Article POLITICS

സിപിഎമ്മും ലെനിനിസ്റ്റ് തത്വങ്ങളും

               ര്‍ഗസമരം, സോഷ്യലിസം, തൊഴിലാളിവര്‍ഗം, മാര്‍ക്‌സ്, ലെനിന്‍ എന്നൊന്നും സമീപകാലത്തായി സി.പി.ഐ.എം നേതാക്കള്‍ ഉച്ചരിച്ചു കേള്‍ക്കാറില്ല. മാര്‍ക്‌സിസ്റ്റ് പദാവലി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റിനും സംസ്ഥാനസമിതി യോഗത്തിനും ശേഷം സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഴച്ചുനിന്നത് അക്കൂട്ടത്തില്‍പ്പെട്ട ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്ന ഒരു പ്രയോഗമാണ്. മാര്‍ക്‌സിസ്റ്റ് പദാവലിയോട് ഇപ്പോള്‍ സി.പി.എമ്മിന് ഇങ്ങനെ ഒരാഭിമുഖ്യം തോന്നാന്‍ എന്താണ് കാരണം . സിപി.എമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നത് പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും അവമതിപ്പുണ്ടാക്കി എന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ അടിസ്ഥാന സങ്കല്‍പ്പം, അദ്ധ്വാനിക്കുന്നവരും ചൂഷിതരുമായ ജനകോടികളെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കമുള്ള തൊഴിലാളിവര്‍ഗ സേനയാക്കി രൂപപ്പെടുത്തുകയാണ്.പാര്‍ട്ടിയുടെ ചുമതല അതാണ്.ഒരു വിപഌവ പ്രസ്ഥാനത്തിനു മുന്നേറണമെങ്കില്‍ വിപഌവപ്പാര്‍ട്ടി നയിക്കണം. വിപഌവപ്പാര്‍ട്ടിയാകണമെങ്കിലോ കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകണം. സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിച്ചുകൊണ്ട് അതിന്റെ വിപഌവകരമായ പരിവര്‍ത്തനത്തിനു വേണ്ടി നിലകൊള്ളാന്‍ കഴിയണം.ഈ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടാണ് ലെനിന്‍ പാര്‍ട്ടിയുടെ സംഘടനാതത്വങ്ങളെന്തായിരിക്കണം എന്നു ചിന്തിച്ചത്

സോഷ്യലിസംവരെപ്പോലും കാഴ്ച്ചയെത്താത്ത നേതൃത്വമുള്ള സി.പി.എം എങ്ങനെയാണ് വിപഌവപ്പാര്‍ട്ടിയാകുന്നത്. ജനകീയജനാധിപത്യ വിപ്‌ളവം വിപഌവത്തിന്റെ ആദ്യ ഘട്ടമായിക്കാണുന്ന പരിപാടി മുന്‍നിര്‍ത്തിയാണ് സി.പി.എം വിപഌവപ്പാര്‍ട്ടിയായിരുന്നത്. ഇപ്പോള്‍ ലക്ഷ്യംതന്നെ ജനകീയ ജനാധിപത്യമാണെന്നു കാണുന്നപാര്‍ട്ടി വിപഌവപ്പാര്‍ട്ടിയാകുന്നില്ല.സോഷ്യലിസം വളരെ വിദൂരമായ ഒരു സ്വപ്‌നമാണെന്ന് ജ്യോതിബസു മുതല്‍ എസ്.രാമചന്ദ്രന്‍പിള്ള വരെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞു. മറ്റൊരു രീതിയില്‍ നോക്കിയാല്‍, തൊഴിലാളിവര്‍ഗത്തിന്റെ പ്രാതിനിധ്യമോ ട്രേഡ് യൂണിയന്‍ നേതൃപരിചയമോ സി.പി.ഐ.എം ലേതൃത്വത്തിനുണ്ടോ.  സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ഇ.ബാലാനന്ദന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.സി.പി.എമ്മിന് തൊഴിലാളിവര്‍ഗ നേതൃത്വം വേണമായിരുന്നു മുമ്പ്. ഇപ്പോഴാകട്ടെ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയോ പ്രസിഡണ്ടോ സംസ്ഥാന സെക്രട്ടറിയേറ്റില്‍പ്പോലുമില്ല. ട്രേഡ് യൂണിയന്‍ നേതൃത്വം തന്നെയും പാര്‍ട്ടി നല്‍കുന്ന ചുമതലയായി ചുരുങ്ങിയിരിക്കുന്നു.ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ നേതൃത്വത്തില്‍ എത്തിപ്പെട്ട എത്രപേരുണ്ട് . സി.പി.എം നേതൃത്വത്തിന്റെ വര്‍ഗ ഘടനയും സ്വഭാവവും പരിശോധിക്കേണ്ടതില്ലേ. പാര്‍ട്ടിയാണ് തൊഴിലാളിവര്‍ഗ സംഘടനയുടെ ഉയര്‍ന്ന രൂപമെന്ന ലെനിനിസ്റ്റ്തത്വം ഇക്കൂട്ടര്‍ അംഗീകരിച്ചു കാണുന്നില്ല.

പേരില്‍ മാര്‍ക്‌സ് ഉള്ളതുകൊണ്ടു മാത്രം പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാവില്ല. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര ധാരയില്‍ ഊട്ടിയുറപ്പിച്ചിട്ടുള്ളതാണ്. ഒന്നില്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ , എവിടെയാണ് തൊഴിലാളിവര്‍ഗം എന്നാശ്ചര്യപ്പെടുന്ന നാലാം ലോകവാദികളായ പാര്‍ട്ടി നേതാക്കളാണുള്ളത്. അവര്‍ക്ക് വര്‍ഗസമരം വാമൊഴിപോലുമല്ല. സമഗ്രവികസനം, സാമൂഹികനീതി എന്നിങ്ങനെ ഏതു രാഷ്ട്രീയപ്രസ്ഥാനത്തിനും മുന്നോട്ടു വെക്കാവുന്ന പുരോഗമന മുദ്രാവാക്യങ്ങളേ സി.പി.എമ്മിനുള്ളു.അതു നടപ്പാക്കാന്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും അതിന്റെ അടിസ്ഥാനത്തിലുള്ള ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും ആവശ്യമില്ലല്ലോ. നവമുതലാളിത്ത വികസനനയങ്ങള്‍ കഴിയുന്നത്ര ജനക്ഷേമകരമായി നടപ്പാക്കുമെന്നത് എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെയും അവകാശവാദമാണ്. അതില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേയ്ക്കാം. അതുകൊണ്ടുമാത്രം ഒരു പാര്‍ട്ടിക്ക് തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രസ്ഥാനമാകാന്‍ കഴിയില്ല.മദ്ധ്യവര്‍ഗ കാഴ്ച്ചപ്പാടുകള്‍ക്കും പ്രയോഗപദ്ധതികള്‍ക്കും കീഴൊതുങ്ങിയ പാര്‍ട്ടിക്ക് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ പാലിക്കാനാവില്ല. താരതമ്യേന അയവേറിയ ചട്ടക്കൂടാണ് അവയ്ക്കാവശ്യം. പാര്‍ട്ടിയുടെ തൊഴിലാളിവര്‍ഗ സ്വഭാവമാണ് പാര്‍ട്ടിക്ക് ലെനിനിസ്റ്റ് തത്വങ്ങള്‍ അനിവാര്യമാക്കുന്നത്.

പി.ഗോവിന്ദപ്പിള്ളയുടെ വിഖ്യാതമായ ഭാഷാപോഷിണി ലേഖനവും അതേതുടര്‍ന്ന് പാര്‍ട്ടിയിലും പുറത്തും നടന്ന ചര്‍ച്ചകളും നാം മറന്നിട്ടില്ല.ഇ.എം.എസ്സിനും പാര്‍ട്ടിക്കുമെതിരെ നടത്തിയ കടന്നാക്രമമത്തിനെതിരെ എം.എന്‍.വിജയന്‍ രംഗത്തുവന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് അതിന്റേതായ ഒരു ജൈവഘടനയുണ്ടെന്നും അതു തകര്‍ന്നാല്‍ മീനിനെ കരയില്‍ പിടിച്ചിട്ടതുപോലെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്നാല്‍, പാര്‍ട്ടി അയവേറിയതാവുകയാണ്, കാറ്റും വെളിച്ചവും കടക്കുകയാണ് എന്നെല്ലാമാണ് പാര്‍ട്ടിനേതാക്കളും ബുദ്ധിജീവീകളും പറഞ്ഞത്. എം.എന്‍.വിജയന്‍ സൂചിപ്പിച്ച ജൈവഘടന ലെനിനിസ്റ്റ് സംഘടനാതത്വം തന്നെയാണെന്ന് പാര്‍ട്ടിയുടെ പരിഷ്‌കരണവാദ നേതൃത്വത്തിനും അറിയാത്തതല്ല.അന്നു വേണ്ടാത്ത ലെനിനിസ്റ്റ് തത്വങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്കു പത്ഥ്യമായതെങ്ങനെ.അന്നു കാറ്റും വെളിച്ചവും കൊതിച്ച ബുദ്ധിജീവികള്‍ക്കും ഇപ്പോള്‍ പാര്‍ട്ടി അച്ചടക്കത്തോടു കലശലായ ഭ്രമമാണ്. തൊഴിലാളിവര്‍ഗ പ്രതിബദ്ധത വേണ്ടെന്നു വെക്കാം ഉദ്യോഗസ്ഥമേധാവിത്ത സ്വഭാവമുള്ള സംഘടനാ സംവിധാനത്തിനു കോട്ടം തട്ടരുത്. ഇതിന്റെ പേരാണ് യഥാര്‍ത്ഥത്തില്‍ ഫാസിസം.

ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും ഉറപ്പുവരുത്താനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും മൂന്നു തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനാധിപത്യ കേന്ദ്രീകരണം, കൂട്ടായ പ്രവര്‍ത്തനം, വിമര്‍ശനവും സ്വയംവിമര്‍ശനവും എന്നിവയാണവ. ഒന്നാമത്തേതില്‍ ജനാധിപത്യവും കേന്ദ്രീകരണവും തമ്മിലുള്ള അഭേദ്യമായ ഐക്യം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍ ഈ ഐക്യം തകരുമ്പോള്‍, ജനാധിപത്യം നഷ്ടപ്പെട്ട് കേന്ദ്രീകരണം മാത്രമാകുമ്പോള്‍ പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥ മേധാവിത്തമുണ്ടാകും. കേന്ദ്രീകരണം നഷ്ടപ്പെട്ട് ജനാധിപത്യം മാത്രമാകുമ്പോഴാകട്ടെ അരാജകത്വവും സൃഷ്ടിക്കപ്പെടും.കേരളത്തിലെ പാര്‍ട്ടിയുടെ രോഗമെന്താണെന്നത് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.ലോകസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാമായിരുന്നു.അതറിയാതെപോയത് സംസ്ഥാന നേതൃത്വം മാത്രം. കിട്ടാവുന്ന വോട്ടുകളുടെ യഥാര്‍ത്ഥ ചിത്രം മേല്‍ഘടകങ്ങളെ അറിയിക്കാന്‍ കീഴ്ഘടകങ്ങള്‍ ഭയന്നു.കീഴ്ഘടകങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നുമുള്ള ഈ അകല്‍ച്ച പാര്‍ട്ടിയിലെ ഉദ്യോഗസ്ഥമേധാവിത്തത്തിന്റെ ഫലശ്രുതിയാണ്. കൂട്ടായ പ്രവര്‍ത്തനവും വിമര്‍ശന സ്വയംവിമര്‍ശനങ്ങളും എങ്ങനെ ഇല്ലാതായി എന്നതിന്റെ ഉത്തരവും ഇതിലുണ്ടല്ലോ.

ലെനിനിസ്റ്റ് പാര്‍ട്ടി സങ്കല്‍പ്പം അംഗീകരിച്ചാല്‍ മാത്രമേ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പ്രസക്തമാകൂ. ഇപ്പോള്‍ സി.പി.എം ചില തത്വങ്ങള്‍ ഊരിയെടുത്തിരിക്കുകയാണ്.1. പാര്‍ട്ടിയുടെ പരിപാടിയും നയങ്ങളും അംഗീകരിക്കുക 2. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക 3.പാര്‍ട്ടി ഘടകത്തിന്റെ അച്ചടക്കം അംഗീകരിച്ച് അതില്‍ അംഗത്വമെടുക്കുക എന്നിവയാണവ.ഇവ പ്രസക്തമാകണമെങ്കില്‍ ജനാധിപത്യകേന്ദ്രീകരണം കുറ്റമറ്റതാകണം.കൂട്ടായ പ്രവര്‍ത്തനത്തിനു സഹായകരമായ രീതിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പു വരുത്തണം.സ്വതന്ത്രവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കണം. മാര്‍ക്‌സിസം ലെനിനിസം കയ്യൊഴിയുകയും ഉദ്യോഗസ്ഥമേധാവിത്തം കൊടികുത്തി വാഴുകയും ചെയ്യുന്ന ഒരു റിവിഷനിസ്റ്റ് പാര്‍ട്ടിയില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ പ്രതിയോഗികളെ കീഴ്‌പ്പെടുത്താന്‍ മാത്രമുള്ള താല്‍ക്കാലിക ഉപകരണമായി അധപ്പതിക്കുന്നു.

ആസാദ്

29 may 2009

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )