കത്തുന്നൂ പൂമരക്കാട്
നെഞ്ചുടച്ചു ഹരിതകം
കൊണ്ടുപോകുന്നൂ പ്രിയന്
ഉഴുതെന്നിലേറെ വിത്തിട്ടു
കൊയ്തോന് ഹലായുധന്
ഒരിലപ്പൊടിപ്പില് പ്രാണന്റെ
ഹരിതഗോപുരമുയര്ത്തിയോന്
ഒരു വേരിഴയില് സ്മൃതിതന്‍
നിഹിതോന്മാദമൂറ്റിയോന്
തന്നു,കല്പാന്തമായ് മാത്ര
മാറുന്ന മഹാത്ഭുതം
ഒരു വനപ്പച്ചയായെ
ന്നുടലറിഞ്ഞു വിസ്മയം
ഒരുവേള സ്പര്‍ശത്താല്‍
പടര്‍ത്തീ വിദ്യുല്ലത
ക്ഷണനോവിന്റെ നീലനൂലാ
ലിഴ ചേര്ക്കുമനന്യത.
ഇരുപേരുകളില്ല,തിള
ച്ചാര്‍ക്കും പ്രണ(ള)യോദകം
ഒരിലകൊണ്ടേ പുതച്ചു നാം
പിന്നിട്ടൂ സുഷുപ്തികള്‍.
വിരലില്‍ കുത്തിയ നക്ഷത്രം
തീ കായുന്നു വിഹായസ്സില്‍
ഉച്ചരിക്കാത്ത വാക്കിന്റെ
തമസ്സില് കാവ്യോദയം.
കത്തുന്നൂ പൂമരക്കാട്.