ഇ.കെ.നായനാര്‍ മുഖ്യമന്ത്രിപദമേറ്റെടുത്തുകൊണ്ട് 1996ല്‍ നടത്തിയ ആമുഖ പ്രസ്താവനയില്‍, തന്റെ മന്ത്രിസഭയില്‍ അഴിമതി കാണിക്കുന്ന ഒരാളെയും വെച്ചു പൊറുപ്പിക്കുകയില്ല എന്ന അവകാശവാദമുണ്ടായിരുന്നു. ആ ഭരണകാലയളവില്‍ ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ അഴിമതി ആരോപണമുയര്‍ത്താന്‍ പ്രതിപക്ഷത്തിനോ മാദ്ധ്യമങ്ങള്‍ക്കോ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന ലാവ്ലിന് അഴിമതിയുടെ വേരുകള്‍ അക്കാലത്തായിരുന്നുവെന്നത് നമ്മില്‍ ഒരേ സമയം വേദനയും വിസ്മയവും നിറയ്ക്കുന്നു.
എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പുവെച്ച കരാര്‍ മന്ത്രിസഭയിലോ മുന്നണിക്കകത്തോ നടന്ന ചര്‍ച്ചയില്‍ രൂപപ്പെട്ട ഉപാധികളോടെയും മന്ത്രിസഭയുടെ അനുമതിയോടെയും ഒപ്പുവെക്കപ്പെട്ടതല്ലെന്ന യാഥാര്‍ത്ഥ്യം പുറത്തു വന്നിരിക്കുന്നു.മന്ത്രിസഭയില്‍നിന്ന് കരാറിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചുവെന്ന് സി.ബി.ഐ.ചൂണ്ടിക്കാണിക്കുന്നു. പോളിറ്റ് ബ്യൂറോ അംഗംകൂടിയായ#ിരുന്ന മുഖ്യമന്ത്രി നായനാര്‍ ഇക്കാര്യം അിറഞ്ഞിരുന്നുവോ ആവോ. മറ്റൊരു പി.ബി.അംഗമായിരുന്ന ഇ. ബാലാനന്ദന് നല്കിയ നിര്‍ദ്ദേശത്തെ തൃണവല്‍ഗണിക്കാനും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് പ്രയാസമേതുമുണ്ടായില്ല. പള്ളിവാസല്‍- ചെങ്കുളം – പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് പൊതുമേഖലാ സ്ഥാപനമായ ബെല്‍ മതിയാകുമെന്നും അതിന് നൂറു കോടിയിലേറെ ചെലവു വരികയില്ലെന്നുമുള്ള ബാലാനന്ദന്കമ്മറ്റിയുടെ നിര്‍ദ്ദേശം തള്ളിക്കളയുമ്പോള്‍ സി.പി.എമ്മിന്റെ പ്രഖ്യാപിത നയത്തെക്കൂടിയാണ് പിണറായി നിരാകരിച്ചത്.ഇക്കാര്യങ്ങളിലൊക്കെ ഇടതുപക്ഷ ജനാധിപത ്യമുന്നണിക്ക് എത്രത്തോളം അറിവുണ്ടായിരുന്നുവെന്നത് അന്നത്തെ മുന്നണി കണ്‍വീനര്‍ എം.എം ലോറന്‍സ് ഇനിയും വ്യക്തമാക്കേണ്ടതായിട്ടാണിരിക്കുന്നത്.
1996-2001 ഗവര്‍മെണ്ടിന്റെ കാലത്ത് ലാവ്ലിന് കരാര്‍ ഒരൊറ്റപ്പെട്ട വ്യതിയാനമല്ല. നഷ്ടപ്പെട്ട കോടികളുടെ കണക്കിനെക്കാള്‍ പ്രത്യാഘാതങ്ങളുടെ കാഠിന്യം പരിഗണിക്കുകയാണെങ്കില്‍ കൂടുതല്‍ വലിയ വഴിപ്പിശകുകള് ഇക്കാലത്തു സംഭവിച്ചിട്ടുണ്ട്. അവയെക്കുറിച്ചെല്ലാം അിറയാന്‍ വൈകി എന്നതുകൊണ്ടുമാത്രം ആ ഭരണം കുറ്റമറ്റതാകുന്നതെങ്ങനെ. സോഷ്യലിസ്റ്റ് മുദ്രാവാക്യമുയര്ത്തിപ്പിടിച്ചിരുന്നവര് തന്നെ സാമ്രാജ്യത്വാസൂത്രിതമായ പങ്കാളിത്ത ജനാധിപത്യത്തിന് പരീക്ഷണവേദിയായി കേരളത്തെ വിട്ടുകൊടുത്തത് അക്കാലത്താണ്. വിദ്യാഭ്യാസമേഖലയില്‍ യു.ഡി.എഫ് ആരംഭിച്ച ലോകബാങ്ക് പരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തിയതും എ.ഡി.ബി.വായ്പ വാങ്ങാന്‍ ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും വലതുപക്ഷ സര്‍ക്കാറുകള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തങ്ങള്‍ക്കും സ്വീകാര്യമാണെന്നു കത്തെഴുതിയതും ഗവര്‍മെണ്ട് നവീകരണ പദ്ധതികളുടെ ഭാഗമായി സമ്പദ്ഘടന പൊളിച്ചെഴുതാന്‍ കൂട്ടുനിന്നതും പ്ളാനിംഗ് ബോര്‍ഡിന്റെ നേതൃത്വത്തിലാണെങ്കിലും നായനാര്‍ സര്‍ക്കാറിന്റെ കാലത്തുതന്നെ.
