിരായി ദൃഢനിശ്ചയത്തോടുകൂടിയ ഒരു സമരം ആരംഭിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പാര്‍ട്ടിയുടെ മുമ്പില്‍ തുറന്നുകിടന്ന അവസരങ്ങളെ പരിപൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഈ കടമ നിറവേറ്റപ്പെട്ടില്ല. അതുകൊണ്ടു ബൂര്‍ഷ്വാപാര്‍ലമെന്ററിസത്തിന്റെ ചെറ്റത്തരങ്ങള്‍ പാര്‍ട്ടിയിലുടനീളം വ്യാപിക്കുകയാണുണ്ടായത്.” ‘1963 ല്‍ പാര്‍ട്ടിയിലെ റിവിഷനിസവും ഡോഗ്മാറ്റിസവും’ എന്ന രേഖ അവതരിപ്പിച്ചുകൊണ്ടാണ് ഇ എം എസ് ഈ കുറിപ്പെഴുതിയത്.

തൊണ്ണൂറുകളില്‍ ഇ എം എസ്സില്‍ ഇതേ ഉത്ക്കണ്ഠകളുടെ ആവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവണം. സോഷ്യലിസ്റ്റ് ലക്ഷ്യം അട്ടിമറിക്കാനും നാലാം ലോകസ്വപ്നം വിതക്കാനുമുള്ള ശ്രമം അദ്ദേഹം കണ്‍മുമ്പില്‍ കണ്ടതാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം സഖാക്കളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, നേതൃപഥത്തിലാണ് അന്യവര്‍ഗചിന്താഗതി അടിഞ്ഞുകൂടുന്നതെന്നും ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ ആന്തരികമായി ദുര്‍ബ്ബലപ്പെടുകയായിരുന്നു. ഫ്രാക്ഷനുകളെ അധികാരപ്രയോഗത്തിനുള്ള ഉപകരണങ്ങളാക്കി തീര്‍ത്തു. സാല്‍ക്കിയ പ്ലീനത്തിന്റെ അന്തഃസത്ത അട്ടിമറിക്കപ്പെട്ടു. വര്‍ഗസംഘടനകളെക്കാള്‍ പാര്‍ട്ടിയില്‍ പ്രാതിനിധ്യവും മേധാവിത്വവും ബഹുജനസംഘടനകള്‍ക്കായിത്തീര്‍ന്നു. വര്‍ഗരാഷ്ട്രീയ നിരയില്‍ നിന്ന് പൗരസമൂഹരാഷ്ട്രീയത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സാമ്രാജ്യത്വ അജണ്ടയാണ് അരങ്ങില്‍ എത്തിയിരിക്കുന്നതെന്ന് ഇ എം എസ് അവസാനനാളുകളില്‍ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തേക്കും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തോളം പാര്‍ട്ടി നേതൃഘടകങ്ങളിലേക്കും നടക്കാനാരംഭിച്ച മത്സരം അനാരോഗ്യകരമായ പുതിയ പ്രവണതകളായി അദ്ദേഹത്തെ വേദനിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ‘നിരുപദ്രവകര’മായി കടന്നുവന്ന നാലാംലോകവാദം പാര്‍ട്ടിയെ വിഴുങ്ങുന്ന ദൃശ്യമാണ് തൊണ്ണൂറുകള്‍ക്കൊടുവില്‍ പ്രകടമായത്. പഴയ സങ്കല്പിക സോഷ്യലിസ്റ്റുകളുടെ ആധുനികോത്തര രൂപമായിരുന്നു നാലാം ലോക വക്താക്കളില്‍ തെളിഞ്ഞത്.

അതുകൊണ്ട് തുടരേണ്ട സമരം ഏതാണെന്ന് വിജയന്‍മാസ്റ്റര്‍ക്കു വ്യക്തമായിരുന്നു. വാണിജ്യമൂലധനത്തിന്റെ കടന്നുവരവ് സൃഷ്ടിച്ച പുതിയ വിഭ്രമങ്ങളും അവയുടെ മറവില്‍ പടര്‍ന്നുപന്തലിച്ച സൂക്ഷ്മത…..ചൂഷണശൃംഖലകളും അവയ്ക്കു കൊടിപിടിക്കുന്ന സോഷ്യലിസ്റ്റ് ഛായയുള്ള വിളിപ്പേരുകളും വിശദീകരണങ്ങളും സമരപ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് ഇടതുപക്ഷരാഷ്ട്രീയ പ്രയോഗത്തിന്റെ പുതിയ മുഖങ്ങള്‍ കണ്ടെത്താന്‍ മാഷ് നിര്‍ബന്ധിക്കപ്പെട്ടത്. ഇല്ലാതിരുന്ന ഒരു വഴി വെട്ടിയെടുക്കുന്നതിന്റെ എല്ലാ പ്രയാസവും അദ്ദേഹം നേരിട്ടു. വിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച യഥാര്‍ത്ഥ ഇടതുപക്ഷത്തെ നിലനിര്‍ത്തുക എന്ന ശ്രമത്തിന് ജനങ്ങള്‍ക്കിടയില്‍ പതുക്കെയാണെങ്കിലും അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചത്.