ലാവ്ലിന്കരാറിലെ വ്യവസ്ഥകള്പോലെ ഇവയോരോന്നിന്റെ വ്യവസ്ഥകളും മുഖ്യമന്ത്രി നായനാരും മന്ത്രിസഭയും അറിഞ്ഞിരുന്നുവോ എന്നു നമുക്കറിയില്ല. അതു സി.പി.എമ്മാണ് വ്യക്തമാക്കേണ്ടത്. ജനകീയാസൂത്രണത്തില്‍ ഒളിച്ചു കടത്തിയ സാമ്രാജ്യത്വ അജണ്ടയുണ്ടെന്ന് ഇ. ബാലാനന്ദനും വി.എസ് അച്യുതാനന്ദനും പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നാലാംലോകവാദം മാര്‍ക്സിസ്റ്റ് വിരുദ്ധമാണെന്ന് ഇ.എം.എസ്സും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ നടത്തിപ്പുകാര്‍ പാര്‍ട്ടി നേതാക്കളായി മാറുന്ന കാഴ്ചയാണ് പില്ക്കാല കേരളം കണ്ടത്.
കേരളപ്പിറവിക്കു ശേഷമുള്ള ആദ്യമന്ത്രിസഭയെത്തുടര്ന്ന് 1967, 1980, 1987, 1996, 2006 എന്നീ വര്‍ഷങ്ങളിലാണ് ഇടതുപക്ഷസര്ക്കാറുകള് അധികാരത്തിലെത്തിയത്. അധികാരമേല്‍ക്കുമ്പോഴെല്ലാം, ഫെഡറല്‍ സംവിധാനത്തിനകത്ത് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന പരിമിതമായ ജനക്ഷേമപ്രവര്ത്തനങ്ങളേ കമ്യൂണിസ്റ്റുകാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളു. ഇവയാകട്ടെ, വരേണ്യ പണ പക്ഷ താല്‍പ്പര്യങ്ങള്‍ക്കു കീഴ്പ്പെട്ടല്ല ദരിദ്രനാരായണന്മാരുള്പ്പെട്ട ജനസാമാന്യത്തിന്റെ പൊതു താല്‍പ്പര്യത്തിനു വിധേയമായായിരിക്കും നടപ്പാക്കുക എന്നും വിശദീകരിച്ചിരുന്നു. 1957ലെ ഇ.എം.എസ് ഗവര്‍മെണ്ട് തുടങ്ങിവെച്ച നടപടികളുടെ തുടര്‍ച്ചയും വികാസവും ഒരുക്കുക തങ്ങളുടെ പ്രതിബദ്ധതയായി സി.പി..എം പറഞ്ഞുപോന്നിട്ടുണ്ട്. ഈ പാരമ്പര്യവും പ്രതിബദ്ധതയുമാണ് 1996ല്‍ പാര്‍ട്ടി കയ്യൊഴിച്ചത്. 1991ല്‍ ഇന്ത്യയില്‍ ആഗോളീകരണ സാമ്പത്തിക നയം നടപ്പാക്കാനാരംഭിച്ച സന്ദര്‍ഭത്തില്‍ ബദല്‍ സാമ്പത്തികനയം അവതരിപ്പിച്ച പാര്‍ട്ടിയാണ് സി.പി.എം. ശീതയുദ്ധത്തെത്തുടര്‍ന്ന് സോവിയറ്റിയൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും തകര്‍ച്ചയെ നേരിട്ടപ്പോഴും സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ലോകതൊഴിലാളിവര്‍ഗത്തിന് പ്രതീക്ഷ നല്‍കാനും സി.പി.എമ്മിന് കഴിഞ്ഞിരുന്നു. തൊണ്ണൂറുകളുടെ മദ്ധ്യമായപ്പോഴേക്കും പരിഷ്ക്കരണവാദം പാര്‍ട്ടിയെ വിഴുങ്ങിത്തുടങ്ങി. അതിന്റെ പ്രായോഗിക പരീക്ഷണമായിരുന്നു 1996-2001 കാലത്തെ കേരളഭരണം. നവ മുതലാളിത്തത്തിനാണ് ചുവപ്പു പരവതാനി നിവര്‍ന്നത്.
ഈ വലതുപക്ഷ വ്യതിയാനത്തിന്റെ വിളവെടുപ്പുത്സവമാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതു സ്വയം നിഷേധമോ ആത്മഹത്യയോ ആയിത്തീരുന്നുണ്ട്. ഇ.എം.എസ് ഗവര്‍മെണ്ടിന്റെ മഹത്തായ നേട്ടമായി വാഴ്ത്തപ്പെട്ട ഭൂപരിഷ്ക്കരണത്തിന്റെ സത്തതന്നെ ചോര്‍ത്തിക്കളയും വിധമുള്ള ഇടപെടലുകളാണ് സമീപകാലത്തായി നടക്കുന്നത്. കൃഷിഭൂമി കര്ഷകന് എന്ന മുദ്രാവാക്യം ഉപേക്ഷിച്ചിരിക്കുന്നു. കര്‍ഷകത്തൊഴിലാളി എന്നും കര്കത്തൊഴിലാളിയായി തുടര്‍ന്നാല്‍ മതി. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വന്‍കിട ഭൂമി കയ്യേറ്റക്കാര്ക്കുമൊക്കെ ഒരേപോലെ നീതി കൊടുക്കാനാകുമോ എന്നാണ് പാര്‍ട്ടിയുടെ നോട്ടം. ഇ.എം.എസ് സര്‍ക്കാറിന്റെ മറ്റൊരു നേട്ടമായ വിദ്യാഭ്യാസ ബില്ലിന്റെയും ഗതി മറ്റൊന്നല്ല. പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തും വിധം സാമൂഹിക ഉത്തരവാദിത്തത്തോടെ വിഭാവനം ചെയ്യപ്പെട്ട പൊതുവിദ്യാഭ്യാസം ആഗോളീകരണ അജണ്ടയില്ത്തട്ടി തകര്‍ന്നിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പുനസംവിധാനം ചെയ്യുന്നത് സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ മുന്‍കയ്യോടെയാണ്. പൊതു ആരോഗ്യവും പൊതു വിതരണവും പൊതു ഗതാഗതവും കുടിവെള്ളവുമെല്ലാം ഇങ്ങനെ നമ്മുടെ വരുതിയില്നിന്നകന്നു പോകുകയാണ്.
1996 – 2001 ഭരണകാലത്ത് പാര്‍ട്ടിയും ഭരണനേതൃത്വവും അറിയാതെയോ ഗൂഢമായോ തുടങ്ങിവെച്ച അധിനിവേശത്തിന് ഇന്ന് അതേ വേഗത്തില്‍ മുന്നേറുക പ്രയാസമായിരിക്കുന്നു. പാര്‍ട്ടിക്കു നവ മുതലാളിത്തത്തോടുള്ള രഹസ്യബാന്ധവം പുറത്തറിഞ്ഞുകഴിഞ്ഞു. ഇത്തരത്തിലുള്ള മൂലധനപക്ഷ വികസനത്തിന് കനത്ത എതിര്‍പ്പുകള്‍ ജനങ്ങളില്‍ രൂപപ്പെട്ടു വരികയാണ്. മുഖ്യമന്ത്രി വി.എസ്സിന്റെ നിലപാടുകളും ഔദ്യോഗിക പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങളുമായി മിക്കപ്പോഴും ഏറ്റുമുട്ടുന്നതിന്റെ പശ്ചാത്തലവും ഇതാണ്. പാര്‍ട്ടിയുടെ വര്ഗനിലപാടിലും വിപ്ളവ പരിപാടിയിലും ഊന്നിനിന്ന് മാറുന്ന കാലത്തെ അഭിസംബോധന ചെയ്യണമെന്ന് വാദിക്കുന്നവരും മാറിയ കാലം ആവശ്യപ്പെടുന്നപോലെ ഊഹമൂലധനത്തിനും നവമുതലാളിത്തത്തിനും വഴങ്ങി അതിജീവിക്കണമെന്നു വാദിക്കുന്നവരും തമ്മിലാണ് പോരാട്ടം. അതു വ്യക്തികളുടെ ചേരിതിരിയലല്ല. രാഷ്ട്രീയത്തിലെ വര്‍ഗസമരമാണ്.
വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു മാത്രം കേട്ടുപോന്ന അഴിമതിക്കഥകള്‍ കമ്യൂണിസ്റ്റു നേതാക്കളുമായി ചേര്‍ത്തു കേള്‍ക്കുന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ദോഷംകൊണ്ടല്ല. മറിച്ച് നേതാക്കള്‍ ആ രാഷ്ട്രീയം ഉപേക്ഷിക്കുകയും വലതുപക്ഷ വര്‍ഗ താല്‍പ്പര്യങ്ങളിലേക്കു വഴുതുകയും ചെയ്തതു മൂലമാണ്. കളങ്കമുണ്ടാക്കിയ നേതാക്കളെയാണോ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെയാണോ രക്ഷിക്കേണ്ടതെന്ന ചോദ്യത്തിനു മുന്നില്‍ നേതാക്കളെയെന്നാണ് സി.പി എമ്മിന്റെ ഉത്തരമെങ്കില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഏറ്റെടുക്കാന്‍ അതിന്റെ യഥാര്‍ഥ അവകാശികള്‍ രംഗത്തെത്താതിരിക്കുമോ
ആസാദ്
12 മെയ് 2009