സി പി ഐ എമ്മിന്റെ പാലക്കാട് സമ്മേളനത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇ എം എസ് കടന്നുപോയതും വിജയന്‍മാഷ് കൊടുങ്ങല്ലൂരിലേക്കു തിരിച്ചതും. പാലക്കാട് സമ്മേളനത്തില്‍ നടക്കരുതാത്തതാണ് നടന്നതെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍ അത്തരമൊരു ദുരവസ്ഥയിലേക്ക് നയിച്ചത് പാര്‍ട്ടിക്കകത്തേക്ക് അധിനിവേശതാാല്‍പ്പര്യങ്ങള്‍ ഒളിച്ചുകടത്തുകയും വര്‍ഗതാല്‍പ്പര്യങ്ങള്‍ കയ്യൊഴിയുകയും ചെയ്തവരാണെന്ന് പതുക്കെപതുക്കെ തെളിഞ്ഞുവന്നു. പങ്കാളിത്തപരിഷ്………………………………നവഉദാരവാദനിലപാടുകള്‍ക്കും പാര്‍ട്ടിയുടെ വിഭാഗീയ നേതൃത്വത്തില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ എന്ന നിലയില്‍ നടപ്പാക്കിയ മാനവീയം തൊണ്ണൂറുകളില്‍ ഡി പി ഇ പി, പങ്കാളിത്ത ആസൂത്രണം തുടങ്ങിയവയിലൂടെ കെട്ടഴിച്ചുവിട്ട സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെ ഉത്സവമായിരുന്നു. ഇതു പുരോഗമന കലാസാഹിത്യസംഘം എന്ന സാമ്രാജ്യത്വ വിരുദ്ധപ്രസ്ഥാനത്തെ ദരിദ്രരുടെ സ്വരലയമാക്കിമാറ്റാനുള്ള മോഹവിപണി കൂടിയായിരുന്നു. ഈ തകര്‍ച്ചയെ പ്രസ്ഥാനത്തിനകത്തിരുന്നു നേരിടുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വിജയന്‍മാഷ് സംഘം അദ്ധ്യക്ഷസ്ഥാനം രാജിവെച്ചത്. രാജി ഒരു പ്രവര്‍ത്തനമാണെന്ന് പറയുകമാത്രമല്ല അതു ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തുകയും ചെയ്തു. എഴുപതാംവയസ്സില്‍ ഒരു സാംസ്‌കാരികപ്രവര്‍ത്തകനും ഇത്ര വലിയ ദൗത്യം എറ്റെടുത്തിട്ടില്ല.

ഫിനാന്‍സ് മൂലധനത്തിന് ഇരമ്പിക്കയറാന്‍ മണ്ണൊരുക്കുംവിധം നമ്മുടെ ആസൂത്രണരംഗം സാമ്രാജ്യത്വവികസനാസൂത്രകര്‍ക്ക് കീഴ്‌പ്പെടുത്തിയത് വലതുപക്ഷരാഷ്ട്രീയ നേതൃത്വം മാത്രമല്ലെന്ന അറിവ് നമ്മെ ഞെട്ടിക്കുന്നതാണ്. വികസ്വരരാജ്യങ്ങളുടെ സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തികഘടനകള്‍ പുനഃസംവിധാനം ചെയ്യാനുള്ള സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളുടെ അജണ്ട കേരളത്തില്‍ ഏറ്റെടുത്തത് പ്രധാനമായും ശാസ്ത്രസാഹിത്യപരിഷത്തും സി പി ഐ എമ്മിനകത്തെ പരിഷ്‌കരണവാദനേതൃത്വവും കൂടിയാണ്. സാക്ഷരതാപ്രവര്‍ത്തനം, ഡി പി ഇ പി, ജനകീയാസൂത്രണം എന്നിങ്ങനെയുള്ള പുരോഗമനപരമെന്ന് പ്രത്യക്ഷത്തില്‍തോന്നാവുന്ന പദ്ധതികള്‍ക്കകത്ത് പ്രച്ഛന്നരൂപിയായി സാമ്രാജ്യത്വകൗശലങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് വൈകിയാണെങ്കിലും നാം തിരിച്ചറിഞ്ഞു. വര്‍ഗ രാഷ്ട്രീയത്തെ നിരാകരിക്കാനും പൗര സമൂഹരാഷ്ട്രീയമെന്ന ‘അരാഷ്ട്രീയ’ത്തെ പകരം സ്ഥാപിക്കാനും ബോധപൂര്‍വ്വമുള്ള ഇടപെടലുകളാണുണ്ടായത്. അതോടൊപ്പം സാമ്രാജ്യത്വധനകാര്യസ്ഥാപനങ്ങള്‍ക്കും അവയുടെ കരാറുകള്‍ക്കും നമ്മെ കീഴ്‌പ്പെടുത്താനും ‘ഇനി മറ്റു വഴികളില്ല’ എന്നു സ്ഥാപിക്കാനും ശ്രമമുണ്ടായി. സോഷ്യലിസം അടഞ്ഞ അദ്ധ്യായമാണെന്നും ഇനി മൂലധനശക്തികളുമായി സമവായമാകാമെന്നുമുള്ള മട്ടിലായി കാര്യങ്ങള്‍. ഇവയോരോന്നും തുറന്നുകാണിക്കാനും ശക്തമായ പ്രതിരോധമൊരുക്കാനുമാണ് സംഘം അദ്ധ്യക്ഷസ്ഥാനം രാജിവെച്ചശേഷം വിജയന്‍മാഷ് പണിപ്പെട്ടത്. പല തലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും കണ്ണിചേര്‍ക്കുന്ന ഇടതുപക്ഷരാഷ്ട്രീയത്തിനെ ചൈതന്യമാര്‍ന്ന കണ്ണിയായി മാഷ് മാറ്റി.

മാര്‍ക്‌സിസം അപൂര്‍ണമോ കാലാഹരണപ്പെട്ടതോ ആണെന്ന പോസ്റ്റ് മാര്‍ക്‌സിസ്റ്റുകളുടെയും നവസാങ്കല്പിക സോഷ്യലിസ്റ്റുകളുടെയും നാലാം ലോകവാദികളുടെയും സ്വത്വരാഷ്ട്രീയവാദികളുടെയും തിരയിളക്കങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അക്ഷോഭ്യമായ ശിരസ്സായി എം എന്‍ വിജയന്‍മാറി. ആഗോളവല്‍ക്കരണകാലത്തെ മാര്‍ക്‌സിസ്റ്റ് പ്രയോഗത്തിന്റെ മൂര്‍ത്ത തലങ്ങള്‍ തേടിയുള്ള ഏത് അന്വേഷണവും ലോകത്തെവിടെനിന്നായാലും ഇനിമേല്‍ എം എന്‍ വിജയനെ സ്പര്‍ശിക്കാതെ കടന്നുപോകുകവയ്യ. വലതുപക്ഷവും റിവിഷനിസ്റ്റ് പാര്‍ട്ടി നേതൃത്വവും തുടര്‍ച്ചയായി ആക്രമിച്ചിട്ടും ആ ശബ്ദം പതറിയില്ല. സി പി ഐ എമ്മിനു പുറത്തുപോയാല്‍ ഒരു ഇടതുപക്ഷ ഇടം ലഭിക്കുകയില്ല എന്ന പഴയകാല അനുഭവങ്ങളെല്ലാം തിരുത്തിക്കുറിക്കപ്പെട്ടു. സി പി ഐ എമ്മിനും വലതുപക്ഷത്തിനും ഇടയിലല്ല, ഇടത്തായി ഒരു ഇടതുപക്ഷം രൂപം കൊള്ളുകയായിരുന്നു. അഥവാ അറുപത്തിനാലിലെ പാര്‍ട്ടി പരിപാടിയുടെയും തുടര്‍ന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളുടെയും സത്ത ഉള്‍ക്കൊള്ളുന്ന തൊഴിലാളിവര്‍ഗ പ്രതിബദ്ധതയുള്ള സാമ്രാജ്യത്വവിരുദ്ധരാഷ്ട്രീയം നിലത്തടിഞ്ഞു കഴിഞ്ഞില്ലെന്നും പൂര്‍വ്വാധികം ശക്തിപ്പെടുകയാണെന്നും വിജയന്‍മാഷ് എന്ന അനുഭവം പഠിപ്പിച്ചു.

ആസാദ്

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )